Thursday, February 24, 2011

അതിമോഹികളുടെ സ്വപ്‌നാടനം

വില്ല്യം ഷേക്‌സ്‌പിയറുടെ മാക്‌ബത്‌ എന്ന വിഖ്യാത നാടകം രാഷ്‌ട്രീയക്കാര്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കണം. ദുര്‍ഭൂതങ്ങളുടെ പ്രവചനങ്ങള്‍ വിശ്വസിച്ച്‌, ലേഡി മാക്‌ബത്‌ നടത്തുന്ന പ്രലോഭനങ്ങളിലൂടെ രാജാവിനെ വധിക്കാന്‍ തയ്യാറെടുക്കുന്ന മാക്‌ബത്തിന്റെ കഥ, സമകാലിക രാഷ്‌ട്രീയ സാഹചര്യത്തില്‍ ഒരു പുനര്‍ വായന അര്‍ഹിക്കുന്നുണ്ട്‌. അധികാരദുര മനുഷ്യന്റെ ശാന്തമായ മനസ്സിനെ എത്രവേഗം പ്രക്ഷുബ്‌ധമാക്കുമെന്നും ആ ചുഴിയില്‍ മനുഷ്യന്‍ എത്ര ദയനീയമായി അകപ്പെടുമെന്നും ഷേക്‌സ്‌പിയര്‍ തന്റെ ഇതിഹാസ നാടകത്തിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട്‌. അധികാരത്തിന്‌ വേണ്ടി കയ്യറപ്പുതീര്‍ന്ന ചെയ്‌തികള്‍ക്ക്‌ സ്വന്തം ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്ന ലേഡി മാക്‌ബത്തിന്‌, പിന്നീട്‌ ജീവിതാവസാനം വരെ ലഭിച്ചത്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. അധികാരം മാക്‌ബത്തിന്റെ കയ്യില്‍ വരുമ്പോള്‍ ആര്‍ഭാടങ്ങളില്‍ രമിക്കാന്‍ കാത്തിരുന്ന ലേഡിമാക്‌ബത്തിന്റെ ദയനീയമായ അന്ത്യം തന്നെയാവും, മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‌ ഈ തെരഞ്ഞെടുപ്പോടെ സംഭവിക്കുക.
കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ചരിത്ര ബോധമില്ല എന്ന ആക്ഷേപത്തിന്‌ വളരെ പഴക്കമുണ്ട്‌. ചരിത്രത്തില്‍ നിന്ന്‌ ഒന്നും പഠിക്കാനോ, വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിവോടെ മനസ്സിലാക്കാനോ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ കഴിയാറില്ല. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വരട്ടുവാദക്കാരില്‍ ഒന്നാമനാണ്‌ സഖാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. മലയാളിയുടെ ഭാഗ്യദോഷം കൊണ്ട്‌ മുഖ്യമന്ത്രിക്കസേരയിലെത്തിയ ഈ മനുഷ്യന്റെ ലോകം, എത്ര ഇടുങ്ങിയതും, അജണ്ടകള്‍ എത്ര വികൃതവുമാണെന്ന്‌ അഞ്ചു വര്‍ഷത്തിനിടയില്‍ അദ്ദേഹം നല്‍കിയ മുന്‍ഗണനകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ ബോധ്യമാവും. അതിവേഗതയുടെ സമകാലിക സംജ്ഞകളെ ഒട്ടും വായിച്ചെടുക്കാന്‍ കഴിയാത്ത പ്രാകൃതനായ ഒരു മുഖ്യമന്ത്രിയായിരുന്നു വി.എസ്‌. അച്യുതാനന്ദന്‍ എന്ന്‌ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പാണ്‌.

മലയാളിയുടെ ബുദ്ധിവൈഭവവും കര്‍മ്മശേഷിയും ലോക നിലവാരത്തോളം ഉയര്‍ന്നു നില്‍ക്കുകയും മലയാളി പയ്യന്മാര്‍ സാങ്കേതിക മികവുകള്‍ കൊണ്ട്‌ ലോക ഭൂപടങ്ങളില്‍ സാന്നിധ്യമറിയിക്കുകയും ചെയ്യുമ്പോഴാണ്‌, മസ്‌തിഷ്‌കം ദ്രവിച്ച ഒരു മുഖ്യമന്ത്രി വിടുവായത്തവും ഗോഷ്‌ടികളും കൊണ്ട്‌ ലോകത്തിന്‌ മുമ്പില്‍ അപഹാസ്യനാവുന്നത്‌. നിര്‍മ്മാണാത്മകമായ മലയാളിയുടെ സാമാന്യ ചിന്തകള്‍ക്ക്‌ മീതെ, നശീകരണാത്മകതയുടെ പുതപ്പ്‌ വലിച്ചിടുക മാത്രമായിരുന്നു അഞ്ചു വര്‍ഷക്കാലത്തെ അച്യുതാനന്ദ യുഗത്തിന്റെ നേട്ടം. എന്നിട്ടും യാതൊരു ജാള്യതയുമില്ലാതെ അധികാരം തിരിച്ചുപിടിക്കാമെന്ന്‌ മന:പായസമുണ്ട്‌, ഇടതുസര്‍ക്കാറിന്റെ വികസന മുന്നേറ്റ യാത്രക്ക്‌ കൊടിവീശിയിരിക്കുകയാണ്‌ മുഖ്യമന്ത്രി.

