Tuesday, December 21, 2010

മഞ്ഞളാംകുഴി അലി: ഇനിയും ബോംബുകളുണ്ട്‌


പ്രവാസവും സിനിമയും രാഷ്‌ട്രീയവും ഇഴചേര്‍ന്നതാണ്‌ മഞ്ഞളാംകുഴി അലിയുടെ ജീവിതം രാഷ്‌ട്രീയ രംഗത്തെത്തിയത്‌ ആകസ്‌മികമാണെങ്കിലും, ജീവിതത്തിലെ ഏറ്റവും വലിയ കാന്‍വാസ്‌ രാഷ്‌ട്രീയമാണെന്ന്‌ അനുഭവം കൊണ്ട്‌ അലി പഠിച്ചു. ആ കാന്‍വാസിലെ അരൂപികളെക്കുറിച്ചും ദയാരഹിതമായ ഏകാധിപത്യത്തെക്കുറിച്ചും അദ്ദേഹം മനസ്സു തുറക്കുന്നു.


54 കൊല്ലം പാര്‍ട്ടിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച രാജേന്ദ്രന്‍ മാഷോട്‌ ഒരിറ്റു ദയ കാണിക്കാത്ത പാര്‍ട്ടിയാണ്‌ സി.പി.എം. മലപുറം ജില്ലയില്‍ പാര്‍ട്ടികെട്ടിപ്പടുത്തത്‌ മാഷുടെ ജീവിതം കൊണ്ടായിരുന്നു. അദ്ദേഹം മരണക്കിടക്കയിലായപ്പോഴും ഒരു നേതാവും കാണാനെത്തിയില്ല. അഴിമതിയോട്‌ രാജിയാവാത്തതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റപത്രം ഒടുവില്‍ മരണത്തിനു കീഴടങ്ങും മുമ്പ്‌ രാജേന്ദ്രന്‍ മാഷ്‌ എന്നോട്‌ നടത്തിയ ഒരഭ്യര്‍ത്ഥന; ഇനിയൊരിക്കലും സി.പി.എമ്മിനു വേണ്ടി മത്സരിക്കരുതെന്നായിരുന്നു. മലപ്പുറത്ത്‌ വി.എസ്‌. വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു ഭക്ഷണം. മലപ്പുറം സമ്മേളനത്തിന്റെ മൂന്ന്‌ ദിവസവും അദ്ദേഹം താമസിച്ചത്‌ എന്റെ കൂടെയാണ്‌. അതുകൊണ്ടാവാം ഔദ്യോഗിക പക്ഷത്തിന്‌ ഞാന്‍ അനഭിമതനായത്‌. വി.എസിന്റെ കടുംപിടുത്തത്തിനുള്ളിലും ഒരു നൈര്‍മല്ല്യമുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. അബ്‌ദുല്ലക്കുട്ടിയും, കെ.എസ്‌. മനോജുമെല്ലാം വി.എസ്‌. പക്ഷക്കാരായി നിലകൊണ്ട പാര്‍ട്ടിക്കാരാണ്‌. ഞാന്‍ മുസ്‌ലിംലീഗില്‍ ചേരുകയാണെന്ന്‌ അറിയിച്ചപ്പോഴും അബ്‌ദുല്ലക്കുട്ടിയും മനോജും പാര്‍ട്ടിവിടുകയാണെന്ന്‌ അറിഞ്ഞപ്പോഴും വി.എസ്‌. അരുതെന്ന്‌ പറഞ്ഞിട്ടില്ല. ഞങ്ങളെ വിലക്കിയിട്ടുമില്ല.

രാഷ്‌ട്രീയ പ്രവര്‍ത്തകനാവുകയെന്നത്‌ ഒരിക്കലും ഞാന്‍ തെരഞ്ഞെടുത്ത വഴിയല്ല. ആകസ്‌മിതയോടെ വന്നുചേര്‍ന്നതാണ്‌. സിനിമയും നാടകവും സ്വപ്‌നം കണ്ടു നടന്ന ഇടതു സഹയാത്രികനായിരുന്നു ഞാന്‍. ചെറുപ്പകാലത്ത്‌ വായനയും സാംസ്‌കാരിക പ്രവര്‍ത്തനവുമൊക്കെ ഇടതു പക്ഷക്കാര്‍ക്കു മാത്രമാണെന്ന ഒരു ചിന്ത വേരുന്നിയിരുന്നു. അക്കാലത്ത്‌ അതൊരു ഫാഷനായി കണ്ടിരുന്നുവെന്ന്‌ വേണെമെങ്കില്‍ പറയാം. കലാകാരന്മാരും കലാബോധമുള്ളവരുമെല്ലാം ഇടതുപക്ഷത്തു തന്നെ നില്‍ക്കണമെന്നതായിരുന്നു അക്കാലത്തെ ഒരു രീതി. എന്റെ കുടുംബം ഭൂപരിഷ്‌കരണത്തിന്റെ ഗുണം ലഭിച്ച കുടുംബങ്ങളിലൊന്നാണ്‌. അതിന്റെ ഒരു തുടര്‍ച്ചയാവണം എന്റെ പിതാവും ഇടതുപക്ഷ സഹയാത്രികനായിരുന്നു. ഒരിക്കലും അദ്ദേഹം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്നില്ല.

ഇടതുപക്ഷം ഒരു ഫാഷനായി മാറിയ അറുപതുകളിലാണ്‌ ഞാന്‍ ഇടത്തോട്ട്‌ ചായുന്നത്‌. അന്നത്തെ നേതാക്കളുടെ ലാളിത്യവും സ്വഭാവ ശുദ്ധിയും പ്രതിബദ്ധതയുമെല്ലാം ഞാനുള്‍പ്പെടെയുള്ള അന്നത്തെ തലമുറയെ കമ്മ്യൂണിസ്റ്റ്‌ പക്ഷത്തേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ സ്വഭാവ ശുദ്ധിയും പ്രതിബദ്ധതയുമുള്ള നേതാക്കള്‍ സി.പി.എമ്മിനകത്തില്ല. സി.പി.എം നേതാക്കളിപ്പോള്‍ ജന്മിമാരും പ്രവര്‍ത്തകന്മാര്‍ കൂടിയാന്മാരുമാണ്‌. അത്രധിക്കാരവും അഹങ്കാരവുമാണ്‌ ഓരോ നേതാവിനുമുള്ളത്‌. നൂറുതെരഞ്ഞെടുപ്പില്‍ തോറ്റാലും സി.പി.എം പഠിക്കാന്‍ പോവുന്നില്ല. അവര്‍ ജീവിക്കുന്നത്‌ മറ്റൊരു ലോകത്തിലാണ്‌.

പ്രവാസവും സിനിമയും
1971ല്‍ തുടങ്ങിയതാണ്‌ പ്രവാസ ജീവിതം 85 വരെ അതു തുടര്‍ന്നു. പിന്നെ ഇടക്ക്‌ പോക്കും വരവുമായി. പ്രവാസിയായിരുന്ന ഞാന്‍, പ്രവാസിമലയാളികളെക്കുറിച്ച്‌ എന്നും അഭിമാനം കൊള്ളാറുണ്ട്‌. നല്ല രാഷ്‌ട്രീയ ബോധമുള്ളവരാണ്‌ പ്രവാസികള്‍. അവര്‍ കാണുന്ന ലോകത്തിന്റെ വേഗത നമ്മുടെ നാടിനു കൈവരുന്നില്ലല്ലോ എന്ന്‌ ദുഃഖിക്കുന്നവരാണവര്‍. നാട്ടിലെ സിസ്റ്റങ്ങളോട്‌ അവര്‍ക്കുള്ള മതിപ്പുകുറവ്‌ വിമര്‍ശനാതുകമാവുമ്പോള്‍ അവര്‍ അരാഷ്‌ട്രീയ വാദികളാണെന്ന്‌ നാം തെറ്റിദ്ധരിക്കാറുണ്ടെന്നു മാത്രം. യൂറോപ്പും മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളും ഇവിടെത്തേക്കാള്‍ പത്തിരിട്ടി വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇവിടെ കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതാണ്‌ പ്രവാസികളെ ദുഃഖിപ്പിക്കുന്നത്‌. ഗള്‍ഫ്‌ നാടുകളില്‍ കഴിയുന്നവര്‍ പ്രത്യേകിച്ച്‌ രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയ നേതൃത്വത്തെയും വളരെ ആദരവോടെ കാണുന്നവരാണ്‌.
86ല്‍ എ.ടി. അബുവിനു വേണ്ടി ധ്വനി എന്ന സിനിമ നിര്‍മ്മിച്ചാണ്‌ ഞാന്‍ സിനിമാ വ്യവസായത്തിലേക്കിറങ്ങിയത്‌. ദ കിംഗ്‌ ആയിരുന്നു ഏറ്റവും ഹിറ്റായ സിനിമ.

മുനീറും ഞാനും
96ല്‍ മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന്‌ മത്സരിക്കാന്‍ ആളെക്കിട്ടാത്ത കാലത്താണ്‌ മക്കയില്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന നടക്കുന്നത്‌. പരാജയപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത സീറ്റ്‌ മുസ്‌ലിംലീഗിന്റെ കോട്ടയായ മണ്‌ഡലം. നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. പിന്നെ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളായി. ജില്ലാ നേതാക്കള്‍ ബന്ധപ്പെട്ടപ്പോള്‍ മത്സരം പേടിച്ച്‌ ഞാന്‍ മദ്രാസിലേക്ക്‌ മുങ്ങി. ഒടുവില്‍ എന്റെ അദ്ധ്യാപകനും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന രാജേന്ദ്രന്‍ മാസ്റ്ററുടെ നിര്‍ബന്ധത്തിനു മുന്നില്‍ ഞാന്‍ വഴങ്ങുകയായിരുന്നു. ആ വാക്കുകള്‍ തട്ടാന്‍ എനിക്കു വകയായിരുന്നു. തോല്‍വി ഉറപ്പുള്ളതിനാല്‍ 96ല്‍ മത്സരിക്കുമ്പോള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ജനങ്ങളോട്‌ ഇടപഴകാനറിയാത്ത ഞാന്‍ എങ്ങിനെയാണ്‌ ജയിക്കാന്‍ മത്സരിക്കുക?

ഞാന്‍ മങ്കട മണ്‌ഡലം ആദ്യമായി കാണുകയാണ്‌. അവിടത്തെ ജനങ്ങളെക്കുറിച്ചോ ആളുകളുടെ പ്രാരാബ്‌ദ്ധങ്ങളെക്കുറിച്ചോ ഒരു ധാരണയുമുണ്ടായിരുന്നില്ല. സിനിമാ ഷൂട്ടിംഗ്‌ പോലെയാണ്‌ ഞാന്‍ തെരഞ്ഞെടുപ്പിനെ സങ്കല്‍പ്പിച്ചത്‌. എന്നാല്‍ രംഗത്തിറങ്ങിയപ്പോഴാണ്‌ അതി കഠിനമായ മനുഷ്യന്റെ വേദനകളും പ്രാരാബ്‌ധങ്ങളും ദുഃഖങ്ങളും നേരിട്ടു മനസ്സിലാക്കാനായത്‌. രാഷ്‌ട്രീയമായി ഒരു ധാരണയിമില്ലാത്ത എനിക്ക്‌ ജനങ്ങള്‍ക്കു നല്‍കാന്‍ ഒരു വിഭാഗം മാത്രമാണുണ്ടായിരുന്നത്‌. തോറ്റാലും ജനങ്ങളോട്‌ പാലിക്കുന്നു.

മൂര്‍ക്കനാട്‌ പഞ്ചായത്തിലെ ഒരു കുന്നിന്‍ മുകളില്‍ വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞ ഒരു കാന്‍സര്‍ രോഗിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ വോട്ട്‌ ചോദിച്ച്‌ എത്തിയപ്പോള്‍ ആ സ്‌ത്രീ ജീവിത ദുരിതങ്ങളുടെ കെട്ടഴിച്ചു. മരിക്കും മുമ്പ്‌ എനിക്ക്‌ കറണ്ട്‌ തര്വോ എന്നായിരുന്നു അവരുടെ ചോദ്യും. നെഞ്ചു പിളര്‍ക്കുന്ന ആ ചോദ്യത്തിനാണ്‌ ജയിച്ച ഉടനെ ഞാന്‍ ഉത്തരം നല്‍കിയത്‌. നൂറ്‌ വൈദ്യുതി പോസ്റ്റ്‌ വേണ്ടിയിരുന്നു ആ കുന്നിന്‍ മുകളിലേക്ക്‌ കറന്റ്‌ നല്‍കാന്‍. എന്നിട്ടും ഞാനാദ്യം ആ സ്‌ത്രീയോട്‌ വാക്ക്‌ പാലിച്ചു. മരിക്കും മുമ്പ്‌ അവരുടെ വീട്ടില്‍ ബള്‍ബ്‌ തെളിഞ്ഞു.

