Monday, September 8, 2008

ആര്‍ത്തിയുടെ കാലത്തെ നോമ്പുകാരന്‍

അവസാനമായി കണ്ടുമുട്ടുമ്പോള്‍ ഫസലിന്റെ കണ്ണുകള്‍ നിറഞ്ഞു തൂവുകയായിരുന്നു. വിതുമ്പുന്ന ചുണ്ടുകള്‍ക്കിടയിലൂടെ ദുആ ചെയ്യണമെന്ന്‌ പറഞ്ഞു തീരുമ്പോള്‍ വാക്കുകള്‍ ഏതോ വന്‍കര താണ്ടിയെത്തുന്നപോലെ നേര്‍ത്തു പോയിരുന്നു. ഉള്ളിലൊരു കടലിരുമ്പുകയായിരുന്നു അപ്പോള്‍. ദു:ഖം അടക്കിപ്പിടിച്ച്‌ ആസ്‌പത്രി മുറിയില്‍ നിന്ന്‌ തിരിച്ച്‌ നടന്നു. രാത്രിയായപ്പോള്‍ സുഹൃത്ത്‌ വിളിച്ചു, ഫസല്‍ മരണപ്പെട്ടിരിക്കുന്നു. മുപ്പത്‌ വയസ്സ്‌ മാത്രമെ ഉണ്ടായിരുന്നുള്ളൂ അവന്‌. ഗള്‍ഫില്‍ മോശമല്ലാത്ത ജോലി. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്നു ഫസല്‍. അതിനിടയിലാണ്‌ അര്‍ബുദം ശരീരത്തെ ആക്രമിച്ചത്‌. കാന്‍സര്‍ വരാനിടയുള്ളതൊന്നും ഫസലിന്റെ ജീവിത ക്രമത്തിലുണ്ടായിരുന്നില്ല. പുകവലി പോലും. എന്നിട്ടും രോഗത്തിന്‌ മുന്നില്‍ അവന്‍ തോറ്റുപോയി. ഫസല്‍ എന്റെ മാത്രം ജീവിതാനുഭവമല്ല. നമ്മുടെയൊക്കെ പരിസരങ്ങളില്‍ നിന്ന്‌ ഇങ്ങനെ പിന്‍വാങ്ങുന്ന, സ്വപ്‌നങ്ങള്‍ ബാക്കിവെച്ച്‌ ഇടയില്‍ വീണുപോകുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്‌.
എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ പൊലിഞ്ഞു പോകാനുള്ള ഒരു ജീവിതത്തെ വിചാരണ ചെയ്യാന്‍ ആര്‍ക്കാണ്‌ നേരം? നമുക്കുള്ളതല്ലെന്നറിയാതെ കാലത്തെ ക്രമീകരിച്ചു നിര്‍ത്തി, ഇയര്‍പ്ലാനറുകളില്‍ വിഭജിച്ച്‌, നാം പണിതുയര്‍ത്തുന്ന പ്രതീക്ഷകളുടെ ഗോപുരങ്ങളെത്ര? വര്‍ണ്ണങ്ങളുടെ ഉത്സവ രാത്രികളില്‍ പൊട്ടിച്ചിരികള്‍ ചിതറുന്ന ആഘോഷങ്ങള്‍ക്കപ്പുറത്ത്‌ ഇരുണ്ട വന്‍കരകള്‍ കാത്തിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ എത്ര നിസ്സാരമായാണ്‌ നാം ഒളിപ്പിച്ച്‌ നിര്‍ത്തുന്നത്‌? ദുരമൂത്ത്‌ കാലത്ത്‌ വെപ്രാളപ്പെട്ട്‌ പായുന്ന ജീവിതങ്ങളെ കടിഞ്ഞാണുകൊണ്ട്‌ പിടിക്കാന്‍ ആര്‍ക്കാണാവുക? ആര്‍ത്തിയോടെ നാം കയ്യടക്കിവെക്കുന്ന സമ്പത്തും അധികാരവും എത്ര നിരര്‍ത്ഥകവും നിഷ്‌ഫലവുമാണെന്ന ഉള്‍വിളിയാണ്‌ പൊലിഞ്ഞുതീരുന്ന ജീവിതം നമുക്ക്‌ നല്‍കേണ്ടത്‌. എന്നാല്‍ പുണ്യങ്ങള്‍ പെയ്യുന്ന റമസാനില്‍ പോലും മനസ്സിനെ ജയിക്കാനാവാതെ തോറ്റുപോകുകയാണല്ലോ നമ്മള്‍.
സുഖങ്ങളുടെ എണ്ണതോണികളിലാണിപ്പോള്‍ നമ്മള്‍. എല്ലാ ആഹ്ലാദങ്ങളും കയ്യെത്തും ദൂരത്ത്‌ തന്നെയുണ്ട്‌. വറുതിയുടെ കാലം നീന്തി കരപറ്റിയ തലമുറയുടെ മക്കള്‍ വിശപ്പിന്റെ നീറ്റലറിയുന്നില്ല. ഗള്‍ഫ്‌ പണത്തിന്റെ പൊലിമയില്‍ വസ്‌ത്രം മാറുന്ന വേഗത്തില്‍ കാറുകള്‍ മാറുകയാണ്‌ കുട്ടികള്‍. പണക്കൊഴുപ്പില്‍ അടിഞ്ഞുകൂടുന്ന ദുര്‍മ്മേദസ്സുകള്‍ കഴുകിക്കളയാനാവാത്ത സാമൂഹ്യ തിന്മകളാണ്‌ നമുക്ക്‌ ബാക്കി വെക്കുന്നത്‌. പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ ദാരിദ്ര്യം വന്ന്‌ കൂടുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്‌; ഐഹിക സുഖങ്ങള്‍ കുമിഞ്ഞ്‌ കൂടുന്നതിനെയാണ്‌.
