Tuesday, August 3, 2010

ആകാശം കരഞ്ഞ രാത്രി



നേരിയ ചാറ്റല്‍മഴയുടെ അകമ്പടിയോടെയാണ്‌ ആ വാര്‍ത്ത വന്നത്‌. ഡസ്‌കില്‍ ഒന്നാംപേജ്‌ തയ്യാറാക്കുന്ന തിരക്കിലായിരുന്നു അപ്പോള്‍. ശിഹാബ്‌ തങ്ങള്‍ക്ക്‌ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്‌ ഒരു ഫോണ്‍കോള്‍ വന്നു. ആ വാര്‍ത്ത മനസ്സ്‌ ഉള്‍ക്കൊണ്ടതേയില്ല. തങ്ങളുടെ അളിയന്‍ അന്ന്‌ മരണപ്പെട്ടിരുന്നു. വിളിച്ചയാള്‍ അത്‌ കേട്ടുപറഞ്ഞതാവും, എന്നുതന്നെ വിശ്വസിച്ചു. സയ്യിദ്‌ ഉമര്‍ ബാഫഖി തങ്ങളുടെ ചരമ വാര്‍ഷികമായിരുന്നു ആ ദിവസം. കോഴിക്കോട്ട്‌ നടക്കുന്ന ചടങ്ങില്‍ ശിഹാബ്‌ തങ്ങള്‍ വരുമെന്നറിയിച്ചിരുന്നു. അന്ന്‌ രാവിലെ ബാത്‌റൂമില്‍ വഴുതി വീണതിനെതുടര്‍ന്ന്‌ ചുണ്ടിന്‌ ചെറിയ മുറിവ്‌ പറ്റിയതിനാല്‍ യാത്ര റദ്ദാക്കുകയും ചെയ്‌തു. മറ്റൊരു അസുഖവും തങ്ങള്‍ക്കുള്ളതായി അറിഞ്ഞിരുന്നില്ല. ആ ഫോണ്‍ കോള്‍ ശരിയല്ലെന്നുതന്നെ സഹപ്രവര്‍ത്തകരോട്‌ പറഞ്ഞു. മനസ്സില്‍ നീറിപടരുന്ന ഒരു അസ്വസ്ഥത നിറഞ്ഞു. മുനവ്വര്‍ തങ്ങളെ വിളിച്ച്‌ അന്വേഷിക്കാമെന്ന്‌ കരുതി. ഫോണ്‍ ഡയല്‍ ചെയ്യുമ്പോഴെല്ലാം തിരക്കുതന്നെ. നേതാക്കളുടെ ഫോണ്‍ നമ്പറുകളും ബിസി. അപ്പോഴേക്കും ഉല്‍ക്കണ്‌ഠ കനത്തുവന്നു. ഫോണ്‍ കോളുകള്‍ നിലക്കാതെ ചന്ദ്രികയിലേക്കൊഴുകുന്നു. എല്ലാവര്‍ക്കുമറിയേണ്ടത്‌ തങ്ങള്‍ക്കെന്തുപറ്റിയെന്നാണ്‌. മാധ്യമങ്ങളിലെത്തുംമുമ്പെ ആ വാര്‍ത്ത നാടാകെ നിറഞ്ഞിരുന്നു. വാര്‍ത്തകള്‍ വായിക്കുന്നതിനിടയില്‍ ഇന്ത്യാവിഷന്‍ ന്യൂസ്‌ റീഡര്‍ ഒരുനിമിഷം വാക്കുകള്‍കിട്ടാതെ സ്‌തംഭിച്ചുനിന്നു. പിന്നെ ന്യൂസ്‌ ഡസ്‌കില്‍നിന്നെത്തിയ ആ വാര്‍ത്ത സ്ഥിരീകരിച്ചു. ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു.
പേമാരിപോലെ ഫോണ്‍കോള്‍ പെയ്യുമ്പോള്‍ എന്റെ ശരീരമാകെ തണുപ്പ്‌ കയറുകയായിരുന്നു. വാക്കുകള്‍ നെഞ്ചിനുള്ളില്‍ കുടുങ്ങി. കണ്ണുകള്‍ നിറഞ്ഞു തൂവി. ആര്‍ക്കും എന്ത്‌ ചെയ്യണമെന്നറിയില്ലായിരുന്നു. നടുക്കവും വ്യസനവും ഇഴചേര്‍ന്ന ആ നിമിഷങ്ങളെ തള്ളിനീക്കാനാവാതെ ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിയിരുന്നു. ആര്‍ക്കും വാക്കുകള്‍ കിട്ടുന്നില്ല. ഓരോ ജീവനക്കാരനും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടത്‌ നഷ്‌ടമായ വേദനയായിരുന്നു. ഞങ്ങള്‍ക്കുള്ളിലെ പത്രപ്രവര്‍ത്തകന്‍ പടിയിറങ്ങിയ നിമിഷം. ഞങ്ങള്‍ വെറും മനുഷ്യരായി കരഞ്ഞു. പാതി ചെയ്‌തുവെച്ച പേജുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വികലമായി നിന്നു. ഇനിയെന്ത്‌ ചെയ്യുമെന്ന ആ നിസ്സഹായാവസ്ഥക്കു മുമ്പില്‍ ഞങ്ങള്‍ യന്ത്രങ്ങളെപ്പോലെ എഴുന്നേറ്റു. മരവിച്ച മനസ്സിനെ മാറ്റിനിര്‍ത്തി ഞങ്ങള്‍ കര്‍മ്മനിരതരായി. സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും യന്ത്രമനുഷ്യരായി. ഞങ്ങളുടെ തങ്ങള്‍ പോയ്‌ക്കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യത്തെ അടക്കിപ്പിടിച്ച്‌, തങ്ങള്‍ നയിച്ച പത്രത്തെ ഏറ്റവും നന്നാക്കാനുള്ള പ്രയത്‌നത്തിലായിരുന്നു അപ്പോള്‍.