മൂന്നാം തവണ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചതായിരുന്നില്ല. ജനങ്ങള്‍ തീരുമാനിച്ചതായിരുന്നു. ഞാന്‍ അഭിപ്രായം പറയും മുമ്പ്‌ തന്നെ മങ്കടയിലുടനീളം ബോര്‍ഡെഴുത്ത്‌ തുടങ്ങിയിരുന്നു. നിയമസഭയില്‍ വെച്ച്‌ തന്നെ മുനീറിനെകാണാറുണ്ട്‌. സി.എമ്മിന്റെ മകന്‍ എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും പ്രത്യേക ആദരവുണ്ടായിരുന്നു. മങ്കടയില്‍ മുനീര്‍ വരുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം അദ്ദേഹം വിളിച്ചുപറഞ്ഞു. പാര്‍ട്ടി എന്നെയാണ്‌ മങ്കടയിലേക്ക്‌ നിയോഗിക്കുന്നത്‌. അപ്പോഴേക്കും ഞാന്‍ പ്രവര്‍ത്തനത്തില്‍ ഒരു പാട്‌ മുന്നോട്ട്‌ പോയിരുന്നു. മുനീര്‍ ഒരിക്കലും വരരുതേ എന്നായിരുന്നു പിന്നെ എന്റെ പ്രാര്‍ത്ഥന. കാരണം മുനീറിനേപ്പോലുള്ളവര്‍ നിയമസഭയിലുണ്ടാവണം എന്ന്‌ ആഗ്രഹിച്ചതിനാലാണത്‌.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ അവിടെ ഒരു പോസ്റ്റര്‍ ഇറക്കിയിരുന്നു. സി.എച്ചിന്റെ പിറകില്‍ എത്തിനോക്കുന്ന കുഞ്ഞു മുനീറിന്റെ ഫോട്ടോ ആയിരുന്നു അതില്‍. എന്റെ ഭാര്യ ആ ഫോട്ടോ കണ്ടുപറഞ്ഞു. മുനീര്‍ തോല്‍ക്കരുതായിരുന്നു. നീങ്ങള്‍ ജയിക്കുകയും വേണം. എന്റെ ഭാര്യ മാത്രമല്ല മങ്കടയില്‍ എനിക്ക്‌ വോട്ട്‌ ചെയ്‌ത ഒട്ടുമിക്ക സ്‌ത്രീകളും അങ്ങിനെ തന്നെ ചിന്തിച്ചിരുന്നു. വോട്ട്‌ ചെയ്‌ത ശേഷം പലരും എന്നോട്‌ പറഞ്ഞു. മുനീറിനെതിരെ വോട്ട്‌ ചെയ്‌തതില്‍ വലിയ ദുഃഖമുണ്ടെന്ന്‌. പുഴക്കാട്ടിരി പഞ്ചായത്തിലെ പ്രായമുള്ള സ്‌ത്രീ എന്നോട്‌ പറഞ്ഞു. മുനീറിനെതിരെ വോട്ട്‌ ചെയ്‌തതിന്റെ സങ്കടം മനസ്സില്‍ നിന്ന്‌ മാറുന്നില്ലെന്ന്‌. മുനീറിനെ തോല്‍പിച്ചതില്‍ ഞാന്‍ ഒരിക്കലും സന്തോഷിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു ശേഷം തിരുവനന്തപുരത്ത്‌ മുനീറുള്ളപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. ഹോട്ടലിലെ ലിഫ്‌റ്റില്‍ കയറി 6ാം നിലയിലേക്കെന്ന്‌ പറഞ്ഞപ്പോള്‍ ലിഫ്‌റ്റ്‌ ഓപ്പറേറ്ററായ കുട്ടി എന്റെ മുഖത്തേക്ക്‌ കുറേ നേരം നോക്കിയിട്ട്‌ പറഞ്ഞു. സര്‍, ആ ഫ്‌ളോറില്‍ എം.കെ. മുനീറുണ്ട്‌. അവന്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ മുനീറിനെ കാണാനാണ്‌ പോവുന്നതെന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു.

മുനീറിന്റെ മുറിയില്‍ ഞങ്ങള്‍ കുറേനേരം ഇരുന്നു. അദ്ദേഹം ഈ മത്സരത്തെ വളരെ സ്‌പോര്‍ട്‌സമാന്‍ സ്‌പിരിറ്റിലാണെടുത്തതെന്ന്‌ എനിക്ക്‌ ബോധ്യമായി. പഴയ സ്‌നേഹം അപ്പോഴും മുനീറിന്റെ മനസ്സിലുണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ അറിവ്‌; രാഷ്‌ട്രീയം മാത്രമാണ്‌ ഏറ്റവും വലിയ കാന്‍വാസ്‌ എന്നതായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും ബുദ്ധി ജീവികളുമെല്ലാം അവര്‍ ബന്ധപ്പെടുന്ന ഒരു ചുറ്റുവട്ടത്തിനും ചട്ടക്കൂട്ടിനും പുറത്തേക്കു വളരുന്നില്ല. എന്നാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ മാത്രമാണ്‌ അതി വിസ്‌തൃതമായ മേഖലയുള്ളത്‌. ജനങ്ങള്‍ക്ക്‌ വേണ്ടി സേവനം ചെയ്യാന്‍ രാഷ്‌ട്രീയം പോലെ മറ്റൊരു വഴിയില്ലെന്നതാമ്‌ ജീവിതം എനിക്കു തന്ന വലിയപാഠം. രാഷ്‌ട്രീയമൊഴികെ മറ്റെല്ലാം ചെറിയ കാന്‍വാസുകള്‍ മാത്രമാണെന്നതാണു നേര്‌.

തങ്ങളില്ലല്ലോ എന്ന ദുഃഖം
മലപ്പുറത്ത്‌ ശിഹാബ്‌ തങ്ങളോടൊപ്പം ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെ മുനീര്‍ പറഞ്ഞു. `തങ്ങളെ അലിയോട്‌ ഇങ്ങോട്ട്‌ വരാന്‍ പറ, നിങ്ങള്‍ വിളിച്ചാല്‍ അലി ഇങ്ങോട്ട്‌ പോരും.' കുഞ്ഞാലിക്കുട്ടിയും വേദിയിലുണ്ട്‌. തങ്ങള്‍ ഒരു ചിരിമാത്രം, മറുപടിയായി തന്നു. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. തങ്ങളുമായി നല്ല അടുപ്പം എന്നും സൂക്ഷിച്ചിരുന്നു. ഇടക്ക്‌ തങ്ങളെ കാണാന്‍ പാണക്കാട്ട്‌ പോവുമ്പോഴും ആ നിര്‍മ്മല്‍ സാന്നിദ്ധ്യം മനസ്സിന്‌ പകര്‍ന്നത്‌ അതിരുകളില്ലാത്ത ആശ്വാസമായിരുന്നു. ഇപ്പോള്‍ ഒരു മുസ്‌ലിംലീഗുകാരനായി മാറിയ എനിക്ക്‌ ഒരു ദുഃഖമേയുള്ളൂ. ശിഹാബ്‌ തങ്ങളുടെ ജീവിതകാലത്ത്‌ പാര്‍ട്ടിയിലേക്ക്‌ വരാന്‍ കഴിഞ്ഞില്ലല്ലോ..

എന്റെ കുടുംബം പഴയ കൃഷിക്കാരാണ്‌. പിതാവ്‌ വലിയ കൃഷിക്കാരനായിരുന്നു. മമ്പുറം തങ്ങള്‍ വാളും പരിചയുംതന്ന്‌ ആദരിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്‌. പൂക്കോയതങ്ങളുമായി എന്റെ പിതാവിന്‌ അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികരായി നില്‍ക്കുമ്പോഴും ആ ബന്ധത്തിന്‌ ഒരു കുറവുമുണ്ടായിരുന്നില്ല. ശിഹാബ്‌ തങ്ങളുടെ കാലത്തും ആ ബന്ധം തുടര്‍ന്നു.

ഡൈനാമിക്‌ ലീഡര്‍
മുസ്‌ലിംലീഗിനെ ഇത്ര ഡൈനാമിക്‌ ആക്കിയതില്‍ കുഞ്ഞാലിക്കുട്ടിക്ക്‌ വലിയ പങ്കുണ്ട്‌. വളരെ പെട്ടെന്ന്‌ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്‌. കേരളത്തിലെ ഏറ്റവും ഇന്റലിജന്റ്‌ ആയ നേതാക്കളിലൊരാളാണ്‌ അദ്ദേഹം. ഇ.എം.എസിനെയും കെ. കരുണാകരനെയും പോലെ നിരവധി സിദ്ധികള്‍ കുഞ്ഞാലിക്കുട്ടിക്കുണ്ട്‌. പ്രശ്‌നങ്ങള്‍ ലഘുകരിക്കാനും വിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കാനുമുള്ള അദ്ദേഹത്തിന്റെ പാടവം പ്രശംസനീയമാണ്‌. ഇതുവരെ ഞാന്‍ പുറത്തു നിന്ന്‌ നിരീക്ഷിക്കുക മാത്രമായിരുന്നു. ഇപ്പോള്‍ അദ്ദേഹം എന്റെ നേതാവാണ്‌.

വി.എസ്‌. ആരെയും വിലക്കിയില്ല
നിയമസഭയിലെത്തുമ്പോള്‍ എനിക്കൊട്ടും താല്‍പര്യമില്ലാത്ത നേതാവായിരുന്നു. വി.എസ്‌. അച്യുതാനന്ദന്‍. എന്നാല്‍ പിന്നീട്‌ അച്യുതാനന്ദനെ കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കടുംപിടുത്തത്തിനപ്പുറം ഒരു നൈര്‍മല്ല്യമുള്ള മനസ്സുണ്ടെന്ന്‌ എനിക്ക്‌ ബോധ്യമായി. സി.പി.എം നേതാക്കളില്‍ കാണാത്ത പലഗുണങ്ങളും അദ്ദേഹത്തില്‍ എനിക്കു കാണാന്‌ കഴിഞ്ഞിട്ടുണ്ട്‌. ആ അടുപ്പമാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ അരിശത്തിനു കാരണമായത്‌. മലപ്പുറത്ത്‌ വരുമ്പോഴൊക്കെ വി.എസ്‌. എന്റെ വീട്ടില്‍ വരും. ഭക്ഷണത്തിന്‌ ചില ചിട്ടകളുണ്ട്‌. അതൊക്കെ അറിയാവുന്ന ആളെന്ന നിലക്ക്‌ എന്റെ വീട്ടില്‍ തന്നെ ഭക്ഷണത്തിനെത്തും. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച്‌ മൂന്ന്‌ ദിവസവും വി.എസ്‌. എന്റെ വീട്ടിലാണ്‌ താമസിച്ചത്‌. അങ്ങിനെയാണ്‌ ഞാന്‍ വി.എസ്‌. ഗ്രൂപ്പുകാരനായി ടാര്‍ഗറ്റ്‌ ചെയ്യപ്പെട്ടത്‌. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. പാര്‍ട്ടിയില്‍ അദ്ദേഹത്തോടൊപ്പം നിന്നവരായിരുന്നു അബ്‌ദുല്ലക്കുട്ടിയും കെ.എസ്‌. മനോജുമൊക്കെ, അവര്‍ പാര്‍ട്ടിയില്‍ നിന്ന്‌ പടിയിറങ്ങിയപ്പോഴും വി.എസ്‌. വിലക്കിയില്ല. ഞാന്‍ മുസ്‌ലിംലീഗില്‍ ചേരുകയാണെന്ന്‌ വി.എസിനോട്‌ പറഞ്ഞു. അപ്പോഴും അരുതെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞിട്ടില്ല.

