Thursday, April 19, 2012

കേരളത്തിലെ പൊതുസമൂഹവും മുസ്ലീംലീഗ് രാഷ്ട്രീയവും

കഴിഞ്ഞ ആറര പതിറ്റാണ്ടു കാലമായി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിര്‍മ്മാണാത്മകമായ നിലപാടുമായി നിലകൊളളുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലീംലീഗ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉത്ഥാന പതനങ്ങള്‍ക്കിടയില്‍ പോറലുകള്‍ ഏല്‍ക്കാതെ മുസ്ലീംലീഗ് നിലനില്‍ക്കുമ്പോള്‍ മറ്റുസമകാലിക രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പലതും മണ്ണടിയുകയോ ശോഷിച്ചു നാമാവിശേഷമാവുകയോ ചെയ്തുവെന്നത് ചരിത്ര സത്യമാണ് .കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ എല്ലാം പാരമ്പര്യവും കരുത്തുമുളള പ്രസ്ഥാനമാണ് മുസ്ലീംലീഗ് . സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലതും ചരിത്രത്തിന്റെ ശവപ്പറമ്പിലേക്ക് എടുത്തെറിയപ്പെട്ടങ്കിലും മുസ്ലീം ലീഗ് ചരിത്രത്തിന്റെ എല്ലാ കുത്തൊഴുക്കുകളെയും അതിജീവിച്ച് അതിശക്തമായി നിലക്കൊളളുകയാണ്.

1948 മാര്‍ച്ച് 10ന് രൂപീകരിക്കപ്പെട്ട മുസ്ലീംലീഗിനേക്കാള്‍ പാരമ്പര്യമുളള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലതും ചരിത്രത്തിന്റെ കൈവഴികളില്‍ ചിതറി ഒഴുകിയപ്പോഴും മുസ്ലീംലീഗ് അതിന്റെ രൂപീകരണം മുതല്‍ ഇന്നുവരെയും ഒരേ ഭരണഘടനയും ഒരേ പേരും ഒരേ നിലപാടുമായി തുടരുകയാണ് .ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയും സോഷ്യലിസ്റ്റ പാര്‍ട്ടികളുമൊന്നും രൂപീകരിക്കപ്പെട്ട കാലത്തെ അതേ രൂപത്തില്‍ ഇന്നും നിലനില്‍ക്കുന്നില്ല. പല സംഘടനകളും പലതായി പിളര്‍ന്നു. രാഷ്ട്രീയത്തിന്റെ ശ്മശാനത്തിലേക്ക് തളളപ്പെട്ട പ്രസ്ഥാനങ്ങളാവട്ടെ ഒരു കാലത്തെ രാഷ്ട്രീയത്തിന്റെ ഗതിവികതികളെ നിയന്ത്രിച്ച പാര്‍ട്ടികളുമാണ്.


മുസ്ലീംലീഗിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പല കക്ഷികളും നേതാക്കളും കഴിഞ്ഞ കാലങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട് . അവരുന്നയിച്ച ആരോപണങ്ങളാവട്ടെ അത്രയും ബാലിശവും അര്‍ത്ഥശൂന്യവുമായിരുന്നു.മുസ്ലിംലീഗിനെ വര്‍ഗ്ഗീയ കക്ഷിയായി മുദ്രകുത്തുകയും മാറ്റിനിര്‍ത്തുകയും ചെയ്ത കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുസ്ലീംലീഗിന്റെ സഹായം തേടേണ്ടി വന്നിട്ടുണ്ട് .മുസ്ലീംലീഗിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മഹാനായ നേതാവായിരുന്നു സി.എച്ച് .മുഹമ്മദ് കോയ സാഹിബ്. കേരളത്തിലെ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉത്ഥാനത്തിന് വേണ്ടി അദ്ദേഹം നടത്തിയ പ്രയത്‌നം എക്കാലവും സ്മരിക്കപ്പെടുകതന്നെ ചെയ്യും.


ആറര പതിറ്റാണ്ടിന്റെ നിസ്വാര്‍ത്ഥ രാഷ്ട്രീയപ്രവര്‍ത്തനമാണ് മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന സമ്പാദ്യം. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുതല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വരെ നീളുന്ന ത്യാഗിവര്യന്‍മാരായ നേതൃത്വവും അവര്‍ക്കു പിന്നില്‍ മനസ്സും ശരീരവും സമര്‍പ്പിച്ച് അണിനിരന്ന പതിനായിരക്കണക്കിന് വരുന്ന അനുയായികളുമാണ് മുസ്ലിം ലീഗിനെ മുന്നോട്ടു നയിച്ചത്.