വ്രതം ഇഷ്‌ടങ്ങളുടെ തിരസ്‌കാരമാണ്‌. എല്ലാം അനുഭവിക്കാനുള്ള അകലത്തില്‍ നില്‍ക്കുമ്പോഴും ഒരു വേലിക്ക്‌ പുറത്തേക്ക്‌ കടക്കരുതെന്ന നിയന്ത്രണമാണ്‌ നോമ്പ്‌. പ്രവാചകന്‍ ഓര്‍മ്മപ്പെടുത്തുന്നു. പാപം മേച്ചില്‍ സ്ഥലം പോലെയാണ്‌. വല്ല മൃഗവും അതിന്റെ അരികിലെത്തി ഒരു പുല്ല്‌ കടിച്ചുപോയാല്‍ പിന്നെ അത്‌ ആ മേച്ചില്‍ സ്ഥലത്തേക്ക്‌ എളുപ്പം കടന്നു കളയും. ഇഷ്‌ടങ്ങളെന്ന ആഗ്രഹങ്ങളാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്‌ മനുഷ്യനെ മുന്നോട്ടുനയിക്കുന്നത്‌. എന്നാല്‍ ആഗ്രഹങ്ങളുടെ ചരടുപൊട്ടിയ കാലത്താണ്‌ നമ്മളുള്ളത്‌. നോമ്പ്‌ ഇക്കാലത്ത്‌ മുന്‍കാലങ്ങളെക്കാള്‍ കഠിനവും ത്യാഗപൂര്‍ണ്ണവുമാണ്‌. കമ്പോള രാജാക്കന്മാര്‍ ആഗ്രഹങ്ങളെ നിശ്ചയിച്ച്‌ തരികയാണ്‌ നമുക്ക്‌. നിര്‍ണ്ണയിക്കപ്പെട്ട ഈ ഇഷ്‌ടങ്ങളെ കയ്യിലൊതുക്കാന്‍ മനുഷ്യന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു നിമിഷാര്‍ദ്ധം പോലും പാഴാവാത്ത വേഗത്തെയാണ്‌ നാം ഇപ്പോള്‍ ജീവിതമെന്ന്‌ വിളിക്കുന്നത്‌. ഇവിടെ തിരസ്‌ക്കരിക്കാനുള്ള മനസ്സ്‌ രൂപപ്പെടുത്തുകയാണ്‌ നോമ്പിന്റെ ദൗത്യം. നിങ്ങളുടെ ഇഷ്‌ടങ്ങള്‍ ദൈവത്തിന്റെ ഇഷ്‌ടങ്ങളോട്‌ രാജിയാവുന്നില്ലെന്നും അതിനാല്‍ ദൈവത്തെ ആഗ്രഹിക്കുന്നവര്‍ ശരീരങ്ങളുടെ ഇഷ്‌ടങ്ങള്‍ ഊരിയെറിയണമെന്നും നോമ്പ്‌ നമ്മോട്‌ ആവശ്യപ്പെടുന്നു.
പണം എല്ലാം നിശ്ചയിക്കുന്ന ഒരുകാലത്താണ്‌ നമ്മളുള്ളത്‌. സ്‌നേഹവും സൗഹൃദവും ബന്ധങ്ങളുമെല്ലാം പണത്തിന്റെ അളവ്‌ തൂക്കത്തിന്‌ വഴങ്ങി നില്‍ക്കുന്ന കാലമാണിത്‌. പണത്തിന്‌ മീതെ പരുന്തും പറക്കില്ലെന്നത്‌ പുതിയ സമൂഹത്തിന്റെ മതമായി തീര്‍ന്നിരിക്കുന്നു. ഈ പണക്കൊതിയുടെ മുന്നില്‍ പ്രവാചകന്‍ പറഞ്ഞുവെച്ചു. ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ നോക്കിയപ്പോള്‍ അതിലധികവും ഈ ലോകത്തിലെ ദരിദ്രരായിരുന്നു. മറ്റൊരിക്കല്‍ പറഞ്ഞു. ധനികന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്‌ ഒട്ടകം സൂചിക്കുഴിയിലൂടെ കടക്കുന്ന പോലെ പ്രയാസകരമായിരിക്കും. എന്നിട്ടും വിശ്വാസത്തിന്റെ മൂടുപടമണിഞ്ഞ്‌ നാം പണത്തിന്‌ പിറകെ പായുകയാണ്‌. വട്ടിപ്പലിശക്ക്‌ ലാഭത്തിന്റെ പേര്‌ നല്‍കി മഹല്ലു ഭാരവാഹികള്‍ പോലും പണം കൊയ്യുകയാണ്‌. നോമ്പിന്റെ ആത്മാവ്‌ ഏത്‌ ഹൃദയങ്ങളെയാണ്‌ സ്വാധീനിക്കുന്നത്‌?