ദയയില്ലാത്തവരുടെ പാര്‍ട്ടി
രാജേന്ദ്രന്‍ മാഷെന്ന വലിയ കമ്മ്യൂണിസ്റ്റ്‌ നേതാവാണ്‌ എന്നെ സി.പി.എം അനുഭാവിയാക്കിയത്‌. സി.പി.എമ്മില്‍ നിന്ന്‌ പുറത്തുകടക്കാന്‍ എന്നെ ഉപദേശിച്ചതും ഇതേ രാജേന്ദ്രന്‍ മാഷാണ്‌. നായനാര്‍ സെക്രട്ടറിയായിരുന്ന പഴയ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയില്‍ അംഗമായിരുന്നു മാഷ്‌. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തലമായിരുന്നു. ലാളിത്യവും ത്യാഗവും നിറഞ്ഞതായിരുന്നു മാഷുടെ ജീവിതം ജന്മിമാരുടെ കുടുംബത്തിലാണ്‌ ജനിച്ചത്‌. എന്നിട്ടും എല്ലാം പാര്‍ട്ടിക്കു നല്‍കി ഒന്നും സ്വന്തമാക്കാതെ ജീവിച്ച മനുഷ്യന്‍. ഇ.എം.എസ്‌. ആസ്‌പത്രിയുമായി ബന്ധപ്പെട്ട്‌ നടന്ന വന്‍ അഴിമതിയെ മാഷ്‌ ചോദ്യം ചെയ്‌തതോടെയാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണിലെ കരടായത്‌. പാര്‍ട്ടി നേതൃത്വം രാജേന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ തിരിഞ്ഞു. ഒടുവില്‍ 2008ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി. ഈ ദുഃഖം മാഷിന്‌ താങ്ങാവുന്നതിലപ്പുറമായിരുന്നു. പാര്‍ട്ടി മുന്‍കാലങ്ങളില്‍ നിലകൊണ്ട ഓരോ നിലപാടും പുത്തന്‍ കുറ്റുകാര്‍ കശക്കിയെറിയുന്നത്‌ കണ്ടുനില്‍ക്കാനാവാതെ അദ്ദേഹം രോഗബാധിതനായി. പിന്നീട്‌ ഒരു വര്‍ഷം മാത്രമെ അദ്ദേഹം ജീവിച്ചുള്ളു. രോഗ ശയ്യയില്‍ മരണത്തോട്‌ മുഖാമുഖം നില്‍ക്കുമ്പോഴും ഒരു സി.പി.എം നേതാവും അദ്ദേഹത്തെ സന്ദര്‍ശിക്കുക പോലുമുണ്ടായില്ല. ഇത്‌ മാഷെ മാത്രമല്ല എന്നെയും ഏറെ ദുഃഖപ്പിച്ചിരുന്നു. ഇനിയൊരിക്കലും സി.പി.എമ്മിനു വേണ്ടി മത്സരിക്കരുതെന്ന്‌ മാഷ്‌ അന്ന്‌ എന്നോട്‌ പറഞ്ഞു. തനിക്ക്‌ ഒരു പാട്‌ പ്രതീക്ഷയുണ്ടായിരുന്ന പാര്‍ട്ടി ഇന്ന്‌ ഒരു പറ്റം fuedel പ്രഭുക്കളാണ്‌ ഭരിക്കുന്നതെന്ന്‌ അദ്ദേഹം വ്യസനത്തോടെ പറഞ്ഞു. പാര്‍ട്ടിയുടെ ഈ വീഴ്‌ച നന്നായി തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം.

രാജേന്ദ്രന്‍ മാഷ്‌ മരിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ ഞാന്‍ മനസ്സുകൊണ്ട്‌ ഉറപ്പിച്ചിരുന്നു. 54 കൊല്ലം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച മാഷിന്‌ ദയകൊടുക്കാത്ത ഒരു പ്രസ്ഥാനത്തോട്‌ ജനങ്ങളോട്‌ എങ്ങനെ ദയ കാണിക്കാനാവും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്‌. സത്യസന്ധനായ രാജേന്ദ്രന്‍ മാഷെ പാര്‍ട്ടിക്കു വേണ്ട. എന്നാല്‍ ഏറ്റവും വലിയ മാഫിയകളെ പാര്‍ട്ടി പാലൂട്ടുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ പലനേതാക്കളും ഒളിവില്‍ കഴിഞ്ഞത്‌ രാജേന്ദ്രന്‍ മാസ്റ്ററുടെ വീട്ടിലായിരുന്നു. അത്തരമൊരു സിമ്പതിയും പാര്‍ട്ടി അദ്ദേഹത്തോട്‌ കാണിച്ചില്ല. അതെന്നെ വല്ലാതെ ഉലച്ചു. എന്റെ നിലപാടു മാറ്റത്തിന്‌ ഏറ്റവും വലിയ കാരണം ഈ സംഭവം തന്നെയാണ്‌.


ജന്മിമാരും കൂടിയാന്മാരും
സി.പി.എമ്മില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ നേതാക്കളല്ല.
fuedel പ്രഭുക്കളാണ്‌. അവരുടെ ആജ്ഞാനുവര്‍ത്തികളായ ദാസന്മാരായി പ്രവര്‍ത്തകര്‍ നിന്നുകൊള്ളണമെന്ന നിര്‍ബന്ധമാണ്‌ നേതാക്കള്‍ക്കുള്ളത്‌. നേതാക്കള്‍ ജീവിക്കുന്നത്‌ ആകാശത്താണ്‌. ഭൂമിയില്‍ വേരുള്ള ഒരു നേതാവും ഇപ്പോള്‍ ആ പാര്‍ട്ടിക്കുള്ളിലില്ല. ഒരു തോല്‍വികൊണ്ടും സി.പി.എം പഠിക്കാന്‍ പോവുന്നില്ല. എന്നിട്ടും അടിത്തറ ഭദ്രമാണെന്ന്‌ പറയുന്ന പിണറായി കേരളം കണ്ട ഏറ്റവും വലിയ അഹങ്കാരിയാണ്‌. തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയാല്‍ പാര്‍ട്ടിയില്‍ ഒരാളും അവശേഷിക്കില്ലെന്നുറപ്പാണ്‌. മാനവികതക്കു വേണ്ടിയായിരുന്നു ഒരു കാലത്ത്‌ കമ്മ്യൂണിസ്റ്റുകാര്‍ നിലകൊണ്ടിരുന്നത്‌. ഇപ്പോള്‍ ഒരിറ്റു ദയപോലും അവരുടെ ഉള്ളില്‍ ബാക്കിയില്ല. സി.പി.എം നേതാക്കളിപ്പോള്‍ മോഡേണ്‍ ഇടനിലക്കാരാണ്‌. എല്ലാവര്‍ക്കും സ്വന്തമായ അജണ്ട മാത്രമാണുള്ളത്‌. പഴയ നേതാക്കള്‍ തെറ്റു പറ്റിയാല്‍ അതു തിരുത്താന്‍ തയ്യാറായിരുന്നു. ഇപ്പോള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ സി.പി.എം നേതാക്കള്‍. എടോ ഗോപാലകൃഷ്‌ണനും, നികൃഷ്‌ട ജീവിയും കീടവുമെല്ലാം പിണറായിയുടെ സംസ്‌കാരം വെളിപെടുത്തുകയാണ്‌. പഴയ നേതാക്കളുടെ ശരീരഭാഷക്കും ലാളിത്യവും ഒതുക്കവും വിനയവുമുണ്ടായിരുന്നു. ഇപ്പോഴത്തെ സി.പി.എം നേതാക്കളുടെ ശരീര ഭാഷപോലും ഏകാധിപതികളുടേതാണ്‌.

ചൊവ്വയില്‍ ജീവിക്കുന്ന നേതാക്കള്‍
ലോകം കാണുകയോ ലോകത്തിന്റെ വളര്‍ച്ച അറിയുകയോ ചെയ്യാത്ത കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ജീവിതത്തെക്കുറിച്ച്‌ ഒരു വിഷനും ഇല്ല. അവര്‍ക്ക്‌ ലോകത്തിന്‌ കൊടുക്കാനും ഒന്നിമില്ല. ബിനോയ്‌ വിശ്വത്തെ പോലുള്ള മന്ത്രിമാര്‍ ചൊവ്വയില്‍ ജീവിക്കേണ്ടവരാമ്‌. അവര്‍ക്ക്‌ ഈ ഭൂമിയില്‍ നടക്കുന്നതെന്താണെന്ന്‌ പോലും ഒരു നിശ്ചയവുമില്ല. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒരടി മുന്നോട്ട്‌ പോവാനാവില്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന വാദം സത്യമാകുന്നത്‌ അവര്‍ക്ക്‌ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതിനാലാണ്‌. ലോകത്തിന്റെ മാറ്റം അവര്‍ മാത്രമാണ്‌ അറിയാത്തത്‌. ഇനിയൊരിക്കലും ഇന്ത്യയിലൊരു വിപ്ലവത്തിന്‌ സ്‌കോപ്‌ ഇല്ലെന്ന്‌ അവര്‍ മനസ്സിലാക്കുന്നില്ല. മുന്നോട്ട്‌ പോവാനോ തിരിച്ചു നടക്കാനോ കഴിയാത്ത ആശയ പ്രതിസന്ധിയിലാണ്‌ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അകപ്പെട്ടിരിക്കുന്നത്‌.

സി.പി.എമ്മിനകത്ത്‌ കടുത്ത വര്‍ഗ്ഗീയതയുണ്ട്‌. സാമുദായികതയുണ്ട്‌. ന്യൂനപക്ഷ ജനവിഭാഗങ്ങളെ സി.പി.എം ഇപ്പോഴും പുഛത്തോടെയാമ്‌ കാണുന്നത്‌. പല മുസ്‌ലിം ഗ്രൂപ്പുകളും സി.പി.എമ്മിനോട്‌ വിടപറയുന്നത്‌ ഈ അവജ്ഞ അനുഭവിക്കുന്നതിലാണ്‌. ഐഷാപോറ്റിയും മോനായിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിനെക്കുറിച്ച്‌ പാര്‍ട്ടി നടത്തിയ പ്രസ്‌താവന മതങ്ങളോടുള്ള വെറുപ്പ്‌ ബോധ്യപ്പെടുത്തുന്നതാണ്‌. മതത്തെക്കുറിച്ച്‌ നിയമസഭയില്‍ തോമസ്‌ ഐസക്‌ നടത്തിയ പരാമര്‍ശം സി.പി.എമ്മിന്‌ മതവിശ്വാസികളോടുള്ള നിലപാട്‌ വ്യക്തമാക്കുന്നതാണ്‌. മത വിശ്വാസികള്‍ക്ക്‌ ഒരിക്കലും കമ്മ്യൂണിസ്റ്റാവാന്‍ കഴിയില്ലെന്ന്‌ എന്നെ ബോധ്യപ്പെടുത്തിയത്‌ തോമസ്‌ ഐസക്കാണ്‌.


അതുകൊണ്ട്‌ ഞാന്‍ മുസ്‌ലിംലീഗായി
മുസ്‌ലിംമായത്‌ കൊണ്ട്‌ കേരളത്തില്‍ ഒരു അവഗണനയും ഞാന്‍ നേരിട്ടിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌. എന്നാല്‍ മറ്റൊരിടത്തും കാണാത്ത ഒരഭിമാന ബോധം മലയാളി മുസ്‌ലിംമിനുണ്ട്‌. അത്‌ മുസ്‌ലിംലീഗ്‌ നല്‍കിയ സംഭാവനയാണെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഞാന്‍ ലീഗില്‍ ചേരാന്‍ തീരുമാനിച്ചത്‌.

എം.എല്‍.എ ആകാനോ മന്ത്രിയാകാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി ഒരു പാര്‍ട്ടി മാറ്റത്തിന്റെ ആവശ്യവുമില്ല. വലിയ നേതാവാകണമെന്നും ആഗ്രഹമില്ല. നേതാക്കള്‍ക്കിടയില്‍ മാന്യമായൊരു അംഗീകാരം, ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ അതു മാത്രമെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളു.

Friday, September 17, 2010

ഉപ്പാ എന്ന നിലവിളി





നെഞ്ച്‌ പിളര്‍ക്കുന്ന ആ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഉപ്പയുടെ ചേതനയറ്റ ശരീരത്തിന്‌ മുന്നില്‍ ആറുവയസ്സുകാരന്റെ നിര്‍ത്താതെയുള്ള നിലവിളി. ആശ്വാസ വാക്കുകളുടെ തടയണയില്‍ കെട്ടിനിര്‍ത്താനാവാതെ കവിഞ്ഞൊഴുകുന്ന കണ്ണീര്‍പുഴ; നിസ്സഹായരാവുന്ന ബന്ധുക്കള്‍. ഏങ്ങലുകള്‍ തൊണ്ടയില്‍ തടഞ്ഞ്‌ വീര്‍പ്പുമുട്ടിയ ജനക്കൂട്ടം. നിര്‍ത്താതെ കരയുന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന്‌ നൂറുകണക്കിനാളുകള്‍ അവസാന നോട്ടത്തിനായി വരിയായി നില്‍ക്കുന്നു.

പെരുന്നാള്‍ ആഹ്ലാദം കെട്ടടങ്ങുംമുമ്പാണ്‌ ജിദ്ദയില്‍നിന്ന്‌ ആ വാര്‍ത്ത വന്നത്‌. തടായില്‍ മുഹമ്മദ്‌ മരണപ്പെട്ടിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ്‌ കിടന്നതാണ്‌. പിന്നെ, എഴുന്നേറ്റതേയില്ല. എത്ര സ്വപ്‌നങ്ങളാണ്‌ ആ മനസ്സില്‍ നിറച്ചുവച്ചിട്ടുണ്ടാവുക. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം നാട്ടിലേക്കുള്ള യാത്ര. പണിതീര്‍ന്ന വീട്ടില്‍ ആഘോഷത്തോടെയുള്ള താമസം. ഭാര്യ, കുട്ടികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍.... പ്രവാസിയുടെ മനസ്സില്‍ വിങ്ങലായി നില്‍ക്കുന്ന ബന്ധങ്ങള്‍.

