Thursday, October 13, 2011

നിര്‍മ്മല്‍ മാധവും വിനീത കോട്ടായിയും

പലര്‍ക്കും കേട്ടുമറന്ന ഒരു പേരാണ്‌ വിനീത കോട്ടായി. സി.പി.എം. ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ വീര്‍പ്പുമുട്ടി, ജീവഛവമായി മാറിയ ഒരു വനിത. ശിക്ഷ വിധിച്ചതും നീതി നടപ്പാക്കിയതും കമ്മ്യൂണിസ്റ്റ്‌ നേതാക്കളായിരുന്നു. കാറ്റടിച്ചാല്‍ പാറിപ്പോകുന്ന ദുര്‍ബലയായ ഒരു സ്‌ത്രീയോട്‌ ഒരിറ്റു ദയകാണിക്കാന്‍ കൂട്ടാക്കാത്ത സി.പി.എമ്മില്‍നിന്ന്‌ നിര്‍മ്മല്‍ മാധവിന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാനാവുക?

നിര്‍മ്മല്‍ മാധവ്‌ തീര്‍ച്ചയായും വിനീത കോട്ടായി എന്ന കുറ്റിയാടിക്കാരിയുടെ ജീവചരിത്രം വായിക്കണം. രണ്ടുപേരും നടന്നുതീര്‍ത്ത ദുരന്തപര്‍വ്വത്തിന്‌ സമാനതകളേറെയുണ്ട്‌. രണ്ടുപേരും പാര്‍ട്ടി അനുഭാവികളായിരുന്നിട്ടും അലിവിന്റെ തരിമ്പുപോലും സി.പി.എം. ഇരുവരോടും കാണിച്ചിട്ടില്ല. വിനീത കോട്ടായി ഇപ്പോള്‍ എവിടെ ജീവിക്കുന്നുവെന്ന്‌ ഇതെഴുതുമ്പോള്‍ അന്വേഷിച്ചിട്ടില്ല. ഇരുപത്തിനാലു മണിക്കൂര്‍ വാര്‍ത്ത നിറക്കാന്‍ ചൂടുള്ള വിഷയങ്ങള്‍ തേടിപ്പോവുന്ന മാധ്യമ സുഹൃത്തുക്കള്‍ക്കുപോലും വിനീത ഒരു പഴകിപ്പുളിച്ച കഥയാണിപ്പോള്‍. സി.പി.എം. അങ്ങനെയാണ്‌. ഒരു ശത്രുവിനെ പ്രഖ്യാപിക്കുക, ശത്രുവിനെതിരെ നിരന്തരം യുദ്ധംചെയ്യുക. ഒടുവില്‍ എല്ലാം അവസാനിക്കുമ്പോള്‍ അക്കഥതന്നെ മറന്നേക്കുക. ഹിറ്റ്‌ലറും ഇങ്ങനെയായിരുന്നു. ചരിത്രത്തില്‍ ചില ദുരന്തങ്ങള്‍ പലപ്പോഴും സമാനതകളോടെ ആവര്‍ത്തിക്കപ്പെടാറുണ്ട്‌. ജൂതന്‍മാര്‍ക്കെതിരെ യുദ്ധംചെയ്യാന്‍ ജര്‍മ്മന്‍കാരെ എങ്ങനെയാണ്‌ താന്‍ പാകപ്പെടുത്തിയതെന്ന്‌ `മെയിന്‍ കാംഫ്‌' എന്ന ആത്മകഥയില്‍ ഹിറ്റ്‌ലര്‍ വിവരിക്കുന്നുണ്ട്‌. `ജൂതന്‍മാര്‍ ആടിനെ പട്ടിയാക്കും. പട്ടിയെ പേപ്പട്ടിയാക്കും. പിന്നെ അതിനെ അടിച്ചുകൊല്ലുംവരെ അടങ്ങിയിരിക്കില്ല' ജൂതന്‍മാര്‍ക്കെതിരെ ആരോപിച്ച ഇതേ ശൈലിയാണ്‌ ഹിറ്റ്‌ലര്‍ തന്റെ ജീവിതത്തിലുടനീളം അരങ്ങേറിയ കശാപ്പിന്റെ രാഷ്‌ട്രീയത്തില്‍ പ്രയോഗിച്ചത്‌. ഏറ്റവും ശക്തമായി മാനവികതക്കുവേണ്ടി സംസാരിച്ചുകൊണ്ടാണ്‌ സി.പി.എം. മനുഷ്യത്വത്തിന്റെ കണികപോലും കാണിക്കാതെ നരവേട്ട നടത്തുന്നത്‌. ഏഴുവര്‍ഷം മുമ്പ്‌ വിനീത കോട്ടായി എന്ന സ്‌ത്രീയായിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍മ്മല്‍ മാധവ്‌ എന്ന വിദ്യാര്‍ത്ഥിയാണെന്നുമാത്രം.

വിനീത കോട്ടായിക്കെതിരെ മനുഷ്യത്വരഹിതമായി പെരുമാറാന്‍ സി.പി.എം. നേതാക്കളെ പ്രേരിപ്പിച്ച കാര്യം തമാശയാണ്‌. വീട്ടില്‍ ജോലിക്കുനിന്ന ഒരു സ്‌ത്രീയോട്‌ തല്‍ക്കാലം ജോലിക്ക്‌ വരേണ്ടെന്നുപറഞ്ഞ ഒരു തെറ്റ്‌ മാത്രമാണ്‌ വിനീത ചെയ്‌തത്‌. `തൊഴില്‍ നിഷേധിക്കപ്പെട്ട' വനിത സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഇ.സി. ബാലന്റെ ഭാര്യ നാരായണിയായിപ്പോയെന്നത്‌ വിനീതാ കോട്ടായിയുടെ കുറ്റമല്ല. അംഗനവാടി ജോലിക്കാരിയായിരുന്ന നാരായണി വിനീതാ കോട്ടായിയുടെ `സ്ഥിരം ജോലിക്കാരി`യാണെന്നും ഇവരെ പിരിച്ചുവിടാന്‍ കോട്ടായിക്ക്‌ അവകാശമില്ലെന്നുമായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍. നാരായണിക്ക്‌ ജോലിയില്ലെങ്കില്‍ വിനീത കോട്ടായിയുടെ പറമ്പില്‍ തേങ്ങയിടാനും ആളുവേണ്ടെന്ന്‌ പാര്‍ട്ടി തീരുമാനിച്ചു. ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും പാര്‍ട്ടിതന്നെയായതിനാല്‍ വിനീതക്ക്‌ അനുസരിക്കുക മാത്രമായിരുന്നു വഴി. കാരണം അവര്‍ താമസിക്കുന്നത്‌ കുറ്റിയാടിക്കടുത്ത കുന്നുമ്മല്‍ പഞ്ചായത്തിലെ വട്ടോളിയിലായിരുന്നു. തിരുവായിക്ക്‌ മറുവായില്ലാത്ത പാര്‍ട്ടിഗ്രാമം. ഇക്കാര്യം മാധ്യമങ്ങളെ വിളിച്ച്‌ അറിയിക്കുകയോ പത്രസമ്മേളനം നടത്തുകയോ ചെയ്‌തിരുന്നില്ല ഈ പാവം സ്‌ത്രീ. നാട്ടുകാരനായ കേളപ്പനാണ്‌ മനംനൊന്ത്‌ ഒരു അത്യാഹിതത്തിന്‌ മുതിര്‍ന്നത്‌. ടെലിവിഷന്‍ ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ കേളപ്പനും കോളായി. പട്ടിണിക്കിട്ടും ഊരുവിലക്കേര്‍പ്പെടുത്തിയും ഒരു പരുവത്തിലാക്കിയശേഷം മണ്ണെണ്ണയൊഴിച്ച്‌ കോട്ടായിയെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ്‌ പാര്‍ട്ടി നിശ്ചയിച്ചത്‌. 2004 ജനുവരി 31- നായിരുന്നു സംഭവം.

നിര്‍മ്മല്‍ മാധവിന്‌ ഇത്രയൊന്നും സംഭവിച്ചില്ലെന്ന്‌ ആശ്വസിക്കാം. പഠനത്തില്‍ പണ്ടേ പിന്‍ബെഞ്ചുകാരായ എസ്‌.എഫ്‌.ഐ.ക്കാര്‍ക്ക്‌ മറ്റുള്ളവര്‍ പഠിക്കുന്നതിനോടും അത്രയൊന്നും താല്‍പര്യമുണ്ടാവാറില്ല. വിനീത കോട്ടായിയെപ്പോലെ നിര്‍മ്മല്‍ മാധവും മുമ്പ്‌ പാര്‍ട്ടിക്കാരനായിരുന്നുവെന്നത്‌ വിധിവൈപരീത്യം മാത്രം. സി.പി.എമ്മുകാര്‍ക്ക്‌ ശത്രുവാകാന്‍ ഒരു രാത്രിമതി. രാത്രിക്കുരാത്രി നിര്‍മ്മല്‍ മാധവ്‌ വര്‍ഗശത്രുവായി. എന്താണ്‌ ഈ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി ചെയ്‌ത മഹാപാതകം?

ഇനിയും പഠിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന്‌ ഒരു വിദ്യാര്‍ത്ഥിയെക്കൊണ്ട്‌ ആത്മഹത്യാകുറിപ്പെഴുതിക്കുന്നേടത്തോളം എസ്‌.എഫ്‌.ഐ.ക്കാര്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാലക്ക്‌ കീഴിലെ എഞ്ചിനീയറിംഗ്‌ കോളജില്‍ 2009-ലെ എന്‍ട്രന്‍സ്‌ പരീക്ഷയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയാണ്‌ നിര്‍മ്മല്‍ മാധവ്‌. എന്നാല്‍ കോളജിലെത്തിയതുമുതല്‍ സീനിയര്‍ സഖാക്കള്‍ ക്രൂരമായ റാഗിംഗ്‌ തുടങ്ങി. പാര്‍ട്ടി അനുഭാവിയാണെന്ന്‌ പറഞ്ഞിട്ടോ കരഞ്ഞിട്ടോ കാര്യമുണ്ടായില്ല. ക്രൂരമായ റാഗിംഗ്‌ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിര്‍മ്മലിന്റെ പിതാവ്‌ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്‌ കോളജ്‌ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന്‌ തെളിഞ്ഞു. ഒടുവില്‍ പരപ്പനങ്ങാടി കോടതി ചാര്‍ജ്‌ചെയ്‌ത കേസില്‍ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി ശിവപ്രസാദ്‌ ഉള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തി. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ടിന്റെ വിധി വന്നതുമുതല്‍ എസ്‌.എഫ്‌.ഐ. പുതിയ ശത്രുവിനെ പ്രഖ്യാപിച്ചു. ഇടത്‌ സര്‍ക്കാര്‍ ഭരണം നടത്തുമ്പോഴാണ്‌ ഇതെന്നകാര്യം ശ്രദ്ധേയമാണ്‌. ഒടുവില്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍നിന്ന്‌ നിര്‍മ്മല്‍ മാധവിനെ പുറത്തുചാടിക്കുംവരെ ഉപരോധം തുടര്‍ന്നു. ഗതികെട്ട ഈ വിദ്യാര്‍ത്ഥി പുന്നപ്രയിലെ കേപ്പ്‌ കോളജിലേക്ക്‌ മാറി. യൂണിവേഴ്‌സിറ്റി അധികൃതര്‍ എസ്‌.എഫ്‌.ഐ.ക്കാരുടെ ഭീഷണിക്ക്‌ വഴങ്ങി രേഖകള്‍ നല്‍കാത്തതിനാല്‍ ആദ്യവര്‍ഷം മുതല്‍തന്നെ പഠനം തുടങ്ങേണ്ടിവന്നു. ഒരുവര്‍ഷം നഷ്‌ടപ്പെടുത്തിയിട്ടും കലിയടങ്ങാതെ എസ്‌.എഫ്‌.ഐ. പീഡനം തുടര്‍ന്നു. കേസ്‌ പിന്‍വലിച്ചില്ലെങ്കില്‍ ജീവിക്കാന്‍ വിടില്ലെന്നുതന്നെയായിരുന്നു ഭീഷണി. ഒടുവില്‍ നിര്‍മ്മല്‍ ആത്മഹത്യക്ക്‌ തുനിഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന്‌ ഉത്തരവാദി എസ്‌.എഫ്‌.ഐ. ആണെന്ന്‌ ഒരു വിദ്യാര്‍ത്ഥിക്ക്‌ എഴുതിവെക്കേണ്ടിവന്നു. ഭാഗ്യംകൊണ്ടുമാത്രം ജീവിതം തിരിച്ചുകിട്ടിയ നിര്‍മ്മലിന്‌ പഠനം ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലെന്നായി. ഇതിനിടയിലാണ്‌ കേരളത്തില്‍ ഭരണമാറ്റമുണ്ടാവുന്നതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നിര്‍മ്മല്‍ തന്റെ ജീവിതകഥയടങ്ങിയ പരാതി നല്‍കിയതും. സി.പി.എം. നേതാക്കളെപ്പോലെ കരളുറപ്പില്ലാത്തതിനാല്‍ മനസ്സലിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട്‌ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളജില്‍ നിര്‍മ്മലിന്‌ പഠനത്തിന്‌ സൗകര്യം ചെയ്‌തു.
എന്നാല്‍ ഇതിനും എസ്‌.എഫ്‌.ഐ. അനുവദിച്ചില്ല. നിര്‍മ്മലിന്‌ പ്രവേശനം നല്‍കിയത്‌ ചട്ടം ലംഘിച്ചാണെന്നായിരുന്നു ഇത്തവണത്തെ പരാതി. എല്ലാ പീഡനങ്ങള്‍ക്കിടയിലും നല്ല മാര്‍ക്ക്‌ വാങ്ങിയ നിര്‍മ്മലിന്‌ ചട്ടം ലംഘിച്ചല്ല പ്രവേശനം നല്‍കിയതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടും എസ്‌.എഫ്‌.ഐ.ക്കാര്‍ ഗൗനിച്ചില്ല. ഒടുവില്‍ നിയമപ്രശ്‌നം പഠിക്കാന്‍ ഒമ്പതംഗ സാങ്കേതിക സമിതിയെ നിയോഗിക്കുകയും ഈ കമ്മിറ്റി 21-ന്‌ യോഗം ചേരാന്‍ തീരുമാനിക്കുകയും ചെയ്‌തതിനിടയിലാണ്‌ കോഴിക്കോട്‌ നഗരത്തെ ചോരക്കളമാക്കുന്ന പ്രതിഷേധവുമായി എസ്‌.എഫ്‌.ഐ. രംഗത്തിറങ്ങിയത്‌.

ഏറ്റവും രഹസരമായ കാര്യം, നിര്‍മ്മല്‍ മാധവിന്‌ കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളജില്‍ പ്രവേശനം നല്‍കിയപോലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇടതുസര്‍ക്കാര്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നതാണ്‌. പ്രവേശനം ലഭിച്ച പലരും കാമ്പസുകളിലെ ക്രിമിനലുകളായിരുന്നുവെന്നതാണ്‌ ഇടത്‌ ഭരണകാലത്തെ യോഗ്യത. 2007- ല്‍ കുറ്റിപ്പുറം എം.ഇ.എസ്‌. കോളജില്‍ കത്തിക്കുത്ത്‌ കേസില്‍ പുറത്തായ എസ്‌.എസ്‌.ഐ. നേതാവ്‌ വംശീകൃഷ്‌ണക്ക്‌ ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജില്‍ പ്രവേശനം നല്‍കുമ്പോള്‍ യാതൊരു ചട്ടലംഘനവും എസ്‌.എഫ്‌.ഐ.ക്കാര്‍ ആരോപിച്ചിട്ടില്ല. അന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദനും ഇന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണെന്നത്‌ മാത്രമാണ്‌ മാറ്റം.