സി.പി.എം. ഇപ്പോള്‍ ഒരു അഗ്‌നി പര്‍വ്വതമാണ്‌. ഉള്ളിലെ തീ ഏതു നിമിഷവും ലാവയായി പൊട്ടിയൊഴുകാന്‍ പാകത്തില്‍ തിളച്ചു മറിയുകയാണ്‌. ഒരു അങ്കത്തിനുകൂടി കോപ്പു കൂട്ടുന്ന അച്യുതാനന്ദന്റെ ഏകപക്ഷീയമായ മുന്നേറ്റത്തെ എങ്ങിനെ മലര്‍ത്തിയടിക്കണമെന്ന ഗവേഷണമാണ്‌ ആ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്‌. അതിനെ മറികടക്കാനുള്ള ഓവര്‍ സ്‌മാര്‍ട്ട്‌നസ്‌ കാണിക്കുകയാണിപ്പോള്‍ മുഖ്യമന്ത്രി. ഇതിന്‌ കൂട്ടിരിക്കാന്‍ നിരവധി ദുര്‍ഭൂതങ്ങള്‍ അദ്ദേഹത്തിന്‌ ചുറ്റുമുണ്ട്‌. പ്രവചനങ്ങള്‍ കൊണ്ട്‌ പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്‌ ഈ ദുര്‍ഭൂതങ്ങള്‍. അധികാരം മനുഷ്യനെ ഏറ്റവും മത്തുപിടിപ്പിക്കുന്നത്‌ വാര്‍ദ്ധക്യ കാലത്താണെന്ന്‌ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്‌ അച്യുതാനന്ദനാണ്‌. മലര്‍പൊടിക്കാരന്റെ കിനാവിനപ്പുറം നീളുകയില്ല ഈ സ്വപ്‌നങ്ങളെന്ന്‌ സി.പി.എമ്മിനകത്ത്‌ നന്നായറിയുന്ന ഒരാളേ ഉള്ളൂ. അത്‌ സഖാവ്‌ പിണറായി വിജയനാണ്‌. സമയമാവട്ടെ, അപ്പോള്‍ പറയാം എന്ന നിലപാടില്‍ നില്‍ക്കുകയാണിപ്പോള്‍ അദ്ദേഹം.

രാഷ്‌ട്രീയത്തില്‍ പലപ്പോഴും കിടമത്സരങ്ങളും കുതികാല്‍ വെട്ടുകളും നടക്കാറുണ്ട്‌. ആദര്‍ശത്തിന്റെ മൂടുപടം കൊണ്ടാണ്‌ ഇതിനെ പലരും ന്യായീകരിക്കാറുള്ളത്‌. മുന്നിലുള്ളവനെ വെട്ടിമാറ്റിയാല്‍ മാത്രമേ മുന്നേറാനാവൂ എന്ന ലേഡി മാക്‌ബത്തിന്റെ വിഷലിപ്‌തമായ ചിന്തയാണ്‌ ഈ കുതികാല്‍ വെട്ടിനു മനുഷ്യനെ പ്രേരിപ്പിക്കുന്നത്‌. കയ്യില്‍ കത്തി കൊടുത്തിട്ടും രാജാവിനെ കൊല്ലാതെ നിസ്സഹായനായി തിരിച്ചുവരുന്ന മാക്‌ബത്തിനോട്‌, നിങ്ങള്‍ ഒരാണാണോ എന്ന്‌ ചോദിക്കുന്ന ലേഡി മാക്‌ബത്തിന്റെ അധികാര ദുരയാണിപ്പോള്‍ രാഷ്‌ട്രീയത്തില്‍ കാണുന്നത്‌. വസ്‌തുതാപരമായ യാതൊരു തെളിവുകളുമില്ലാത്ത ആരോപണങ്ങളുടെ കത്തിയാഴ്‌ത്താന്‍ അച്യുതാനന്ദനെ പ്രേരിപ്പിക്കുന്ന ശക്തി ഏതു ലേഡി മാക്‌ബത്താണെന്ന്‌ കേരളം തിരിച്ചറിയേണ്ടതുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കും ശേഷം കടപുഴകി വീണ സി.പി.എമ്മിനെ പിടിച്ചുയര്‍ത്താന്‍ അച്യുതാനന്ദന്റെ ഖലാസികള്‍ എത്ര പരിശ്രമിച്ചാലും സാധ്യമാവില്ല.