സ്വപ്‌നങ്ങള്‍ പാറക്കെട്ടില്‍ തകര്‍ന്നുവീഴാന്‍ ഇത്തിരിനേരം മതിയല്ലോ എന്ന ആവര്‍ത്തനമായിരുന്നു ആ മരണവും. പറക്കമുറ്റാത്ത മൂന്ന്‌ മക്കള്‍ അനാഥത്വത്തിന്റെ വേദനയിലേക്ക്‌ പറിച്ചുമാറ്റപ്പെട്ടതെത്ര പെട്ടെന്നാണ്‌? ആഹ്ലാദത്തിന്റെ പൊട്ടിച്ചിരികള്‍ കണ്ണീര്‍കണങ്ങളായി പൊട്ടിച്ചിതറിയതെത്രവേഗമാണ്‌? ഒരാളുടെ പിന്‍വാങ്ങല്‍ എത്രപേരുടെ ജീവിതത്തെയാണ്‌ കശക്കിയെറിയുന്നത്‌? പകരംവെക്കാനില്ലാത്ത എത്ര ഇടങ്ങളാണ്‌ അത്‌ സൃഷ്‌ടിക്കുന്നത്‌. മരണം ചെരുപ്പിന്റെ വാറുപോലെ അടുത്തുനില്‍ക്കുമ്പോഴും നമ്മള്‍ എത്രയെത്ര ദൂരങ്ങളെയാണ്‌ വെട്ടിപ്പിടിക്കാന്‍ വെമ്പുന്നത്‌. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതുതന്നെ സ്വപ്‌നങ്ങളാണ്‌. കലണ്ടറുകളില്‍ അടക്കിവെച്ച തിയ്യതികള്‍ക്കുമേല്‍ നമ്മള്‍ നിര്‍മ്മിക്കുന്ന നിശ്ചയങ്ങള്‍. മരണം എല്ലാം തട്ടിത്തെറിപ്പിക്കുന്നുവല്ലോ...

ഒരു ദുരന്തവാര്‍ത്ത നല്‍കുന്ന വേദനക്ക്‌ വേഗതയുടെ പുതിയ കാലത്ത്‌ അല്‍പ്പായുസ്സ്‌ മാത്രമാവാം. ഖബറടക്കുന്നതോടെ ഓര്‍മ്മകളെയും മണ്ണ്‌ തിന്നു തുടങ്ങുന്നു. ലോകത്തെ വിരല്‍തുമ്പില്‍ നിര്‍ത്തിയ എത്രയെത്ര മഹാവ്യക്തിത്വങ്ങള്‍. അഹങ്കാരത്തിന്റെ ദന്തഗോപുരങ്ങളില്‍ കാലത്തെ വെല്ലുവിളിച്ച എത്രയെത്ര ഏകാധിപതികള്‍. ജീവിതത്തെയും മരണത്തെയും വിലക്കുവാങ്ങാന്‍മാത്രം പണക്കിഴികളുണ്ടെന്ന്‌ വീമ്പുപറഞ്ഞ എത്ര കോടീശ്വരന്‍മാര്‍. ചരിത്രത്തെ വിറകൊള്ളിച്ച എത്ര വിപ്ലവകാരികള്‍. കാലത്തെ ചോരയില്‍ മുക്കിയ എത്രയെത്ര നരാധമന്‍മാര്‍. ലോകത്തിനു വെളിച്ചമേകാന്‍ വന്ന എത്ര പ്രവാചകന്‍മാര്‍. മനുഷ്യശരീരം മരണത്തിന്റെ രുചിയറിയാതിരിക്കില്ലെന്ന ദൈവനിശ്ചയത്തിനു വഴങ്ങി അവരെല്ലാം പോയ്‌ക്കഴിഞ്ഞിരിക്കുന്നു. ആ മരണങ്ങള്‍ക്കൊപ്പം കാലത്തിന്റെ യവനികക്ക്‌ പിറകിലേക്ക്‌ പിന്‍വാങ്ങിയ ശതകോടി മനുഷ്യരുടെ ഓര്‍മ്മകള്‍പോലും ഇപ്പോള്‍ ഭൂമുഖത്തില്ല. അങ്ങനെ ഒരു മറവിയിലേക്ക്‌ എല്ലാ വിയോഗങ്ങളും അലിഞ്ഞൊടുങ്ങുമെന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലടക്കിവെക്കുമ്പോഴും ആ കുട്ടിയുടെ ഉപ്പാ എന്ന നിലവിളി കരളിലേക്ക്‌ തുളച്ചുകയറുന്നു. അവന്റെ കണ്ണീര്‍ നനവില്‍ കൂടിനിന്ന ഓരോ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ആ വിലാപത്തിന്റെ അലകള്‍ ഓരോ ഹൃദയങ്ങളിലും പ്രകമ്പനം സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു.

ചില വിയോഗങ്ങള്‍ നമ്മെ വീണ്ടും വീണ്ടും അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. അതിന്റെ അലയൊലികള്‍ കുറേക്കാലം മനസ്സിന്റെ കണ്ണീരടരുകളില്‍ കട്ടപിടിച്ചുനില്‍ക്കും. എന്റെ മനസ്സിലപ്പോഴും മൂന്ന്‌ കുട്ടികളുടെ മുഖമായിരുന്നു. കരഞ്ഞുവാടിയ ആ കുട്ടികള്‍ക്കറിയാം, ഇനിയൊരിക്കലും അവരുടെ ഉപ്പ തിരിച്ചുവരില്ലെന്ന്‌. അവരെ തേടി ഒരിക്കലും ഇനി കളിപ്പാട്ടങ്ങള്‍ വരില്ലെന്ന്‌. അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ട കുഞ്ഞുടുപ്പുകളെത്തില്ലെന്ന്‌. കുട്ടികളെ അതിശയിപ്പിക്കുന്ന ചക്രഷൂസുകള്‍ കൊണ്ടുവരില്ലെന്ന്‌. ആ അനാഥത്വം ജീവിതത്തിലൊരിക്കലും മായ്‌ച്ചുകളയാനാവാത്ത നൊമ്പരമാണ്‌. അകാലത്തില്‍ ഉപ്പയെ നഷ്‌ടപ്പെട്ടവര്‍ക്ക്‌ മാത്രം അറിയാവുന്ന വേദന.

ആ മരണത്തിന്റെ ദു:ഖം മായാത്ത മനസ്സോടെയാണ്‌, ഇന്റര്‍നെറ്റിന്‌ മുമ്പിലിരുന്നത്‌. ഫേസ്‌ബുക്കിലെ സൗഹൃദക്കൂട്ടങ്ങളെ ആഴ്‌ചകളായി സന്ദര്‍ശിച്ചിരുന്നില്ല. ഇരുപതോളം പുതിയ സുഹൃത്തുക്കള്‍ അയച്ച ഫ്രന്റ്‌ റിക്വസ്റ്റുകള്‍ തുറക്കാതെ കാത്തിരിക്കുന്നു. ഫ്രന്റ്‌ റിക്വസ്റ്റുകള്‍ ഓരോന്നായി പരിശോധിച്ച്‌, പുതിയ സുഹൃത്തുക്കളെ ഓരോരുത്തരെയായി എന്റെ സൗഹൃദക്കണ്ണിയിലേക്ക്‌ ചേര്‍ത്തുകൊണ്ടിരിക്കെ, പതിനെട്ടാമത്തെ ആളില്‍ ഞാന്‍ സ്‌തബ്‌ധനായി നിന്നു. തടായില്‍ മുഹമ്മദിന്റെ പുഞ്ചിരിതൂകുന്ന മുഖം. പുതിയ സുഹൃത്തായി ഫേസ്‌ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയോടെ... മരിക്കുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ മുഹമ്മദ്‌ എനിക്കയച്ചതായിരുന്നു ആ റിക്വസ്റ്റ്‌. ദൈവമേ... ഞാനെന്തുചെയ്യും? മുഹമ്മദിനെ എന്റെ സുഹൃത്തായി സ്വീകരിക്കാനോ? അതോ ചേര്‍ക്കാതെ വെക്കാനോ. എന്റെ നെഞ്ചിനുള്ളിലേക്ക്‌ ആ നിലവിളി വീണ്ടും തുളച്ചുകയറുന്നു... മുഹമ്മദിന്റെ മയ്യിത്തിനു മുമ്പില്‍ വിങ്ങിപ്പൊട്ടുന്ന ആറുവയസ്സുകാരന്റെ വിലാപം... ഉപ്പാ... ഉപ്പാ....