രൂപീകരണകാലഘട്ടം മുതല്‍ ഇന്നു വരെയും മുസ്ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും പരിഹസിക്കാനും ആളുകള്‍ ഏറെയുണ്ടായിരുന്നു.ഓരോ കാലങ്ങളിലായി അവര്‍ തൊടുത്തുവിട്ട ആരോപണങ്ങള്‍ പക്ഷെ മുസ്ലിംലീഗിന് കൂടുതല്‍ കരുത്തു പകരുകയാണ് ചെയ്തത്. ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ മുസ്ലിംലീഗുകാര്‍ക്ക് സാധിക്കില്ലെന്ന്ു പരിഹസിച്ചവരെ അത്ഭുതപ്പെടുത്തി മുസ്ലിംലീഗ് കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ അലങ്കരിച്ചുരാഷ്ട്രീയസത്യസന്ത്യതയും വിശ്വാസ്യതയുമാണ് മുസ്ലിം ലീഗിനെ എന്നും മുന്നേറ്റത്തിലേക്ക് നയിച്ചത്. പാര്‍ട്ടി ഒരിക്കലും താത്കാലികനേട്ടങ്ങള്‍ക്കായി ശ്ാശ്വത മൂല്യങ്ങളെ അടിയറവു വെച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഏതെങ്കിലും തെരെഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയല്ല പാര്‍ട്ടി ലക്ഷ്യമായിക്കണ്ടത്.

സമൂഹത്തിലെ സൗഹൃദവും സ്‌നേഹവും പരസ്പരധാരണയും ബന്ധവും ശക്തിപ്പെടുത്തുന്നതിന് ഏറെ ത്യാഗങ്ങള്‍ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്.തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ മുസ്ലിംലീഗ് കൈക്കൊണ്ട നിലപാടുകള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. 1948 മാര്‍ച്ച് 10ന് മുസ്ലിംലീഗ് രൂപീകരിച്ച ഘട്ടത്തില്‍ തന്നെ പാസാക്കിയ പ്രമേയത്തില്‍ അര്‍ത്ഥസങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ച കാര്യം മുസ്ലിംലീഗിന്റെ തീവ്രവാദവിരുദ്ധ നിലപാടായിരുന്നു.

1992ല്‍ബാബരി മസ്ജിദ് തകര്‍ന്നപ്പോഴും ഇതേ നിലപാട് തന്നെയാണ് മുസ്ലീം ലീഗ് സ്വീകരിച്ചത്. ഇന്നും കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ മുസ്ലീംലീഗിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയും സവിശേഷമായ അംഗീകാരവും തീര്‍ച്ചയായും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരം തന്നെയാണ്. മുസ്ലീംലീഗിന്റെ പ്രവര്‍ത്തന മണ്ഡലം ഒരിക്കലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. വിപുലവും വിസ്തൃതവുമായിരുന്നു പാര്‍ട്ടിയുടെ പ്രവര്‍ത്തന പദ്ധതികള്‍. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തുള്‍പ്പെടെ പാര്‍ട്ടി നടപ്പാക്കിയ അതിവിപുലമായ പരിപാടികള്‍ എക്കാലത്തും മാതൃകായോഗ്യമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും മാതൃകാപരമായി മാറിയ മുസ്ലീംലീഗിന്റെ ആതുരസേവനരംഗത്തെ സംഭാവനകള്‍ കേവലരാഷ്ട്രീയത്തിന്റെ കള്ളിയിലൊതുങ്ങുന്നതല്ല. അതുകൊണ്ട് തന്നെ മുസ്ലീംലീഗ് കേരളീയസമൂഹത്തിന്് നല്‍കി വരുന്ന മാതൃകാപരമായ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുന്ന തരത്തിലുള്ളതാണ്. വിദ്യാഭ്യാസ രംഗത്തും ഇത്തരത്തിലുള്ള ഒരു മുന്നേറ്റമാണ് മുസ്ലീംലീഗ് സൃഷ്ടിച്ചത്. മുസ്ലീം സമുദായമുള്‍പ്പെടെ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പുരോഗതിക്കായി മുസ്ലീം ലീഗ് നിരന്തരമായി ചെയ്ത സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. മുസ്ലീംസമുദായത്തിനകത്തേക്ക് റാങ്ക് ജേതാക്കളെ കൊണ്ടുവന്നതും പ്രൊഫഷണല്‍ വിദ്യാഭ്യാസരംതത്ത് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഉള്‍പ്പെടെയുള്ള ദീര്‍ഘ ഗര്‍ശികളായ നേതാക്കളുടെ നടപടികള്‍ കൊണ്ടാണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാവുന്ന യാഥാര്‍ത്ഥ്യമാണ്.