ജനാധിപത്യത്തിന്റെ യുദ്ധത്തില്‍ മുഖത്തോട്‌ മുഖം പൊരുതാനുള്ള ആര്‍ജ്ജവം നമ്മുടെ ശത്രുക്കള്‍ക്കില്ലാത്തതിനാലാണ്‌ അവരെപ്പോഴും ഒളിയാക്രമണങ്ങള്‍ നടത്തുന്നത്‌. ഒളിയാക്രമണങ്ങളില്‍ ഒരു ചതി ഒളിഞ്ഞു കിടപ്പുണ്ട്‌. ആ ചതിയാണ്‌ അച്യുതാനന്ദന്‍ എന്ന കേരള മുഖ്യമന്ത്രിയുടെ മുഖമുദ്ര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ തന്റെ പാര്‍ട്ടിക്കു നേരെ പ്രയോഗിച്ചതും ഈ ഒളിയാക്രമണമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയാണ്‌ 2006ല്‍ അരങ്ങേറിയത്‌. ചില മാധ്യമപ്രവര്‍ത്തകരെയും കരിമ്പൂച്ചകളായ ചില ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ചായിരുന്നു അന്നത്തെ നാടകം. അച്യുതാനന്ദനു മുന്നില്‍ അന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മുട്ടിലിഴഞ്ഞു. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പ്രതിച്ഛായയുടെ മറവില്‍ മുഖ്യമന്ത്രിക്കസേരയും വി.എസ്‌. തട്ടിയെടുത്തു. ഇതിനു കേരളം നല്‍കേണ്ടി വന്ന വില അതി ഭീകരമായിരുന്നുവെന്ന്‌ അഞ്ചു വര്‍ഷത്തിനു ശേഷം നാം തിരിച്ചറിയുകയാണ്‌.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബാലന്‍സ്‌ ഷീറ്റില്‍ അച്യുതാനന്ദന്‌ അവകാശപ്പെടാന്‍ എന്തു നേട്ടമാണുള്ളത്‌? റോക്കറ്റ്‌ വേഗതയില്‍ ലോകം മുന്നോട്ട്‌ ഗമിച്ച ഈ അര പതിറ്റാണ്ടിനിടയില്‍ എന്തു സ്വപ്‌നമാണ്‌ അദ്ദേഹം കേരളത്തിന്‌ സമ്മാനിച്ചത്‌? വികലമായ ചില ഗോഷ്‌ടികളല്ലാതെ, മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം ബാക്കിവെച്ചു പോകുന്നത്‌ അടുത്ത സര്‍ക്കാറിന്റെ നടുവൊടിക്കുന്ന സാമ്പത്തിക ബാധ്യതകള്‍ മാത്രമാണ്‌. 2006ലെ പ്രക്ഷുബ്‌ധമായ കാലാവസ്ഥയില്‍, അച്യുതാനന്ദന്‍ സീറ്റ്‌ തരപ്പെടുത്തുമ്പോള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ പ്രതീക്ഷിച്ച ചില കാര്യങ്ങളുണ്ടായിരുന്നു. അതിലൊന്നു പോലും പുലര്‍ന്നു കാണാത്ത നിരാശയാണ്‌ ഏറാമലയും ഒഞ്ചിയവും മാവൂരും മൂക്കുകുത്തി വീഴാന്‍ ഇടയാക്കിയത്‌. 2006ല്‍ കളിച്ച അതേ ഗിമ്മിക്കുകള്‍ കൊണ്ട്‌ 2011ലും ആളാവാമെന്ന വി.എസിന്റെ മോഹം ഏറ്റവും മിതമായി പറഞ്ഞാല്‍ ഒരതിമോഹമാണ്‌. അതിന്‌ വഴങ്ങാതിരിക്കാനുള്ള രാഷ്‌ട്രീയ പ്രബുദ്ധതയാണ്‌ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മലയാളികള്‍ പ്രകടിപ്പിച്ചത്‌.

കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചിലര്‍ സമര്‍ത്ഥരാണ്‌. സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി തെളിച്ചമുള്ള ഏതു കുളവും ഈ സാമര്‍ത്ഥ്യക്കാര്‍ കലക്കി നശിപ്പിച്ചു കളയും. അത്തരം ചില കുളം കലക്കലുകളാണ്‌ ഇപ്പോള്‍ കേരള രാഷട്രീയത്തില്‍ അരങ്ങേറുന്നത്‌. ഈ കുളം കലക്കികള്‍ ലക്ഷ്യമാക്കുന്നതൊന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോവുന്നില്ലെന്നുറപ്പാണ്‌. അച്യുതാനന്ദനും സംഘവും ഇപ്പോള്‍ നടത്തിവരുന്ന അപഹാസ്യമായ ഈ പാഴ്‌വേല കേരള ജനത പുഛിച്ചു തള്ളുകതന്നെ ചെയ്യും.

അല്ലെങ്കിലും ഒരു ധര്‍മ്മ സമരം നയിക്കാനുള്ള എന്തു യോഗ്യതയാണ്‌ ഇടതുപക്ഷത്തിനുള്ളത്‌? ബാലകൃഷ്‌ണപിള്ളയെ ജയിലിലടച്ചത്‌ ഏറ്റവും വലിയ ഭരണ നേട്ടമായി അച്യുതാനന്ദന്‍ നീട്ടിപ്പറയുമ്പോള്‍, അദ്ദേഹത്തിന്റെ ഒക്കത്തിരുന്ന്‌ ലാവ്‌ലിന്‍, ലാവ്‌ലിന്‍ എന്ന്‌ വിലപിക്കുന്ന പിണറായിയെ ആരും കാണുന്നില്ലേ? ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കു പിറകെയോടുന്ന അച്യുതാനന്ദന്‍, സ്വന്തം അന്തപുരത്തില്‍ വാഴുന്ന രാജകുമാരന്റെ ലീലാ വിലാസങ്ങള്‍ കാണുന്നില്ലേ? തെരഞ്ഞെടുപ്പിന്‌ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഏതു വാജി തൈലത്തിന്റെ ശേഷിയാണ്‌ അച്യുതാനന്ദനെ ഇത്തരത്തില്‍ ചൂടുപിടിപ്പിച്ചത്‌? നാലേമുക്കാല്‍ കൊല്ലമില്ലാത്ത എന്തു ധാര്‍മ്മികതയാണ്‌ ഈ പന്ത്രണ്ടാം മണിക്കൂറില്‍ അച്യുതാനന്ദനെ ആവേശിച്ചിരിക്കുന്നത്‌? രാഷ്‌ട്രീയ ബോധമുള്ള ഏതൊരാള്‍ക്കും ഇതിനു പിന്നിലെ ദുഷ്‌ടലാക്ക്‌ ബോധ്യപ്പെടുക തന്നെ ചെയ്യും. വികസനമോ ജനക്ഷേമമോ പറയാനില്ലാതെ വിയര്‍ക്കുന്ന ഒരു മുന്നണിക്ക്‌ ജനങ്ങളുടെ മുന്നിലിറങ്ങാന്‍ ക്രിമിനലുകളും അഭിസാരികകളും ശിഖണ്‌ഡികളായി നില്‍ക്കേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്റെ ദുര്യോഗം മാത്രമാണ്‌. സ്‌മാര്‍ട്‌സിറ്റിയെന്ന സ്വപ്‌നപദ്ധതിയെ അഞ്ചു വര്‍ഷം തടഞ്ഞുവെച്ചതിന്റെ പാപം ഏതു ഗംഗയിലാണ്‌ ഈ മുഖ്യമന്ത്രി കഴുകിക്കളയുക? ഒരു തലമുറയുടെ സ്വപ്‌നങ്ങളത്രയും ചുഴറ്റിയെറിഞ്ഞ ഈ പിന്തിരിപ്പന്മാര്‍ക്ക്‌, ഇപ്പോള്‍ തോന്നുന്ന അധികാര മോഹത്തെ അതിമോഹമെന്നല്ലാതെ എന്തു പേരിട്ടാണു വിളിക്കുക? മേലനങ്ങാതെ സുഖശീതളഛായയില്‍ കഴിയുന്നവര്‍ക്ക്‌ അധികാരം ഒരു പൂവന്‍ പഴം മാത്രമാണ്‌. അത്‌ തൊലിയുരിഞ്ഞ്‌ വായില്‍ വെച്ചു കൊടുക്കാന്‍ ഇനിയും ജനങ്ങളെ കിട്ടില്ലെന്ന്‌ തിരിച്ചറിയുന്നത്‌ നന്ന്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ പാര്‍ട്ടിയുടെ പ്രമുഖ നേതാവും ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി. ശശി എഴുതിയ കത്തിലെ വരികള്‍ ഇത്തരുണത്തില്‍ വായിക്കുന്നത്‌ പ്രസക്തമാണെന്ന്‌ തോന്നുന്നു.