Tuesday, August 3, 2010

ആകാശം കരഞ്ഞ രാത്രി



നേരിയ ചാറ്റല്‍മഴയുടെ അകമ്പടിയോടെയാണ്‌ ആ വാര്‍ത്ത വന്നത്‌. ഡസ്‌കില്‍ ഒന്നാംപേജ്‌ തയ്യാറാക്കുന്ന തിരക്കിലായിരുന്നു അപ്പോള്‍. ശിഹാബ്‌ തങ്ങള്‍ക്ക്‌ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്‌ ഒരു ഫോണ്‍കോള്‍ വന്നു. ആ വാര്‍ത്ത മനസ്സ്‌ ഉള്‍ക്കൊണ്ടതേയില്ല. തങ്ങളുടെ അളിയന്‍ അന്ന്‌ മരണപ്പെട്ടിരുന്നു. വിളിച്ചയാള്‍ അത്‌ കേട്ടുപറഞ്ഞതാവും, എന്നുതന്നെ വിശ്വസിച്ചു. സയ്യിദ്‌ ഉമര്‍ ബാഫഖി തങ്ങളുടെ ചരമ വാര്‍ഷികമായിരുന്നു ആ ദിവസം. കോഴിക്കോട്ട്‌ നടക്കുന്ന ചടങ്ങില്‍ ശിഹാബ്‌ തങ്ങള്‍ വരുമെന്നറിയിച്ചിരുന്നു. അന്ന്‌ രാവിലെ ബാത്‌റൂമില്‍ വഴുതി വീണതിനെതുടര്‍ന്ന്‌ ചുണ്ടിന്‌ ചെറിയ മുറിവ്‌ പറ്റിയതിനാല്‍ യാത്ര റദ്ദാക്കുകയും ചെയ്‌തു. മറ്റൊരു അസുഖവും തങ്ങള്‍ക്കുള്ളതായി അറിഞ്ഞിരുന്നില്ല. ആ ഫോണ്‍ കോള്‍ ശരിയല്ലെന്നുതന്നെ സഹപ്രവര്‍ത്തകരോട്‌ പറഞ്ഞു. മനസ്സില്‍ നീറിപടരുന്ന ഒരു അസ്വസ്ഥത നിറഞ്ഞു. മുനവ്വര്‍ തങ്ങളെ വിളിച്ച്‌ അന്വേഷിക്കാമെന്ന്‌ കരുതി. ഫോണ്‍ ഡയല്‍ ചെയ്യുമ്പോഴെല്ലാം തിരക്കുതന്നെ. നേതാക്കളുടെ ഫോണ്‍ നമ്പറുകളും ബിസി. അപ്പോഴേക്കും ഉല്‍ക്കണ്‌ഠ കനത്തുവന്നു. ഫോണ്‍ കോളുകള്‍ നിലക്കാതെ ചന്ദ്രികയിലേക്കൊഴുകുന്നു. എല്ലാവര്‍ക്കുമറിയേണ്ടത്‌ തങ്ങള്‍ക്കെന്തുപറ്റിയെന്നാണ്‌. മാധ്യമങ്ങളിലെത്തുംമുമ്പെ ആ വാര്‍ത്ത നാടാകെ നിറഞ്ഞിരുന്നു. വാര്‍ത്തകള്‍ വായിക്കുന്നതിനിടയില്‍ ഇന്ത്യാവിഷന്‍ ന്യൂസ്‌ റീഡര്‍ ഒരുനിമിഷം വാക്കുകള്‍കിട്ടാതെ സ്‌തംഭിച്ചുനിന്നു. പിന്നെ ന്യൂസ്‌ ഡസ്‌കില്‍നിന്നെത്തിയ ആ വാര്‍ത്ത സ്ഥിരീകരിച്ചു. ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു.
പേമാരിപോലെ ഫോണ്‍കോള്‍ പെയ്യുമ്പോള്‍ എന്റെ ശരീരമാകെ തണുപ്പ്‌ കയറുകയായിരുന്നു. വാക്കുകള്‍ നെഞ്ചിനുള്ളില്‍ കുടുങ്ങി. കണ്ണുകള്‍ നിറഞ്ഞു തൂവി. ആര്‍ക്കും എന്ത്‌ ചെയ്യണമെന്നറിയില്ലായിരുന്നു. നടുക്കവും വ്യസനവും ഇഴചേര്‍ന്ന ആ നിമിഷങ്ങളെ തള്ളിനീക്കാനാവാതെ ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിയിരുന്നു. ആര്‍ക്കും വാക്കുകള്‍ കിട്ടുന്നില്ല. ഓരോ ജീവനക്കാരനും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടത്‌ നഷ്‌ടമായ വേദനയായിരുന്നു. ഞങ്ങള്‍ക്കുള്ളിലെ പത്രപ്രവര്‍ത്തകന്‍ പടിയിറങ്ങിയ നിമിഷം. ഞങ്ങള്‍ വെറും മനുഷ്യരായി കരഞ്ഞു. പാതി ചെയ്‌തുവെച്ച പേജുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വികലമായി നിന്നു. ഇനിയെന്ത്‌ ചെയ്യുമെന്ന ആ നിസ്സഹായാവസ്ഥക്കു മുമ്പില്‍ ഞങ്ങള്‍ യന്ത്രങ്ങളെപ്പോലെ എഴുന്നേറ്റു. മരവിച്ച മനസ്സിനെ മാറ്റിനിര്‍ത്തി ഞങ്ങള്‍ കര്‍മ്മനിരതരായി. സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും യന്ത്രമനുഷ്യരായി. ഞങ്ങളുടെ തങ്ങള്‍ പോയ്‌ക്കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യത്തെ അടക്കിപ്പിടിച്ച്‌, തങ്ങള്‍ നയിച്ച പത്രത്തെ ഏറ്റവും നന്നാക്കാനുള്ള പ്രയത്‌നത്തിലായിരുന്നു അപ്പോള്‍.
ഓരോരുത്തരും ഓരോ വാര്‍ത്തയെഴുതാന്‍ ഇരുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുകയാണ്‌. ഞങ്ങള്‍ ഒരിക്കലും തളരരുതെന്ന ബോധം മനസ്സിലേക്ക്‌ ഇരച്ചുകയറി. മറ്റ്‌ പല പത്രങ്ങളില്‍നിന്നും തങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഫോണ്‍വിളി വന്നുകൊണ്ടിരിക്കുന്നു. ദു:ഖം താങ്ങാനാവാത്ത സാധാരണക്കാര്‍ നാലുപാടുംനിന്ന്‌ വിളിക്കുന്നു. ഒരു തേങ്ങലില്‍ ഫോണ്‍കോളുകള്‍ തീരുന്നു. ആ രാത്രി ജനങ്ങള്‍ സംസാരിച്ചത്‌ കണ്ണുനീരുകൊണ്ടായിരുന്നു. വാക്കുകളൊക്കെയും തങ്ങളോടൊപ്പം മരിച്ചുപോയിരുന്നു. വേവുന്ന ഹൃദയത്തോടെ കടലിനക്കരെനിന്നും നൂറായിരം വിളികള്‍ വേറെയുമെത്തുന്നു. ഫോണ്‍ അറ്റന്റ്‌ ചെയ്യാനാവാതെ കുഴങ്ങുന്ന അറ്റന്റര്‍. ഡസ്‌കിലെ ഒരാള്‍കൂടി ഫോണ്‍ അറ്റന്റ്‌ ചെയ്യാനിരിക്കുന്നു. മുഖപ്രസംഗമെഴുതുകയായിരുന്നു ആദ്യത്തെ ജോലി. എന്ത്‌ തലക്കെട്ട്‌ നല്‍കുമെന്നോര്‍ക്കുമ്പോള്‍ കടുത്ത അനാഥത്വം മനസ്സില്‍ നിറഞ്ഞു. ഞങ്ങള്‍ അനാഥരായി. അതിലപ്പുറം ജനങ്ങളോട്‌ പറയാന്‍ ചന്ദ്രികക്ക്‌ ഒന്നുമില്ലായിരുന്നു. മൂന്ന്‌ പതിറ്റാണ്ടിലേറെ ഞങ്ങളെ നയിച്ച, പിതൃസ്‌നേഹ വാല്‍സല്യങ്ങളോടെ ഞങ്ങളെ തലോടിയ ആ വലിയ മനുഷ്യന്‍ മായുകയാണ്‌. ഒരു പുഞ്ചിരികൊണ്ട്‌ എല്ലാ വ്യസനങ്ങളേയും തോല്‍പിച്ചുകളഞ്ഞ ഒരാള്‍ മണ്ണിനോട്‌ ചേരുകയാണ്‌. തന്റെ പതിഞ്ഞ ശബ്‌ദംകൊണ്ട്‌ ഒരു ജനതയെ അടക്കിനിര്‍ത്തിയ യുഗപുരുഷന്‍ ഓര്‍മ്മയാവുകയാണ്‌. ആ വികാരങ്ങളെല്ലാം അക്ഷരക്കൂട്ടുകളായി കടലാസിലേക്കിറങ്ങുമ്പോള്‍ ഉള്ളിലെവിടെയോ ഒരു വിതുമ്പല്‍. എഴുതിക്കഴിഞ്ഞപ്പോള്‍ എഴുന്നേല്‍ക്കാനാവുന്നില്ല. കൈകളില്‍ വിയര്‍പ്പ്‌ പൊടിയുന്നു. ശരീരമാകെ തളര്‍ന്നുപോകുന്നു. രണ്ടുമിനുട്ട്‌ അതേ ഇരുപ്പിലിരുന്നു. മനസ്സിനെ അടക്കിനിര്‍ത്തി, പിന്നെയും ഒരുപാട്‌ ജോലി ചെയ്യാനുണ്ടായിരുന്നു. ഒന്നാംപേജിലേക്കുള്ള വാര്‍ത്ത മലപ്പുറത്തുനിന്ന്‌ വരണം. സീനിയര്‍ എഡിറ്റര്‍മാരെല്ലാം തിരക്കിട്ട എഴുത്തിലാണ്‌. ലീഡ്‌ വാര്‍ത്തക്ക്‌ എന്ത്‌ തലക്കെട്ട്‌ കൊടുക്കുമെന്ന്‌ ഞങ്ങള്‍ ചര്‍ച്ചചെയ്‌തു. ഞങ്ങള്‍ക്ക്‌ കൊടുക്കാവുന്ന ഏറ്റവും വലിയ തലക്കെട്ട്‌ ?`വിളക്കണഞ്ഞു'? എന്നുതന്നെയായിരുന്നു.
പതിനൊന്നുമണിയോടെ ഫസ്റ്റ്‌ എഡിഷന്‍ പത്രമടിച്ചു. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. മെഷിനിലേക്ക്‌ കയറിയിറങ്ങിയ പേപ്പര്‍ റീലുകള്‍ ഞങ്ങള്‍ക്ക്‌ സഹിക്കാനാവാത്ത വാര്‍ത്തകളെ മഷിപുരട്ടിയിറക്കുകയാണ്‌. അടിച്ചുവന്ന പത്രങ്ങള്‍ പരമാവധി കാറില്‍ക്കയറ്റി ഞങ്ങള്‍ വിവിധ വാഹനങ്ങളിലായി പാണക്കാട്ടേക്ക്‌ തിരിച്ചു. വഴിനീളെ ചീറിപായുകയാണ്‌ വാഹനങ്ങള്‍. വാര്‍ത്ത കേട്ടപ്പോള്‍ തുടങ്ങിയ ജനങ്ങളുടെ കുത്തൊഴുക്ക്‌ പാതിരാവായതോടെ പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചു. മലപ്പുറത്തേക്കടുക്കുമ്പോള്‍ വീര്‍പ്പുമുട്ടല്‍ കൂടുകയാണ്‌. ഒരു പെട്രോള്‍പമ്പിലും പെട്രോളില്ല. രാത്രി കാര്‍ വഴിയിലാകുമെന്ന അവസ്ഥയിലായി. ഒടുവില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ ഒരു ബൈക്കുകാരന്റെ കൂടെ മഞ്ചേരിയില്‍ പോയാണ്‌ പെട്രോള്‍ സംഘടിപ്പിച്ചു വന്നത്‌. ഞങ്ങള്‍ സ്ഥിരമായി പാണക്കാട്ടേക്ക്‌ പോകുന്ന വഴികളില്‍ പുരുഷാരം നിറഞ്ഞിരുന്നു. വാഹനങ്ങളൊഴിവാക്കി ജനങ്ങള്‍ കൂട്ടമായി കൊടപ്പനക്കല്‍ വീട്ടിലേക്ക്‌ ഒഴുകുകയാണ്‌. ഒരു ജനത ഇത്രയേറെ നെഞ്ചിലേറ്റിയ ഒരു നേതാവുണ്ടാകില്ലെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു ആ ഒഴുക്ക്‌. അതിലൊരു കണ്ണിയായി ഞങ്ങളുമൊഴുകി. അവസാനമായി ഒരുനോക്കുകാണാന്‍. മണിക്കൂറുകള്‍ നീണ്ട യാത്ര. ഒടുവില്‍ തിരിച്ച്‌ മലപ്പുറം ടൗണ്‍ഹാളിനു മുന്നിലെത്തുമ്പോള്‍ സുബ്‌ഹി ബാങ്കുയരുന്നു. ആരും ഒരുപോള കണ്ണടച്ചിരുന്നില്ല. ഭക്ഷണത്തെക്കുറിച്ചാരും ഓര്‍ത്തതുപോലുമില്ല. വിശപ്പ്‌ എപ്പോഴോ മരിച്ചുപോയിരുന്നു. ആ നിര്‍ത്തം നേരം പുലരുവോളം നിന്നു. ഒരു ജനത തങ്ങളുടെ നായകന്‌ നല്‍കിയ സമര്‍പ്പണമായിരുന്നു ആ രാത്രി. ഒരു വര്‍ഷം പിന്നിടുമ്പോഴും വേദനയുറഞ്ഞ മനസ്സോടെ, പ്രാര്‍ത്ഥന വിതുമ്പുന്ന ചുണ്ടുകളോടെ അവര്‍ ആ നായകനെ ഓര്‍ക്കുന്നു. കാലത്തിന്‌ മായ്‌ക്കാന്‍ കഴിയാത്ത മുഖപ്രസാദം അവരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Friday, July 9, 2010

ഓപ്പറേഷന്‍ തിയേറ്റര്‍



ഒരു പച്ചില കൂടി ബാക്കിയുണ്ട്‌
അതു കൊഴിഞ്ഞാല്‍, മരണം സുനിശ്ചിതം

വെന്തുനീറും മനസ്സോടെയെന്നും
പാതി തുറന്നിട്ട ജനലിലൂടെയവള്‍
നോക്കുന്നു; വീണുവോ
ബാക്കിയുള്ളൊരാ പച്ചില

ജീവന്റെ തുടിതാളമായ്‌ നിന്ന
ആ പച്ചില നോക്കിയിരുന്നു ഞാന്‍
ആസ്‌പത്രിക്കിടക്കയില്‍.
വിറക്കും തണുപ്പിലതാ
ചിലങ്ക കൊട്ടിയാടുന്ന കത്രി.
ജീവിതം തുന്നിച്ചേര്‍ക്കാന്‍
വെമ്പുന്നു; ചുറ്റുമജ്ഞാതരാം മനുഷ്യര്‍.

നിമിഷങ്ങളിടിനാദമായ്‌ തീരവെ
നെഞ്ചിനുള്ളിലൊരു മിന്നല്‍പ്പിണര്‍ പായുന്നു
ആരുടേതടുത്ത ഊഴം
അറിയാതെയറിയാതെ
ജീവിതച്ചുഴിയില്‍ നിന്നോര്‍മ്മകള്‍ മറയുന്നൂ
മോര്‍ഫിന്റെ മയക്കത്തില്‍
കൂടുവിട്ടകലുന്ന ആത്മാവു നോക്കി
നിശ്ചലം മയങ്ങിക്കിടക്കുന്നു ദേഹം

ജീവിതത്തിനും മരണത്തിനുമിടയിലൊരു
നൂലിഴ മാത്രം ബാക്കി.
അറിയുന്നുവോ നമ്മളീയാഘോഷ പെരുമഴയില്‍
ഇത്രയേയുള്ളൂവീ ജീവിതം...

--------------
ഒ ഹെന്‍റിയുടെ Last Leaf എന്ന കഥയോട്‌ കടപ്പാട്‌

Wednesday, April 21, 2010

പ്രവാസികള്‍ പരിധിക്കു പുറത്തോ?

