Tuesday, March 29, 2011

അച്യുതാനന്ദനും ഇനി ബി.ജെ.പി.യില്‍ ചേരുമോ


അച്യുതാനന്ദന്‌ സീറ്റ്‌ നല്‍കാത്തതിന്റെ പേരില്‍ താന്‍ മത്സരിക്കാനില്ലെന്ന്‌ പ്രസ്‌താവിച്ച അല്‍ഫോണ്‍സ്‌ കണ്ണന്താനം. ഇപ്പോള്‍ ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്‌. അച്യുതാനന്ദന്‌ ഒടുവില്‍ സീറ്റ്‌ ലഭിച്ചപ്പോള്‍ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി പിന്‍വാങ്ങിയിരിക്കുന്നു. മലമ്പുഴയിലേക്കൊരു കാവിപ്പാലം പണിയാനാണോ അച്യുതാനന്ദന്‍ കണ്ണന്താനത്തെ ഡല്‍ഹിയിലേക്കയച്ചത്‌?


ഇരുപത്‌ വര്‍ഷം കൊണ്ട്‌ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന്‌ ഡല്‍ഹിയില്‍ പത്രക്കാരോട്‌ പറഞ്ഞത്‌ വി.എസ്‌. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയാണ്‌. ഇരുപത്‌ ഘട്ടങ്ങളിലായി പത്ത്‌ മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്‌. ഇവരിലൊരാള്‍പോലും ഇത്തരത്തില്‍ ആലോചിച്ചിട്ടുണ്ടാവില്ല. ആറുമാസം മാത്രം പ്രായമുള്ള ഈ വാക്കുകള്‍ അച്യുതാനന്ദന്‍ വിഴുങ്ങാന്‍ ശ്രമിച്ചാലും, മലമ്പുഴയിലേക്ക്‌ പണിത ബി.ജെ.പി.യുടെ പാലത്തിന്‌ കരുത്ത്‌ പകരുന്നതായിരുന്നു ഈ പ്രസ്‌താവനയെന്ന്‌ ഇപ്പോള്‍ നമുക്ക്‌ ബോധ്യമാവുന്നു. ആര്‍.എസ്‌.എസ്‌. നേതാക്കള്‍ രഹസ്യമായി മാത്രം പറയുന്ന ശുദ്ധ വര്‍ഗീയത പറയാന്‍ മാത്രം വിഷലിപ്‌തമായ ഒരു മനസ്സ്‌ അച്യുതാനന്ദനുണ്ടെന്നറിയുമ്പോള്‍, മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ ആരും അതിശയിക്കേണ്ടതില്ല.
ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ മുസ്‌ലിം സമുദായം ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന്‌ പ്രസ്‌താവന നടത്തിയ ഒരു രാഷ്‌ട്രീയ നേതാവിനെതിരെ എങ്ങനെയാണ്‌ ബി.ജെ.പി.ക്ക്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവുക. അതുകൊണ്ടുതന്നെ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്‌ അത്ര വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിക്കേണ്ടതില്ല. ഡല്‍ഹിയില്‍വെച്ച്‌ മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്‌താവന എത്ര തവണ തിരുത്തിപ്പറഞ്ഞാലും മായാത്തവിധം ദൃശ്യമാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞുകിടപ്പുണ്ട്‌. പൊതു പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ കേരളത്തിലെ ബി.ജെ.പി.പോലും പറയാന്‍ മടിച്ചവയായിരുന്നുവെന്ന്‌ പഴയകാല അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അച്യുതാനന്ദന്‍ ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കേണ്ട തെരഞ്ഞെടുപ്പാണിത്‌. അതിനേക്കാളേറെ അച്യുതാനന്ദനെ മത്സരിപ്പിക്കുന്ന സി.പി.ഐ. (എം.) ജനങ്ങളോട്‌ മറുപടി പറയേണ്ട ചോദ്യങ്ങളുമുണ്ട്‌.
അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വംതന്നെ ഇത്തരത്തില്‍ ചില ചോദ്യചിഹ്നങ്ങള്‍ അവശേഷിപ്പിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്ന സി.പി.ഐ. (എം.) എന്ന ബഹുജന പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ നൂറില്‍താഴെ അംഗങ്ങള്‍ തെരുവില്‍ നടത്തിയ പ്രകടനങ്ങള്‍ക്ക്‌ സാധിക്കുന്നുവെന്നത്‌ വിചിത്രമാണ്‌. പ്രകടനങ്ങളല്ല വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടയാക്കിയതെന്ന്‌ പ്രകാശ്‌ കാരാട്ടുതന്നെ സമ്മതിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഈയിടെ നടന്നുവരുന്ന ചില അന്തര്‍നാടകങ്ങള്‍ നാം വിശകലനം ചെയ്യേണ്ടിവരും. യു.പി.എ. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരമായി ശ്രമിക്കുന്ന ബി.ജെ.പി.യുടെ നീക്കങ്ങള്‍ക്ക്‌ ബലം നല്‍കുകയും പിന്തുണയേകുകയും ചെയ്യുന്ന ജോലിയാണിപ്പോള്‍ സി.പി.ഐ. (എം.) നും ഇടതുമുന്നണിക്കുമുള്ളത്‌. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ തുടങ്ങിയ ആ ബന്ധം പാര്‍ലമെന്റിനകത്തും പുറത്തും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്‌. കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന്‌ ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നതും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വവും ചേര്‍ത്തുവായിക്കുമ്പോള്‍ ചില ദു:സ്സൂചനകള്‍ ലഭിക്കുന്നുണ്ട്‌. ഇടതുപക്ഷ മുന്നണിയെ സഹായിക്കാന്‍ ചില മണ്‌ഡലങ്ങളിലെ സഹായങ്ങള്‍ക്കപ്പുറം വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വംകൂടി ബി.ജെ.പി. നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിലൊട്ടും അത്ഭുതപ്പെടാനില്ല. കാരണം, കേരളത്തില്‍ ബി.ജെ.പി. ചെയ്യേണ്ട പല ജോലികളും യാതൊരു ജാള്യതയുമില്ലാതെ ചെയ്യാന്‍ തയ്യാറായ സി.പി.എം. നേതാവാണ്‌ അച്യുതാനന്ദന്‍.
പന്ത്രണ്ടാം നിയമസഭയില്‍ ഇടതുപക്ഷ എം.എല്‍.എ.യായിരുന്ന അല്‍ഫോണ്‍സ്‌ കണ്ണന്താനം ഇപ്പോള്‍ ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ്‌. വി.എസ്‌. അച്യുതാനന്ദന്‌ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ച ഘട്ടത്തില്‍ അതിനെതിരെ പ്രതിഷേധിക്കുകയും വി.എസ്‌. മത്സരിക്കാത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനുമില്ലെന്ന്‌ പറഞ്ഞ്‌ മാറിനില്‍ക്കുകയും ചെയ്‌ത കണ്ണന്താനത്തെ പിന്നീട്‌ നാം കാണുന്നത്‌ ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡണ്ട്‌ നിതിന്‍ ഗഡ്‌കരിക്കുമുമ്പില്‍ തലകുനിച്ച്‌ മെമ്പര്‍ഷിപ്പ്‌ സ്വീകരിക്കുന്നതായാണ്‌. അച്യുതാനന്ദനോടൊപ്പമല്ലെങ്കില്‍ ബി.ജെ.പി.യിലെന്ന ഒരു വായനയാണോ കണ്ണന്താനം നമുക്ക്‌ നല്‍കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോടൊപ്പം ജീവിക്കുകയും ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ നിലപാടുകളെ ശാസ്‌ത്രീയമാക്കാന്‍ പാടുപെടുകയും ചെയ്‌ത കണ്ണന്താനത്തിന്റെ പെട്ടെന്നുള്ള ബി.ജെ.പി. കുടിയേറ്റവും മലമ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പിന്‍വാങ്ങലും തമ്മില്‍ ചില പൊരുത്തങ്ങള്‍ തോന്നുന്നുത്‌ സ്വാഭാവികം മാത്രമാണ്‌.