ഉത്തരേന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിക്ക്‌ കേരളത്തില്‍ എം.ബി.ബി.എസിന്‌ പ്രവേശനം നല്‍കിയ സാഹചര്യംപോലും മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. 2006-ല്‍ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സി.പി.എമ്മിന്റെ വാടക പ്രാസംഗികന്‍ റഷീദ്‌ നല്ലളത്തിന്റെ മകള്‍ റാഷിദക്ക്‌ കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ഹോമിയോ മെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കിയത്‌ ഏത്‌ ചട്ടമനുസരിച്ചായിരുന്നുവെന്ന്‌ സി.പി.എം. നേതാക്കള്‍ ഇതുവരെ ചോദിച്ചിട്ടില്ല. കോട്ടയം ആതുരാശ്രമം എന്‍.എസ്‌.എസ്‌. കോളജില്‍ പഠിക്കുകയായിരുന്നു റാഷിദ. ഇത്തരത്തില്‍ നിരവധി പ്രവേശനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്‌. അന്നൊന്നും ഇല്ലാത്ത പ്രതിഷേധം ഇന്നുയര്‍ത്തുമ്പോള്‍ കേരളത്തിലെ പൊതുജനങ്ങള്‍ അത്ര വിഡ്ഡികളാണെന്ന്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കരുതരുത്‌.

ഏത്‌ സമരത്തിനും ചോരചിന്തണമെന്നും പൊതുമുതല്‍ തകര്‍ക്കണമെന്നും നിശ്ചയിച്ചത്‌ സി.പി.എം. പോഷക സംഘടനകളുടെ ഭരണഘടനയാണോ? ഇത്തരത്തില്‍ നടത്തുന്ന അക്രമ സമരങ്ങളുടെ ഭാഗമായി അടി ചോദിച്ചു വാങ്ങുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നതുപോലും അപരാധമാണോ? പൊതുമുതല്‍ നശിപ്പിക്കുന്ന സമര രീതിയെക്കുറിച്ച്‌ ഹൈക്കോടതി ജസ്റ്റിസ്‌ കെ.ടി. ശങ്കരന്‍ നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്‌. സമരത്തിന്റെ വിജയം അവകാശപ്പെടാന്‍ പൊതുമുതല്‍ തകര്‍ക്കുന്നത്‌ ശീലമാക്കുന്നവരെ അംഗീകരിക്കാനാവില്ലെന്നും പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന്‌ അതിന്‌ മതിയായതുക ഈടാക്കണമെന്നുമുള്ള ഹൈക്കോടതിവിധി ആശ്വാസകരമാണ്‌.

ഇക്കാര്യത്തില്‍ മാധ്യമങ്ങളും യഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം. പത്താള്‍ നയിക്കുന്ന സമരം അക്രമാസക്തമായാല്‍ അതിന്‌ ലൈവ്‌ കവറേജും പതിനായിരംപേര്‍ സമാധാനപരമായി പ്രതിഷേധിച്ചാല്‍ അത്‌ ചവറ്റുകൊട്ടയിലുമാവുന്ന സംസ്‌കാരം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങള്‍ ക്യാമറക്ക്‌ മുമ്പില്‍ കോപ്രായം കാണിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്‌. രാഷ്‌ട്രീയത്തെ പരിഹാസത്തോടെ കാണുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനിടയില്‍ ഇത്തരം ആഭാസ സമരങ്ങള്‍ ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ ഡി.വൈ.എഫ്‌.ഐ.യും എസ്‌.എഫ്‌.ഐ.യും തയ്യാറാകണം. ഇല്ലെങ്കില്‍ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയാന്‍ ഒരു പൊതുസമൂഹം പുറത്തുള്ളകാര്യം ഈ വിപ്ലവ വായാടികള്‍ അനുഭവിച്ചറിയേണ്ടിവരും.

Saturday, May 14, 2011

വി.എസ്‌. ഫാക്‌ടര്‍ എന്ന പച്ചക്കള്ളം






വി.എസ്‌. ഫാക്‌ടര്‍ എന്ന മിഥ്യാസങ്കല്‍പത്തെ ഇപ്പോഴും പെരുപ്പിച്ചു കാണിക്കാനാണ്‌ മാധ്യമങ്ങള്‍ക്കിഷ്‌ടം. അച്യുതാനന്ദന്‍ മത്സരിച്ച പാലക്കാട്‌ ജില്ലയില്‍പോലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എല്‍.ഡി.എഫിന്‌ തുണയായിട്ടില്ല. പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്‌ ജില്ലയിലുണ്ടാക്കിയ മേല്‍ക്കൈ നിലനിര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിയാത്ത അച്യുതാനന്ദനെ മാധ്യമങ്ങള്‍ ഇനിയും പൂവിട്ടു പൂജിക്കേണ്ടതുണ്ടോ? വടക്കന്‍ കേരളം എല്‍.ഡി.എഫിനെ തുണച്ചുവെന്ന കള്ളം ഈ വ്യക്തിപൂജയുടെ തുടര്‍ക്കഥ മാത്രമല്ലേ? ബോധപൂര്‍വ്വം ഉപയോഗിച്ച ചില പദപ്രയോഗങ്ങളിലൂടെ അച്യുതാനന്ദനുണ്ടാക്കിയ വര്‍ഗീയ ധ്രുവീകരണമാണോ `വി.എസ്‌. ഫാക്‌ടര്‍' എന്ന വാഴ്‌ത്തപ്പെട്ട സംജ്ഞ?