നിങ്ങളുടെ യാത്രാസംഘത്തിന്‌ വെള്ളവും താമസ സൗകര്യവും അന്വേഷിച്ച്‌ മുന്നില്‍ പോകുന്നവനാണ്‌ ഞാന്‍. നിങ്ങളുടെ സാക്ഷിയും ഞാനത്രെ. എന്റെ ജലാശയം ഇതാ, ഞാന്‍ ഇപ്പോള്‍ തന്നെ നോക്കിക്കാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. നബിയുടെ സാക്ഷ്യമാണിത്‌. ഖജനാവുകളുടെ താക്കോല്‍ കൂട്ടം കൈവശം വെക്കുമ്പോഴും പ്രവാചകന്‍ പറയുന്നു: ഈ കാണുന്ന ഉഹ്‌ദ്‌മല എന്റെ മുന്നില്‍ സ്വര്‍ണ്ണമായി മാറി എന്ന്‌ വിചാരിക്കു. എങ്കില്‍ പോലും അതില്‍ നിന്ന്‌ ഒരു ദീനാറെങ്കിലും മൂന്ന്‌ നാളില്‍ കൂടുതല്‍ എന്റെയടുക്കല്‍ സൂക്ഷിക്കുവാന്‍ ഞാന്‍ ഇഷ്‌ടപ്പെടുകയില്ല. പണത്തിനുമേല്‍ അടയിരിക്കുന്നവന്‌ നോമ്പുകാലം എന്ത്‌ മാറ്റമാണുണ്ടാക്കുക?
നോമ്പും നമുക്ക്‌ മേനി പറച്ചിലിനുള്ള കാലമായിത്തീരുന്നു. പാവങ്ങളെ വരിക്ക്‌ നിര്‍ത്തി നാം കൊടുക്കുന്നവരായി ചമഞ്ഞു നില്‍ക്കുന്നു. പുതിയ നോട്ടിന്റെ മണം ആര്‍ത്തിയോടെ ആസ്വദിച്ച്‌ പുതിയ കുപ്പായത്തിന്‌ കാത്തിരിക്കുന്ന മക്കളുടെ മുന്നിലെത്താന്‍ വെമ്പുന്ന ഉപ്പമാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്‌. ഒരിക്കല്‍ ചുരിദാറിന്‌ പണം തികയാതെ മകളുടെ കണ്ണിലേക്ക്‌ നിസ്സഹായനായി നോക്കി ചുരിദാര്‍ തിരിച്ച്‌ നല്‍കി നടന്നുപോയ ഒരു പിതാവിന്റെ മുഖം ഇപ്പോഴുമെന്റെ മനസ്സിലുണ്ട്‌. വിശപ്പിന്റെ ദാരിദ്ര്യം തീര്‍ന്നിരിക്കുന്നുവെന്ന തോന്നല്‍ നമ്മുടെ അഹങ്കാരം മാത്രമാണ്‌. പട്ടിണിയുടെ മണ്‍പാത്രങ്ങളില്‍ വേവാന്‍ ഒന്നുമില്ലാതെ കുട്ടികളെ നെഞ്ചോട്‌ ചേര്‍ത്ത്‌ കരയുന്ന ഉമ്മമാര്‍ ഇപ്പോഴുമുണ്ട്‌. ഇമാം ഗസ്സാലി നിരീക്ഷിച്ചപോലെ റൊക്കമാണ്‌ കടത്തേക്കാള്‍ ഉത്തമമെന്ന്‌ കരുതി എല്ലാം റൊക്കത്തിന്‌ വിറ്റുതീര്‍ക്കുന്ന ഭൗതിക പ്രമത്തതക്കിടയില്‍ നാമവരെ കണ്ടുമുട്ടുന്നില്ലെന്നേയുള്ളൂ.
എന്നിട്ടും നാം അഹങ്കരിക്കുകയാണ്‌. എല്ലാം നമ്മുടെ വിരല്‍തുമ്പിലുണ്ടെന്ന്‌; ഒന്നു ഞൊടിച്ചാല്‍ ഓടിവരാന്‍ ആളുകളുണ്ടെന്ന്‌. അധികാരവും സമ്പത്തും ശരീരവും ചീട്ടുകൊട്ടാരം പോലെ, തകര്‍ന്നുവീഴുമെന്നോര്‍ക്കാതെ നാം ഈ ഭ്രമിപ്പിക്കുന്ന ലോകത്തിന്‌ മുന്നില്‍ മുട്ടുകുത്തിയിരിക്കുന്നു. ദൈവത്തെ വെല്ലുവിളിച്ച ഫറോവമാര്‍ നമ്മുടെ ഉള്ളിലിരുന്ന്‌ ആര്‍ത്തുചിരിക്കുന്നുണ്ടിപ്പോഴും. ഗോപുരങ്ങള്‍ കെട്ടിപ്പൊക്കി ദൈവത്തെ തോല്‍പ്പിക്കാന്‍ മത്സരിച്ച ധിക്കാരികളുടെ മനസ്സ്‌ നാം സൂക്ഷിക്കുന്നുണ്ടിപ്പോഴും. മൈക്കല്‍ വൂള്‍ഫ്‌ നിരീക്ഷിച്ചതുപോലെ അഹന്ത കുറക്കാന്‍ എഴുപത്‌ കൊല്ലത്തെ കഠിനാധ്വാനം വേണ്ടി വരുന്ന കാലത്താണ്‌ നാമുള്ളത്‌. ഞാനൊരു മലഞ്ചെരുവിലൂടെയെന്ന പോലെ ഒരു മതത്തിലൂടെ യാത്ര ചെയ്യുകയാണ്‌. ഭൗതിക ലക്ഷ്യങ്ങളെ ഞാനിതാ അതിന്റെ പാട്ടിന്‌ വിടുന്നു. മൈക്കിള്‍ വൂള്‍ഫിനെപോലെ പറയാന്‍ എന്നാണ്‌ നമ്മള്‍ വിശ്വാസികളാവുക?