കേരളത്തില്‍ പല സ്വഭാവങ്ങളും പല വീക്ഷണങ്ങളുമുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ കടന്നുപോയിട്ടുണ്ട്‌. അവരൊന്നും നടത്താത്ത സാമൂഹ്യ നിരീക്ഷണങ്ങളാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി പലപ്പോഴും നടത്തിയത്‌. ആ നിരീക്ഷണങ്ങളാവട്ടെ, എപ്പോഴും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക്‌ എതിരായിരുന്നു. അവരെ പരിഹസിക്കാനും അവരുടെ ചിന്താശേഷിയെപ്പോലും അവമതിക്കാനും അവരുടെ അവകാശങ്ങളെ ഹനിക്കാനും ഭരണകൂടങ്ങള്‍ കനിയുന്ന ആനുകൂല്യങ്ങള്‍ തട്ടിത്തൂവിക്കളയാനുമാണ്‌ അച്യുതാനന്ദന്‍ ഇക്കാലമത്രയും ശ്രമിച്ചത്‌. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇത്രയേറെ പാഴാക്കിയ ഒരു ഭരണകൂടം ഇന്ത്യയില്‍ വേറെയില്ല. സമകാലിക രാഷ്‌ട്രീയത്തില്‍ ഇതുപോലെയുള്ള നിരവധി സംഭവവികാസങ്ങള്‍ വി.എസിന്റെ നടപടികളില്‍ കാണാനാവും.
ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെക്കുറിച്ച്‌ ഒരിക്കല്‍ സി.എച്ച്‌. മുഹമ്മദ്‌കോയാ സാഹിബ്‌ പറഞ്ഞിട്ടുണ്ട്‌. എല്ലാ നമ്പൂതിരിമാര്‍ക്കും പൂണൂല്‍ പുറത്താണെങ്കില്‍ ഇ.എം.എസ്സിന്റെ പൂണൂല്‍ അകത്താണെന്ന്‌. അച്യുതാനന്ദന്റെ പല സമീപനങ്ങളും സി.എച്ചിന്റെ പ്രസ്‌താവനയെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. 1991-ലെ മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോള്‍ മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ്‌ടു സീറ്റ്‌ അനുവദിച്ചതിനെച്ചൊല്ലി വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ കോലാഹലങ്ങള്‍ അന്നത്തെ ഗവര്‍ണ്ണര്‍ക്ക്‌ കത്തെഴുതുന്നിടത്തോളം എത്തിച്ചു. വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ്‌ ബഷീര്‍ മുസ്‌ലിംകള്‍ക്ക്‌ സ്‌കൂളുകള്‍ വാരിക്കോരി നല്‍കുന്നു എന്നായിരുന്നു അന്നത്തെ ആക്ഷേപം. വി.എസ്‌. മുഖ്യമന്ത്രിയായിരിക്കെ, അതേ മലപ്പുറം ജില്ല എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ്‌ പരീക്ഷ ജയിക്കുന്നതെന്നായിരുന്നു അപ്പോള്‍ വി.എസിന്റെ കണ്ടെത്തല്‍. ഒരു ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടഞ്ഞ അതേ ആവേശത്തോടെ അവരര്‍ഹിക്കുന്ന നേട്ടത്തെ പരിഹസിക്കാനും അച്യുതാനന്ദന്‍ ശ്രമിച്ചു. വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കര്‍ വെറുക്കപ്പെട്ടവനായതും ടീകോം മേധാവി ഫരീദ അബ്‌ദുറഹിമാന്‍ കള്ളുകുടിയനായതും ഏത്‌ ഗണത്തിലാണ്‌ പെടുത്തേണ്ടത്‌.