ഓരോരുത്തരും ഓരോ വാര്‍ത്തയെഴുതാന്‍ ഇരുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുകയാണ്‌. ഞങ്ങള്‍ ഒരിക്കലും തളരരുതെന്ന ബോധം മനസ്സിലേക്ക്‌ ഇരച്ചുകയറി. മറ്റ്‌ പല പത്രങ്ങളില്‍നിന്നും തങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഫോണ്‍വിളി വന്നുകൊണ്ടിരിക്കുന്നു. ദു:ഖം താങ്ങാനാവാത്ത സാധാരണക്കാര്‍ നാലുപാടുംനിന്ന്‌ വിളിക്കുന്നു. ഒരു തേങ്ങലില്‍ ഫോണ്‍കോളുകള്‍ തീരുന്നു. ആ രാത്രി ജനങ്ങള്‍ സംസാരിച്ചത്‌ കണ്ണുനീരുകൊണ്ടായിരുന്നു. വാക്കുകളൊക്കെയും തങ്ങളോടൊപ്പം മരിച്ചുപോയിരുന്നു. വേവുന്ന ഹൃദയത്തോടെ കടലിനക്കരെനിന്നും നൂറായിരം വിളികള്‍ വേറെയുമെത്തുന്നു. ഫോണ്‍ അറ്റന്റ്‌ ചെയ്യാനാവാതെ കുഴങ്ങുന്ന അറ്റന്റര്‍. ഡസ്‌കിലെ ഒരാള്‍കൂടി ഫോണ്‍ അറ്റന്റ്‌ ചെയ്യാനിരിക്കുന്നു. മുഖപ്രസംഗമെഴുതുകയായിരുന്നു ആദ്യത്തെ ജോലി. എന്ത്‌ തലക്കെട്ട്‌ നല്‍കുമെന്നോര്‍ക്കുമ്പോള്‍ കടുത്ത അനാഥത്വം മനസ്സില്‍ നിറഞ്ഞു. ഞങ്ങള്‍ അനാഥരായി. അതിലപ്പുറം ജനങ്ങളോട്‌ പറയാന്‍ ചന്ദ്രികക്ക്‌ ഒന്നുമില്ലായിരുന്നു. മൂന്ന്‌ പതിറ്റാണ്ടിലേറെ ഞങ്ങളെ നയിച്ച, പിതൃസ്‌നേഹ വാല്‍സല്യങ്ങളോടെ ഞങ്ങളെ തലോടിയ ആ വലിയ മനുഷ്യന്‍ മായുകയാണ്‌. ഒരു പുഞ്ചിരികൊണ്ട്‌ എല്ലാ വ്യസനങ്ങളേയും തോല്‍പിച്ചുകളഞ്ഞ ഒരാള്‍ മണ്ണിനോട്‌ ചേരുകയാണ്‌. തന്റെ പതിഞ്ഞ ശബ്‌ദംകൊണ്ട്‌ ഒരു ജനതയെ അടക്കിനിര്‍ത്തിയ യുഗപുരുഷന്‍ ഓര്‍മ്മയാവുകയാണ്‌. ആ വികാരങ്ങളെല്ലാം അക്ഷരക്കൂട്ടുകളായി കടലാസിലേക്കിറങ്ങുമ്പോള്‍ ഉള്ളിലെവിടെയോ ഒരു വിതുമ്പല്‍. എഴുതിക്കഴിഞ്ഞപ്പോള്‍ എഴുന്നേല്‍ക്കാനാവുന്നില്ല. കൈകളില്‍ വിയര്‍പ്പ്‌ പൊടിയുന്നു. ശരീരമാകെ തളര്‍ന്നുപോകുന്നു. രണ്ടുമിനുട്ട്‌ അതേ ഇരുപ്പിലിരുന്നു. മനസ്സിനെ അടക്കിനിര്‍ത്തി, പിന്നെയും ഒരുപാട്‌ ജോലി ചെയ്യാനുണ്ടായിരുന്നു. ഒന്നാംപേജിലേക്കുള്ള വാര്‍ത്ത മലപ്പുറത്തുനിന്ന്‌ വരണം. സീനിയര്‍ എഡിറ്റര്‍മാരെല്ലാം തിരക്കിട്ട എഴുത്തിലാണ്‌. ലീഡ്‌ വാര്‍ത്തക്ക്‌ എന്ത്‌ തലക്കെട്ട്‌ കൊടുക്കുമെന്ന്‌ ഞങ്ങള്‍ ചര്‍ച്ചചെയ്‌തു. ഞങ്ങള്‍ക്ക്‌ കൊടുക്കാവുന്ന ഏറ്റവും വലിയ തലക്കെട്ട്‌ ?`വിളക്കണഞ്ഞു'? എന്നുതന്നെയായിരുന്നു.