Thursday, June 26, 2008

ടിഷ്യൂ പേപ്പര്‍


സൈബര്‍ സൗഹൃദങ്ങളില്‍
വരള്‍ച്ചയില്ല.
ഒരു ഭൂഖണ്ഡത്തില്‍ മഴ പോയാല്‍
മറ്റൊരു ഭൂഖണ്ഡത്തില്‍
മഴക്കാലം വരും.
ആരും ആര്‍ക്കും സ്വന്തമല്ലല്ലോ.
മാംഗോ ജ്യൂസു പോലെയാണ്‌
ഇഷ്ടങ്ങള്‍.
വേണ്ടുവോളം വലിച്ചുകുടിക്കാവുന്ന
പാകത്തിലങ്ങനെ...
പിന്നെ, ടിഷ്യു പേപ്പര്‍ പോലെ
തുടച്ചുകഴിഞ്ഞാല്‍
ഒരേറ്‌.
ശരീരങ്ങളുടെ ഭൂപടങ്ങളില്‍
പ്രണയം അടയാളപ്പെടുത്താനാവാതെ
ചിരിച്ചുപോകുന്നു ഞങ്ങള്‍.
എപ്പോഴും തിരിച്ചുവരാവുന്ന
ബന്ധങ്ങള്‍.
മടുക്കുമ്പോള്‍ ഇറങ്ങിനടക്കാവുന്ന
തരത്തില്‍
തുറന്നിട്ട വാതിലുകള്‍.
'കടലോളം ഇഷ്ടമുണ്ടുള്ളില്‍'
ഫ...
an absurd thought