ആരവങ്ങള്‍ കഴിഞ്ഞു. കൂടാരംവിട്ട്‌ മന്ത്രിമാര്‍ ഇറങ്ങിത്തുടങ്ങി. അഞ്ചുവര്‍ഷത്തെ ശബ്‌ദഘോഷങ്ങള്‍ക്കൊടുവില്‍ ചുണ്ടിനും കപ്പിനുമിടയില്‍ അധികാരം നഷ്‌ടമായ ജാള്യതയോടെ വി.എസ്‌. അച്യുതാനന്ദന്‍ കിടക്ക മടക്കിക്കഴിഞ്ഞു. വ്യക്തി വിദ്വേഷത്തിന്റെ മൂശയില്‍ അടിച്ചുപരത്തിയ കഠാര ഇനി ഉറയില്‍ തിരികെ വെക്കാം. മലകയറിയും ഇടിച്ചുനിരത്തിയും സൃഷ്‌ടിച്ച കപട പ്രതിഛായകൊണ്ട്‌ എക്കാലവും എല്ലാവരെയും വഞ്ചിക്കാനാവില്ലെന്നുതന്നെയാണ്‌ ഇടതുമുന്നണിയുടെ പരാജയം നമ്മെ ബോധ്യപ്പെടുത്തുന്നത്‌. ഇതുവരെ പ്രതിപക്ഷത്തിനെതിരെ വീശിയ ഉറുമി ഇനി സ്വന്തം പാര്‍ട്ടിക്കെതിരെ വീശാന്‍ വി.എസിന്‌ ഏറെ സമയം ലഭിക്കും. ഭരണത്തിന്റെ നൂലാമാലകളില്‍നിന്നിറങ്ങി നേരവും കാലവും നോക്കി ഇനി പിണറായിക്കെതിരെ പടനയിക്കാം. നേരും നെറിയുമില്ലാതെ വി.എസ്‌. നയിച്ച യുദ്ധത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന്‌ കാലം തെളിയിക്കുക തന്നെ ചെയ്യും. ഏറ്റവും വലിയ ക്രിമിനലുകളെ അത്താഴത്തിനുവിളിച്ചാണ്‌ വി.എസ്‌. അഞ്ചുവര്‍ഷം ചതിക്കുഴികളൊരുക്കിയത്‌. നിയമത്തെയും ഭരണഘടനയെയും മറികടന്ന്‌ അദ്ദേഹം നടത്തിയ ചാട്ടുളി പ്രയോഗങ്ങള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മാത്രമായിരുന്നു. ധാര്‍മ്മികതയുടെ മുഖപടംകൊണ്ട്‌ മറച്ചു നടത്തിയ ആക്രമണങ്ങളുടെ കഥ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കള്ളസര്‍ട്ടിഫിക്കറ്റുകാരും മാഫിയ തലവന്‍മാരും നയിച്ച യുദ്ധത്തിന്‌, ആയുസ്സുണ്ടെങ്കില്‍ വി.എസ്‌. മറുപടി പറയേണ്ടിവരും. അതിനുമുമ്പ്‌ കേരളം വിലയിരുത്തേണ്ട ഗൗരവമായ തെരഞ്ഞെടുപ്പ്‌ വിശകലനങ്ങള്‍ ഏറെയുണ്ട്‌. കണ്ടിട്ടും കണ്ണടക്കുന്ന ചില നേരുകളുണ്ട്‌. അതിലൊന്നാണ്‌ വടക്കന്‍ കേരളത്തിലെ യു.ഡി.എഫിന്റെ ചരിത്ര വിജയം.
മലബാറില്‍ യു.ഡി.എഫിന്‌ ശക്തിക്ഷയമുണ്ടായെന്ന മാധ്യമ വിശകലനം അതിശയകരവും തെറ്റിദ്ധാരണാജനകവുമാണ്‌. വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ്‌. സീറ്റ്‌ തൂത്തുവാരുമെന്ന മാധ്യമ സര്‍വ്വേകളെ അതിശക്തമായി മറികടക്കാന്‍ യു.ഡി.എഫിന്‌ സാധിച്ചുവെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം നമ്മെ ബോധ്യപ്പെടുത്തുന്നത്‌. മലപ്പുറം ജില്ലയില്‍ യു.ഡി.എഫിനുണ്ടായ തകര്‍പ്പന്‍ ജയം മാത്രമല്ല, യു.ഡി.എഫിന്‌ മലബാറിലുണ്ടായ മുന്നേറ്റത്തെ ശ്രദ്ധേയമാക്കുന്നത്‌. വയനാട്‌ ജില്ലയില്‍ പ്രതിപക്ഷമില്ലാതെ തിരിച്ചുവന്നതും കണ്ണൂരില്‍ അഞ്ച്‌ സീറ്റുകള്‍ പിടിച്ചടക്കാനായതും കാസര്‍കോട്‌ ജില്ലയില്‍ ബി.ജെ.പി.യുടെ നിയമസഭാ പ്രവേശനത്തെ തടഞ്ഞതും യു.ഡി.എഫ്‌. മലബാറില്‍ നടത്തിയ മുന്നേറ്റത്തിനുള്ള തെളിവുകളാണ്‌. കോഴിക്കോട്‌ ജില്ലയില്‍ യു.ഡി.എഫിന്‌. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മറ്റ്‌ അഞ്ച്‌ ജില്ലകളിലും നല്ല പ്രകടനം കാഴ്‌ചവെക്കാന്‍ മുന്നണിക്ക്‌ കഴിഞ്ഞു. ഈ നേട്ടത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക്‌ ചരിത്രപരവും ശ്രദ്ധേയവുമാണ്‌.
മലബാറിലെ ആറ്‌ ജില്ലകളില്‍നിന്നുള്ള 60 സീറ്റുകളില്‍ 16 സീറ്റിന്‌ മുകളില്‍ യു.ഡി.എഫ്‌. നേടുകയില്ലെന്നായിരുന്നു പല അഭിപ്രായ വോട്ടെടുപ്പുകളും നിരീക്ഷിച്ചിരുന്നത്‌. എന്നാല്‍ ആ നിരീക്ഷണങ്ങളുടെ ഇരട്ടി ജയം നല്‍കിയാണ്‌ മലബാറിലെ ജനങ്ങള്‍ യു.ഡി.എഫിനെ തുണച്ചത്‌. 16 സീറ്റുകള്‍ പ്രവചിച്ച ജില്ലകളില്‍നിന്ന്‌ യു.ഡി.എഫ്‌. നേടിയത്‌ 32 സീറ്റുകളാണ്‌. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളെ കശക്കിയെറിഞ്ഞതും യു.ഡി.എഫിനെ ഭരണത്തിലേറ്റുന്നതും, പ്രവചനങ്ങളെ മറികടന്ന ഈ മുന്നേറ്റമാണ്‌. മുസ്‌ലിംലീഗിന്‌ ശക്തമായ അടിത്തറയുള്ള ഈ ജില്ലകളിലുണ്ടായ തിളക്കമുള്ള വിജയം അച്യുതാനന്ദന്റെ വാഴ്‌ത്തപ്പെട്ട പ്രഭാവത്തിനേറ്റ തിരിച്ചടികൂടിയാണ്‌. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനൊപ്പംനിന്ന ജില്ലയാണ്‌ പാലക്കാട്‌. വി.എസ്‌. അച്യുതാനന്ദന്റെ മത്സരംകൊണ്ട്‌ ശ്രദ്ധേയമായ ഈ ജില്ലയില്‍ പക്ഷെ, തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. വി.എസ്‌. മത്സരിച്ച മലമ്പുഴ ഉള്‍പ്പെട്ട പാലക്കാട്‌ ജില്ലയില്‍പോലും വി.എസ്‌. ഫാക്‌ടര്‍ പ്രവര്‍ത്തിച്ചില്ലെന്നതിന്‌ വേറെ തെളിവ്‌ നിരത്തേണ്ട ആവശ്യമില്ല.
60 സീറ്റുകളുള്ള മലബാറില്‍ 28 സീറ്റുകള്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ നേടാനായത്‌. ഇതില്‍തന്നെ മലപ്പുറം ജില്ലയില്‍മാത്രം യു.ഡി.എഫിന്‌ എല്‍.ഡി.എഫിനേക്കാള്‍ മൂന്നുലക്ഷം വോട്ട്‌ അധികം ലഭിച്ചിട്ടുണ്ട്‌. 1987- ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മലബാറില്‍നിന്ന്‌ ഇത്ര വലിയ മുന്നേറ്റമുണ്ടാകുന്നത്‌ ഇതാദ്യമാണ്‌. നൂറുസീറ്റുനേടി അധികാരത്തിലേറിയ 2001-ല്‍പോലും മലബാറില്‍നിന്ന്‌ യു.ഡി.എഫിന്‌ ലഭിച്ചത്‌ 30 സീറ്റ്‌ മാത്രമാണ്‌. ഇത്‌ പരിഗണിക്കുമ്പോള്‍ യു.ഡി.എഫ്‌. നേട്ടത്തിന്‌ മാധ്യമ വിശകലനത്തേക്കാള്‍ വലിയ പ്രധാന്യമുണ്ടെന്ന്‌ വ്യക്തമാവുന്നു. ആറു ജില്ലകളില്‍നിന്നായി 1991-ല്‍ 29 സീറ്റും 1996-ല്‍ 20 സീറ്റും 2006-ല്‍ 13 സീറ്റുമാണ്‌ ഇതിനുമുമ്പ്‌ യു.ഡി.എഫിന്‌ ലഭിച്ചത്‌.
പാലക്കാട്‌ ജില്ലയില്‍ രണ്ട്‌ സീറ്റില്‍ യു.ഡി.എഫ്‌. ഒതുങ്ങുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ അഞ്ചു സീറ്റുകള്‍ നേടി യു.ഡി.എഫ്‌. ഇടതുമുന്നണിയെ വിറപ്പിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ക്ക്‌ ഇവിടെ പതിനായിരത്തോളം വോട്ടുകളുടെ ലീഡും നേടാനായി. ഇതേ തിരിച്ചടിതന്നെയാണ്‌ കണ്ണൂരിലും സി.പി.ഐ. (എം.) ന്‌ ഏറ്റുവാങ്ങേണ്ടിവന്നത്‌. അവരുടെ തട്ടകമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ജില്ലയില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. എന്‍.ഡി.എഫ്‌., ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ചിട്ടും കെ.എം. ഷാജിയെയും എ.പി. അബ്‌ദുല്ലക്കുട്ടിയെയും തോല്‍പിക്കാന്‍ ജനം സമ്മതിച്ചില്ല. 11 സീറ്റില്‍ 9- ഉം നേടുമെന്ന്‌ വീരസ്യം പറഞ്ഞിരുന്ന എല്‍.ഡി.എഫിനെ മലര്‍ത്തിയടിക്കുന്ന വിജയമാണ്‌ അഞ്ചുസീറ്റുകള്‍ നേടി കണ്ണൂരില്‍ യു.ഡി.എഫ്‌. സ്വന്തമാക്കിയത്‌. 1980 മുതല്‍ 2006 വരെ നീളുന്ന രണ്ടര പതിറ്റാണ്ടിനിടയില്‍ ഇത്ര വലിയ ആഘാതം കണ്ണൂരില്‍ സി.പി.എമ്മിനുണ്ടായിട്ടില്ല. യു.ഡി.എഫ്‌. അനുകൂല തരംഗം ആഞ്ഞുവീശിയ ഘട്ടങ്ങളില്‍പോലും കണ്ണൂരില്‍ യു.ഡി.എഫിന്‌ ലഭിച്ചത്‌ നാല്‌ സീറ്റുകള്‍ മാത്രമാണ്‌. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ മൂന്ന്‌ സിറ്റിംഗ്‌ എം.എല്‍.എ.മാരെ തോല്‍പിച്ചാണ്‌ ഈ ജയമെന്നതിന്‌ തിളക്കമേറെയുണ്ട്‌.
ഇടത്‌ മുന്നേറ്റത്തെ തടഞ്ഞുവെന്ന്‌ മാത്രമല്ല, ഇടത്‌-ബി.ജെ.പി. അവിശുദ്ധ സഖ്യത്തെ കാസര്‍കോട്‌ ജില്ലയില്‍ പ്രതിരോധിച്ചതും യു.ഡി.എഫ്‌. തന്നെയാണ്‌. കാസര്‍കോട്ടുനിന്ന്‌ മത്സരിച്ച മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ത്ഥി എന്‍.എ. നെല്ലിക്കുന്ന്‌ 9738 വോട്ടും മഞ്ചേശ്വരത്തുനിന്ന്‌ മത്സരിച്ച പി.ബി. അബ്‌ദുറസാഖ്‌ 5828 വോട്ടും ഭൂരിപക്ഷം നേടി നിര്‍ണ്ണായക വിജയം നേടിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തേക്ക്‌ എടുത്തെറിയപ്പെട്ടു. ബി.ജെ.പി.-സി.പി.എം. ധാരണ വ്യക്തമാക്കുന്ന രണ്ട്‌ ഘടകങ്ങള്‍ ഇവിടെ കണ്ടെത്താനാവും. ബി.ജെ.പി. ശക്തമായി മത്സരിച്ച കാസര്‍കോട്ടും മഞ്ചേശ്വരത്തും ഇടത്‌ സ്ഥാനാര്‍ത്ഥികള്‍ വളരെ പിറകോട്ട്‌ പോയപ്പോള്‍ ഉദുമയിലും തൃക്കരിപ്പൂരിലും ബി.ജെ.പി. വോട്ടില്‍ കനത്ത ചോര്‍ച്ചയുണ്ടായി. കാസര്‍കോട്‌ ജില്ലയില്‍ നടന്ന കൊടുക്കല്‍ വാങ്ങലിന്റെ ചലനമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. 2009-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാള്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ഏഴായിരത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ നേടുകയും ചെയ്‌തു. കാസര്‍കോട്ട്‌ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിക്ക്‌ ആകെ ലഭിച്ചത്‌ 16,467 വോട്ടുകളാണ്‌. സംസ്ഥാനത്തുതന്നെ എല്‍.ഡി.എഫിന്‌ കെട്ടിവെച്ചതുക നഷ്‌ടമായ മണ്ഡലങ്ങളിലൊന്നാണ്‌ കാസര്‍കോട്‌ എന്നത്‌ വരുംനാളുകളില്‍ വലിയ രാഷ്‌ട്രീയ വിശകലനത്തിന്‌ വിധേയമാകേണ്ടതുണ്ട്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാള്‍ ഒമ്പതിനായിരം വോട്ടിന്റെ ചോര്‍ച്ചയാണ്‌ ഇവിടെ എല്‍.ഡി.എഫിനുണ്ടായത്‌. മാത്രമല്ല കാസര്‍കോട്‌ , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സി.പി.എമ്മിന്‌ കനത്ത സ്വാധീനമുള്ള പല ബൂത്തുകളിലും ബി.ജെ.പിക്കാണ്‌ കൂടുതല്‍ വോട്ട്‌ നേടാനായെതെന്ന കാര്യവും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നുകാണികക്കുകയാണ്‌.
കോഴിക്കോട്‌ ജില്ലയിലും ബി.ജെ.പി.ക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട്‌ ചോര്‍ച്ചയുണ്ടായി. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ്‌ സി.കെ. പത്മനാഭന്‍ മത്സരിച്ച കുന്ദമംഗലത്തുപോലും ഉദ്ദേശിച്ച പ്രകടനം കാഴ്‌ചവെക്കാന്‍ ബി.ജെ.പി.ക്കായില്ല. ബാലുശ്ശേരിയില്‍ 2952 വോട്ടിന്റെയും കോഴിക്കോട്‌ സൗത്തില്‍ 2474 വോട്ടിന്റെയും എലത്തൂരില്‍ 2218 വോട്ടിന്റെയും ബേപ്പൂരില്‍ 1836 വോട്ടിന്റെയും കൊടുവള്ളിയില്‍ 1333 വോട്ടിന്റെയും കൊയിലാണ്ടിയില്‍ 478 വോട്ടിന്റെയും കുറവാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ബി.ജെ.പി.ക്കുണ്ടായത്‌.
ചുരുക്കത്തില്‍ മാധ്യമങ്ങളും സി.പി.ഐ. (എമ്മും) പ്രതീക്ഷിച്ച വിജയം മലബാറില്‍നിന്നുണ്ടാക്കിയെടുക്കാന്‍ ഇടതുമുന്നണിക്ക്‌ കഴിഞ്ഞിട്ടില്ലെന്നുതന്നെയാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അച്യുതാനന്ദന്റെ വ്യക്തിവിരോധത്തിലധിഷ്‌ഠിതമായ രാഷ്‌ട്രീയ നീക്കങ്ങളെ മലബാര്‍ ഒരുതരത്തിലും ഉള്‍ക്കൊണ്ടില്ലെന്നു മാത്രമല്ല അത്തരം വിലകുറഞ്ഞ ആരോപണങ്ങളെ ജനം പുച്ഛിച്ചുതള്ളുകയാണുണ്ടായത്‌. വി.എസ്‌. പ്രഭാവമെന്നത്‌ അദ്ദേഹം മത്സരിച്ച പാലക്കാട്‌ ജില്ലയില്‍പോലും നീര്‍ക്കുമിളയായിരുന്നുവെന്നത്‌ മണ്ണാര്‍ക്കാട്ടുനിന്ന്‌ വിജയിച്ച മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ത്ഥി അഡ്വ. എന്‍. ഷംസുദ്ദീന്റെ റെക്കോര്‍ഡ്‌ ഭൂരിപക്ഷം തെളിയിക്കുന്നു. വി.എസ്‌. പ്രഭാവം മറ്റെവിടെയാണ്‌ സി.പി.എമ്മിനെ തുണച്ചതെന്ന്‌ വരുംനാളുകളില്‍ നടക്കാനിരിക്കുന്ന ഇഴകീറിയുള്ള പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കും. ഒരുകാര്യമുറപ്പാണ്‌. വി.എസ്‌. ആഗ്രഹിച്ചതും പരിശ്രമിച്ചതും വര്‍ഗീയ ധ്രുവീകരണത്തിനുള്ള പാഴ്‌വേലകളായിരുന്നു. മലബാറിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത്‌ നിരാകരിച്ചപ്പോള്‍, ഇതിന്റെ കെണിയില്‍ വീണുപോയത്‌ കോഴിക്കോട്‌ ജില്ലയിലെ കുറ്റിയാടിക്കാര്‍ മാത്രമാണ്‌. പച്ചക്ക്‌ വര്‍ഗീയത പറഞ്ഞ്‌ വോട്ടുപിടിച്ച സി.പി.എം. നേതാക്കള്‍ കടത്തനാടിന്റെ പാരമ്പര്യത്തെയാണ്‌ ഇവിടെ അപമാനിച്ചത്‌. കുതന്ത്രങ്ങളിലൂടെയും കുറുക്കുവഴികളിലൂടെയും അധികാരം നിലനിര്‍ത്താമെന്ന വി.എസിന്റെ വ്യാമോഹത്തെ ചുണ്ടിനും കപ്പിനുമിടയില്‍ തകര്‍ത്തുകളഞ്ഞത്‌ അദ്ദേഹത്തിന്റെ മലിനമായ മന:സ്ഥിതിയാണ്‌. മലബാര്‍ ഇത്തവണ വരിച്ചത്‌ യു.ഡി.എഫിനെ തന്നെയാണെന്നെഴുതാന്‍ മാധ്യമങ്ങള്‍ക്ക്‌ ഇനിയും കാത്തിരിക്കണോ?


Saturday, April 23, 2011

ആകാശത്തു നിന്നും രക്ഷകര്‍ വരും

രണ്ടര വര്‍ഷ്‌ മുമ്പ്‌ മൈന ഉമൈബാന്‌ ഒരു കത്തുവന്നു. `ചന്ദനഗ്രാമം' എന്ന അവരുടെ നോവല്‍ വായിച്ച ഒരു വായനക്കാരന്റേതായിരുന്നു കത്ത്‌. വേറെ പുസ്‌തകങ്ങളുണ്ടെങ്കില്‍ അയച്ചുതരണമെന്നും ജീവിതത്തോട്‌ പൊരുതാന്‍ പുസ്‌തകങ്ങള്‍ മാത്രമാണ്‌ എന്റെ കരുത്തെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കത്തുകള്‍ വരാത്ത കാലത്ത്‌ പോസ്‌റ്റ്‌മാന്‍ കൊണ്ടുവന്ന ഒരു കത്തിന്റെ കൗതുകത്തില്‍ മൈന ആ കുറിപ്പടിയില്‍ കണ്ട വായനക്കാരന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു. ആ വിളിയാണ്‌ മുസ്‌തഫ എന്ന 37-കാരന്റെ ജീവിതം മാറ്റിമറിച്ചത്‌.

മുസ്‌തഫ തന്റെ കഥ പറഞ്ഞുതുടങ്ങി
ടിപ്പര്‍ ലോറിയിലെ ഡ്രൈവറായിരുന്നു ഞാന്‍. മലപ്പുറം ജില്ലയിലെ ഐക്കരപ്പടി പൂച്ചാല്‍ മൊയ്‌തീന്‍-നഫീസ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തവന്‍. ചങ്ങാതിയുടെ വീട്ടിലിരിക്കുമ്പോള്‍ അവന്റെ ഉമ്മക്ക്‌ വെറ്റിലമുറുക്കാന്‍ അടക്ക വേണമെന്ന്‌ പറഞ്ഞു. കവുങ്ങില്‍ കയറി പറിച്ചുതരാമെന്നേറ്റു. ആ കവുങ്ങുകയറ്റം അവസാനിച്ചത്‌ ജീവിതത്തിന്റെ ഇരുട്ടിലാണ്‌. കവുങ്ങു പൊട്ടി വീണ്‌ നട്ടെല്ല്‌ തകര്‍ന്നു. അഞ്ചരവര്‍ഷം മുമ്പാണ്‌ സംഭവം. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ 17-ന്‌. പിന്നെ ചികില്‍സയും ആസ്‌പത്രി ജീവിതവുമായി തള്ളി നീക്കിയ ദിവസങ്ങള്‍. ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത ദുരിതങ്ങളിലേക്കാണ്‌ വീണുതകര്‍ന്നതെന്ന്‌. ശരീരം മാത്രമല്ല, മനസ്സും തളര്‍ന്നുപോയ ആ കാലം ഇപ്പോള്‍ ഇരുട്ട്‌ നിറഞ്ഞ ഓര്‍മ്മയാണ്‌. മക്കളെ പോറ്റാന്‍ അദ്ധ്വാനിച്ചിരുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക്‌ ഒരു ഭാരമായി തീര്‍ന്നുവല്ലോ എന്ന ആധിയില്‍ വെന്തുനീറുകയായിരുന്നു. സൗഹൃദങ്ങളുടെ കണ്ണികള്‍ അകന്നുപോവുന്നത്‌ വേദനയോടെ അറിഞ്ഞു. ആരോടും പരിഭവം തോന്നിയില്ല. എങ്കിലും മനസ്സിന്റെ നീറ്റല്‍ ഉള്ളില്‍ എരിവു പകര്‍ന്നു. ജീവിതത്തെ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ വ്യഥ ഇങ്ങനെയാണ്‌. പങ്കുവെക്കാന്‍ പോലും നേരമില്ലാത്ത കാലത്തിന്റെ ക്രൗര്യം ഞാനും നന്നായറിഞ്ഞു. ഒരുപാട്‌ പേര്‍ സഹായങ്ങള്‍ ചെയ്‌തു. സഹായങ്ങള്‍ കൊണ്ടു മാത്രം തീരുമായിരുന്നില്ല ജീവിതത്തിന്റെ ദുരിതങ്ങള്‍. മെഡിക്കല്‍ കോളജ്‌ ആസ്‌പത്രിയിലെ മൂന്ന്‌ മാസം നീണ്ട ചികില്‍സക്കൊടുവില്‍ എത്തിയത്‌ സ്വന്തം വീട്ടിലേക്കായിരുന്നു. അവിടെ അധിക കാലം നില്‍ക്കാന്‍ മനസ്സു വന്നില്ല. ഭാര്യ സുലൈഖയോടും മകന്‍ സഹദ്‌ സല്‍മിയോടുമൊപ്പം ഭാര്യ വീട്ടിലേക്ക്‌ താമസം മാറി. ഒളവട്ടൂരിലെ കാപ്പാടന്‍ മൊയ്‌തീന്‍കുട്ടിയുടെ മകളാണ്‌ സുലൈഖ. ഭാര്യ വീട്ടില്‍ എത്രകാലം കിടക്കുമെന്ന ആധി ഉള്ളില്‍ പിടഞ്ഞു. പിന്നെ വാടക വീടുകളായി ശരണം. ഒളവട്ടൂരില്‍ തന്നെ ഒരു വര്‍ഷം താമസിച്ചു. പിന്നെ ചാമപ്പറമ്പിലേക്ക്‌. അവിടെ ഒരു വീട്‌ ലഭിച്ചു. രണ്ടു വര്‍ഷത്തോളം ആ വീട്ടില്‍ താമസിച്ചു. അപ്പോഴേക്കും വാടക വീട്‌ പൊളിക്കാന്‍ വേണ്ടി ഉടമ തീരുമാനിച്ചു. ദുരിതങ്ങളുടെ പെരുമഴയിലേക്ക്‌ ഒരു നിസ്സഹായമായ കുടുംബം എടുത്തെറിയപ്പെടുമ്പോഴാണ്‌ ഒരു കച്ചിത്തുരുമ്പുപോലെ മൈനയുടെ ഫോണ്‍ വിളി എത്തുന്നത്‌.