പതിനൊന്നുമണിയോടെ ഫസ്റ്റ്‌ എഡിഷന്‍ പത്രമടിച്ചു. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. മെഷിനിലേക്ക്‌ കയറിയിറങ്ങിയ പേപ്പര്‍ റീലുകള്‍ ഞങ്ങള്‍ക്ക്‌ സഹിക്കാനാവാത്ത വാര്‍ത്തകളെ മഷിപുരട്ടിയിറക്കുകയാണ്‌. അടിച്ചുവന്ന പത്രങ്ങള്‍ പരമാവധി കാറില്‍ക്കയറ്റി ഞങ്ങള്‍ വിവിധ വാഹനങ്ങളിലായി പാണക്കാട്ടേക്ക്‌ തിരിച്ചു. വഴിനീളെ ചീറിപായുകയാണ്‌ വാഹനങ്ങള്‍. വാര്‍ത്ത കേട്ടപ്പോള്‍ തുടങ്ങിയ ജനങ്ങളുടെ കുത്തൊഴുക്ക്‌ പാതിരാവായതോടെ പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചു. മലപ്പുറത്തേക്കടുക്കുമ്പോള്‍ വീര്‍പ്പുമുട്ടല്‍ കൂടുകയാണ്‌. ഒരു പെട്രോള്‍പമ്പിലും പെട്രോളില്ല. രാത്രി കാര്‍ വഴിയിലാകുമെന്ന അവസ്ഥയിലായി. ഒടുവില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ ഒരു ബൈക്കുകാരന്റെ കൂടെ മഞ്ചേരിയില്‍ പോയാണ്‌ പെട്രോള്‍ സംഘടിപ്പിച്ചു വന്നത്‌. ഞങ്ങള്‍ സ്ഥിരമായി പാണക്കാട്ടേക്ക്‌ പോകുന്ന വഴികളില്‍ പുരുഷാരം നിറഞ്ഞിരുന്നു. വാഹനങ്ങളൊഴിവാക്കി ജനങ്ങള്‍ കൂട്ടമായി കൊടപ്പനക്കല്‍ വീട്ടിലേക്ക്‌ ഒഴുകുകയാണ്‌. ഒരു ജനത ഇത്രയേറെ നെഞ്ചിലേറ്റിയ ഒരു നേതാവുണ്ടാകില്ലെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു ആ ഒഴുക്ക്‌. അതിലൊരു കണ്ണിയായി ഞങ്ങളുമൊഴുകി. അവസാനമായി ഒരുനോക്കുകാണാന്‍. മണിക്കൂറുകള്‍ നീണ്ട യാത്ര. ഒടുവില്‍ തിരിച്ച്‌ മലപ്പുറം ടൗണ്‍ഹാളിനു മുന്നിലെത്തുമ്പോള്‍ സുബ്‌ഹി ബാങ്കുയരുന്നു. ആരും ഒരുപോള കണ്ണടച്ചിരുന്നില്ല. ഭക്ഷണത്തെക്കുറിച്ചാരും ഓര്‍ത്തതുപോലുമില്ല. വിശപ്പ്‌ എപ്പോഴോ മരിച്ചുപോയിരുന്നു. ആ നിര്‍ത്തം നേരം പുലരുവോളം നിന്നു. ഒരു ജനത തങ്ങളുടെ നായകന്‌ നല്‍കിയ സമര്‍പ്പണമായിരുന്നു ആ രാത്രി. ഒരു വര്‍ഷം പിന്നിടുമ്പോഴും വേദനയുറഞ്ഞ മനസ്സോടെ, പ്രാര്‍ത്ഥന വിതുമ്പുന്ന ചുണ്ടുകളോടെ അവര്‍ ആ നായകനെ ഓര്‍ക്കുന്നു. കാലത്തിന്‌ മായ്‌ക്കാന്‍ കഴിയാത്ത മുഖപ്രസാദം അവരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.