Friday, May 30, 2008

ആ ജനത എങ്ങോട്ടാണ്‌ പോയത്‌?

ഏതാണ്ട്‌ രണ്ടാഴ്‌ചമുമ്പ്‌ വേങ്ങരയില്‍ ഒരു ബൈക്കപകടമുണ്ടായി. ഞങ്ങളുടെ നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ എ. മുഹമ്മദ്‌ പാറന്നൂരും അദ്ദേഹത്തിന്റെ മകനും പാണക്കാട്ടേക്ക്‌ ബൈക്കില്‍ പോകുന്നതിനിടെ ആയിരുന്നു അപകടം. ബൈക്കില്‍ നിന്ന്‌ തെറിച്ചു വീണ ബാപ്പയും മകനും എഴുന്നേല്‍ക്കാനാവാതെ ഏറെനേരം റോഡില്‍ തളര്‍ന്നു കിടന്നു. അങ്ങാടിയില്‍ ആളുകളേറെയുണ്ടായിരുന്നുവെങ്കിലും ഒരു കൈതാങ്ങിനു പോലും ആരുമെത്തിയില്ല. അരമണിക്കൂറോളം ആ കിടപ്പു കിടന്നു. ഒടുവില്‍ ഒരാള്‍ വന്നു സഹായിച്ചപ്പോഴാണ്‌ മകന്‌ ഒരുവിധം എഴുന്നേല്‍ക്കാനായത്‌. ബാപ്പയാവട്ടെ, പിന്നെ എഴുന്നേറ്റതേയില്ല. മുഹമ്മദ്‌ സാഹിബിന്റെ മയ്യിത്ത്‌ വീട്ടിലെത്തുന്നതിന്‌ മുമ്പ്‌ കൂടെയുണ്ടായിരുന്ന മകന്‍ ഇതു വിവരിക്കുമ്പോള്‍ ഉള്ളില്‍ കടലിരമ്പുകയായിരുന്നു.
നമ്മുടെ നാട്‌ അപകടകരമായി മാറുന്നുവെന്ന വിലാ പം അസ്ഥാനത്തല്ലെന്നും മണ്ണിന്റെ മണമുള്ള നാട്ടിന്‍പുറത്തുകാര്‍ പോലും എങ്ങോ പിന്‍വലിയുകയാണെന്നും ഈ കേള്‍വി സാക്ഷ്യപ്പെടുത്തുന്നു. വളരെ പെട്ടെന്ന്‌ കീഴ്‌പ്പെടുത്തിയ അന്യവല്‍ക്കരണത്തിന്റെ വിത്തുകള്‍ മലപ്പുറത്തെ ആര്‍ദ്രതയുള്ള മനസ്സുകളില്‍ പോലും മുളച്ചു കഴിഞ്ഞിരിക്കുന്നുവെന്ന അറിവാണ്‌ ഇതു പകര്‍ന്നു നല്‍കിയത്‌.
ആഗോളവല്‍ക്കരണത്തിന്റെ ആക്രമണങ്ങള്‍ക്ക്‌ മുമ്പില്‍ നാട്ടിന്‍പുറത്തെ പച്ച മനുഷ്യര്‍ പോലും തോറ്റുപോകുന്നതിന്റെ തെളിവായി ഇത്തരം ഒരുപാട്‌ സംഭവങ്ങള്‍ മാലപ്പടക്കം പോലെ പൊട്ടിത്തെറിക്കുകയാണിപ്പോള്‍.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ അതിശക്തമായ മാറ്റത്തിന്റെ കാലമായിരുന്നു. മനുഷ്യന്റെ അസ്‌തിത്വത്തിലേക്ക്‌ പോലും ആഴ്‌ന്നിറങ്ങിയ മാറ്റത്തിന്റെ ശക്തി അപാരമായിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കിടയിലാണ്‌ ലോകത്തിന്റെ ചരടുപൊട്ടി ആഗോളവല്‍ക്കരണം ഇരച്ചുകയറിയത്‌. നമ്മള്‍ നമ്മളുടേതെന്ന്‌ കരുതി ഉള്ളംകയ്യില്‍ അടക്കിവെച്ചതിനെപോലും അത്‌ കവര്‍ന്നെടുത്തുകളഞ്ഞു. ഇതിനിടെ മനുഷ്യന്റെ മാനസിക വ്യാപാരങ്ങള്‍ പോലും മാറിമറിഞ്ഞു. എന്തിനേറെ നമ്മുടെ അടുപ്പുകളും അടുക്കളകളും മാറിക്കഴിഞ്ഞു.
പത്ത്‌ വര്‍ഷം മുമ്പത്തെ നമ്മളല്ല ഇപ്പോഴത്തെ നമ്മള്‍. നമ്മുടെ സ്വപ്‌നങ്ങളും രീതികളും സ്‌നേഹത്തിന്റെ ആര്‍ദ്രത പോലും വഴിമാറിപ്പോയി. വികസനത്തിന്റെ ദ്രുതഗതിയും ആഡംബരങ്ങളുടെ പൊലിമയും അതിരുകളില്ലാത്ത ആസ്വാദനത്തിന്റെ സാധ്യതകളും നമ്മെ വേറൊരു ലോകത്തെത്തിച്ചു. മറ്റൊരര്‍ത്ഥത്തില്‍ നമ്മള്‍ നമ്മള്‍ക്കു തന്നെ അപരിചിതരായിത്തീര്‍ന്നു. മലപ്പുറത്തുകാര്‍ മാത്രമല്ല മാറിയത്‌. ലോകത്തോടൊപ്പം മലപ്പുറത്തുകാരും വളരെ പെട്ടെന്ന്‌ മാറിയെന്നു മാത്രം.
എട്ട്‌ വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 2001 ജൂലൈ 21ന്‌, കടലുണ്ടി പാലത്തില്‍ നിന്ന്‌ തീവണ്ടി മറിഞ്ഞുണ്ടായ മഹാദുരന്തം ഇപ്പോള്‍ ഒരു പുനര്‍ വായന അര്‍ഹിക്കുന്നു. നിരവധി ആളുകള്‍ മരണത്തോട്‌ മല്ലിട്ട്‌ ബോഗികള്‍ക്കുള്ളില്‍ നിന്ന്‌ ആര്‍ത്തുകരഞ്ഞപ്പോള്‍ ഒരു നാട്‌ മുഴുക്കെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുകയായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളെപോലും കടത്തിവെട്ടി കടലുണ്ടിയിലെ ജനത നടത്തിയ സേവനത്തിന്റെ കഥ ഇന്നും ആവേശകരമായ മാതൃകയാണ്‌. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ ജനങ്ങള്‍ ഏറ്റെടുത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ധീരമായ നേതൃത്വം മലപ്പുറത്തിന്റെ യശസ്സുയര്‍ത്തിയ മാതൃകയായിരുന്നു. ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു അന്നവിടെ കണ്ടത്‌. നൂറുകണക്കിന്‌ വാഹനങ്ങള്‍ നിയന്ത്രിച്ചത്‌ ആ നാട്ടുകാര്‍ മാത്രമായിരുന്നു. പോലീസിന്‌ ചെയ്യാന്‍ കഴിയാത്തത്‌ ഒരു പരിശീലനവുമില്ലാതെ കടലുണ്ടിക്കാര്‍ ചെയ്‌തത്‌ അന്നത്തെ പത്രങ്ങളിലെ ന്യൂസ്‌ സ്റ്റോറികളായിരുന്നു. വാഹനമുള്ള ഓരോരുത്തരും സ്വന്തം വാഹനവുമായെത്തി ഓരോ മനുഷ്യനെയും വഹിച്ച്‌ ആസ്‌പത്രികളിലേക്ക്‌ കുതിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പോലും സ്വന്തം വാഹനങ്ങളില്‍ പരിക്കേറ്റവരെ കയറ്റി കാണിച്ച സമര്‍പ്പണത്തിന്റെ കഥ ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ജനത എങ്ങോട്ടാണ്‌ പിന്‍വാങ്ങിയത്‌? എന്തുമാത്രം മാറ്റമാണ്‌ അവര്‍ക്കുണ്ടായത്‌? ആരാണ്‌ നമ്മുടെ മനസ്സിലെ ആര്‍ദ്രത ഊറ്റിയെടുത്തത്‌?
രണ്ട്‌ വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്തെ പത്മതീര്‍ത്ഥ കുളത്തില്‍, ഒരു വൃദ്ധനെ മാനസികരോഗിയായ ഒരാള്‍ മുക്കിക്കൊന്ന സംഭവം പലരും ഓര്‍ക്കുന്നുണ്ടാവും. കേരളത്തില്‍ മാധ്യമപ്പടക്ക്‌ മുമ്പില്‍ ലൈവായി നടന്ന ആദ്യത്തെ കൊലപാതകമായി നമുക്കിതിനെ വിശേഷിപ്പിക്കാവുന്നതാണ്‌. പത്മതീര്‍ത്ഥ കുളത്തിന്‌ ചുറ്റും ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ക്യാമറകള്‍ സൂം ചെയ്‌ത്‌ ലൈവായി തന്നെ ഈ ദൃശ്യം ലോകത്തിന്‌ കാണിക്കുന്നുണ്ടായിരുന്നു. ഒരാള്‍പോലും ആ കുളത്തിലേക്ക്‌ എടുത്തുചാടാനുണ്ടായില്ല. ഒരാഴ്‌ച മുമ്പ്‌ ഒരാള്‍ ഭാര്യയുടെ മൃതശരീരം മാറോടണച്ച്‌ കരുണക്ക്‌ വേണ്ടി യാചിച്ചത്‌ തിരുവനന്തപുരത്തായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച ഒരു പത്രത്തിന്റെ ഒന്നാം പേജിലെ എക്‌സ്‌ക്ലൂസീവ്‌ ഫോട്ടോ ബസ്സിനടിയില്‍പെട്ട്‌ ചതഞ്ഞരഞ്ഞ ഒരു മനുഷ്യനെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ മല്‍സരിക്കുന്ന യുവാക്കളുടെ ചിത്രമായിരുന്നു. കൊച്ചിയിലെ ബി.ഒ.ടി. പാലത്തിനടിയില്‍ നിന്നുള്ള ഒരു ദയാവായ്‌പുമില്ലാത്ത ഈ ചിത്രത്തിന്റെ തുടര്‍ച്ചയാണ്‌ വ്യാഴാഴ്‌ച വേങ്ങരയില്‍ കണ്ടത്‌. ദേശീയ പാതയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ വലിയ അപകടത്തിനിടയില്‍ തിങ്ങിക്കൂടിയവരില്‍ നിരവധി പേര്‍ തിരക്കു കൂട്ടിയത്‌ അപകടത്തിന്റെ സീനുകള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്താനായിരുന്നു. അപകടത്തിന്റെ വിവിധ ദൃശ്യങ്ങളുമായി പുറത്തിറങ്ങിയ പത്രത്തിലുടനീളം ഈ മൊബൈല്‍ ക്യാമറക്കാരുടെ ബഹളം കാണാമായിരുന്നു. കൊച്ചി ബി.ഒ.ടി. പാലത്തില്‍ നിന്ന്‌ വേങ്ങരയിലേക്കുള്ള ദൂരം മാഞ്ഞുപോയിരിക്കുന്നുവെന്ന്‌ നാം തിരിച്ചറിയുന്നു.
നമ്മുടെ മനസ്സിലെ ആര്‍ദ്രത വരണ്ടുപോയത്‌ എങ്ങനെയാണെന്നും നമ്മള്‍ ഒരു അപകടത്തില്‍പെടുന്നതുവരെയും ഒരു ദുരന്തവും നമ്മെ അസ്വസ്ഥപ്പെടുത്തുന്നില്ലെന്നും വേണം കാണാന്‍. മനുഷ്യന്റെ സാമൂഹ്യ ബോധവും സമര്‍പ്പണവും ഇനി തിരിച്ചുവരാത്തവിധം നഷ്‌ടപ്പെടുകയാണോ? അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകരും യുവജന സംഘടനകളും രാഷ്‌ട്രീയ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇതേക്കുറിച്ച്‌ ഗൗരവമായ ചില ഇടപെടലുകള്‍ നടത്തിയേ തീരൂ. അല്ലെങ്കില്‍ നമുക്ക്‌ നമ്മെ തന്നെയാവും നഷ്‌ടപ്പെടുക.