Sunday, June 8, 2008

Friday, May 30, 2008

ആ ജനത എങ്ങോട്ടാണ്‌ പോയത്‌?

ഏതാണ്ട്‌ രണ്ടാഴ്‌ചമുമ്പ്‌ വേങ്ങരയില്‍ ഒരു ബൈക്കപകടമുണ്ടായി. ഞങ്ങളുടെ നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ എ. മുഹമ്മദ്‌ പാറന്നൂരും അദ്ദേഹത്തിന്റെ മകനും പാണക്കാട്ടേക്ക്‌ ബൈക്കില്‍ പോകുന്നതിനിടെ ആയിരുന്നു അപകടം. ബൈക്കില്‍ നിന്ന്‌ തെറിച്ചു വീണ ബാപ്പയും മകനും എഴുന്നേല്‍ക്കാനാവാതെ ഏറെനേരം റോഡില്‍ തളര്‍ന്നു കിടന്നു. അങ്ങാടിയില്‍ ആളുകളേറെയുണ്ടായിരുന്നുവെങ്കിലും ഒരു കൈതാങ്ങിനു പോലും ആരുമെത്തിയില്ല. അരമണിക്കൂറോളം ആ കിടപ്പു കിടന്നു. ഒടുവില്‍ ഒരാള്‍ വന്നു സഹായിച്ചപ്പോഴാണ്‌ മകന്‌ ഒരുവിധം എഴുന്നേല്‍ക്കാനായത്‌. ബാപ്പയാവട്ടെ, പിന്നെ എഴുന്നേറ്റതേയില്ല. മുഹമ്മദ്‌ സാഹിബിന്റെ മയ്യിത്ത്‌ വീട്ടിലെത്തുന്നതിന്‌ മുമ്പ്‌ കൂടെയുണ്ടായിരുന്ന മകന്‍ ഇതു വിവരിക്കുമ്പോള്‍ ഉള്ളില്‍ കടലിരമ്പുകയായിരുന്നു.
നമ്മുടെ നാട്‌ അപകടകരമായി മാറുന്നുവെന്ന വിലാ പം അസ്ഥാനത്തല്ലെന്നും മണ്ണിന്റെ മണമുള്ള നാട്ടിന്‍പുറത്തുകാര്‍ പോലും എങ്ങോ പിന്‍വലിയുകയാണെന്നും ഈ കേള്‍വി സാക്ഷ്യപ്പെടുത്തുന്നു. വളരെ പെട്ടെന്ന്‌ കീഴ്‌പ്പെടുത്തിയ അന്യവല്‍ക്കരണത്തിന്റെ വിത്തുകള്‍ മലപ്പുറത്തെ ആര്‍ദ്രതയുള്ള മനസ്സുകളില്‍ പോലും മുളച്ചു കഴിഞ്ഞിരിക്കുന്നുവെന്ന അറിവാണ്‌ ഇതു പകര്‍ന്നു നല്‍കിയത്‌.
ആഗോളവല്‍ക്കരണത്തിന്റെ ആക്രമണങ്ങള്‍ക്ക്‌ മുമ്പില്‍ നാട്ടിന്‍പുറത്തെ പച്ച മനുഷ്യര്‍ പോലും തോറ്റുപോകുന്നതിന്റെ തെളിവായി ഇത്തരം ഒരുപാട്‌ സംഭവങ്ങള്‍ മാലപ്പടക്കം പോലെ പൊട്ടിത്തെറിക്കുകയാണിപ്പോള്‍.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ അതിശക്തമായ മാറ്റത്തിന്റെ കാലമായിരുന്നു. മനുഷ്യന്റെ അസ്‌തിത്വത്തിലേക്ക്‌ പോലും ആഴ്‌ന്നിറങ്ങിയ മാറ്റത്തിന്റെ ശക്തി അപാരമായിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കിടയിലാണ്‌ ലോകത്തിന്റെ ചരടുപൊട്ടി ആഗോളവല്‍ക്കരണം ഇരച്ചുകയറിയത്‌. നമ്മള്‍ നമ്മളുടേതെന്ന്‌ കരുതി ഉള്ളംകയ്യില്‍ അടക്കിവെച്ചതിനെപോലും അത്‌ കവര്‍ന്നെടുത്തുകളഞ്ഞു. ഇതിനിടെ മനുഷ്യന്റെ മാനസിക വ്യാപാരങ്ങള്‍ പോലും മാറിമറിഞ്ഞു. എന്തിനേറെ നമ്മുടെ അടുപ്പുകളും അടുക്കളകളും മാറിക്കഴിഞ്ഞു.