ഭരണകൂടങ്ങളുടെ ആത്മാര്‍ത്ഥമായ പല നടപടികളും സാങ്കേതികത്വത്തിന്റെ ചുവപ്പുനാടകളില്‍ കുടുങ്ങി മൃതിയടയുന്നത്‌ ഇന്ത്യയില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ദുര്യോഗമാണ്‌. ഭരണ നിര്‍വ്വഹണ സംവിധാനവും ബ്യൂറോക്രസിയും നടത്തിവരുന്ന ഇത്തരം പൊടിക്കൈകള്‍ മറികടക്കാനുള്ള ഇച്ഛാശക്തി രാഷ്‌ട്രീയ നേതൃത്വം കാണിക്കുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന്റെ ശരിയായ നിര്‍വ്വഹണം സാധ്യമാവുകയുള്ളൂ. നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉയിര്‍പ്പിനുവേണ്ടി ആത്മാര്‍ത്ഥമായ ചുവടുവെപ്പുകള്‍ കൈക്കൊള്ളാന്‍ തന്റേടം കാണിച്ച നേതൃത്വമാണ്‌ ഇപ്പോള്‍ ഇന്ത്യാരാജ്യത്തിനുള്ളത്‌. ഭരണഘടന വിഭാവനംചെയ്യുന്ന ന്യായമായ അവകാശങ്ങള്‍ അനുഭവിക്കാന്‍ ഇന്നും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത പ്രവാസ സമൂഹത്തിനോട്‌ നീതി കാണിക്കാനുള്ള ഡോ. മന്‍മോഹന്‍സിംഗിന്റെ അഭിവാഞ്‌ഛ ഒരുതരത്തിലും അട്ടിമറിക്കപ്പെട്ടുകൂടാ. കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ നവീന്‍ചൗള തിരുവനന്തപുരത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍, യു.പി.എ. സര്‍ക്കാറിന്റെ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയെയാണ്‌ മറ്റൊരു തരത്തില്‍ ചോദ്യം ചെയ്‌തിരിക്കുന്നത്‌. അടുത്ത തെരഞ്ഞെടുപ്പോടെ പ്രവാസി സമൂഹത്തിന്‌ വോട്ടവകാശം നല്‍കാന്‍ സന്നദ്ധമാണെന്ന്‌ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വാഗ്‌ദാനത്തെ സാങ്കേതിക തടസ്സങ്ങള്‍ ഉയര്‍ത്തി അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്‌ പിന്നിലുണ്ടെന്ന്‌ സംശയമുയര്‍ത്തുന്നവരെ നമുക്ക്‌ കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ ഭരണഘടനയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ആശങ്കകളകറ്റി, പതിറ്റാണ്ടുകളായി പ്രവാസി സമൂഹം ഉയര്‍ത്തുന്ന മാന്യമായ അംഗീകാരത്തിനുള്ള വഴി തുറക്കാന്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുകതന്നെ വേണം. ഇത്‌ അട്ടിമറിക്കപ്പെട്ടാല്‍ നിരാശയിലാണ്ടുപോകുന്ന ഒരു ജനസഞ്ചയത്തിന്റെ മനോവീര്യം വീണ്ടെടുക്കാന്‍ ഇനിയും ഒരുപാട്‌ കടമ്പകള്‍ കടക്കേണ്ടിവരും.

ജനാധിപത്യത്തിന്റെ അമ്മയെന്ന ഖ്യാതിനേടിയ ഇന്ത്യ എക്കാലവും ലോകരാഷ്‌ട്രങ്ങള്‍ക്ക്‌ മാതൃകയാണ്‌. നൂറുകോടി ജനങ്ങള്‍ക്ക്‌ അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കലര്‍പ്പില്ലാത്ത ജനാധിപത്യമൊരുക്കി ലോകത്തിന്റെ നെറുകയില്‍ നടുനിവര്‍ത്തി നില്‍ക്കുന്ന നാടാണ്‌ ഇന്ത്യ. ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം എന്ന നിലയില്‍ മാത്രമല്ല, ഒരിക്കല്‍പോലും ജനാധിപത്യം പടിയിറങ്ങിയിട്ടില്ലാത്ത രാജ്യംകൂടിയാണ്‌ നമ്മുടേത്‌. ഇന്ത്യയോടൊപ്പം ജനാധിപത്യത്തെ പുണര്‍ന്ന പല രാഷ്‌ട്രങ്ങളും ജനഹിതത്തെ വഴിയിലുപേക്ഷിച്ച്‌ ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കറുത്ത മൂടുപടമണിഞ്ഞപ്പോഴും ഇന്ത്യ അഭിമാനത്തോടെ ജനാധിപത്യത്തിന്റെ ചെരാതുകള്‍ അണയാതെ കാത്തിട്ടുണ്ട്‌. പല വികസിത രാഷ്‌ട്രങ്ങള്‍ക്കുമുള്ള ഉയര്‍ന്ന സാക്ഷരതാ നിലവാരവും വിദ്യാസമ്പന്നതയും ആര്‍ജ്ജിച്ചെടുക്കും മുമ്പുതന്നെ ഒരു ജനതയെ പരിഷ്‌കൃത സമൂഹത്തിന്റെ അടയാളമായ ജനാധിപത്യത്തിന്റെ വഴിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സാധിച്ചത്‌ ഇന്ത്യയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയായി ലോകചരിത്രം എന്നും വിസ്‌മയത്തോടെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. നമ്മുടെ ജനാധിപത്യത്തിന്റെ വഴിയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയത്‌. ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണതക്ക്‌ പ്രവാസികളുടെ പങ്കാളിത്തംകൂടി അനിവാര്യമാണെന്നും അപ്പോള്‍ മാത്രമേ കൃത്യമായ നീതി പുലരുകയുള്ളൂ എന്നും തിരിച്ചറിഞ്ഞ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌, മാധ്യമപ്പടയെ സാക്ഷിനിര്‍ത്തി പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കിന്‌ വരുന്ന പ്രവാസികളുടെ മനം കുളിര്‍ത്തിരുന്നു. എന്നാല്‍ ഇത്‌ നടപ്പാക്കാന്‍ സംവിധാനമില്ലെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ നവീന്‍ചൗള വിളംബരം ചെയ്യുമ്പോള്‍ അതിനെ മറികടക്കാനുള്ള ഭരണഘടനാപരമായ യത്‌നങ്ങള്‍ നടത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാറിനാണുള്ളത്‌. അത്‌ നിര്‍വ്വഹിക്കപ്പെടാതെ പോകുന്നത്‌ ഭരണഘടനാ വിരുദ്ധവും വാഗ്‌ദാനലംഘനവുമായിത്തീരും.

ബ്രിട്ടന്‍, ഫ്രാന്‍സ്‌, അമേരിക്ക തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളെല്ലാം അവരുടെ പൗരന്‍മാര്‍ക്ക്‌ ലോകത്തിന്റെ ഏത്‌ കോണില്‍നിന്നും വോട്ടുചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്‌. ഇന്ത്യന്‍ പ്രവാസികളെപ്പോലെ ലോകമെമ്പാടും ചിതറിക്കിടക്കുന്ന പ്രവാസി സമൂഹം ഈ രാഷ്‌ട്രങ്ങള്‍ക്കുമുണ്ട്‌. എന്നാല്‍ വര്‍ഷങ്ങളായി ഈ രാഷ്‌ട്രങ്ങള്‍ നടപ്പാക്കുന്ന സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുമ്പോള്‍ അത്‌ നടപ്പാക്കാന്‍ ആത്മാര്‍ത്ഥത കാണിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍, ഞൊടിന്യായങ്ങള്‍ പറഞ്ഞ്‌ ഉദാത്തമായ ഈ നീക്കത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ ന്യായീകരണമില്ല. ഇന്ത്യ, സാംസ്‌കാരിക വൈവിധ്യത്തിലും സാമൂഹ്യ വര്‍ഗ്ഗീകരണത്തിലും വൈജാത്യങ്ങള്‍ സൂക്ഷിക്കുന്ന നാടാണ്‌. ഈ വൈജാത്യങ്ങള്‍ക്കിടയിലും ഇന്ത്യയെന്ന പൊതുവികാരത്തെ പൊലിപ്പിച്ചു നിര്‍ത്തുന്നത്‌ അതിന്റെ ജനാധിപത്യ സ്രോതസ്സാണ്‌. ഈ സംവിധാനം പൂര്‍വ്വോപരി ശക്തി സംഭരിക്കണമെങ്കില്‍ പ്രവാസി വോട്ടവകാശം എന്ന കടമ്പ നാം കടന്നേ തീരൂ.

ആഗോളവല്‍ക്കരണം ലോകത്തിന്റെതന്നെ സവിശേഷമായ ചരിത്ര ഘട്ടമാണ്‌. ആഗോളവല്‍ക്കരണത്തിന്‌ മുമ്പും പിമ്പും എന്നുതന്നെ വിഭജിച്ചു നിര്‍ത്താവുന്ന സാമൂഹ്യ മാറ്റങ്ങളാണ്‌ ലോകത്ത്‌ സംഭവിച്ചത്‌. രാജ്യാതിര്‍ത്തികള്‍ കടന്ന്‌ മനുഷ്യന്റെ സഞ്ചാരം വിസ്‌മയകരമായി വികസിച്ചു എന്നതുതന്നെയാണ്‌ ആഗോളീകരണത്തിന്റെ ആരോഗ്യകരമായ സംഭാവനകളിലൊന്ന്‌. തൊണ്ണൂറുകള്‍ക്ക്‌ മുമ്പ്‌ സംഭവിച്ച കുടിയേറ്റങ്ങളേക്കാള്‍ ത്വരിത ഗതിയിലുള്ള കുടിയേറ്റവും രാജ്യാന്തര സഞ്ചാരവുമാണ്‌ തൊണ്ണൂറുകള്‍ക്ക്‌ ശേഷമുണ്ടായത്‌. ഒരു രാഷ്‌ട്രത്തിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ ഏറ്റവും വലുത്‌ മനുഷ്യ വിഭവ ശേഷിയാണെന്ന തിരിച്ചറിവാണ്‌ ആഗോളവല്‍ക്കരണം സമ്മാനിച്ചത്‌. ജനസംഖ്യയെ ഭയപ്പാടോടെ കണ്ട രാഷ്‌ട്രങ്ങള്‍ ജനങ്ങളാണ്‌ ഏറ്റവും വലിയ ശക്തിയെന്ന്‌ തിരിച്ചറിയുകയും സാമ്പത്തിക ലോകക്രമത്തെ കൈവെള്ളയിലൊതുക്കുകയും ചെയ്‌തപ്പോള്‍ തകര്‍ന്നുവീണത്‌ കാലഹരണപ്പെട്ട പാരമ്പര്യവാദങ്ങളാണ്‌. ചൈനയോടൊപ്പം ഇന്ത്യ വളര്‍ന്നത്‌ മനുഷ്യ വിഭവ ശേഷിയുടെ കരുത്തിലായിരുന്നു. ഇതില്‍ നല്ലൊരു പങ്കും സാധ്യമായത്‌ ഇന്ത്യന്‍ ജനതയുടെ രാജ്യാന്തരീയ കുടിയേറ്റത്തിലൂടെയാണ്‌. ഇതില്‍ മലയാളി സമൂഹം നിര്‍വ്വഹിച്ച അത്യത്ഭുതകരമായ ദൗത്യം ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലിന്‌ നല്‍കിവരുന്ന ബലം ചില്ലറയല്ല. ഏറ്റവും കൂടുതല്‍ പ്രവാസികളുളള മലയാളക്കരയില്‍ വന്നുതന്നെ വോട്ടവകാശത്തിന്റെ സ്വപ്‌നച്ചിറകരിയാന്‍ നവീന്‍ചൗള നടത്തിയ മിടുക്ക്‌ ദുരൂഹത ഉണ്ടാക്കുന്നതാണ്‌.