``നന്നേ ചെറുപ്പം മുതല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനാണു ഞാന്‍. ജീവിതത്തിന്റെ നല്ലഭാഗവും ആരോഗ്യത്തിന്റെ നല്ലഘട്ടവും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണ ബോധത്തോടെ സമര്‍പ്പിച്ചിട്ടുണ്ട്‌ എന്നാണ്‌ എന്റെ ബോധ്യം. അതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌. നിരവധി മര്‍ദ്ദനങ്ങളും ജയില്‍ വാസവും കേസുകളും അപവാദ പ്രചരണങ്ങളുമെല്ലാം സഹിച്ചിട്ടുണ്ട്‌. ഇപ്പോള്‍ എന്റെ ആരോഗ്യം ഓടി നടക്കുവാനും സജീവമായി പ്രവര്‍ത്തിക്കുവാനും അനുവദിക്കുന്നില്ല. അത്തരമൊരു ഘട്ടത്തില്‍ ചികിത്സക്ക്‌ വിധേയനായപ്പോള്‍, പരസ്യമായി അവഹേളിക്കുന്നതിന്‌ കേന്ദ്ര കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായ വി.എസ്‌ അച്യുതാനന്ദന്‍ തയ്യാറായത്‌, വേദനയോടെ ഓര്‍മ്മിക്കുകയാണ്‌. സര്‍വ്വസൗകര്യങ്ങളുടെയും കൊടുമുടിയിലിരിക്കുന്ന അദ്ദേഹത്തിന്‌, സാധാരണ പ്രവര്‍ത്തകരുടെ ഇത്തരം വേദനകള്‍ ഓര്‍ക്കേണ്ട കാര്യമില്ല. കുടിപ്പക തീര്‍ക്കുന്നതിന്‌ അദ്ദേഹത്തിന്‌ നല്ല ഒരു അവസരം ലഭിച്ച സന്തോഷമാണ്‌ കണ്ടത്‌''.
ഈ കത്തെഴുതിയ പി. ശശി ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകനല്ല. വെറുമൊരു ജില്ലാ സെക്രട്ടറിയുമല്ല. അഞ്ചു വര്‍ഷം ഇ.കെ. നായനാര്‍ എന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന, പതിറ്റാണ്ടുകള്‍ ഒരേ പാര്‍ട്ടിയില്‍ ഉണ്ടുറങ്ങിയ വി.എസിന്റെ സഖാവാണ്‌.
ഈ സഖാവിനു പോലും അച്യുതാനന്ദനെക്കുറിച്ച്‌ പറയാനുള്ളത്‌ ഇത്തരത്തിലാണെങ്കില്‍, അദ്ദേഹം എതിരാളികളോട്‌ കാണിക്കുന്ന കുടിപ്പകയെ രാഷ്‌ട്രീയ വൈരത്തിന്റെ തീക്കനലായി അല്ലാതെ എങ്ങനെ കാണാന്‍ കഴിയും? മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള ഒരു മുഖ്യമന്ത്രി കുടിപ്പക തീര്‍ക്കാനുള്ള ആയുധമായി തന്റെ അധികാരത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിനെ രാഷ്‌ട്രീയമായി നേരിടുകയെന്നത്‌ ഏതൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും അനിവാര്യ ദൗത്യമാണ്‌. എഴുതിത്തയ്യാറാക്കിയ തിരക്കഥക്കനുസൃതമായി ആടിത്തിമര്‍ക്കുന്ന ഈ മുഖ്യമന്ത്രിക്കല്ലേ ഇപ്പോള്‍ ഒരു കൈവിലങ്ങാവശ്യം?..