പത്ത്‌ വര്‍ഷം മുമ്പത്തെ നമ്മളല്ല ഇപ്പോഴത്തെ നമ്മള്‍. നമ്മുടെ സ്വപ്‌നങ്ങളും രീതികളും സ്‌നേഹത്തിന്റെ ആര്‍ദ്രത പോലും വഴിമാറിപ്പോയി. വികസനത്തിന്റെ ദ്രുതഗതിയും ആഡംബരങ്ങളുടെ പൊലിമയും അതിരുകളില്ലാത്ത ആസ്വാദനത്തിന്റെ സാധ്യതകളും നമ്മെ വേറൊരു ലോകത്തെത്തിച്ചു. മറ്റൊരര്‍ത്ഥത്തില്‍ നമ്മള്‍ നമ്മള്‍ക്കു തന്നെ അപരിചിതരായിത്തീര്‍ന്നു. മലപ്പുറത്തുകാര്‍ മാത്രമല്ല മാറിയത്‌. ലോകത്തോടൊപ്പം മലപ്പുറത്തുകാരും വളരെ പെട്ടെന്ന്‌ മാറിയെന്നു മാത്രം.
എട്ട്‌ വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 2001 ജൂലൈ 21ന്‌, കടലുണ്ടി പാലത്തില്‍ നിന്ന്‌ തീവണ്ടി മറിഞ്ഞുണ്ടായ മഹാദുരന്തം ഇപ്പോള്‍ ഒരു പുനര്‍ വായന അര്‍ഹിക്കുന്നു. നിരവധി ആളുകള്‍ മരണത്തോട്‌ മല്ലിട്ട്‌ ബോഗികള്‍ക്കുള്ളില്‍ നിന്ന്‌ ആര്‍ത്തുകരഞ്ഞപ്പോള്‍ ഒരു നാട്‌ മുഴുക്കെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുകയായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളെപോലും കടത്തിവെട്ടി കടലുണ്ടിയിലെ ജനത നടത്തിയ സേവനത്തിന്റെ കഥ ഇന്നും ആവേശകരമായ മാതൃകയാണ്‌. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ ജനങ്ങള്‍ ഏറ്റെടുത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ധീരമായ നേതൃത്വം മലപ്പുറത്തിന്റെ യശസ്സുയര്‍ത്തിയ മാതൃകയായിരുന്നു. ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു അന്നവിടെ കണ്ടത്‌. നൂറുകണക്കിന്‌ വാഹനങ്ങള്‍ നിയന്ത്രിച്ചത്‌ ആ നാട്ടുകാര്‍ മാത്രമായിരുന്നു. പോലീസിന്‌ ചെയ്യാന്‍ കഴിയാത്തത്‌ ഒരു പരിശീലനവുമില്ലാതെ കടലുണ്ടിക്കാര്‍ ചെയ്‌തത്‌ അന്നത്തെ പത്രങ്ങളിലെ ന്യൂസ്‌ സ്റ്റോറികളായിരുന്നു. വാഹനമുള്ള ഓരോരുത്തരും സ്വന്തം വാഹനവുമായെത്തി ഓരോ മനുഷ്യനെയും വഹിച്ച്‌ ആസ്‌പത്രികളിലേക്ക്‌ കുതിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പോലും സ്വന്തം വാഹനങ്ങളില്‍ പരിക്കേറ്റവരെ കയറ്റി കാണിച്ച സമര്‍പ്പണത്തിന്റെ കഥ ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ജനത എങ്ങോട്ടാണ്‌ പിന്‍വാങ്ങിയത്‌? എന്തുമാത്രം മാറ്റമാണ്‌ അവര്‍ക്കുണ്ടായത്‌? ആരാണ്‌ നമ്മുടെ മനസ്സിലെ ആര്‍ദ്രത ഊറ്റിയെടുത്തത്‌?
