Thursday, November 12, 2009

ഒരു മീസാന്‍ കല്ലുകൂടി


മൂന്ന്‌ നിയമസഭാ മണ്‌ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ എന്തുകൊണ്ട്‌ കണ്ണൂര്‍ മാത്രം മത്സരിക്കാന്‍ തെരഞ്ഞെടുത്തുവെന്ന്‌, ഒരു ടി.വി. ചാനല്‍ ചര്‍ച്ചക്കിടെ ചോദ്യമുയര്‍ന്നു. ``ഞങ്ങള്‍ നാലുംമാസം മാത്രം പ്രായമായ പാര്‍ട്ടിയായതിനാല്‍ മൂന്നിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സംവിധാനമില്ലാത്തതിനാലാണ്‌ ഒരിടത്തുമാത്രം ഒതുങ്ങിനിന്നതെന്നായിരുന്നു കണ്ണൂരില്‍ എന്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മൗലവിയുടെ മറുപടി. അപ്പോള്‍ കണ്ണൂര്‍ തെരഞ്ഞടുത്തത്‌ ടോസ്‌ ചെയ്‌താണോ എന്ന അവതാരകന്റെ ചോദ്യത്തിന്‌ മുന്നില്‍ മൗലവി മൂക്കുകുത്തി വീഴുകയായിരുന്നു. ഉത്തരം പറയാത്ത ഈ ചോദ്യത്തിന്‌ മറുപടി കണ്ടെത്താന്‍ രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ അന്വേഷണം നടത്തേണ്ടതുണ്ട്‌.
നാലുമാസം പ്രായമായ എന്‍.ഡി.എഫ്‌. രാഷ്‌ട്രീയ പാര്‍ട്ടി ജന്‍മംകൊണ്ടുതന്നെ ഒരു വിചിത്ര ജീവിയാണ്‌. 15 വര്‍ഷം ഗര്‍ഭം ചുമന്നു നടന്ന ശേഷമാണ്‌ മുന്തിയ ഇനം പേരോടുകൂടി പാര്‍ട്ടി പിറന്നുവീണത്‌. കന്നി മത്സരത്തിന്‌ കണ്ണൂര്‍ മണ്‌ഡലം തെരഞ്ഞെടുക്കുമ്പോള്‍ ഇവരുടെ അവകാശവാദം ശ്രദ്ധേയമായിരുന്നു. 2500 കേഡറുകള്‍ ഈ മണ്‌ഡലത്തിലുണ്ടെന്നും ബി.ജെ.പി.യെ പിറകിലാക്കാന്‍ മാത്രമല്ല, മോഡി പരാമര്‍ശം നടത്തിയ അബ്‌ദുല്ലക്കുട്ടിയെ വിറപ്പിക്കാന്‍കൂടിയാണ്‌ ഈ മത്സരമെന്നുമായിരുന്നു വീമ്പുപറച്ചില്‍. 3411 വോട്ടുമായി കണ്ണൂരില്‍നിന്ന്‌ മുഖം മറച്ചു മടങ്ങുമ്പോള്‍ 2500 കേഡറുകള്‍ക്ക്‌ സ്വന്തം ഭാര്യമാരെപോലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നുവേണം മനസ്സിലാക്കാന്‍. പിന്നെ ഇവരുടെ കവാത്തുകൊണ്ട്‌ ഏത്‌ സമുദായത്തെയാണ്‌ സ്വാധീനിക്കാനാവുക?