പ്രവാസി വോട്ടവകാശത്തെ നിരാകരിക്കാന്‍ നവീന്‍ചൗള ഉയര്‍ത്തുന്ന വാദങ്ങള്‍ ബാലിശവും അപക്വവുമാണ്‌. പ്രായോഗികമായി അദ്ദേഹമുയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ അത്യാധുനിക സംവിധാനത്തില്‍ മറികടക്കുക ദുഷ്‌കരമല്ല. ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള വിനിമയ സംവിധാനങ്ങള്‍ അതിന്റെ ഏറ്റവും പുഷ്‌കലമായ ഉയര്‍ച്ചയിലെത്തിനില്‍ക്കുമ്പോള്‍ ലോകത്തിന്റെ ഏത്‌ കോണില്‍നിന്നും ഒരു വോട്ടര്‍ക്ക്‌ അവന്റെ വോട്ടവകാശം വിനിയോഗിക്കാന്‍ ചെലവേറെയില്ലാതെ സാധ്യമാകും. പുതിയ കാനേഷുമാരിയുടെ പട്ടികയില്‍പോലും പ്രവാസികള്‍ പുറംതള്ളപ്പെടുകയാണ്‌. ദിനേനെ പെരുകുന്ന പ്രവാസ ജനസംഖ്യയുടെ ആധിക്യം ഭരണകൂടം ഗൗരവത്തോടെ കാണണം. സ്വന്തം മണ്ണും പരിസരങ്ങളും കയ്യൊഴിഞ്ഞ്‌ ഏകാന്തതയുടെ ദ്വീപുകളില്‍ ഒറ്റക്ക്‌ കഴിയുന്ന പ്രവാസിയെ അംഗീകരിക്കാനുള്ള മനസ്സ്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ കൈമോശം വന്നുകൂടാ. ചോരയും നീരുമുള്ള ഒരു ജനസഞ്ചയത്തെ പണംപെയ്യുന്ന യന്ത്രങ്ങളായി മാത്രം മറ്റുള്ളവര്‍ കാണുന്നുവെന്നതാണ്‌ ഒരു പ്രവാസി നേരിടുന്ന ഏറ്റവും വലിയ മാനസിക ദു:ഖം. കാനേഷുമാരിയില്‍നിന്നും വോട്ടര്‍ പട്ടികയില്‍നിന്നും വെട്ടിമാറ്റി ദൂരത്ത്‌ കളയുമ്പോള്‍ ഈ അന്യതാബോധം അനിയന്ത്രിതമാവുകയേയുള്ളൂ. അസംഘടിതരാണെന്നതിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി ഇവര്‍ മാറിക്കൂടാ. ശബ്‌ദമില്ലാത്ത ഇത്തരം ജനങ്ങള്‍ക്കുവേണ്ടിയുള്ള സംസാരമാണ്‌ സാമൂഹ്യനീതി ആഗ്രഹിക്കുന്ന രാഷ്‌ട്രീയ നേതൃത്വം അനിവാര്യമായി നിര്‍വ്വഹിക്കേണ്ടത്‌. ഒരു യൂസര്‍നൈമും പാസ്‌വേഡും നല്‍കി രഹസ്യ സ്വഭാവത്തോടെ പ്രവാസികളെ ജനാധിപത്യ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയാല്‍ ആകാശമിടിഞ്ഞു വീഴുകയൊന്നുമില്ല. ഒന്നും രണ്ടും വോട്ടര്‍മാര്‍ മാത്രമുള്ള മലമടക്കുകളില്‍ യുദ്ധസമാനമായ സന്നാഹങ്ങളൊരുക്കുന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിചാരിച്ചാല്‍ പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ മണിക്കൂറുകളുടെ പരിശ്രമം മാത്രമേ ആവശ്യമുള്ളൂ.

വോട്ടിംഗ്‌ ദിനത്തില്‍തന്നെ വോട്ടവകാശം വിനിയോഗിക്കാതെ പോസ്റ്റല്‍വോട്ട്‌ സംവിധാനവും നമ്മുടെ നാട്ടിലുണ്ട്‌. സൈനികരും തെരഞ്ഞെടുപ്പ്‌ ജോലിയിലുള്ള ഉദ്യോഗസ്ഥരും കാലങ്ങളായി ഉപയോഗിക്കുന്ന പോസ്റ്റല്‍വോട്ട്‌ സംവിധാനം അല്‍പംകൂടി വിപുലപ്പെടുത്തിയാല്‍ പ്രവാസികള്‍ക്കും ഇന്ത്യയെ തെരഞ്ഞെടുക്കാനുള്ള അവസരം കൈവരും. രാജ്യത്തിന്‌ വിദേശനാണ്യം നേടിക്കൊടുക്കാന്‍ കഷ്‌ടപ്പെടുന്ന ഒരു ജനതക്കുവേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടിയാണ്‌ നമ്മള്‍ രാഷ്‌ട്രീയ ഇച്ഛാശക്തി പ്രയോഗിക്കുക. മുറവിളികള്‍ മാറ്റൊലികള്‍ തീര്‍ത്ത്‌ കെട്ടടങ്ങുംമുമ്പ്‌ ഇതിനുള്ള കൃത്യവും വ്യക്തവുമായ നടപടികളാണ്‌ ആവശ്യം. രാഷ്‌ട്രീയ വിഭാഗീയതകള്‍ക്കപ്പുറം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്‌മയാണ്‌ ഇതിനുണ്ടാവേണ്ടത്‌. നീതി എല്ലാവര്‍ക്കും തുല്യമായി ലഭിച്ചില്ലെങ്കില്‍ അത്‌ സൃഷ്‌ടിക്കുന്ന മുറിവുകള്‍ ഭീകരമായിരിക്കും. ഈ തിരിച്ചറിവ്‌ നമ്മെ സ്വയം കണ്ണുതുറപ്പിച്ചേ തീരൂ.

Monday, February 22, 2010

വാലിന്‌ തീ പിടിച്ചവരുടെ വെപ്രാളം

പണ്ട്‌ കൊടിയത്തൂര്‍കാരനായ ഒരു റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ ജമാഅത്തെ ഇസ്‌ലാമി രാജ്യമാകെ നട്ടുപിടിപ്പിക്കാന്‍ ഡല്‍ഹിക്ക്‌ വണ്ടി കയറിയിരുന്നു. ഭാര്യയും കുട്ടികളും പൂച്ചയും തത്തയുമുള്‍പ്പെടെ സ്ഥാവര ജംഗമ വസ്‌തുക്കളുമായി പുറപ്പെടുന്ന ഇയാള്‍ക്ക്‌ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ വികാര നിര്‍ഭരമായ യാത്രയയപ്പാണ്‌ നല്‍കിയിരുന്നത്‌. തണുപ്പുകാലത്ത്‌ അണിയാനുള്ള മങ്കി ക്യാപ്പ്‌ വരെ ബാഗില്‍ ജമാഅത്തുവക അടക്കി വെച്ചിരുന്നു. ഡല്‍ഹിയിലെ സ്‌കൂളില്‍ മക്കളെ ചേര്‍ക്കാന്‍ നാട്ടില്‍ നിന്ന്‌ പേരുവെട്ടിച്ച്‌ ടി.സി.യും കരുതിയിരുന്നു. എന്നാല്‍ തണുപ്പുകാലത്തിനു കാത്തുനില്‍ക്കാതെ റിട്ടയേര്‍ഡ്‌ മാഷ്‌ ദിവസങ്ങള്‍ക്കകം കൊടിയത്തൂരില്‍ തിരിച്ചെത്തി. സഹ അധ്യാപകനോട്‌ അന്ന്‌ ഇയാള്‍ പറഞ്ഞ ഒരു ഡയലോഗുണ്ട്‌. `എന്റെ മാഷെ മുറ്റത്ത്‌ മുളക്കാത്തത്‌ ഡല്‍ഹിയില്‍ മുളക്കുമോ??

മുസ്‌ലിം യൂത്ത്‌ലീഗ്‌ സംഘടിപ്പിച്ച നാഷണല്‍ യൂത്ത്‌മീറ്റിന്റെ വിജയം ജമാഅത്തുകാരെ പ്രകോപിപ്പിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌. കൊടിയത്തൂര്‍കാരന്‍ മാഷ്‌ വണ്ടി കയറിയ ഡല്‍ഹിയില്‍ നിന്നാണ്‌ ഗവേഷണ വിദ്യാര്‍ത്ഥിയായ മുഈനുദ്ദീന്‍ കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹ്യ പുരോഗതി കാണാന്‍ ഇങ്ങോട്ടു വന്നത്‌. നട്ടാല്‍ മുളക്കാത്ത നുണകളുടെ ചേരുവയിലല്ല യൂത്ത്‌ലീഗുകാര്‍ മുഈനുദ്ദീനോട്‌ സംസാരിച്ചത്‌. ആലുവ മുതല്‍ കോഴിക്കോട്‌ വരെ നീണ്ട യാത്രയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അടയാളങ്ങള്‍ നേരിട്ടു കണ്ടാണ്‌ മുഈനുദ്ദീന്‍ മുസ്‌ലിംലീഗിനെ തിരിച്ചറിഞ്ഞത്‌. ജമാഅത്തുകാര്‍ക്ക്‌ നടക്കാത്തത്‌ യൂത്ത്‌ലീഗുകാര്‍ നടത്തരുതെന്ന്‌ വാശിപിടിക്കുന്നത്‌ അസഹിഷ്‌ണുത മാത്രമാണ്‌. എന്നാല്‍ ഈ വെപ്രാളത്തിനിടയില്‍ പറഞ്ഞുവെച്ച വാദമുഖങ്ങള്‍ നാലാള്‍ കൂടുന്നിടത്ത്‌ പറയാന്‍ പറ്റാത്തതായെന്നു മാത്രം. ഞാന്‍ ഞ്ഞീം മാന്തുമെന്നു പറഞ്ഞ ബാല്യകാല സഖിയിലെ സുഹറയെപ്പോലെ ദേഷ്യം സഹിക്കാനാവാതെ പല്ലിറുമ്മുന്നത്‌ കാണുമ്പോള്‍ സുഹൃത്തെ, തമാശ മാത്രമാണ്‌ തോന്നുന്നത്‌. ഇങ്ങനെ വാലിനു തീപിടിച്ച കുരങ്ങിനെപ്പോലെ വെപ്രാളപ്പെട്ടാല്‍ എങ്ങനെയാണ്‌ ഈ താഗുത്ത്‌ സംവിധാനത്തെ നിലംപരിശാക്കി ഇഖാമത്തുദ്ദീന്‍ യാഥാര്‍ത്ഥ്യമാക്കാനാവുക.

മുസ്‌ലിം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക്‌ ഇത്‌ അഭിമാന മുഹൂര്‍ത്തമാണ്‌. അഞ്ചു നാള്‍ നീണ്ടുനിന്ന നേഷണല്‍ മുസ്‌ലിം യൂത്ത്‌മീറ്റ്‌ പാഴായിപ്പോയില്ലെന്ന്‌ അവര്‍ക്കാശ്വസിക്കാം. കേരളത്തിനു പുറത്ത്‌ മുളപൊട്ടിത്തുടങ്ങിയ മുസ്‌ലിം രാഷ്‌ട്രീയ വിചാരത്തിന്‌ വളക്കൂറുള്ള മണ്ണൊരുങ്ങുന്നുവെന്നും വിശ്വസിക്കാം. മൗദൂദിയന്‍ നേതാക്കള്‍ക്കും അവരുടെ പത്രത്തിനും വക്രദൃഷ്‌ടി ജന്മസിദ്ധമാണ്‌. നേരെചൊവ്വെ കാര്യങ്ങളെ കാണാനുള്ള കണ്ണില്ലാത്തതുകൊണ്ടാണ്‌ പലരും ജമാഅത്തെ ഇസ്‌ലാമിയില്‍ ചെന്നുപെടുന്നത്‌. മുസ്‌ലിംലീഗിനും യൂത്ത്‌ലീഗിനുമെതിരെ ഹിമാലയന്‍ നുണകള്‍ എഴുന്നെള്ളിക്കുന്ന മൗദൂദിയന്‍ പത്രത്തിന്റെ വാദമുഖങ്ങള്‍ എത്ര തരംതാഴ്‌ന്നതാണെന്ന്‌ ആ പത്രത്തിന്റെ വായനക്കാര്‍ വിലയിരുത്തുന്നുണ്ടാവും. ലീഗിനെ നാലു തെറി പറഞ്ഞാല്‍ അടങ്ങുന്ന അരിശമാണെങ്കില്‍ അവരത്‌ പല്ലു ഞെരിച്ചു തീര്‍ക്കട്ടെ, എന്നാല്‍ മുസ്‌ലിംലീഗ്‌ പ്രവര്‍ത്തകര്‍ തീര്‍ച്ചപ്പെടുത്തേണ്ടത്‌ നാം കരുതുന്നതിനേക്കാള്‍ വലിയ പ്രകമ്പനങ്ങളാണ്‌ മുസ്‌ലിം യൂത്ത്‌മീറ്റ്‌ സൃഷ്‌ടിച്ചിരിക്കുന്നതെന്നാണ്‌.
മുസ്‌ലിംലീഗ്‌ കേരളത്തിലെ പൊതുസമൂഹത്തിനു മുമ്പില്‍ വിശ്വാസ്യതയാര്‍ജ്ജിച്ച പാര്‍ട്ടിയാണ്‌. മതവിശ്വാസമുള്ള ഒരു മുസ്‌ലിമിന്റെ ഏറ്റവും വലിയ ബാധ്യത സഹജീവികളോടുള്ള മാന്യമായ ഇടപെടലാണ്‌. മതസൗഹാര്‍ദ്ദം ഒരു വിശ്വാസിയുടെ സ്വഭാവമായിരിക്കണമെന്ന്‌ ജീവിതത്തിലൂടെ നിഷ്‌കര്‍ഷിച്ചത്‌ പ്രവാചകന്‍ മുഹമ്മദ്‌ നബിയാണ്‌. മൗദൂദിയുടെ തലച്ചോറില്‍ പ്രവാചകന്റെ കരുണയുടെ മുഖം തെളിയാതെ പോയിട്ടുണ്ടെങ്കില്‍ അതിന്‌ ഇസ്‌ലാമിന്റെ മേല്‍ കുതിരകയറേണ്ട കാര്യമില്ല. മുസ്‌ലിംലീഗ്‌ ഏതു പ്രകോപനത്തിന്റെ സാമൂഹ്യ ഘട്ടത്തിലും ഉറപ്പിച്ചു പറഞ്ഞത്‌ അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും വഴിയിലേക്ക്‌ സമൂഹത്തെ തിരിച്ചുവിടരുതെന്നാണ്‌. അത്‌ കുഞ്ഞാലിക്കുട്ടിയോ എം.കെ. മുനീറോ കെ.എം. ഷാജിയോ എന്‍.ഡി.എഫിനെ കണ്ടു പറഞ്ഞതല്ല. 1948 മാര്‍ച്ച്‌ 10ന്‌ രാജാജി ഹാളില്‍ മുസ്‌ലിംലീഗിന്റെ രൂപീകരണ സമ്മേളനത്തില്‍ അവതരിപ്പിച്ച അഞ്ചാമത്തെ പ്രമേയത്തില്‍ കര്‍ശനമായി പറഞ്ഞ നിര്‍ദ്ദേശമാണ്‌. വിഭജനാനന്തരം ഇന്ത്യന്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയും ഭീകരമായി അക്രമിക്കപ്പെടുകയും ചെയ്‌ത കരാളമായ സാമൂഹ്യ സാഹചര്യത്തിലാണ്‌ ഈ സമ്മേളനം നടന്നത്‌. കലാപകലുഷിതമായ വിഭജനാനന്തര ഇന്ത്യയില്‍ എത്ര പ്രതികൂലമായ സാഹചര്യമുണ്ടായാലും സമാധാനത്തിന്റെയും ക്ഷമയുടെയും വഴിയില്‍ ഉറച്ചുനില്‍ക്കണമെന്നായിരുന്നു ആ പ്രമേയത്തിന്റെ കാതല്‍. 1992 ഡിസംബര്‍ 6ന്‌ ബാബരി മസ്‌ജിദ്‌ തകര്‍ന്നു വീണപ്പോള്‍ ഇന്ത്യയാകെ കത്തിപ്പടരുന്ന കലാപത്തിന്റെ തീനാളങ്ങള്‍ക്കിടയില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഏറ്റുപറഞ്ഞത്‌ ഈ അഞ്ചാം പ്രമേയത്തിന്റെ അന്ത:സത്ത തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എത്ര മൗദൂദിയന്‍ പ്രകോപനങ്ങളുണ്ടായാലും എത്ര വിലകുറഞ്ഞ പരിഹാസങ്ങള്‍ നടത്തിയാലും ഈ വഴിയില്‍ നിന്ന്‌ മുസ്‌ലിംലീഗിനു മാറാനാവില്ല. അങ്ങനെ മുസ്‌ലിംലീഗ്‌ മാറിയാല്‍ പിന്നെ ആ പാര്‍ട്ടിക്ക്‌ വേറെ പേരു നല്‍കേണ്ടിവരും. മുസ്‌ലിംലീഗ്‌ തീവ്രവാദ വിരുദ്ധ സമീപനം കൈക്കൊണ്ടത്‌ ആരുടെയും കയ്യടി വാങ്ങാനല്ല. കയ്യടി വാങ്ങാന്‍ മാത്രം പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കവല പ്രസംഗങ്ങളും തെരുവു നാടകങ്ങളും തയ്യാറാക്കുന്നവര്‍ക്ക്‌ പണ്ട്‌ നമ്പൂതിരി പറഞ്ഞപോലെ അവനവന്‍ തിന്നുന്നത്‌ അവനവന്‍ പറയുന്നു എന്നേ പറയാനുള്ളൂ.