Wednesday, May 28, 2008

ഉടുപ്പഴിക്കുകയാണ്‌

ഉളുപ്പില്ലാതെ എഴുതാന്‍
അക്ഷരങ്ങള്‍ ഉടുപ്പഴിക്കുകയാണ്‌
അല്ലെങ്കിലും
എനിക്കും നിനക്കുമിടയില്‍
എന്തിനാണ്‌ ഉടുപ്പുകള്‍

ഉടലുകള്‍ കെട്ടുപിണഞ്ഞ്‌
ഇരുട്ടില്‍ നീന്തിമ്പോള്‍
ഒരു ഇലപോലും
പൊഴിയാറില്ല.
മരിച്ചു നീലിച്ചു കഴിഞ്ഞല്ലോ..
എന്തിനാണ്‌ അക്ഷരങ്ങളെ
ഇനി ഉടുപ്പണിയിക്കുന്നത്‌

Thursday, May 22, 2008

ഭൂമി


കിളച്ചു കിളച്ചൊടുവില്‍
‍ഒരു കണ്ണീര്‍ തടം
മാത്രം കണ്ടെത്തുന്നു.
നിധി തേടിയായിരുന്നുവല്ലോ
താഴ്‌ചയിലേക്ക്‌
ഞങ്ങള്‍ ‍കുഴിച്ചിറങ്ങിയത്‌.
കിതച്ചും ഞരങ്ങിയും
തളര്‍ന്ന്‌ വീണവര്‍‌
‍എങ്ങോ മറഞ്ഞു പോയി.
ഈ കണ്ണീര്‍ തടം
നേടുവാനോ ദൈവമേ...
ഞങ്ങളൊരു ജന്മം മുഴുക്കെ
കിളച്ചു മറിച്ചത്‌.