Wednesday, February 9, 2011

ഇപ്പോള്‍ പരിധിക്ക്‌ പുറത്താണ്‌

ഉപയോഗിച്ചു വലിച്ചെറിയുക എന്ന ശീലം ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന അതിവേഗതയുടെ കാലമാണിത്‌. ഉപയോഗിച്ച്‌ വലിച്ചെറിയുക എന്ന ആശയത്തിനുതന്നെ രണ്ട്‌ തലങ്ങളുണ്ട്‌. ഒന്ന്‌: ഞങ്ങള്‍ ഉപയോഗിക്കാന്‍ ജീവിക്കുന്നവരാണെന്നും, രണ്ടാമത്തേത്‌ സൂക്ഷിച്ചുവെക്കണമെന്നില്ലാത്തതിനാല്‍ ഞങ്ങള്‍ വലിച്ചെറിയുന്നുവെന്നുമാണത്‌. നവ കാപ്പിറ്റലിസത്തിന്റെ ഇറക്കുമതിയായ ഈ പ്രത്യയശാസ്‌ത്രം അതിദാരുണമായി നമ്മുടെയെല്ലാം ഹൃദയത്തെ വരിഞ്ഞുമുറുക്കിക്കഴിഞ്ഞിരിക്കുന്നു. കരിമ്പ്‌ ജ്യൂസ്‌ അടിക്കുന്ന യന്ത്രം പുതിയ കാലത്തിന്റെ ഒരു പ്രതീകമായി നിരീക്ഷിക്കാവുന്നതാണ്‌. കരിമ്പിന്റെ അവസാന സത്തയും പിഴിഞ്ഞെടുക്കാന്‍ മിടുക്കനായ ഈ മെഷീന്‍ ഒരു ഉപയോഗവുമില്ലാത്ത ചണ്ടി വേര്‍തിരിച്ചു മാറ്റിത്തരികയും അവസാന തുള്ളി കരിമ്പിന്‍ ജ്യൂസ്‌വരെ ശേഖരിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്‌. ജീവിതമിപ്പോള്‍ കരിമ്പ്‌ ജ്യൂസ്‌ യന്ത്രംപോലെയാണ്‌. നമുക്കാവശ്യമുള്ളതിനെ ഞെക്കി പിഴിഞ്ഞ്‌ മുമ്പിലെത്തിക്കുകയും ആവശ്യമില്ലാത്തതിനെ വലിച്ചെറിയാന്‍ ശീലിപ്പിക്കുകയുമാണ്‌. എല്ലാം കണ്ടും കേട്ടും വളര്‍ന്നുവരുന്ന പുതിയ തലമുറക്കാവട്ടെ, കൃത്യമായ നിരീക്ഷണ പാടവവും അനിതരസാധാരണമായ അനുകരണശേഷിയുമുണ്ട്‌. അതുകൊണ്ടുതന്നെ തൊട്ടുമുമ്പ്‌ കഴിഞ്ഞതിനെ പകര്‍ത്തി വെച്ചുകൊണ്ടാണ്‌ ഇവര്‍ ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്നത്‌. ആലുവയിലെ കൊട്ടാര സദൃശമായ വീട്ടില്‍, എല്ലാ സൗകര്യങ്ങളോടെയും ജീവിച്ച അമ്മ, സമൃദ്ധിയുടെ നടുവില്‍ തടങ്കലില്‍ കഴിഞ്ഞതിന്റെ വേദനിപ്പിക്കുന്ന ചിത്രം നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്‌. അര്‍ബുദത്തിന്റെ നീരാളിപിടുത്തത്തില്‍ ശരീരം തകര്‍ന്നുപോയപ്പോള്‍, പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ പഴുത്ത്‌ നാറിയപ്പോള്‍, ഇനി പിഴിഞ്ഞെടുക്കാന്‍ ഒന്നുമില്ലാത്ത ഒരമ്മയെ മുറിയില്‍ അടച്ചുപൂട്ടിയ മകള്‍, ഈ കരിമ്പ്‌ജ്യൂസ്‌ യന്ത്രത്തിന്റെ സമകാലികതയെ തന്നെയാണ്‌ ഓര്‍മ്മിപ്പിച്ചത്‌. ആവശ്യം കഴിഞ്ഞതെന്തും നമുക്കിപ്പോള്‍ മാലിന്യങ്ങളാണ്‌. മാലിന്യങ്ങളോടുള്ള മലയാളിയുടെ പ്രാകൃതമായ ഒരു പെരുമാറ്റമുണ്ട്‌. എന്റെ മുറ്റത്തുനിന്ന്‌ അത്‌ മാറ്റുക മാത്രമാണ്‌ എനിക്ക്‌ പ്രധാനം. അടുത്ത വീട്ടുകാരന്റെ ഉമ്മറത്തേക്കെറിഞ്ഞാലും വിരോധമില്ല. ഇത്തരത്തില്‍ പാഴ്‌വസ്‌തുക്കളെപ്പോലെ എറിഞ്ഞുകളയുന്ന ജീവിതങ്ങള്‍ ഈ കാലത്തിന്റെ മാലിന്യങ്ങളായി വൃദ്ധസദനങ്ങളെന്ന കുപ്പത്തൊട്ടിയില്‍ എച്ചിലുകള്‍തിന്ന്‌ ജീവിക്കുകയാണ്‌.