വി.എസിന്റെ കുടില മനസ്‌കതക്കുള്ള നിരവധി ഉദാഹരണങ്ങള്‍ ഇക്കഴിഞ്ഞ ഭരണകാലത്തുമാത്രം കാണാനാവും. പാര്‍ട്ടിയിലെയും പുറത്തേയും എതിരാളികളെ മാത്രമല്ല രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ അച്ഛനെപ്പോലും വി.എസ്‌. വെറുതെ വിട്ടിട്ടില്ല. സന്ദീപിന്റെ മരണമേല്‍പിച്ച ആഘാതത്തില്‍ തകര്‍ന്നുപോയ ഒരു പിതാവിന്റെ മാനസീകാവസ്ഥപോലും തിരിച്ചറിയാതെ വി.എസ്‌. അദ്ദേഹത്തെ അഭിസംബോധന ചെയ്‌തത്‌ `പട്ടി`യെന്നാണ്‌. കെ.ഇ.എന്‍. കുഞ്ഞമ്മദ്‌ കുരങ്ങനായതും സിന്ധുജോയി ' ഒരുത്തി`യായതും ഇതേ മുഖ്യമന്ത്രിയുടെ നാവില്‍ നിന്നാണ്‌.
മലമ്പുഴയേക്കാള്‍ ദുര്‍ബലമായ എത്രയോ മണ്‌ഡലങ്ങളില്‍ ബി.ജെ.പി.ക്ക്‌ ഇപ്പോഴും സ്ഥാനാര്‍ത്ഥികളുണ്ട്‌. അവര്‍ മത്സരിക്കുന്നതാവട്ടെ താമര ചിഹ്നത്തിലുമാണ്‌. പാലക്കാട്‌ ജില്ലയില്‍തന്നെ മറ്റ്‌ 11 നിയോജക മണ്‌ഡലത്തിലും ബി.ജെ.പി.ക്ക്‌ സ്ഥാനാര്‍ത്ഥികളുണ്ട്‌. 1991-ല്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി ടി. ചന്ദ്രശേഖര്‍ 7675 വോട്ടുകള്‍ മലമ്പുഴയില്‍നിന്ന്‌ നേടിയിട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.കെ. പത്മനാഭന്‌ 9498 വോട്ടുകള്‍ ഈ മണ്‌ഡലത്തില്‍നിന്ന്‌ ലഭിച്ചിട്ടുണ്ട്‌. 2006-ലെ തെരഞ്ഞെടുപ്പില്‍ വോട്ടുമറച്ചിട്ടും ബി.ജെ.പി.ക്ക്‌ 4384 വോട്ടുകള്‍ നേടാനായിട്ടുണ്ട്‌. മണ്‌ഡലത്തിലെ പുതുപ്പരിയാരം, മലമ്പുഴ, പുതുശ്ശേരി പഞ്ചായത്തുകളില്‍ ബി.ജെ.പി.ക്ക്‌ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. നാലക്കം തികയാത്ത മണ്‌ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പൊരുതുന്ന ബി.ജെ.പി. മലമ്പുഴയില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്‌ ഒട്ടും യാദൃഛികമല്ല. ഡല്‍ഹിയില്‍ ആസൂത്രണം ചെയ്‌ത കപട നാടകത്തിന്റെ ദുരൂഹതകളാണ്‌ ഇത്‌ തുറന്നുവിടുന്നത്‌. പി.ബി.യും അച്യുതാനന്ദനും അറിയുന്ന ഈ കളിയില്‍ പിണറായി വിജയന്റെ റോള്‍ എന്താണെന്നുമാത്രമാണ്‌ ഇനി അറിയാനുള്ളത്‌.