കണ്ണൂരില്‍ എന്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിക്കുപ്പായമണിഞ്ഞത്‌ ആകസ്‌മികമോ അബദ്ധത്തിലോ അല്ല. ആലപ്പുഴയില്‍ പി.ഡി.പി. മത്സരിച്ച അതേ ലക്ഷ്യമാണ്‌ കണ്ണൂരില്‍ എന്‍.ഡി.എഫ്‌. മത്സരത്തിന്‌ പിറകിലുള്ളത്‌. രണ്ട്‌ വിഭാഗവും സി.പി.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ നോമിനികളാണ്‌. രണ്ട്‌ നാമനിര്‍ദ്ദേശ പത്രികയും സമര്‍പ്പിച്ചത്‌ പിണറായി വിജയനുവേണ്ടിയാണ്‌. തങ്ങള്‍ക്ക്‌ ഏറ്റവും സ്വാധീനമുള്ള കണ്ണൂര്‍ മണ്‌ഡലത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിതന്നെ മത്സരിച്ചാല്‍ അബ്‌ദുല്ലക്കുട്ടിക്ക്‌ ലഭിക്കാനിടയുള്ള വലിയൊരുഭാഗം മുസ്‌ലിം വോട്ടുകള്‍ പിടിക്കാനാവുമെന്നും ഇതുവഴി എം.വി. ജയരാജന്റെ വിജയം ഉറപ്പാക്കാമെന്നുമാണ്‌ എന്‍.ഡി.എഫ്‌. നേതാക്കള്‍ പിണറായിയെ വിശ്വസിപ്പിച്ചത്‌. 1,33,326 വോട്ടര്‍മാരുള്ള കണ്ണൂരില്‍ 43,673 പേര്‍ മുസ്‌ലിംകളാണ്‌. മുപ്പത്‌ ശതമാനത്തിലേറെ വോട്ട്‌ മുസ്‌ലിംകള്‍ക്കുള്ള ഒരു മണ്‌ഡലത്തില്‍ എന്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പിടിക്കുന്ന ഓരോ വോട്ടും അബ്‌ദുല്ലക്കുട്ടിയുടെ പെട്ടിയില്‍നിന്നാവുമെന്ന്‌ പിണറായി വിജയനും വിശ്വസിച്ചു. ഇതിന്റെ തുടര്‍നാടകമായിരുന്നു കണ്ണൂരിലെ എന്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിത്വം. പി.ഡി.പി. തങ്ങളുടെ ശക്തികേന്ദ്രമെന്ന്‌ സ്വയം മേനിപറഞ്ഞാണ്‌ ആലപ്പുഴയില്‍ ഷുക്കൂറിനെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌. ഇവിടെ കിട്ടിയത്‌ 1804 വോട്ടുമാത്രം. രണ്ട്‌ സംഘടനകളും പ്രവര്‍ത്തിച്ചത്‌ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്‌ഡലങ്ങളിലാണ്‌. മുസ്‌ലിം വികാരം ഇളക്കിവിട്ട്‌ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥികളുടെ പരമാവധി വോട്ട്‌ ഛിദ്രമാക്കുക മാത്രമായിരുന്നു രണ്ട്‌ സംഘടനകളുടെയും ലക്ഷ്യം. ഇതിന്‌ ഇടതുമുന്നണി പ്രഖ്യാപിച്ച ഇനാം എന്തായിരുന്നുവെന്ന്‌ വരുംനാളുകളില്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പ്രബുദ്ധത പ്രഖ്യാപിക്കുന്ന ഫലംകൂടിയാണ്‌ ഈ ഉപതെരഞ്ഞെടുപ്പിലുണ്ടായത്‌.
തങ്ങള്‍ക്ക്‌ തീവ്രവാദത്തിന്റെയും വര്‍ഗ്ഗീയതയുടെയും സംരക്ഷണ പുതപ്പുകള്‍ വേണ്ടെന്നും മുഖ്യധാരാ ജനാധിപത്യത്തിന്റെ നേര്‍രേഖയില്‍നിന്ന്‌ മാറിനടക്കാന്‍ താല്‍പ്പര്യമില്ലെന്നും മുസ്‌ലിം ജനത നടത്തിയ ഈ പ്രഖ്യാപനത്തെ കേരളത്തിലെ പൊതുസമൂഹം കൂടുതല്‍ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്‌. മുസ്‌ലിം സമുദായത്തിന്റെ സംരക്ഷണ ചുമതല സ്വയമേറ്റെടുത്ത്‌ ഭ്രാന്തമായ ആക്രോശങ്ങള്‍ നടത്തുന്ന കടലാസ്‌ പുലികളുടെ അടിത്തറ എത്ര ദയനീയമാണെന്നറിയാന്‍ ഇതില്‍പരം തെളിവുകളുടെ ആവശ്യമില്ല.