രണ്ട്‌ വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്തെ പത്മതീര്‍ത്ഥ കുളത്തില്‍, ഒരു വൃദ്ധനെ മാനസികരോഗിയായ ഒരാള്‍ മുക്കിക്കൊന്ന സംഭവം പലരും ഓര്‍ക്കുന്നുണ്ടാവും. കേരളത്തില്‍ മാധ്യമപ്പടക്ക്‌ മുമ്പില്‍ ലൈവായി നടന്ന ആദ്യത്തെ കൊലപാതകമായി നമുക്കിതിനെ വിശേഷിപ്പിക്കാവുന്നതാണ്‌. പത്മതീര്‍ത്ഥ കുളത്തിന്‌ ചുറ്റും ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ക്യാമറകള്‍ സൂം ചെയ്‌ത്‌ ലൈവായി തന്നെ ഈ ദൃശ്യം ലോകത്തിന്‌ കാണിക്കുന്നുണ്ടായിരുന്നു. ഒരാള്‍പോലും ആ കുളത്തിലേക്ക്‌ എടുത്തുചാടാനുണ്ടായില്ല. ഒരാഴ്‌ച മുമ്പ്‌ ഒരാള്‍ ഭാര്യയുടെ മൃതശരീരം മാറോടണച്ച്‌ കരുണക്ക്‌ വേണ്ടി യാചിച്ചത്‌ തിരുവനന്തപുരത്തായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച ഒരു പത്രത്തിന്റെ ഒന്നാം പേജിലെ എക്‌സ്‌ക്ലൂസീവ്‌ ഫോട്ടോ ബസ്സിനടിയില്‍പെട്ട്‌ ചതഞ്ഞരഞ്ഞ ഒരു മനുഷ്യനെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ മല്‍സരിക്കുന്ന യുവാക്കളുടെ ചിത്രമായിരുന്നു. കൊച്ചിയിലെ ബി.ഒ.ടി. പാലത്തിനടിയില്‍ നിന്നുള്ള ഒരു ദയാവായ്‌പുമില്ലാത്ത ഈ ചിത്രത്തിന്റെ തുടര്‍ച്ചയാണ്‌ വ്യാഴാഴ്‌ച വേങ്ങരയില്‍ കണ്ടത്‌. ദേശീയ പാതയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ വലിയ അപകടത്തിനിടയില്‍ തിങ്ങിക്കൂടിയവരില്‍ നിരവധി പേര്‍ തിരക്കു കൂട്ടിയത്‌ അപകടത്തിന്റെ സീനുകള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്താനായിരുന്നു. അപകടത്തിന്റെ വിവിധ ദൃശ്യങ്ങളുമായി പുറത്തിറങ്ങിയ പത്രത്തിലുടനീളം ഈ മൊബൈല്‍ ക്യാമറക്കാരുടെ ബഹളം കാണാമായിരുന്നു. കൊച്ചി ബി.ഒ.ടി. പാലത്തില്‍ നിന്ന്‌ വേങ്ങരയിലേക്കുള്ള ദൂരം മാഞ്ഞുപോയിരിക്കുന്നുവെന്ന്‌ നാം തിരിച്ചറിയുന്നു.
നമ്മുടെ മനസ്സിലെ ആര്‍ദ്രത വരണ്ടുപോയത്‌ എങ്ങനെയാണെന്നും നമ്മള്‍ ഒരു അപകടത്തില്‍പെടുന്നതുവരെയും ഒരു ദുരന്തവും നമ്മെ അസ്വസ്ഥപ്പെടുത്തുന്നില്ലെന്നും വേണം കാണാന്‍. മനുഷ്യന്റെ സാമൂഹ്യ ബോധവും സമര്‍പ്പണവും ഇനി തിരിച്ചുവരാത്തവിധം നഷ്‌ടപ്പെടുകയാണോ? അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരും യുവജന സംഘടനകളും രാഷ്‌ട്രീയ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇതേക്കുറിച്ച്‌ ഗൗരവമായ ചില ഇടപെടലുകള്‍ നടത്തിയേ തീരൂ. അല്ലെങ്കില്‍ നമുക്ക്‌ നമ്മെ തന്നെയാവും നഷ്‌ടപ്പെടുക.