മനുഷ്യന്റെ സംസ്‌കാരത്തിനു സംഭവിച്ച ഈ ഗതിമാറ്റത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്‌. ജീവിതത്തോടുള്ള മാറിയ കാഴ്‌ചപ്പാടുതന്നെയാണ്‌ പ്രധാനം. ജീവിതമിപ്പോള്‍ തിരക്കുപിടിച്ച നഗരത്തിലെ വേഗമേറിയ ഗതാഗതംപോലെയാണ്‌. ആര്‍ക്കും ഒന്നിനും നേരമില്ലാതെ, വേഗത്തിലെത്തുന്നവര്‍ മാത്രം ജേതാവാകുകയാണിപ്പോള്‍. സ്വാഭാവികമായ ഈ ഗതിവേഗത്തില്‍ തീവണ്ടികളിലെഴുതിയ വാചകംപോലെ `ലെസ്‌ ലഗേജ്‌, മോര്‍ കംഫര്‍ട്ട്‌' എന്നാണ്‌ മനുഷ്യന്‍ ചിന്തിക്കുന്നത്‌. ഈ യാത്രയില്‍ ഭാരിച്ചതൊന്നും കെട്ടിവലിക്കാന്‍ മനസ്സില്ലാത്തവര്‍ ചുമക്കേണ്ടിവരുന്ന പലതിനെയും വഴിയിലുപേക്ഷിക്കുകയാണ്‌. ഇങ്ങനെ ചുമക്കപ്പെടുന്ന ഭാരങ്ങളാണ്‌ പുതിയ കാലത്തെ വാര്‍ദ്ധക്യങ്ങള്‍. ഫ്‌ളാറ്റിലെ സൗകര്യക്കുറവ്‌, ആര്‍ഭാടമുള്ള വീടുകളിലെ ഐശ്വര്യക്കുറവ്‌ തുടങ്ങി കുട്ടികളുടെ പഠനത്തിനും അതിഥികളുടെ സ്വീകരണങ്ങള്‍ക്കും തടസ്സം എന്നുവരെ എത്തിനില്‍ക്കുകയാണ്‌ ഡിസ്‌പോസ്‌ ചെയ്യാനുള്ള ന്യായവാദങ്ങള്‍. നമ്മള്‍ വളരെ പ്രായോഗികരായിത്തീരുമ്പോള്‍, അലിവ്‌, ദയ, കാരുണ്യം എന്നീ വികാരങ്ങളെല്ലാം അര്‍ത്ഥമില്ലാതായിത്തീരുന്നു. അത്തരമൊരു കാലത്തിന്റെ അജണ്ടകള്‍ എന്തൊക്കെയാവുമെന്ന ആലോചനക്കുമുണ്ട്‌ ചില പുതുമകള്‍.
അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങളുടെ ഉത്തുംഗതയിലാണ്‌ പുതിയ തലമുറ ജീവിക്കുന്നത്‌. ക്ലാസ്സ്‌ മുറികളിലെ ഇവരുടെ പ്രകടനങ്ങള്‍ അധ്യാപകരെയും, വീട്ടകങ്ങളിലെ പെരുമാറ്റങ്ങള്‍ രക്ഷിതാക്കളെയും ഒരുപോലെ സ്‌തബ്‌ധരാക്കുകയാണ്‌. നിയന്ത്രണങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേലിക്കെട്ടുകളെ ഇവര്‍ സ്വയം തകര്‍ത്തിരിക്കുന്നു. ജീവിതത്തെ ആസ്വാദനങ്ങളോട്‌ കൂട്ടിക്കെട്ടിയാണ്‌ ഈ കുട്ടികള്‍ വായിക്കുന്നത്‌. പഴയ സദാചാര വിചാരങ്ങള്‍ ഇവര്‍ക്ക്‌ ഒരു കൗതുകമോ തമാശയോ മാത്രമാണ്‌. അവര്‍ കണ്ടും കെട്ടും വളര്‍ന്നു വലുതാകുന്ന സാമൂഹ്യ ചുറ്റുപാടില്‍ ലൈംഗികത ഒരു തുറന്ന പുസ്‌തകമാണ്‌. ഇടപഴകാനുള്ള അവസരങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍, പ്രോത്സാഹനങ്ങള്‍ എന്നിവ ചേര്‍ന്നുണ്ടായ പുതിയ രൂപമാറ്റത്തിനു മുന്നില്‍ അദ്ധ്യാപകരും രക്ഷിതാക്കളും നിശബ്‌ദരായി നിന്നുപോവുകയാണ്‌. ഇങ്ങനെയൊക്കെ അനുവദിച്ചില്ലെങ്കില്‍ സ്വയം ഒരു അപരിഷ്‌കൃതനായി മാറുന്നതിന്റെ അപകര്‍ഷ ബോധവും ചില രക്ഷിതാക്കളുടെയെങ്കിലും മനസ്സിലുമുണ്ട്‌. അത്തരത്തിലുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ തലം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. `നില്‍ക്കാന്‍ ഒരിടം തന്നാല്‍ ഭൂമിയെ ഞാന്‍ ഉയര്‍ത്തിക്കാണിക്കാം' എന്ന്‌ ആര്‍ക്കിമെഡീസ്‌ എന്ന മഹാനായ ശാസ്‌ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ട്‌. പുതിയ യൗവ്വനത്തിന്റെ അതിരുകടന്ന ആത്മവിശ്വാസം ആര്‍ക്കിമെഡീസിനെ മറ്റൊരു തലത്തില്‍ വായിപ്പിക്കുകയാണ്‌. അസാധ്യമായത്‌ ഒന്നുമില്ലെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍തന്നെ, എന്തിനെയും ചവിട്ടിമെതിച്ചു മുന്നോട്ട്‌ പോവുക എന്ന ധിക്കാരവും ഈ തലമുറക്കുണ്ട്‌. പ്രണയത്തില്‍പോലും ഈ മാറ്റമുണ്ടെന്ന്‌ കാമ്പസ്‌ ജീവിതത്തിന്റെ ദൈനംദിനചര്യകള്‍ കാണുന്ന അദ്ധ്യാപകര്‍ക്ക്‌ തിരിച്ചറിയാനാവുന്നതാണ്‌. കോളജ്‌ അദ്ധ്യാപകനായ വീരാന്‍കുട്ടിയുടെ `സ്റ്റഡിലീവ്‌' എന്ന കവിതയില്‍ ഇങ്ങനെ വായിക്കാം.