മുസ്‌തഫയുടെ ജീവിതത്തെ മൈന ഇങ്ങനെ വിവരിക്കുന്നു:
ഒരു പുസ്‌തകം ചോദിച്ച എഴുത്തില്‍ നിന്നാണ്‌ മുസ്‌തഫയുടെ ഇരുട്ടു നിറഞ്ഞ ജീവിതത്തെ അറിയുന്നത്‌. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത കാലത്ത്‌ ഒരാള്‍ക്കു വേണ്ടി എന്തുചെയ്യാനാവുമെന്നായിരുന്നു എന്റെ ചിന്ത. എങ്കിലും മുസ്‌തഫക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്‌ മനസ്സ്‌ പറഞ്ഞുകൊണ്ടേയിരുന്നു. ആ ഉള്‍വിളിയാണ്‌ സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗില്‍ മുസ്‌തഫയുടെ കത്തിന്റെ ഒരു ഭാഗം പ്രസിദ്ധപ്പെടുത്താന്‍ ഇടയാക്കിയത്‌. ഏകദേശം രണ്ടരവര്‍ഷം മുമ്പാണിത്‌. അപ്പോള്‍ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകര്‍ മുസ്‌തഫയെ നന്നായി നോക്കിവരികയായിരുന്നു. എന്റെ ബ്ലോഗിലെ കത്തു വായിച്ച്‌ ചിലര്‍ മുസ്‌തഫയെ വന്നു കണ്ടു. അവര്‍ ബ്ലോഗിലിട്ട പോസ്റ്റുകള്‍ മുസ്‌തഫയുടെ ദുരിത കഥയായിരുന്നു. ഒടുവിലൊരു ദിവസം ഞാന്‍ മുസ്‌തഫയെ കാണാന്‍ ചെന്നു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ ചെറുപ്പക്കാരന്‍. മുസ്‌തഫയുടെ ശരീരം മാത്രമല്ല മനസ്സും തളര്‍ന്നുപോയിരുന്നു. എന്റെ പരിമിതികളില്‍ നിന്നുതന്നെ ഒന്നുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ തോന്നി. മുസ്‌തഫയുടെ കഥയറിഞ്ഞ ഒരു സുഹൃത്ത്‌ ആറ്‌ മാസത്തെ വീട്ടുവാടക നല്‍കാമെന്നേറ്റു. മറ്റൊരാള്‍ 3 മാസത്തെ വാടക തരാമെന്നു പറഞ്ഞു. വായന കൂടെ കരുതിയ മുസ്‌തഫക്കു വേണ്ടി ഒരുപാട്‌ പേര്‍ പുസ്‌തകങ്ങള്‍ നല്‍കാമെന്നേറ്റു. രണ്ട്‌ മൂന്ന്‌ ദിവസത്തിനകമായിരുന്നു അല്‍ഭുതകരമായ ഈ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സഹായവാഗ്‌ദാനങ്ങള്‍ വന്നു. അപ്പോള്‍ എനിക്ക്‌ മനസ്സിലായി, വാടക വീടല്ല, സ്വന്തമായി ഒരു വീടാണ്‌ മുസ്‌തഫക്ക്‌ വേണ്ടത്‌. ഭൂലോക കാരുണ്യം എന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്‌മയിലും മുസ്‌തഫയുടെ കഥ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്‌ മുസ്‌തഫയുടെ ഭാര്യയുടെ കൂടി പേരില്‍ ഞാന്‍ ജോലി ചെയ്യുന്ന കാലിക്കറ്റ്‌ കോ-ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ഒരു എക്കൗണ്ട്‌ തുടങ്ങി. പെയിന്‍ ക്ലിനിക്ക്‌ ഭാരവാഹികള്‍ എല്ലാം ചെയ്യാമെന്നേറ്റു. പലതുള്ളി പെരുവെള്ളമായി പലരും തുക നല്‍കി. 100 രൂപ മുതല്‍ 49900 രൂപ വരെ പലരായി അയച്ചുതന്നു. മുസ്‌തഫക്ക്‌ ചിലരെല്ലാം നേരിട്ടും പണം നല്‍കുന്നുണ്ടായിരുന്നു. പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുളിക്കലിനടുത്ത പറവൂരില്‍ ആറ്‌ സെന്റ്‌ സ്ഥലം കണ്ടെത്തി. അപ്പോഴേക്കും അക്കൗണ്ടില്‍ മൂന്ന്‌ ലക്ഷം രൂപ എത്തിയിരുന്നു. സ്ഥലം വാങ്ങാന്‍ മാത്രം നാലേകാല്‍ ലക്ഷം വേണം. വീണ്ടും സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ആദ്യം നല്‍കിയ പലരും വീണ്ടും പണമയച്ചു. അങ്ങിനെയാണ്‌ സ്ഥലം വാങ്ങല്‍ നടന്നത്‌.

കലങ്ങിമറിഞ്ഞ ജീവിതത്തില്‍ നിന്ന്‌ തനിക്ക്‌ പിടിവള്ളി തന്നത്‌ മൈനയെന്ന എഴുത്തുകാരിയും പേരറിയാത്ത നിരവധി ബ്ലോഗര്‍മാരുമാണെന്ന്‌ മുസ്‌തഫ പറയുന്നു.
ഏഴാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമാണ്‌ എനിക്കുണ്ടായിരുന്നത്‌. ഇ-മെയിലിനെക്കുറിച്ചോ ബ്ലോഗിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. ഇങ്ങനെയൊരു ലോകമുണ്ടെന്ന അറിവ്‌ വലിയൊരു വാതിലാണ്‌ തുറന്നത്‌. തനിക്കും ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന ഉറപ്പ്‌ മനസ്സിനെ പ്രചോദിപ്പിച്ചു. ആ പ്രചോദനമാണ്‌ കമ്പ്യൂട്ടര്‍ പഠനത്തിനും ഇപ്പോള്‍ ഒരു ബ്ലോഗറാവാനും വഴിയൊരുക്കിയത്‌. മൊബൈല്‍ വഴി ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിച്ച്‌ ഇപ്പോള്‍ ഞാനും ബ്ലോഗെഴുതുന്നു. ജീവിതത്തിന്റെ വസന്തം തിരിച്ചുതന്ന മൈനക്ക്‌ നന്ദി പറയാന്‍ എനിക്കാവില്ല. മലയാളം ടൈപ്പ്‌ ചെയ്യാന്‍ പഠിച്ചശേഷം ബ്ലോഗില്‍ അക്ഷരങ്ങള്‍ കുറിക്കുകയാണിപ്പോള്‍. പുതിയ വീട്ടില്‍ കറന്റ്‌ കിട്ടാത്തതിനാല്‍ കുറച്ചു ദിവസമായി കമ്പ്യൂട്ടര്‍ നോക്കാനാവുന്നില്ലെന്ന്‌ മുസ്‌തഫ പറയുന്നു.
എന്നാല്‍ മൈന ക്രെഡിറ്റ്‌ തന്റേതല്ലെന്നാണ്‌ പറയുന്നത്‌. മുസ്‌തഫയുടെ ജീവിതം വഴി തിരിച്ചുവിട്ടത്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ
പരിശ്രമവും ഭൂഗോളത്തിന്റെ വിവിധ വശങ്ങളിലുള്ള ബൂലോഗവാസികളുടെ കാരുണ്യവുമാണ്‌. ഞാനൊരു നിമിത്തമായെന്നേയുള്ളൂ. മനുഷ്യന്റെ ജീവിതത്തിന്റെ ശക്തിദൗര്‍ബല്യങ്ങളെ ഇങ്ങനെയൊക്കെയാണ്‌ നമ്മള്‍ തിരിച്ചറിയുന്നത്‌.
മുസ്‌തഫയുടെ വീടിനുള്ള സ്ഥലമായപ്പോള്‍ പിന്നെ വീടുവെക്കാന്‍ തന്നെയായി പ്രധാന ആലോചന. അങ്ങിനെയാണ്‌ സ്ഥലമുണ്ടെങ്കില്‍ വീട്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ഫോമ അറിയിച്ചത്‌. സ്ഥലത്തിന്റെ ആധാരത്തിന്റെയും നികുതി റസീറ്റിന്റെയും കോപ്പി അവര്‍ക്ക്‌ സ്‌കാന്‍ ചെയ്‌ത്‌ അയച്ചുകൊടുത്തു. ഒരു ലക്ഷം രൂപ മൂന്ന്‌ ഗഡുക്കളായി അവര്‍ നല്‍കി. മറ്റു സഹായങ്ങള്‍ കൂടി ചേര്‍ത്താണ്‌ ഇപ്പോള്‍ കാണുന്ന തരത്തില്‍ മുസ്‌തഫയുടെ വീടായത്‌.
***
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു മുസ്‌തഫയുടെ വീടുകൂടല്‍. അധികമാരും വന്നിരുന്നില്ല. ബ്ലോഗര്‍മാരായ മൈന ഉമൈബാന്‍, നിരക്ഷരന്‍, സുനില്‍ കെ. ഫൈസല്‍, രാജീവ്‌ രാഘവന്‍, മണിലാല്‍, മലമ്പുഴയിലെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ലതിക സുഭാഷ്‌ പിന്നെ അടുത്ത ബന്ധുക്കളും. ലളിതമായ ചടങ്ങ്‌ ആള്‍ക്കൂട്ടമില്ലെങ്കിലും വികാര നിര്‍ഭരമായിരുന്നു. ഭൂലോകകൂട്ടായ്‌മ ഒരുക്കിയ കാരുണ്യ തീരത്താണ്‌ മുസ്‌തഫ ഇപ്പോള്‍ ജീവിക്കുന്നത്‌. വസന്തം വരുമെന്നുറപ്പുള്ള മനസ്സോടെ മുസ്‌തഫ തന്നെ പറയുന്നു: `മനസ്സു മാത്രം മതി, വഴി പിന്നാലെ വരും.'

Friday, April 22, 2011

കിനാവ്‌

നേരമില്ലാത്തവന്റെ
യാത്രകളിലേക്ക്‌
വാക്കുകളെ വിരുന്നിനു
വിളിക്കുന്നരാണ്‌?

ഹൃദയത്തില്‍ നിന്ന്‌
ഇറങ്ങിപ്പോയവരാരും
തിരിച്ചു വരരുത്‌.
എങ്കിലല്ലേ,
വരാനൊരാളുണ്ടെന്ന്‌
കിനാവ്‌ കാണാനാവൂ..

Tuesday, April 19, 2011

അച്യുതാനന്ദനെ എങ്ങോട്ടാണയക്കേണ്ടത്‌?

ഈ തെരഞ്ഞെടുപ്പ്‌ ആര്‍ക്കെതിരായ വിധിയെഴുത്താവും? ജയപരാജയങ്ങളുടെ കണക്കെടുപ്പിലാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തകരും നേതാക്കളും. വോട്ടിംഗ്‌ ശതമാനത്തിന്റെ വര്‍ദ്ധനവും പുതിയ വോട്ടര്‍മാരുടെ നിലപാടുകളുമുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്‌. കേരളം ഒരു മാറ്റത്തിന്‌ ആഗ്രഹിച്ച തെരഞ്ഞെടുപ്പാണിത്‌. ജനങ്ങളുടെ മുഖത്ത്‌ പ്രതിഫലിച്ച പ്രതിഷേധം ഇത്തവണ ഇടതു മുന്നണിക്ക്‌ കനത്ത ആഘാതമേല്‍പ്പിക്കുമെന്നുറപ്പാണ്‌. സി.പി.ഐ.(എം) നയിക്കുന്ന ഒരു മുന്നണിയില്‍ ഘടക കക്ഷികള്‍ എന്ന തരത്തില്‍ എണ്ണിപ്പറയാന്‍ ആരുമുണ്ടായിരുന്നില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്നവരേറെയും ഇത്തവണ ജനാധിപത്യ ചേരിയിലായിരുന്നു. ആളൊഴിഞ്ഞ കൂടാരം പോലെയാണ്‌ ഇടതു മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അതിനേക്കാളേറെ, ഒരു പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ.(എം) ജനവിധിക്കു മുമ്പെ പരാജയപ്പെട്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്‌. ഒരു ഒറ്റയാന്‍ തനിക്ക്‌ തോന്നിയപോലെ ചിന്നം വിളിച്ചു പായുമ്പോള്‍ പാര്‍ട്ടിയും പാര്‍ട്ടി സംവിധാനങ്ങളുമെല്ലാം പുരപ്പുറത്തു കയറി നില്‍ക്കുകയായിരുന്നു കേരളത്തില്‍. അച്യുതാനന്ദന്‌ സീറ്റ്‌ നല്‍കിയത്‌ പി.ബി.യാണെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രിയും പോളിറ്റ്‌ ബ്യൂറോ അംഗവുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ പരസ്യമായി മാധ്യമങ്ങളോട്‌ പറയുമ്പോള്‍ അതു തിരുത്താന്‍ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ പോലും കഴിഞ്ഞില്ലെന്നത്‌ സി.പി.എം. ചെന്നുപെട്ട നിസ്സഹായതയാണ്‌ വെളിപ്പെടുത്തുന്നത്‌. അങ്ങാടിയില്‍ ജാഥ നടത്താന്‍ അഞ്ഞൂറു പേരുണ്ടെങ്കില്‍ ആര്‍ക്കും സീറ്റ്‌ കൊടുക്കേണ്ട തരത്തിലേക്ക്‌ തരം താഴ്‌ന്നുപോയ ഒരു പാര്‍ട്ടിയില്‍ നിന്ന്‌ ജനങ്ങള്‍ക്ക്‌ ഇനിയെന്താണ്‌ പ്രതീക്ഷിക്കാനുള്ളത്‌?

വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വ ലോബിയുടെ നിര്‍മ്മിതിയാണ്‌ വി.എസ്‌. അച്യുതാനന്ദനെന്ന്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച നടന്നിട്ടും ആ വര്‍ഗ വഞ്ചകനെ മാറ്റി നിര്‍ത്താന്‍ കഴിയാതെ പോയത്‌ സി.പി.ഐ.എമ്മിന്റെ ദൗര്‍ബല്യം തന്നെയാണ്‌ വ്യക്തമാക്കുന്നത്‌. കാലാകാലങ്ങളിലായി സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചിരുന്നതെങ്കില്‍, ഇത്തവണ പാര്‍ട്ടിയുടെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ആള്‍ദൈവത്തിനെതിരെ പിണറായി വിജയന്‌ പത്രസമ്മേളനം നടത്തി പറയേണ്ടിവന്നു. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററില്‍ ആരുടെ പടം വെക്കണമെന്നും ആരുടേത്‌ ഒഴിവാക്കണമെന്നും നിര്‍ണ്ണയിക്കാന്‍ പോലും അവകാശമില്ലാതെ പോയ ഒരു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനല്ലാതെ മറ്റാരുമുണ്ടാവില്ല.