Wednesday, May 28, 2008

ഉടുപ്പഴിക്കുകയാണ്‌

ഉളുപ്പില്ലാതെ എഴുതാന്‍
അക്ഷരങ്ങള്‍ ഉടുപ്പഴിക്കുകയാണ്‌
അല്ലെങ്കിലും
എനിക്കും നിനക്കുമിടയില്‍
എന്തിനാണ്‌ ഉടുപ്പുകള്‍

ഉടലുകള്‍ കെട്ടുപിണഞ്ഞ്‌
ഇരുട്ടില്‍ നീന്തിമ്പോള്‍
ഒരു ഇലപോലും
പൊഴിയാറില്ല.
മരിച്ചു നീലിച്ചു കഴിഞ്ഞല്ലോ..
എന്തിനാണ്‌ അക്ഷരങ്ങളെ
ഇനി ഉടുപ്പണിയിക്കുന്നത്‌

Thursday, May 22, 2008

ഭൂമി


കിളച്ചു കിളച്ചൊടുവില്‍
‍ഒരു കണ്ണീര്‍ തടം
മാത്രം കണ്ടെത്തുന്നു.
നിധി തേടിയായിരുന്നുവല്ലോ
താഴ്‌ചയിലേക്ക്‌
ഞങ്ങള്‍ ‍കുഴിച്ചിറങ്ങിയത്‌.
കിതച്ചും ഞരങ്ങിയും
തളര്‍ന്ന്‌ വീണവര്‍‌
‍എങ്ങോ മറഞ്ഞു പോയി.
ഈ കണ്ണീര്‍ തടം
നേടുവാനോ ദൈവമേ...
ഞങ്ങളൊരു ജന്മം മുഴുക്കെ
കിളച്ചു മറിച്ചത്‌.

Wednesday, February 27, 2008

കാണാതിരുന്നാലും

കാണാതിരുന്നാലും പറയാതിരുന്നാലും
മനസിന്‍റെ നിഴലായ് ഞാന്‍ കൂടെയുണ്ടെന്നും

Saturday, February 23, 2008

ഇത്രയേ ഉള്ളൂ
ഇത്രയേയുള്ളുവെന്നറിയുവാന്‍നമ്മളെത്ര ദൂരം നടന്നൂ

കൊണ്ടും കൊടുത്തുംപരസ്‌പരം തോല്‍പ്പിച്ച

ജന്മങ്ങളെത്ര മറഞ്ഞൂ

ആ വഴിയിലങ്ങിനെ യാത്രയായ്‌ നമ്മളും

പിമ്പേ വരുന്നവര്‍ക്കാശനല്‍കാന്‍

Friday, February 22, 2008

ബാണാസുര സാഗര്‍

ബാണാസുര സാഗര്‍ ഒരു നിലവിളിയാണ്‌ . വികസനം അടക്കിവെച്ച ഒരു നിലവിളി .തരിയോട് എന്ന ഒരു നാട് വെള്ളത്തില്‍ മുങ്ങിപ്പോയപ്പോള്‍ നമുക്കു കിട്ടിയ ടൂറിസ്റ്റ് കേന്ദ്രമാണ്‌ ബാണാസുര .കാഴ്ചയുടെ ജലപ്പരപ്പിലൂടെ ബോട്ട് നീന്തുംപോള്‍ ഒന്നരക്കയ്യന്‍ ബ്രോക്കര്‍ ആണ് ആ കഥ പറഞ്ഞത്. ഈ ചുഴിക്കടിയില്‍ ആയിരക്കണക്കിന് ആളുകളെ ഖബരടക്കിയ സ്മശനമായിരുന്നു, ഇപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ഈ ജലപ്പ്രപ്പിനു മുകളില്‍ വന്നു നില്‍ക്കുകയെ തരമുള്ളു‌.
.

Sunday, February 17, 2008

നാട്ടുവഴി

നാട്ടുവഴി നമ്മെ മറക്കുന്നെ ഇല്ല. നഗരത്തിന്റെ മരണ വേഗങ്ങളില്‍ ആയുസ്സിന്റെ ഇല പറന്നു മറയുമ്പോള്‍ നിലാവ് പെയ്യുന്ന ഒരു നാട്ടുവഴി നമ്മെയും കാത്തിരിപ്പുണ്ട്‌ .