പകല്‍ മിസ്സ്‌ / എന്നെ വിളിച്ചു. എടുത്തില്ല, മിസ്‌ കോളായി. രാത്രി / ഞാന്‍ മിസ്സിനെ / വിളിച്ചു; എടുത്തു / `കോളായി'. അത്തരത്തിലായിരിക്കുന്നു പുതിയ കാമ്പസ്‌ ജീവിതം.
പാശ്ചാത്യ ജനതയെയും അവരുടെ സംസ്‌കാരത്തെയും മതിമറന്ന്‌ അനുകരിച്ചാണ്‌ ആഗോളവല്‍ക്കരണത്തിന്റെ പുതിയ കാലത്ത്‌ നമ്മള്‍ ആസ്വാദനത്തിന്റെ ജീവിതം പഠിച്ചത്‌. എന്നാല്‍ പാശ്ചാത്യര്‍ ആ കാലത്തെ മറികടന്ന്‌ പ്യൂപ്പയില്‍ നിന്നിറങ്ങിവന്ന ശലഭങ്ങളെപ്പോലെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്ക്‌ പറന്നെത്തിയിരിക്കുന്നു. അതുകൊണ്ടാണ്‌ ആത്മീയത അവര്‍ക്കൊരു കവചമാവുന്നത്‌. വളരെ ക്ഷണികമായ ഒരു അവസ്ഥ മാത്രമാണീ ആസ്വാദനത്തിന്റെ കാലം. ലോകം അതി തീവ്രം അതിനെ കയ്യൊഴിയുകതന്നെ ചെയ്യും. കാരണം അതിനൊരിക്കലും സ്ഥായിയായി നിലനില്‍ക്കാനാവില്ല. എല്ലാ ആസ്വാദനങ്ങളും സൃഷ്‌ടിക്കുന്ന ഒരു മഹാ ശൂന്യതയുണ്ട്‌. അത്‌ നിരാശയുടെ പടുകുഴിയിലേക്കും ഉന്‍മാദത്തിലേക്കുമാണ്‌ മനുഷ്യനെ നയിക്കുക. അവിടന്നങ്ങോട്ട്‌ മനുഷ്യന്‍ തിരിച്ചുനടന്നുവെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. എല്ലാ സംസ്‌കാരങ്ങളും തകര്‍ന്നടിഞ്ഞത്‌ അത്തരമൊരു ജീര്‍ണ്ണതയുടെ തുടര്‍ച്ചയായിട്ടാണ്‌. പുതിയവ മുളച്ചുവന്നതും ഈ ജീര്‍ണ്ണതയുടെ അഴുക്കുചാലുകള്‍ക്കിടയിലൂടെയാണ്‌. അതുകൊണ്ട്‌ പ്രതീക്ഷയുടെ വെളിച്ചം അണഞ്ഞുപോവുന്നില്ല. എന്നാല്‍ പരിധിക്ക്‌ പുറത്തുനില്‍ക്കുന്ന ഈ കാലത്തെ, ക്രമീകരിക്കാനുള്ള തീവ്രയത്‌നങ്ങളാണ്‌ ഓരോ സമൂഹവും നിര്‍വ്വഹിക്കേണ്ട ദൗത്യം. വെളിച്ചം വരുന്നതുവരെ കാത്തിരിക്കാന്‍ നമുക്ക്‌ സമയമില്ലെന്നതാണ്‌ നേര്‌.