സി.പി.ഐ.എമ്മിനകത്ത്‌ ഒരു ആള്‍ദൈവമായാണ്‌ അച്യുതാനന്ദന്‍ വളര്‍ന്നത്‌. പര്‍ണ്ണശാല കെട്ടി ആരാധകരെ ഉണ്ടാക്കുന്ന ജോലിയാണ്‌ അഞ്ചുവര്‍ഷവുമെടുത്തത്‌. എപ്പോഴും ശത്രുവിനെ നിര്‍മ്മിച്ച്‌ ആ ശത്രുവിന്റെ സര്‍വ്വനാശം വരെ പൊരുതുന്ന ഫാസിസ്റ്റ്‌ രീതി അച്യുതാനന്ദന്‍ കടം കൊണ്ടത്‌ എ.കെ.ജി.യില്‍ നിന്നോ ഇ.എം.എസില്‍ നിന്നോ അല്ല. പകരം സവര്‍ക്കറും ഹെഡ്‌ഗേവാറും നിര്‍മ്മിച്ച നശീകരണത്തിന്റെ പ്രത്യയശാസ്‌ത്രമാണ്‌ വി.എസിനെ പ്രചോദിപ്പിച്ചത്‌. മുമ്പെ, ഭരണ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും അക്കാര്യത്തിന്റെ പുകിലുകളോര്‍ത്ത്‌ വി.എസ്‌. അലോസരപ്പെട്ടിട്ടില്ല. അദ്ദേഹം എപ്പോഴും നിര്‍മ്മിച്ചത്‌ ഒരു ശത്രുവിനെയാണ്‌. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള നിര്‍ണ്ണയിക്കപ്പെട്ട നേതാക്കള്‍ തന്നെയായിരുന്നു വി.എസിന്റെ ഹിറ്റ്‌ ലിസ്റ്റില്‍. ആ നേതാക്കള്‍ക്ക്‌ ഓരോരുത്തര്‍ക്കുമെതിരെ വ്യക്തിപരമായി യുദ്ധം ചെയ്യുക മാത്രമായിരുന്നു അഞ്ചു വര്‍ഷത്തെ വി.എസിന്റെ ജോലി. അതിനിടയില്‍ ഭരണനേട്ടം എന്നൊന്ന്‌ എടുത്തുപറയാന്‍ വി.എസിനുണ്ടായില്ല. അതിന്റെ യഥാര്‍ത്ഥ ദുരന്തമായിരുന്നു തെരഞ്ഞെടുപ്പുകളിലോരോന്നിലും പ്രതിഫലിച്ചത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന മൂന്ന്‌ സുപ്രധാന തെരഞ്ഞെടുപ്പുകളും നയിച്ചത്‌ വി.എസ്‌. അച്യുതാനന്ദന്‍ തന്നെയാണ്‌. ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പും പിന്നീട്‌ മൂന്ന്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും വന്നു. പിന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടന്നു. ഓരോ തെരഞ്ഞെടുപ്പിലും പരാജയത്തിന്റെ ആഴം കൂടുകയല്ലാതെ കുറഞ്ഞില്ല. അച്യുതാനന്ദന്‍ തന്നെയാണ്‌ ഈ മൂന്ന്‌ തെരഞ്ഞെടുപ്പുകളും നയിച്ചത്‌. അതുകൊണ്ട്‌ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ്‌ നയിച്ചു എന്നതിന്‌ ഒട്ടും പ്രസക്തിയില്ല. മാത്രമല്ല, കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകളിലും നയിക്കാന്‍ അച്യുതാനന്ദനെ ഏല്‍പ്പിക്കുന്നതിന്‌ പാര്‍ട്ടിക്കകത്ത്‌ തര്‍ക്കങ്ങളൊന്നുമുണ്ടായിരുന്നുമില്ല. എന്നാല്‍ ഒടുവിലെ തെരഞ്ഞെടുപ്പ്‌ നയിക്കാന്‍ അച്യുതാനന്ദനെ വിടുന്നതില്‍ പാര്‍ട്ടിക്കകത്ത്‌ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഏതായാലും കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടും പരാജയമേറ്റുവാങ്ങേണ്ടിവന്ന അച്യുതാനന്ദന്‌ ശിഥിലമായ ഒരു മുന്നണിയെ കരക്കെത്തിക്കാനാവുമെന്നത്‌ ദിവാസ്വപ്‌നം മാത്രമാണ്‌.

എ.കെ. ആന്റണി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ പറഞ്ഞപോലെ, അച്യുതാനന്ദന്‍ ഇപ്പോഴും ജീവിക്കുന്നത്‌ കാളവണ്ടി യുഗത്തിലാണ്‌. അതിവേഗതയില്‍ മാറുന്ന ലോകത്തിന്റെ വിസ്‌മയകരമായ മുന്നേറ്റങ്ങള്‍ക്കിടയില്‍ ഒരു വഴിമുടക്കിയായ വൃദ്ധനായിരുന്നു എന്നും അച്യുതാനന്ദന്‍. കാറ്റും വെളിച്ചവും കടക്കാതെ അടച്ചുപൂട്ടിയ ഒരു മനസ്സും വാര്‍ദ്ധക്യത്തിന്റെ കാര്‍ക്കശ്യവും വാശിയുമല്ലാതെ ഈ 87-കാരന്‌ എന്താണ്‌ കൈമുതലായുണ്ടായിരുന്നത്‌. ആദര്‍ശ ജുബ്ബക്കകത്ത്‌ അച്യുതാനന്ദന്‍ സൂക്ഷിക്കുന്ന അധികാര ദുരയുടെയും പ്രതികാര ദാഹത്തിന്റെയും മലിനമായ ഒരു മനസ്സ്‌ കാണാന്‍ മലയാളിക്ക്‌ കഴിയില്ലെന്നാണോ അദ്ദേഹം കരുതിവെച്ചത്‌. 93-കാരനായ ഒരു വയസ്സനെയാണോ നിങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയായി വേണ്ടതെന്ന്‌ രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ നൊന്തത്‌ അച്യുതാനന്ദന്‌ മാത്രമല്ല; ബി.ജെ.പി. നേതാക്കള്‍ക്കുകൂടിയാണ്‌ എന്നതാണ്‌ വിചിത്രം. ബി.ജെ.പി.ക്കെന്താ അച്യുതാനന്ദനോടിത്ര സ്‌നേഹമെന്ന്‌ ഈ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചോദ്യമുയര്‍ന്നതാണ്‌. അതിനുള്ള ഉത്തരം നാം കണ്ടത്‌ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാതിരുന്നപ്പോഴാണ്‌. ഏതായാലും രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ മഹത്വത്തിന്റെ നൂറിലൊന്ന്‌ അവകാശപ്പെടാന്‍ അച്യുതാനന്ദനാവില്ല എന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്‌ നന്ന്‌. ഇന്ത്യയുടെ പ്രധാനമന്ത്രി പദം കൈവെള്ളയില്‍ നല്‍കിയപ്പോള്‍ അതു തിരസ്‌കരിച്ച ഒരമ്മയുടെ മകനാണ്‌ രാഹുല്‍. 87-ാം വയസ്സിലും ഒരു എം.എല്‍.എ. സ്ഥാനമുറപ്പിക്കാന്‍ ഓടക്കുറ്റി പ്രകടനം നടത്തിക്കേണ്ട ഗതികേട്‌ രാഹുല്‍ഗാന്ധിക്കു വന്നിട്ടില്ല. ഏതു മന്ത്രി സ്ഥാനവും രാഹുലിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കയ്യില്‍വെച്ച്‌ കൊടുക്കുമായിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കാതെ പാര്‍ട്ടിയെ സേവിക്കാന്‍ രാജ്യമെമ്പാടും ഓടി നടന്ന നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകനെ അമൂല്‍ ബേബിയെന്ന്‌ അധിക്ഷേപിച്ച അച്യുതാനന്ദനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്‌. അധികാര ദുര മൂത്ത ഒരു വൃദ്ധനെന്നതിലപ്പുറം വി.എസിന്റെ ആദര്‍ശക്കുപ്പായത്തിനുള്ളില്‍ എന്തു നന്മയാണുള്ളത്‌? വ്യക്തി വിരോധത്തിലപ്പുറം ഏത്‌ ധര്‍മ്മത്തിനു വേണ്ടിയാണ്‌ ഇക്കാലത്തിനിടയില്‍ അദ്ദേഹം പോരാടിയത്‌? സ്വന്തം താല്‍പര്യങ്ങളും അധികാരവും മാത്രമാണ്‌ വി.എസ്‌. അച്യുതാനന്ദനെ എന്നും നയിച്ചതെന്ന്‌ പതിറ്റാണ്ടുകള്‍ കൂടെക്കഴിഞ്ഞ കെ.എം. ഷാജഹാനു പോലും പറയേണ്ടി വന്നത്‌ കേരളത്തിലെ പ്രബുദ്ധ ജനത നിരീക്ഷിച്ചതാണ്‌.

ഒരുപാട്‌ വന്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ഈ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ നമ്മളിനിയും ഒരു മാസത്തോളം കാത്തിരിക്കണം. സി.പി.ഐ.(എം) പാര്‍ട്ടി ദേശീയ ഭൂപടത്തില്‍ നിന്ന്‌ അപ്രത്യക്ഷമാവുന്നതിനൊപ്പം, വി.എസ്‌. അച്യുതാനന്ദന്‍ ഒരു പൊങ്ങുതടി മാത്രമാണെന്നും ഈ തെരഞ്ഞെടുപ്പ്‌ വിധിയെഴുതും. മെയ്‌ 13 ആ പ്രഖ്യാപനത്തിന്റെ ദിനമായിരിക്കും. യു.ഡി.എഫ്‌. അധികാരമേല്‍ക്കുമ്പോള്‍ അച്യുതാനന്ദനെ ഇനി എങ്ങോട്ടാണയക്കേണ്ടതെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെ.

Tuesday, March 29, 2011

അച്യുതാനന്ദനും ഇനി ബി.ജെ.പി.യില്‍ ചേരുമോ






അച്യുതാനന്ദന്‌ സീറ്റ്‌ നല്‍കാത്തതിന്റെ പേരില്‍ താന്‍ മത്സരിക്കാനില്ലെന്ന്‌ പ്രസ്‌താവിച്ച അല്‍ഫോണ്‍സ്‌ കണ്ണന്താനം. ഇപ്പോള്‍ ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്‌. അച്യുതാനന്ദന്‌ ഒടുവില്‍ സീറ്റ്‌ ലഭിച്ചപ്പോള്‍ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി പിന്‍വാങ്ങിയിരിക്കുന്നു. മലമ്പുഴയിലേക്കൊരു കാവിപ്പാലം പണിയാനാണോ അച്യുതാനന്ദന്‍ കണ്ണന്താനത്തെ ഡല്‍ഹിയിലേക്കയച്ചത്‌?