കയ്യടി വാങ്ങാവുന്ന ഒട്ടനവധി അവസരങ്ങള്‍ കയ്യൊഴിഞ്ഞാണ്‌ മുസ്‌ലിംലീഗ്‌ ഒരു ജനതയെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്‌തമാക്കിയത്‌. താഗൂത്തി സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അഗ്‌നിക്കിരയാക്കിയ വിപ്ലവ വീര്യം കേരള മുസ്‌ലിംകള്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ജമാഅത്തുകാരുടെ പല അടുക്കളയിലും ഇന്ന്‌ പുക ഉയരുമായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമി എന്നും പറഞ്ഞത്‌ ഇത്‌ ഞങ്ങളുടെ രാജ്യമല്ല, ഞങ്ങളുടെ രാജ്യം ഞങ്ങള്‍ പണിയാനിരിക്കുന്നതേയുള്ളൂ എന്നാണ്‌. എന്നാല്‍ മുസ്‌ലിംലീഗ്‌ പറഞ്ഞതാവട്ടെ ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്‌. ഈ രാജ്യത്തിന്റെ മണ്ണില്‍ ഞങ്ങളുടെ വിയര്‍പ്പും കണ്ണീരുമുണ്ട്‌. ഈ രാജ്യം വേദനിച്ചാല്‍ പിടയുന്നത്‌ ഞങ്ങളുടെ നെഞ്ചകമാണെന്നായിരുന്നു.

1962ല്‍ ചൈന ഇന്ത്യയെ ആക്രമിക്കുമ്പോള്‍ ഈ രാജ്യത്തിന്‌ സമര്‍പ്പിക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല, 37 വയസുള്ള എന്റെ മിയാഖാന്‍ അല്ലാതെ. ഞാനവനെ രാജ്യത്തിന്റെ പടയാളികള്‍ക്കൊപ്പം യുദ്ധ ഭൂമിയിലേക്കയക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ കത്തെഴുതിയ ഖാഇദെമില്ലത്തിന്റെ പാര്‍ട്ടിയാണ്‌ മുസ്‌ലിംലീഗ്‌. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ ഇനിയും പഠിച്ചിട്ടില്ലാത്ത ജമാഅത്തുകാര്‍ക്ക്‌ ഈ വികാരം ഒട്ടും തിരിച്ചറിയാനാവില്ലെന്നുറപ്പാണ്‌.
പോസ്റ്റര്‍ യുദ്ധങ്ങളും വലിയ വായിലുള്ള വീമ്പു പറച്ചിലുമല്ല മുസ്‌ലിംലീഗിന്റെ വളര്‍ച്ചക്ക്‌ വഴിയൊരുക്കിയത്‌. നാഷണല്‍ യൂത്ത്‌മീറ്റ്‌ സംഘടിപ്പിച്ചതിലൂടെ ഉത്തരേന്ത്യയില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ നല്‍കിയ ഏറ്റവും പ്രധാന സന്ദേശം നിങ്ങള്‍ നശീകരണത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ ചിതറിപ്പോകരുതെന്നും നിര്‍മ്മാണത്തിന്റെ വഴിയില്‍ ഉറച്ച്‌ നില്‍ക്കണമെന്നുമായിരുന്നു. കേരളത്തില്‍ മുസ്‌ലിംലീഗ്‌ നിര്‍മ്മിച്ചതോരോന്നും അവരെ നേരിട്ട്‌ കാണിക്കുകയായിരുന്നു രാഷ്ട്രീയ അവബോധ യാത്രയുടെ ലക്ഷ്യം.

ഒരു ജനാധിപത്യ സംവിധാനത്തില്‍ സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന്‌ അനിവാര്യമായി വേണ്ടത്‌ രാഷ്ട്രീയവല്‍ക്കരണമാണെന്ന്‌ ഈ യാത്ര ഉത്തരേന്ത്യന്‍ പ്രതിനിധികളെ ബോധ്യപ്പെടുത്തി. സാമൂഹ്യ ശാക്തീകരണവും വിദ്യാഭ്യാസ ശാക്തീകരണവും സാമ്പത്തിക ശാക്തീകരണവും രാഷ്ട്രീയ ശാക്തീകരണത്തിന്റെ കൂടെ ആര്‍ജ്ജിക്കേണ്ട ഒന്നാണെന്നും ഓരോ തെളിവുകളുമുയര്‍ത്തിക്കാട്ടി ദേശീയ പ്രതിനിധികളെ ബോധ്യപ്പെടുത്തി.
രാഷ്ട്രീയശാക്തീകരണം സാധ്യമാകാന്‍ സാമൂഹ്യസഹവര്‍ത്തിത്വം കൂടിയേ തീരൂവെന്നും ഇതിന്‌ ആത്മാര്‍ത്ഥമായ സെക്യുലര്‍ മനസ്‌ സൂക്ഷിക്കണമെന്നും മുസ്‌ലിംലീഗ്‌ പറഞ്ഞു. ഇ. അഹമ്മദെന്ന മുസ്‌ലിം പ്രതിനിധിയെ ഇന്ത്യയിലെ നൂറ്‌ കോടി മനുഷ്യരുടെ പ്രതിനിധിയായി ലോക രാഷ്ട്രങ്ങളിലേക്കയക്കാന്‍ മന്‍മോഹന്‍സിംഗിനെ പ്രേരിപ്പിച്ചത്‌ ഇ. അഹമ്മദ്‌ എന്ന കറകളഞ്ഞ മുസ്‌ലിമിലുള്ള വിശ്വാസമാണ്‌. ഇ. അഹമ്മദിന്റെ മന്ത്രി സ്ഥാനത്തിലൂടെ മുസ്‌ലിംലീഗ്‌ ആര്‍ജ്ജിച്ചെടുത്തത്‌ നൂറ്‌ കോടി ജനങ്ങളുടെ വിശ്വാസ്യതയാണ്‌. ആയിരം കൊല്ലം പരിസ്ഥിതി സമരം നടത്തിയാലും സോളിഡാരിറ്റിക്കാരനെ വിശ്വസിക്കാന്‍ ഒരു ഹൈന്ദവ സഹോദരനും കഴിയില്ല. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌ക്കളെ ഈ നാടിന്‌ നന്നായി തിരിച്ചറിയാനാവും. ഇന്ത്യാ മഹാരാജ്യത്തിന്റെ നാലു മൂലയില്‍ നാല്‌ മുറുക്കാന്‍ കട തുടങ്ങിയാല്‍ എല്ലാമായെന്ന അഹങ്കാരം ജമാഅത്തുകാരിന്നും കിണറ്റിലെ തവളകള്‍ മാത്രമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌.

വിലകുറഞ്ഞ ആരോപണങ്ങളിലൂടെ മുസ്‌ലിംലീഗ്‌ നേതാക്കളെ അവമതിക്കാമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. കേരളത്തിലെ മുസ്‌ലിം ജനലക്ഷങ്ങള്‍ക്ക്‌ നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല്‌ നല്‍കിയ ഒരു പിതാവിന്റെ രക്തമാണ്‌ എം.കെ. മുനീറിന്റെ സിരകളിലുള്ളത്‌. ജമാഅത്തുകാര്‍ താഗൂത്തി സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചുകളയുമ്പോള്‍ പള്ളിക്കൂടങ്ങള്‍ തുടങ്ങി ഏറനാട്ടിലെ കാക്കാന്മാരുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുകയായിരുന്നു മുനീറിന്റെ വാപ്പ. ആ കുട്ടികളാണ്‌ മറ്റത്തൂരങ്ങാടിയിലേക്ക്‌ റാങ്കിന്റെ തിളക്കം കൊണ്ടുവന്നത്‌. കണ്ണുകെട്ടി മോട്ടോര്‍ സൈക്കിളോടിക്കുന്ന ഈ വിദ്യ ജമാഅത്തുകാര്‍ക്കും അവരുടെ കുട്ടിക്കുരങ്ങന്മാര്‍ക്കും അത്ര നല്ലതിനല്ല.

ഇ. അഹമ്മദ്‌ ഇതുവരെ ജമാഅത്തുകാര്‍ക്ക്‌ അമേരിക്കന്‍ ചാരനും സാമ്രാജ്യത്വ മൂടുതാങ്ങിയുമായിരുന്നു. എന്നാല്‍ അഹമ്മദ്‌ സാഹിബ്‌ ഖാദിയാനിയായ വിവരം ഇപ്പോഴാണ്‌ കേരളക്കരയറിഞ്ഞത്‌. മലപ്പുറത്ത്‌ മൂല്യത്തിന്‌ മൈനസ്‌ മാര്‍ക്ക്‌ കൊടുത്തപ്പോള്‍ പോലും ഈ ഖാദിയാനി ബന്ധം ആരും കേട്ടിരുന്നില്ല. ഏതായാലും ഭ്രാന്തന്‍ അന്ത്രുമാന്റെ വിറളിപോലെ സ്വന്തം ഉടുവസ്‌ത്രങ്ങളുരിഞ്ഞുള്ള ഈ മരണപ്പാച്ചില്‍ ജമാഅത്തുകാരുടെ ശവക്കുഴി തോണ്ടാനുള്ളതാണ്‌. ആര്‍ക്കും ആരെയും എന്തും പറയാമെന്ന്‌ ഒരു മാധ്യമം കയ്യില്‍വെച്ച്‌ അഹങ്കരിച്ചാല്‍ ജമാഅത്തുകാരും അവരുടെ സില്‍ബന്ധികളും വലിയ വില നല്‍കേണ്ടി വരുമെന്ന്‌ മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.