ഇരുപത്‌ വര്‍ഷം കൊണ്ട്‌ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന്‌ ഡല്‍ഹിയില്‍ പത്രക്കാരോട്‌ പറഞ്ഞത്‌ വി.എസ്‌. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയാണ്‌. ഇരുപത്‌ ഘട്ടങ്ങളിലായി പത്ത്‌ മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്‌. ഇവരിലൊരാള്‍പോലും ഇത്തരത്തില്‍ ആലോചിച്ചിട്ടുണ്ടാവില്ല. ആറുമാസം മാത്രം പ്രായമുള്ള ഈ വാക്കുകള്‍ അച്യുതാനന്ദന്‍ വിഴുങ്ങാന്‍ ശ്രമിച്ചാലും, മലമ്പുഴയിലേക്ക്‌ പണിത ബി.ജെ.പി.യുടെ പാലത്തിന്‌ കരുത്ത്‌ പകരുന്നതായിരുന്നു ഈ പ്രസ്‌താവനയെന്ന്‌ ഇപ്പോള്‍ നമുക്ക്‌ ബോധ്യമാവുന്നു. ആര്‍.എസ്‌.എസ്‌. നേതാക്കള്‍ രഹസ്യമായി മാത്രം പറയുന്ന ശുദ്ധ വര്‍ഗീയത പറയാന്‍ മാത്രം വിഷലിപ്‌തമായ ഒരു മനസ്സ്‌ അച്യുതാനന്ദനുണ്ടെന്നറിയുമ്പോള്‍, മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ ആരും അതിശയിക്കേണ്ടതില്ല.
ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ മുസ്‌ലിം സമുദായം ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന്‌ പ്രസ്‌താവന നടത്തിയ ഒരു രാഷ്‌ട്രീയ നേതാവിനെതിരെ എങ്ങനെയാണ്‌ ബി.ജെ.പി.ക്ക്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവുക. അതുകൊണ്ടുതന്നെ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്‌ അത്ര വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിക്കേണ്ടതില്ല. ഡല്‍ഹിയില്‍വെച്ച്‌ മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്‌താവന എത്ര തവണ തിരുത്തിപ്പറഞ്ഞാലും മായാത്തവിധം ദൃശ്യമാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞുകിടപ്പുണ്ട്‌. പൊതു പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ കേരളത്തിലെ ബി.ജെ.പി.പോലും പറയാന്‍ മടിച്ചവയായിരുന്നുവെന്ന്‌ പഴയകാല അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അച്യുതാനന്ദന്‍ ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കേണ്ട തെരഞ്ഞെടുപ്പാണിത്‌. അതിനേക്കാളേറെ അച്യുതാനന്ദനെ മത്സരിപ്പിക്കുന്ന സി.പി.ഐ. (എം.) ജനങ്ങളോട്‌ മറുപടി പറയേണ്ട ചോദ്യങ്ങളുമുണ്ട്‌.
അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വംതന്നെ ഇത്തരത്തില്‍ ചില ചോദ്യചിഹ്നങ്ങള്‍ അവശേഷിപ്പിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്ന സി.പി.ഐ. (എം.) എന്ന ബഹുജന പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ നൂറില്‍താഴെ അംഗങ്ങള്‍ തെരുവില്‍ നടത്തിയ പ്രകടനങ്ങള്‍ക്ക്‌ സാധിക്കുന്നുവെന്നത്‌ വിചിത്രമാണ്‌. പ്രകടനങ്ങളല്ല വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടയാക്കിയതെന്ന്‌ പ്രകാശ്‌ കാരാട്ടുതന്നെ സമ്മതിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഈയിടെ നടന്നുവരുന്ന ചില അന്തര്‍നാടകങ്ങള്‍ നാം വിശകലനം ചെയ്യേണ്ടിവരും. യു.പി.എ. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരമായി ശ്രമിക്കുന്ന ബി.ജെ.പി.യുടെ നീക്കങ്ങള്‍ക്ക്‌ ബലം നല്‍കുകയും പിന്തുണയേകുകയും ചെയ്യുന്ന ജോലിയാണിപ്പോള്‍ സി.പി.ഐ. (എം.) നും ഇടതുമുന്നണിക്കുമുള്ളത്‌. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ തുടങ്ങിയ ആ ബന്ധം പാര്‍ലമെന്റിനകത്തും പുറത്തും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്‌. കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന്‌ ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നതും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വവും ചേര്‍ത്തുവായിക്കുമ്പോള്‍ ചില ദു:സ്സൂചനകള്‍ ലഭിക്കുന്നുണ്ട്‌. ഇടതുപക്ഷ മുന്നണിയെ സഹായിക്കാന്‍ ചില മണ്‌ഡലങ്ങളിലെ സഹായങ്ങള്‍ക്കപ്പുറം വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വംകൂടി ബി.ജെ.പി. നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിലൊട്ടും അത്ഭുതപ്പെടാനില്ല. കാരണം, കേരളത്തില്‍ ബി.ജെ.പി. ചെയ്യേണ്ട പല ജോലികളും യാതൊരു ജാള്യതയുമില്ലാതെ ചെയ്യാന്‍ തയ്യാറായ സി.പി.എം. നേതാവാണ്‌ അച്യുതാനന്ദന്‍.
പന്ത്രണ്ടാം നിയമസഭയില്‍ ഇടതുപക്ഷ എം.എല്‍.എ.യായിരുന്ന അല്‍ഫോണ്‍സ്‌ കണ്ണന്താനം ഇപ്പോള്‍ ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്‌. വി.എസ്‌. അച്യുതാനന്ദന്‌ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ച ഘട്ടത്തില്‍ അതിനെതിരെ പ്രതിഷേധിക്കുകയും വി.എസ്‌. മത്സരിക്കാത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനുമില്ലെന്ന്‌ പറഞ്ഞ്‌ മാറിനില്‍ക്കുകയും ചെയ്‌ത കണ്ണന്താനത്തെ പിന്നീട്‌ നാം കാണുന്നത്‌ ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡണ്ട്‌ നിതിന്‍ ഗഡ്‌കരിക്കുമുമ്പില്‍ തലകുനിച്ച്‌ മെമ്പര്‍ഷിപ്പ്‌ സ്വീകരിക്കുന്നതായാണ്‌. അച്യുതാനന്ദനോടൊപ്പമല്ലെങ്കില്‍ ബി.ജെ.പി.യിലെന്ന ഒരു വായനയാണോ കണ്ണന്താനം നമുക്ക്‌ നല്‍കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോടൊപ്പം ജീവിക്കുകയും ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ നിലപാടുകളെ ശാസ്‌ത്രീയമാക്കാന്‍ പാടുപെടുകയും ചെയ്‌ത കണ്ണന്താനത്തിന്റെ പെട്ടെന്നുള്ള ബി.ജെ.പി. കുടിയേറ്റവും മലമ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പിന്‍വാങ്ങലും തമ്മില്‍ ചില പൊരുത്തങ്ങള്‍ തോന്നുന്നുത്‌ സ്വാഭാവികം മാത്രമാണ്‌.
കേരളത്തില്‍ പല സ്വഭാവങ്ങളും പല വീക്ഷണങ്ങളുമുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ കടന്നുപോയിട്ടുണ്ട്‌. അവരൊന്നും നടത്താത്ത സാമൂഹ്യ നിരീക്ഷണങ്ങളാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി പലപ്പോഴും നടത്തിയത്‌. ആ നിരീക്ഷണങ്ങളാവട്ടെ, എപ്പോഴും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക്‌ എതിരായിരുന്നു. അവരെ പരിഹസിക്കാനും അവരുടെ ചിന്താശേഷിയെപ്പോലും അവമതിക്കാനും അവരുടെ അവകാശങ്ങളെ ഹനിക്കാനും ഭരണകൂടങ്ങള്‍ കനിയുന്ന ആനുകൂല്യങ്ങള്‍ തട്ടിത്തൂവിക്കളയാനുമാണ്‌ അച്യുതാനന്ദന്‍ ഇക്കാലമത്രയും ശ്രമിച്ചത്‌. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇത്രയേറെ പാഴാക്കിയ ഒരു ഭരണകൂടം ഇന്ത്യയില്‍ വേറെയില്ല. സമകാലിക രാഷ്‌ട്രീയത്തില്‍ ഇതുപോലെയുള്ള നിരവധി സംഭവവികാസങ്ങള്‍ വി.എസിന്റെ നടപടികളില്‍ കാണാനാവും.
ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെക്കുറിച്ച്‌ ഒരിക്കല്‍ സി.എച്ച്‌. മുഹമ്മദ്‌കോയാ സാഹിബ്‌ പറഞ്ഞിട്ടുണ്ട്‌. എല്ലാ നമ്പൂതിരിമാര്‍ക്കും പൂണൂല്‍ പുറത്താണെങ്കില്‍ ഇ.എം.എസ്സിന്റെ പൂണൂല്‍ അകത്താണെന്ന്‌. അച്യുതാനന്ദന്റെ പല സമീപനങ്ങളും സി.എച്ചിന്റെ പ്രസ്‌താവനയെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. 1991-ലെ മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോള്‍ മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ്‌ടു സീറ്റ്‌ അനുവദിച്ചതിനെച്ചൊല്ലി വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ കോലാഹലങ്ങള്‍ അന്നത്തെ ഗവര്‍ണ്ണര്‍ക്ക്‌ കത്തെഴുതുന്നിടത്തോളം എത്തിച്ചു. വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ്‌ ബഷീര്‍ മുസ്‌ലിംകള്‍ക്ക്‌ സ്‌കൂളുകള്‍ വാരിക്കോരി നല്‍കുന്നു എന്നായിരുന്നു അന്നത്തെ ആക്ഷേപം. വി.എസ്‌. മുഖ്യമന്ത്രിയായിരിക്കെ, അതേ മലപ്പുറം ജില്ല എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ്‌ പരീക്ഷ ജയിക്കുന്നതെന്നായിരുന്നു അപ്പോള്‍ വി.എസിന്റെ കണ്ടെത്തല്‍. ഒരു ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടഞ്ഞ അതേ ആവേശത്തോടെ അവരര്‍ഹിക്കുന്ന നേട്ടത്തെ പരിഹസിക്കാനും അച്യുതാനന്ദന്‍ ശ്രമിച്ചു. വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കര്‍ വെറുക്കപ്പെട്ടവനായതും ടീകോം മേധാവി ഫരീദ അബ്‌ദുറഹിമാന്‍ കള്ളുകുടിയനായതും ഏത്‌ ഗണത്തിലാണ്‌ പെടുത്തേണ്ടത്‌.
വി.എസിന്റെ കുടില മനസ്‌കതക്കുള്ള നിരവധി ഉദാഹരണങ്ങള്‍ ഇക്കഴിഞ്ഞ ഭരണകാലത്തുമാത്രം കാണാനാവും. പാര്‍ട്ടിയിലെയും പുറത്തേയും എതിരാളികളെ മാത്രമല്ല രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ അച്ഛനെപ്പോലും വി.എസ്‌. വെറുതെ വിട്ടിട്ടില്ല. സന്ദീപിന്റെ മരണമേല്‍പിച്ച ആഘാതത്തില്‍ തകര്‍ന്നുപോയ ഒരു പിതാവിന്റെ മാനസീകാവസ്ഥപോലും തിരിച്ചറിയാതെ വി.എസ്‌. അദ്ദേഹത്തെ അഭിസംബോധന ചെയ്‌തത്‌ `പട്ടി`യെന്നാണ്‌. കെ.ഇ.എന്‍. കുഞ്ഞമ്മദ്‌ കുരങ്ങനായതും സിന്ധുജോയി ' ഒരുത്തി`യായതും ഇതേ മുഖ്യമന്ത്രിയുടെ നാവില്‍ നിന്നാണ്‌.
മലമ്പുഴയേക്കാള്‍ ദുര്‍ബലമായ എത്രയോ മണ്‌ഡലങ്ങളില്‍ ബി.ജെ.പി.ക്ക്‌ ഇപ്പോഴും സ്ഥാനാര്‍ത്ഥികളുണ്ട്‌. അവര്‍ മത്സരിക്കുന്നതാവട്ടെ താമര ചിഹ്നത്തിലുമാണ്‌. പാലക്കാട്‌ ജില്ലയില്‍തന്നെ മറ്റ്‌ 11 നിയോജക മണ്‌ഡലത്തിലും ബി.ജെ.പി.ക്ക്‌ സ്ഥാനാര്‍ത്ഥികളുണ്ട്‌. 1991-ല്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി ടി. ചന്ദ്രശേഖര്‍ 7675 വോട്ടുകള്‍ മലമ്പുഴയില്‍നിന്ന്‌ നേടിയിട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.കെ. പത്മനാഭന്‌ 9498 വോട്ടുകള്‍ ഈ മണ്‌ഡലത്തില്‍നിന്ന്‌ ലഭിച്ചിട്ടുണ്ട്‌. 2006-ലെ തെരഞ്ഞെടുപ്പില്‍ വോട്ടുമറച്ചിട്ടും ബി.ജെ.പി.ക്ക്‌ 4384 വോട്ടുകള്‍ നേടാനായിട്ടുണ്ട്‌. മണ്‌ഡലത്തിലെ പുതുപ്പരിയാരം, മലമ്പുഴ, പുതുശ്ശേരി പഞ്ചായത്തുകളില്‍ ബി.ജെ.പി.ക്ക്‌ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. നാലക്കം തികയാത്ത മണ്‌ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പൊരുതുന്ന ബി.ജെ.പി. മലമ്പുഴയില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്‌ ഒട്ടും യാദൃഛികമല്ല. ഡല്‍ഹിയില്‍ ആസൂത്രണം ചെയ്‌ത കപട നാടകത്തിന്റെ ദുരൂഹതകളാണ്‌ ഇത്‌ തുറന്നുവിടുന്നത്‌. പി.ബി.യും അച്യുതാനന്ദനും അറിയുന്ന ഈ കളിയില്‍ പിണറായി വിജയന്റെ റോള്‍ എന്താണെന്നുമാത്രമാണ്‌ ഇനി അറിയാനുള്ളത്‌.

Thursday, February 24, 2011

അതിമോഹികളുടെ സ്വപ്‌നാടനം

വില്ല്യം ഷേക്‌സ്‌പിയറുടെ മാക്‌ബത്‌ എന്ന വിഖ്യാത നാടകം രാഷ്‌ട്രീയക്കാര്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കണം. ദുര്‍ഭൂതങ്ങളുടെ പ്രവചനങ്ങള്‍ വിശ്വസിച്ച്‌, ലേഡി മാക്‌ബത്‌ നടത്തുന്ന പ്രലോഭനങ്ങളിലൂടെ രാജാവിനെ വധിക്കാന്‍ തയ്യാറെടുക്കുന്ന മാക്‌ബത്തിന്റെ കഥ, സമകാലിക രാഷ്‌ട്രീയ സാഹചര്യത്തില്‍ ഒരു പുനര്‍ വായന അര്‍ഹിക്കുന്നുണ്ട്‌. അധികാരദുര മനുഷ്യന്റെ ശാന്തമായ മനസ്സിനെ എത്രവേഗം പ്രക്ഷുബ്‌ധമാക്കുമെന്നും ആ ചുഴിയില്‍ മനുഷ്യന്‍ എത്ര ദയനീയമായി അകപ്പെടുമെന്നും ഷേക്‌സ്‌പിയര്‍ തന്റെ ഇതിഹാസ നാടകത്തിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട്‌. അധികാരത്തിന്‌ വേണ്ടി കയ്യറപ്പുതീര്‍ന്ന ചെയ്‌തികള്‍ക്ക്‌ സ്വന്തം ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്ന ലേഡി മാക്‌ബത്തിന്‌, പിന്നീട്‌ ജീവിതാവസാനം വരെ ലഭിച്ചത്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. അധികാരം മാക്‌ബത്തിന്റെ കയ്യില്‍ വരുമ്പോള്‍ ആര്‍ഭാടങ്ങളില്‍ രമിക്കാന്‍ കാത്തിരുന്ന ലേഡിമാക്‌ബത്തിന്റെ ദയനീയമായ അന്ത്യം തന്നെയാവും, മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‌ ഈ തെരഞ്ഞെടുപ്പോടെ സംഭവിക്കുക.
കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ചരിത്ര ബോധമില്ല എന്ന ആക്ഷേപത്തിന്‌ വളരെ പഴക്കമുണ്ട്‌. ചരിത്രത്തില്‍ നിന്ന്‌ ഒന്നും പഠിക്കാനോ, വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിവോടെ മനസ്സിലാക്കാനോ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ കഴിയാറില്ല. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വരട്ടുവാദക്കാരില്‍ ഒന്നാമനാണ്‌ സഖാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. മലയാളിയുടെ ഭാഗ്യദോഷം കൊണ്ട്‌ മുഖ്യമന്ത്രിക്കസേരയിലെത്തിയ ഈ മനുഷ്യന്റെ ലോകം, എത്ര ഇടുങ്ങിയതും, അജണ്ടകള്‍ എത്ര വികൃതവുമാണെന്ന്‌ അഞ്ചു വര്‍ഷത്തിനിടയില്‍ അദ്ദേഹം നല്‍കിയ മുന്‍ഗണനകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ ബോധ്യമാവും. അതിവേഗതയുടെ സമകാലിക സംജ്ഞകളെ ഒട്ടും വായിച്ചെടുക്കാന്‍ കഴിയാത്ത പ്രാകൃതനായ ഒരു മുഖ്യമന്ത്രിയായിരുന്നു വി.എസ്‌. അച്യുതാനന്ദന്‍ എന്ന്‌ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പാണ്‌.

മലയാളിയുടെ ബുദ്ധിവൈഭവവും കര്‍മ്മശേഷിയും ലോക നിലവാരത്തോളം ഉയര്‍ന്നു നില്‍ക്കുകയും മലയാളി പയ്യന്മാര്‍ സാങ്കേതിക മികവുകള്‍ കൊണ്ട്‌ ലോക ഭൂപടങ്ങളില്‍ സാന്നിധ്യമറിയിക്കുകയും ചെയ്യുമ്പോഴാണ്‌, മസ്‌തിഷ്‌കം ദ്രവിച്ച ഒരു മുഖ്യമന്ത്രി വിടുവായത്തവും ഗോഷ്‌ടികളും കൊണ്ട്‌ ലോകത്തിന്‌ മുമ്പില്‍ അപഹാസ്യനാവുന്നത്‌. നിര്‍മ്മാണാത്മകമായ മലയാളിയുടെ സാമാന്യ ചിന്തകള്‍ക്ക്‌ മീതെ, നശീകരണാത്മകതയുടെ പുതപ്പ്‌ വലിച്ചിടുക മാത്രമായിരുന്നു അഞ്ചു വര്‍ഷക്കാലത്തെ അച്യുതാനന്ദ യുഗത്തിന്റെ നേട്ടം. എന്നിട്ടും യാതൊരു ജാള്യതയുമില്ലാതെ അധികാരം തിരിച്ചുപിടിക്കാമെന്ന്‌ മന:പായസമുണ്ട്‌, ഇടതുസര്‍ക്കാറിന്റെ വികസന മുന്നേറ്റ യാത്രക്ക്‌ കൊടിവീശിയിരിക്കുകയാണ്‌ മുഖ്യമന്ത്രി.

സി.പി.എം. ഇപ്പോള്‍ ഒരു അഗ്‌നി പര്‍വ്വതമാണ്‌. ഉള്ളിലെ തീ ഏതു നിമിഷവും ലാവയായി പൊട്ടിയൊഴുകാന്‍ പാകത്തില്‍ തിളച്ചു മറിയുകയാണ്‌. ഒരു അങ്കത്തിനുകൂടി കോപ്പു കൂട്ടുന്ന അച്യുതാനന്ദന്റെ ഏകപക്ഷീയമായ മുന്നേറ്റത്തെ എങ്ങിനെ മലര്‍ത്തിയടിക്കണമെന്ന ഗവേഷണമാണ്‌ ആ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്‌. അതിനെ മറികടക്കാനുള്ള ഓവര്‍ സ്‌മാര്‍ട്ട്‌നസ്‌ കാണിക്കുകയാണിപ്പോള്‍ മുഖ്യമന്ത്രി. ഇതിന്‌ കൂട്ടിരിക്കാന്‍ നിരവധി ദുര്‍ഭൂതങ്ങള്‍ അദ്ദേഹത്തിന്‌ ചുറ്റുമുണ്ട്‌. പ്രവചനങ്ങള്‍ കൊണ്ട്‌ പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്‌ ഈ ദുര്‍ഭൂതങ്ങള്‍. അധികാരം മനുഷ്യനെ ഏറ്റവും മത്തുപിടിപ്പിക്കുന്നത്‌ വാര്‍ദ്ധക്യ കാലത്താണെന്ന്‌ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്‌ അച്യുതാനന്ദനാണ്‌. മലര്‍പൊടിക്കാരന്റെ കിനാവിനപ്പുറം നീളുകയില്ല ഈ സ്വപ്‌നങ്ങളെന്ന്‌ സി.പി.എമ്മിനകത്ത്‌ നന്നായറിയുന്ന ഒരാളേ ഉള്ളൂ. അത്‌ സഖാവ്‌ പിണറായി വിജയനാണ്‌. സമയമാവട്ടെ, അപ്പോള്‍ പറയാം എന്ന നിലപാടില്‍ നില്‍ക്കുകയാണിപ്പോള്‍ അദ്ദേഹം.

രാഷ്‌ട്രീയത്തില്‍ പലപ്പോഴും കിടമത്സരങ്ങളും കുതികാല്‍ വെട്ടുകളും നടക്കാറുണ്ട്‌. ആദര്‍ശത്തിന്റെ മൂടുപടം കൊണ്ടാണ്‌ ഇതിനെ പലരും ന്യായീകരിക്കാറുള്ളത്‌. മുന്നിലുള്ളവനെ വെട്ടിമാറ്റിയാല്‍ മാത്രമേ മുന്നേറാനാവൂ എന്ന ലേഡി മാക്‌ബത്തിന്റെ വിഷലിപ്‌തമായ ചിന്തയാണ്‌ ഈ കുതികാല്‍ വെട്ടിനു മനുഷ്യനെ പ്രേരിപ്പിക്കുന്നത്‌. കയ്യില്‍ കത്തി കൊടുത്തിട്ടും രാജാവിനെ കൊല്ലാതെ നിസ്സഹായനായി തിരിച്ചുവരുന്ന മാക്‌ബത്തിനോട്‌, നിങ്ങള്‍ ഒരാണാണോ എന്ന്‌ ചോദിക്കുന്ന ലേഡി മാക്‌ബത്തിന്റെ അധികാര ദുരയാണിപ്പോള്‍ രാഷ്‌ട്രീയത്തില്‍ കാണുന്നത്‌. വസ്‌തുതാപരമായ യാതൊരു തെളിവുകളുമില്ലാത്ത ആരോപണങ്ങളുടെ കത്തിയാഴ്‌ത്താന്‍ അച്യുതാനന്ദനെ പ്രേരിപ്പിക്കുന്ന ശക്തി ഏതു ലേഡി മാക്‌ബത്താണെന്ന്‌ കേരളം തിരിച്ചറിയേണ്ടതുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കും ശേഷം കടപുഴകി വീണ സി.പി.എമ്മിനെ പിടിച്ചുയര്‍ത്താന്‍ അച്യുതാനന്ദന്റെ ഖലാസികള്‍ എത്ര പരിശ്രമിച്ചാലും സാധ്യമാവില്ല.

ജനാധിപത്യത്തിന്റെ യുദ്ധത്തില്‍ മുഖത്തോട്‌ മുഖം പൊരുതാനുള്ള ആര്‍ജ്ജവം നമ്മുടെ ശത്രുക്കള്‍ക്കില്ലാത്തതിനാലാണ്‌ അവരെപ്പോഴും ഒളിയാക്രമണങ്ങള്‍ നടത്തുന്നത്‌. ഒളിയാക്രമണങ്ങളില്‍ ഒരു ചതി ഒളിഞ്ഞു കിടപ്പുണ്ട്‌. ആ ചതിയാണ്‌ അച്യുതാനന്ദന്‍ എന്ന കേരള മുഖ്യമന്ത്രിയുടെ മുഖമുദ്ര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ തന്റെ പാര്‍ട്ടിക്കു നേരെ പ്രയോഗിച്ചതും ഈ ഒളിയാക്രമണമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയാണ്‌ 2006ല്‍ അരങ്ങേറിയത്‌. ചില മാധ്യമപ്രവര്‍ത്തകരെയും കരിമ്പൂച്ചകളായ ചില ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ചായിരുന്നു അന്നത്തെ നാടകം. അച്യുതാനന്ദനു മുന്നില്‍ അന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മുട്ടിലിഴഞ്ഞു. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പ്രതിച്ഛായയുടെ മറവില്‍ മുഖ്യമന്ത്രിക്കസേരയും വി.എസ്‌. തട്ടിയെടുത്തു. ഇതിനു കേരളം നല്‍കേണ്ടി വന്ന വില അതി ഭീകരമായിരുന്നുവെന്ന്‌ അഞ്ചു വര്‍ഷത്തിനു ശേഷം നാം തിരിച്ചറിയുകയാണ്‌.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബാലന്‍സ്‌ ഷീറ്റില്‍ അച്യുതാനന്ദന്‌ അവകാശപ്പെടാന്‍ എന്തു നേട്ടമാണുള്ളത്‌? റോക്കറ്റ്‌ വേഗതയില്‍ ലോകം മുന്നോട്ട്‌ ഗമിച്ച ഈ അര പതിറ്റാണ്ടിനിടയില്‍ എന്തു സ്വപ്‌നമാണ്‌ അദ്ദേഹം കേരളത്തിന്‌ സമ്മാനിച്ചത്‌? വികലമായ ചില ഗോഷ്‌ടികളല്ലാതെ, മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം ബാക്കിവെച്ചു പോകുന്നത്‌ അടുത്ത സര്‍ക്കാറിന്റെ നടുവൊടിക്കുന്ന സാമ്പത്തിക ബാധ്യതകള്‍ മാത്രമാണ്‌. 2006ലെ പ്രക്ഷുബ്‌ധമായ കാലാവസ്ഥയില്‍, അച്യുതാനന്ദന്‍ സീറ്റ്‌ തരപ്പെടുത്തുമ്പോള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ പ്രതീക്ഷിച്ച ചില കാര്യങ്ങളുണ്ടായിരുന്നു. അതിലൊന്നു പോലും പുലര്‍ന്നു കാണാത്ത നിരാശയാണ്‌ ഏറാമലയും ഒഞ്ചിയവും മാവൂരും മൂക്കുകുത്തി വീഴാന്‍ ഇടയാക്കിയത്‌. 2006ല്‍ കളിച്ച അതേ ഗിമ്മിക്കുകള്‍ കൊണ്ട്‌ 2011ലും ആളാവാമെന്ന വി.എസിന്റെ മോഹം ഏറ്റവും മിതമായി പറഞ്ഞാല്‍ ഒരതിമോഹമാണ്‌. അതിന്‌ വഴങ്ങാതിരിക്കാനുള്ള രാഷ്‌ട്രീയ പ്രബുദ്ധതയാണ്‌ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മലയാളികള്‍ പ്രകടിപ്പിച്ചത്‌.

കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചിലര്‍ സമര്‍ത്ഥരാണ്‌. സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി തെളിച്ചമുള്ള ഏതു കുളവും ഈ സാമര്‍ത്ഥ്യക്കാര്‍ കലക്കി നശിപ്പിച്ചു കളയും. അത്തരം ചില കുളം കലക്കലുകളാണ്‌ ഇപ്പോള്‍ കേരള രാഷട്രീയത്തില്‍ അരങ്ങേറുന്നത്‌. ഈ കുളം കലക്കികള്‍ ലക്ഷ്യമാക്കുന്നതൊന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോവുന്നില്ലെന്നുറപ്പാണ്‌. അച്യുതാനന്ദനും സംഘവും ഇപ്പോള്‍ നടത്തിവരുന്ന അപഹാസ്യമായ ഈ പാഴ്‌വേല കേരള ജനത പുഛിച്ചു തള്ളുകതന്നെ ചെയ്യും.

അല്ലെങ്കിലും ഒരു ധര്‍മ്മ സമരം നയിക്കാനുള്ള എന്തു യോഗ്യതയാണ്‌ ഇടതുപക്ഷത്തിനുള്ളത്‌? ബാലകൃഷ്‌ണപിള്ളയെ ജയിലിലടച്ചത്‌ ഏറ്റവും വലിയ ഭരണ നേട്ടമായി അച്യുതാനന്ദന്‍ നീട്ടിപ്പറയുമ്പോള്‍, അദ്ദേഹത്തിന്റെ ഒക്കത്തിരുന്ന്‌ ലാവ്‌ലിന്‍, ലാവ്‌ലിന്‍ എന്ന്‌ വിലപിക്കുന്ന പിണറായിയെ ആരും കാണുന്നില്ലേ? ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കു പിറകെയോടുന്ന അച്യുതാനന്ദന്‍, സ്വന്തം അന്തപുരത്തില്‍ വാഴുന്ന രാജകുമാരന്റെ ലീലാ വിലാസങ്ങള്‍ കാണുന്നില്ലേ? തെരഞ്ഞെടുപ്പിന്‌ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഏതു വാജി തൈലത്തിന്റെ ശേഷിയാണ്‌ അച്യുതാനന്ദനെ ഇത്തരത്തില്‍ ചൂടുപിടിപ്പിച്ചത്‌? നാലേമുക്കാല്‍ കൊല്ലമില്ലാത്ത എന്തു ധാര്‍മ്മികതയാണ്‌ ഈ പന്ത്രണ്ടാം മണിക്കൂറില്‍ അച്യുതാനന്ദനെ ആവേശിച്ചിരിക്കുന്നത്‌? രാഷ്‌ട്രീയ ബോധമുള്ള ഏതൊരാള്‍ക്കും ഇതിനു പിന്നിലെ ദുഷ്‌ടലാക്ക്‌ ബോധ്യപ്പെടുക തന്നെ ചെയ്യും. വികസനമോ ജനക്ഷേമമോ പറയാനില്ലാതെ വിയര്‍ക്കുന്ന ഒരു മുന്നണിക്ക്‌ ജനങ്ങളുടെ മുന്നിലിറങ്ങാന്‍ ക്രിമിനലുകളും അഭിസാരികകളും ശിഖണ്‌ഡികളായി നില്‍ക്കേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്റെ ദുര്യോഗം മാത്രമാണ്‌. സ്‌മാര്‍ട്‌സിറ്റിയെന്ന സ്വപ്‌നപദ്ധതിയെ അഞ്ചു വര്‍ഷം തടഞ്ഞുവെച്ചതിന്റെ പാപം ഏതു ഗംഗയിലാണ്‌ ഈ മുഖ്യമന്ത്രി കഴുകിക്കളയുക? ഒരു തലമുറയുടെ സ്വപ്‌നങ്ങളത്രയും ചുഴറ്റിയെറിഞ്ഞ ഈ പിന്തിരിപ്പന്മാര്‍ക്ക്‌, ഇപ്പോള്‍ തോന്നുന്ന അധികാര മോഹത്തെ അതിമോഹമെന്നല്ലാതെ എന്തു പേരിട്ടാണു വിളിക്കുക? മേലനങ്ങാതെ സുഖശീതളഛായയില്‍ കഴിയുന്നവര്‍ക്ക്‌ അധികാരം ഒരു പൂവന്‍ പഴം മാത്രമാണ്‌. അത്‌ തൊലിയുരിഞ്ഞ്‌ വായില്‍ വെച്ചു കൊടുക്കാന്‍ ഇനിയും ജനങ്ങളെ കിട്ടില്ലെന്ന്‌ തിരിച്ചറിയുന്നത്‌ നന്ന്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ പാര്‍ട്ടിയുടെ പ്രമുഖ നേതാവും ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി. ശശി എഴുതിയ കത്തിലെ വരികള്‍ ഇത്തരുണത്തില്‍ വായിക്കുന്നത്‌ പ്രസക്തമാണെന്ന്‌ തോന്നുന്നു.

``നന്നേ ചെറുപ്പം മുതല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനാണു ഞാന്‍. ജീവിതത്തിന്റെ നല്ലഭാഗവും ആരോഗ്യത്തിന്റെ നല്ലഘട്ടവും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണ ബോധത്തോടെ സമര്‍പ്പിച്ചിട്ടുണ്ട്‌ എന്നാണ്‌ എന്റെ ബോധ്യം. അതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌. നിരവധി മര്‍ദ്ദനങ്ങളും ജയില്‍ വാസവും കേസുകളും അപവാദ പ്രചരണങ്ങളുമെല്ലാം സഹിച്ചിട്ടുണ്ട്‌. ഇപ്പോള്‍ എന്റെ ആരോഗ്യം ഓടി നടക്കുവാനും സജീവമായി പ്രവര്‍ത്തിക്കുവാനും അനുവദിക്കുന്നില്ല. അത്തരമൊരു ഘട്ടത്തില്‍ ചികിത്സക്ക്‌ വിധേയനായപ്പോള്‍, പരസ്യമായി അവഹേളിക്കുന്നതിന്‌ കേന്ദ്ര കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായ വി.എസ്‌ അച്യുതാനന്ദന്‍ തയ്യാറായത്‌, വേദനയോടെ ഓര്‍മ്മിക്കുകയാണ്‌. സര്‍വ്വസൗകര്യങ്ങളുടെയും കൊടുമുടിയിലിരിക്കുന്ന അദ്ദേഹത്തിന്‌, സാധാരണ പ്രവര്‍ത്തകരുടെ ഇത്തരം വേദനകള്‍ ഓര്‍ക്കേണ്ട കാര്യമില്ല. കുടിപ്പക തീര്‍ക്കുന്നതിന്‌ അദ്ദേഹത്തിന്‌ നല്ല ഒരു അവസരം ലഭിച്ച സന്തോഷമാണ്‌ കണ്ടത്‌''.
ഈ കത്തെഴുതിയ പി. ശശി ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകനല്ല. വെറുമൊരു ജില്ലാ സെക്രട്ടറിയുമല്ല. അഞ്ചു വര്‍ഷം ഇ.കെ. നായനാര്‍ എന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന, പതിറ്റാണ്ടുകള്‍ ഒരേ പാര്‍ട്ടിയില്‍ ഉണ്ടുറങ്ങിയ വി.എസിന്റെ സഖാവാണ്‌.
ഈ സഖാവിനു പോലും അച്യുതാനന്ദനെക്കുറിച്ച്‌ പറയാനുള്ളത്‌ ഇത്തരത്തിലാണെങ്കില്‍, അദ്ദേഹം എതിരാളികളോട്‌ കാണിക്കുന്ന കുടിപ്പകയെ രാഷ്‌ട്രീയ വൈരത്തിന്റെ തീക്കനലായി അല്ലാതെ എങ്ങനെ കാണാന്‍ കഴിയും? മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള ഒരു മുഖ്യമന്ത്രി കുടിപ്പക തീര്‍ക്കാനുള്ള ആയുധമായി തന്റെ അധികാരത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിനെ രാഷ്‌ട്രീയമായി നേരിടുകയെന്നത്‌ ഏതൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും അനിവാര്യ ദൗത്യമാണ്‌. എഴുതിത്തയ്യാറാക്കിയ തിരക്കഥക്കനുസൃതമായി ആടിത്തിമര്‍ക്കുന്ന ഈ മുഖ്യമന്ത്രിക്കല്ലേ ഇപ്പോള്‍ ഒരു കൈവിലങ്ങാവശ്യം?..

Wednesday, February 9, 2011

ഇപ്പോള്‍ പരിധിക്ക്‌ പുറത്താണ്‌

ഉപയോഗിച്ചു വലിച്ചെറിയുക എന്ന ശീലം ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന അതിവേഗതയുടെ കാലമാണിത്‌. ഉപയോഗിച്ച്‌ വലിച്ചെറിയുക എന്ന ആശയത്തിനുതന്നെ രണ്ട്‌ തലങ്ങളുണ്ട്‌. ഒന്ന്‌: ഞങ്ങള്‍ ഉപയോഗിക്കാന്‍ ജീവിക്കുന്നവരാണെന്നും, രണ്ടാമത്തേത്‌ സൂക്ഷിച്ചുവെക്കണമെന്നില്ലാത്തതിനാല്‍ ഞങ്ങള്‍ വലിച്ചെറിയുന്നുവെന്നുമാണത്‌. നവ കാപ്പിറ്റലിസത്തിന്റെ ഇറക്കുമതിയായ ഈ പ്രത്യയശാസ്‌ത്രം അതിദാരുണമായി നമ്മുടെയെല്ലാം ഹൃദയത്തെ വരിഞ്ഞുമുറുക്കിക്കഴിഞ്ഞിരിക്കുന്നു. കരിമ്പ്‌ ജ്യൂസ്‌ അടിക്കുന്ന യന്ത്രം പുതിയ കാലത്തിന്റെ ഒരു പ്രതീകമായി നിരീക്ഷിക്കാവുന്നതാണ്‌. കരിമ്പിന്റെ അവസാന സത്തയും പിഴിഞ്ഞെടുക്കാന്‍ മിടുക്കനായ ഈ മെഷീന്‍ ഒരു ഉപയോഗവുമില്ലാത്ത ചണ്ടി വേര്‍തിരിച്ചു മാറ്റിത്തരികയും അവസാന തുള്ളി കരിമ്പിന്‍ ജ്യൂസ്‌വരെ ശേഖരിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്‌. ജീവിതമിപ്പോള്‍ കരിമ്പ്‌ ജ്യൂസ്‌ യന്ത്രംപോലെയാണ്‌. നമുക്കാവശ്യമുള്ളതിനെ ഞെക്കി പിഴിഞ്ഞ്‌ മുമ്പിലെത്തിക്കുകയും ആവശ്യമില്ലാത്തതിനെ വലിച്ചെറിയാന്‍ ശീലിപ്പിക്കുകയുമാണ്‌. എല്ലാം കണ്ടും കേട്ടും വളര്‍ന്നുവരുന്ന പുതിയ തലമുറക്കാവട്ടെ, കൃത്യമായ നിരീക്ഷണ പാടവവും അനിതരസാധാരണമായ അനുകരണശേഷിയുമുണ്ട്‌. അതുകൊണ്ടുതന്നെ തൊട്ടുമുമ്പ്‌ കഴിഞ്ഞതിനെ പകര്‍ത്തി വെച്ചുകൊണ്ടാണ്‌ ഇവര്‍ ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്നത്‌. ആലുവയിലെ കൊട്ടാര സദൃശമായ വീട്ടില്‍, എല്ലാ സൗകര്യങ്ങളോടെയും ജീവിച്ച അമ്മ, സമൃദ്ധിയുടെ നടുവില്‍ തടങ്കലില്‍ കഴിഞ്ഞതിന്റെ വേദനിപ്പിക്കുന്ന ചിത്രം നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്‌. അര്‍ബുദത്തിന്റെ നീരാളിപിടുത്തത്തില്‍ ശരീരം തകര്‍ന്നുപോയപ്പോള്‍, പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ പഴുത്ത്‌ നാറിയപ്പോള്‍, ഇനി പിഴിഞ്ഞെടുക്കാന്‍ ഒന്നുമില്ലാത്ത ഒരമ്മയെ മുറിയില്‍ അടച്ചുപൂട്ടിയ മകള്‍, ഈ കരിമ്പ്‌ജ്യൂസ്‌ യന്ത്രത്തിന്റെ സമകാലികതയെ തന്നെയാണ്‌ ഓര്‍മ്മിപ്പിച്ചത്‌. ആവശ്യം കഴിഞ്ഞതെന്തും നമുക്കിപ്പോള്‍ മാലിന്യങ്ങളാണ്‌. മാലിന്യങ്ങളോടുള്ള മലയാളിയുടെ പ്രാകൃതമായ ഒരു പെരുമാറ്റമുണ്ട്‌. എന്റെ മുറ്റത്തുനിന്ന്‌ അത്‌ മാറ്റുക മാത്രമാണ്‌ എനിക്ക്‌ പ്രധാനം. അടുത്ത വീട്ടുകാരന്റെ ഉമ്മറത്തേക്കെറിഞ്ഞാലും വിരോധമില്ല. ഇത്തരത്തില്‍ പാഴ്‌വസ്‌തുക്കളെപ്പോലെ എറിഞ്ഞുകളയുന്ന ജീവിതങ്ങള്‍ ഈ കാലത്തിന്റെ മാലിന്യങ്ങളായി വൃദ്ധസദനങ്ങളെന്ന കുപ്പത്തൊട്ടിയില്‍ എച്ചിലുകള്‍തിന്ന്‌ ജീവിക്കുകയാണ്‌.
മനുഷ്യന്റെ സംസ്‌കാരത്തിനു സംഭവിച്ച ഈ ഗതിമാറ്റത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്‌. ജീവിതത്തോടുള്ള മാറിയ കാഴ്‌ചപ്പാടുതന്നെയാണ്‌ പ്രധാനം. ജീവിതമിപ്പോള്‍ തിരക്കുപിടിച്ച നഗരത്തിലെ വേഗമേറിയ ഗതാഗതംപോലെയാണ്‌. ആര്‍ക്കും ഒന്നിനും നേരമില്ലാതെ, വേഗത്തിലെത്തുന്നവര്‍ മാത്രം ജേതാവാകുകയാണിപ്പോള്‍. സ്വാഭാവികമായ ഈ ഗതിവേഗത്തില്‍ തീവണ്ടികളിലെഴുതിയ വാചകംപോലെ `ലെസ്‌ ലഗേജ്‌, മോര്‍ കംഫര്‍ട്ട്‌' എന്നാണ്‌ മനുഷ്യന്‍ ചിന്തിക്കുന്നത്‌. ഈ യാത്രയില്‍ ഭാരിച്ചതൊന്നും കെട്ടിവലിക്കാന്‍ മനസ്സില്ലാത്തവര്‍ ചുമക്കേണ്ടിവരുന്ന പലതിനെയും വഴിയിലുപേക്ഷിക്കുകയാണ്‌. ഇങ്ങനെ ചുമക്കപ്പെടുന്ന ഭാരങ്ങളാണ്‌ പുതിയ കാലത്തെ വാര്‍ദ്ധക്യങ്ങള്‍. ഫ്‌ളാറ്റിലെ സൗകര്യക്കുറവ്‌, ആര്‍ഭാടമുള്ള വീടുകളിലെ ഐശ്വര്യക്കുറവ്‌ തുടങ്ങി കുട്ടികളുടെ പഠനത്തിനും അതിഥികളുടെ സ്വീകരണങ്ങള്‍ക്കും തടസ്സം എന്നുവരെ എത്തിനില്‍ക്കുകയാണ്‌ ഡിസ്‌പോസ്‌ ചെയ്യാനുള്ള ന്യായവാദങ്ങള്‍. നമ്മള്‍ വളരെ പ്രായോഗികരായിത്തീരുമ്പോള്‍, അലിവ്‌, ദയ, കാരുണ്യം എന്നീ വികാരങ്ങളെല്ലാം അര്‍ത്ഥമില്ലാതായിത്തീരുന്നു. അത്തരമൊരു കാലത്തിന്റെ അജണ്ടകള്‍ എന്തൊക്കെയാവുമെന്ന ആലോചനക്കുമുണ്ട്‌ ചില പുതുമകള്‍.
അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങളുടെ ഉത്തുംഗതയിലാണ്‌ പുതിയ തലമുറ ജീവിക്കുന്നത്‌. ക്ലാസ്സ്‌ മുറികളിലെ ഇവരുടെ പ്രകടനങ്ങള്‍ അധ്യാപകരെയും, വീട്ടകങ്ങളിലെ പെരുമാറ്റങ്ങള്‍ രക്ഷിതാക്കളെയും ഒരുപോലെ സ്‌തബ്‌ധരാക്കുകയാണ്‌. നിയന്ത്രണങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേലിക്കെട്ടുകളെ ഇവര്‍ സ്വയം തകര്‍ത്തിരിക്കുന്നു. ജീവിതത്തെ ആസ്വാദനങ്ങളോട്‌ കൂട്ടിക്കെട്ടിയാണ്‌ ഈ കുട്ടികള്‍ വായിക്കുന്നത്‌. പഴയ സദാചാര വിചാരങ്ങള്‍ ഇവര്‍ക്ക്‌ ഒരു കൗതുകമോ തമാശയോ മാത്രമാണ്‌. അവര്‍ കണ്ടും കെട്ടും വളര്‍ന്നു വലുതാകുന്ന സാമൂഹ്യ ചുറ്റുപാടില്‍ ലൈംഗികത ഒരു തുറന്ന പുസ്‌തകമാണ്‌. ഇടപഴകാനുള്ള അവസരങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍, പ്രോത്സാഹനങ്ങള്‍ എന്നിവ ചേര്‍ന്നുണ്ടായ പുതിയ രൂപമാറ്റത്തിനു മുന്നില്‍ അദ്ധ്യാപകരും രക്ഷിതാക്കളും നിശബ്‌ദരായി നിന്നുപോവുകയാണ്‌. ഇങ്ങനെയൊക്കെ അനുവദിച്ചില്ലെങ്കില്‍ സ്വയം ഒരു അപരിഷ്‌കൃതനായി മാറുന്നതിന്റെ അപകര്‍ഷ ബോധവും ചില രക്ഷിതാക്കളുടെയെങ്കിലും മനസ്സിലുമുണ്ട്‌. അത്തരത്തിലുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ തലം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. `നില്‍ക്കാന്‍ ഒരിടം തന്നാല്‍ ഭൂമിയെ ഞാന്‍ ഉയര്‍ത്തിക്കാണിക്കാം' എന്ന്‌ ആര്‍ക്കിമെഡീസ്‌ എന്ന മഹാനായ ശാസ്‌ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ട്‌. പുതിയ യൗവ്വനത്തിന്റെ അതിരുകടന്ന ആത്മവിശ്വാസം ആര്‍ക്കിമെഡീസിനെ മറ്റൊരു തലത്തില്‍ വായിപ്പിക്കുകയാണ്‌. അസാധ്യമായത്‌ ഒന്നുമില്ലെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍തന്നെ, എന്തിനെയും ചവിട്ടിമെതിച്ചു മുന്നോട്ട്‌ പോവുക എന്ന ധിക്കാരവും ഈ തലമുറക്കുണ്ട്‌. പ്രണയത്തില്‍പോലും ഈ മാറ്റമുണ്ടെന്ന്‌ കാമ്പസ്‌ ജീവിതത്തിന്റെ ദൈനംദിനചര്യകള്‍ കാണുന്ന അദ്ധ്യാപകര്‍ക്ക്‌ തിരിച്ചറിയാനാവുന്നതാണ്‌. കോളജ്‌ അദ്ധ്യാപകനായ വീരാന്‍കുട്ടിയുടെ `സ്റ്റഡിലീവ്‌' എന്ന കവിതയില്‍ ഇങ്ങനെ വായിക്കാം.
പകല്‍ മിസ്സ്‌ / എന്നെ വിളിച്ചു. എടുത്തില്ല, മിസ്‌ കോളായി. രാത്രി / ഞാന്‍ മിസ്സിനെ / വിളിച്ചു; എടുത്തു / `കോളായി'. അത്തരത്തിലായിരിക്കുന്നു പുതിയ കാമ്പസ്‌ ജീവിതം.
പാശ്ചാത്യ ജനതയെയും അവരുടെ സംസ്‌കാരത്തെയും മതിമറന്ന്‌ അനുകരിച്ചാണ്‌ ആഗോളവല്‍ക്കരണത്തിന്റെ പുതിയ കാലത്ത്‌ നമ്മള്‍ ആസ്വാദനത്തിന്റെ ജീവിതം പഠിച്ചത്‌. എന്നാല്‍ പാശ്ചാത്യര്‍ ആ കാലത്തെ മറികടന്ന്‌ പ്യൂപ്പയില്‍ നിന്നിറങ്ങിവന്ന ശലഭങ്ങളെപ്പോലെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്ക്‌ പറന്നെത്തിയിരിക്കുന്നു. അതുകൊണ്ടാണ്‌ ആത്മീയത അവര്‍ക്കൊരു കവചമാവുന്നത്‌. വളരെ ക്ഷണികമായ ഒരു അവസ്ഥ മാത്രമാണീ ആസ്വാദനത്തിന്റെ കാലം. ലോകം അതി തീവ്രം അതിനെ കയ്യൊഴിയുകതന്നെ ചെയ്യും. കാരണം അതിനൊരിക്കലും സ്ഥായിയായി നിലനില്‍ക്കാനാവില്ല. എല്ലാ ആസ്വാദനങ്ങളും സൃഷ്‌ടിക്കുന്ന ഒരു മഹാ ശൂന്യതയുണ്ട്‌. അത്‌ നിരാശയുടെ പടുകുഴിയിലേക്കും ഉന്‍മാദത്തിലേക്കുമാണ്‌ മനുഷ്യനെ നയിക്കുക. അവിടന്നങ്ങോട്ട്‌ മനുഷ്യന്‍ തിരിച്ചുനടന്നുവെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. എല്ലാ സംസ്‌കാരങ്ങളും തകര്‍ന്നടിഞ്ഞത്‌ അത്തരമൊരു ജീര്‍ണ്ണതയുടെ തുടര്‍ച്ചയായിട്ടാണ്‌. പുതിയവ മുളച്ചുവന്നതും ഈ ജീര്‍ണ്ണതയുടെ അഴുക്കുചാലുകള്‍ക്കിടയിലൂടെയാണ്‌. അതുകൊണ്ട്‌ പ്രതീക്ഷയുടെ വെളിച്ചം അണഞ്ഞുപോവുന്നില്ല. എന്നാല്‍ പരിധിക്ക്‌ പുറത്തുനില്‍ക്കുന്ന ഈ കാലത്തെ, ക്രമീകരിക്കാനുള്ള തീവ്രയത്‌നങ്ങളാണ്‌ ഓരോ സമൂഹവും നിര്‍വ്വഹിക്കേണ്ട ദൗത്യം. വെളിച്ചം വരുന്നതുവരെ കാത്തിരിക്കാന്‍ നമുക്ക്‌ സമയമില്ലെന്നതാണ്‌ നേര്‌.