മാധ്യമങ്ങള്‍ക്ക്‌ ഒരു ചുക്കുമറിയില്ലെന്ന വിഖ്യാത പരാമര്‍ശം പിണറായി വിജയനെ വീണ്ടും ആഞ്ഞുകൊത്തുകയാണ്‌. കെ.ടി. ജലീലിനെ തോളിലേറ്റി നടന്നാല്‍ മുസ്‌ലിം ജനസാമാന്യം സി.പി.എമ്മിനെ പുണരുമെന്ന ചിന്തയായിരുന്നു ആദ്യത്തെ തെറ്റ്‌. ശംഖ്‌മുഖം കടപ്പുറത്ത്‌ വി.എസ്‌. അച്യുതാനന്ദനെ ബക്കറ്റില്‍ ഖബറടക്കിയതോടെ ആ തെറ്റിന്റെ വലിയ വില പിണറായിക്ക്‌ ബോദ്ധ്യപ്പെട്ടുതുടങ്ങി. അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ കണ്ണീരുകൊണ്ട്‌ മുസ്‌ലിം സമുദായത്തെ മാമോദീസമുക്കാമെന്ന ആലോചനയായിരുന്നു രണ്ടാമത്തെ തെറ്റ്‌. പൊന്നാനിയില്‍ അബ്‌ദുന്നാസര്‍ മഅ്‌ദനിക്കൊപ്പം അടിതെറ്റി വീണപ്പോള്‍ പിണറായിക്ക്‌ ഈ തെറ്റ്‌ കൂടുതല്‍ ബോദ്ധ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതി തീവ്രതയുമായി വന്ന എന്‍.ഡി.എഫുകാരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അബ്‌ദുല്ലക്കുട്ടിയെ മുസ്‌ലിംകള്‍ കയ്യൊഴിയുമെന്നതായിരുന്നു മൂന്നാമത്തെ അബദ്ധം. ഈ തീരുമാനവും എത്രമേല്‍ നിരാശാജനകമാണെന്ന്‌ ബോദ്ധ്യമാകുമ്പോള്‍ തനിക്ക്‌ മുസ്‌ലിം മനസ്സിനെക്കുറിച്ചെങ്കിലും ഒരു ചുക്കുമറിയില്ലെന്ന്‌ ഏറ്റുപറയാന്‍ പിണറായി വിജയന്‍ സന്‍മനസ്സ്‌ കാണിക്കണം. സംഘടനാ രൂപീകരണത്തിലെന്നപോലെ എന്‍.ഡി.എഫുകാര്‍ക്ക്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലും കച്ചവട താല്‍പ്പര്യം മാത്രമാണുണ്ടായിരുന്നത്‌.
അബ്‌ദുല്ലക്കുട്ടിക്ക്‌ കിട്ടാനിടയുള്ള മുസ്‌ലിം വോട്ടുകള്‍ പരമാവധി ഛിന്നഭിന്നമാക്കാന്‍ പിണറായിക്കുവേണ്ടി നടത്തിയ ഒരഭ്യാസം മാത്രമാണ്‌ എന്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിത്വം. ഒരു മൗലവിയെത്തന്നെ തൊപ്പിയും കുപ്പായവുമണിയിച്ചിറക്കിയാല്‍ പരമാവധി മുസ്‌ലിം വോട്ടുകള്‍ പെട്ടിയിലാക്കാം എന്ന പിണറായിയുടെ മൗഢ്യത്തിനാണ്‌ ഒരിക്കല്‍കൂടി അടിയേറ്റിരിക്കുന്നത്‌. പഴയ നാടകത്തിലെ അരപ്പട്ടയും കള്ളിത്തുണിയും മൊട്ടത്തലയും പുതിയ രൂപത്തില്‍ പയറ്റുക മാത്രമാണ്‌ കണ്ണൂരില്‍ സി.പി.എം. നിര്‍വ്വഹിച്ചത്‌.
മുസ്‌ലിം സമുദായത്തിന്റെ ശബ്‌ദം ഉറക്കെപ്പറയാന്‍ ആളില്ലാത്തതിനാലാണല്ലോ മിതവാദത്തിന്റെ വേലിക്കെട്ടുകള്‍ ചാടിക്കടന്ന്‌ തീവ്രവാദത്തിന്റെ മേച്ചില്‍പുറങ്ങളിലേക്ക്‌ എന്‍.ഡി.എഫുകാര്‍ ഇരച്ചുകയറിയത്‌. ഖല്‍ബിനുള്ളില്‍ സമുദായസ്‌നേഹം പതഞ്ഞുപൊങ്ങി വീര്‍പ്പുമുട്ടുന്ന ഇക്കൂട്ടര്‍ മത്സരിച്ചത്‌, ഒരു മുസ്‌ലിം നിയമസഭയിലേക്ക്‌ കയറാനുള്ള സാദ്ധ്യതക്ക്‌ തടയിടാന്‍ മാത്രമായിരുന്നുവെന്ന്‌ വ്യക്തമാവുമ്പോള്‍ ഇവരുടെ സമുദായ സ്‌നേഹത്തിന്റെ കാപട്യം എത്രമാത്രമെന്നറിയാന്‍ വേറെ തെളിവുകള്‍ ആവശ്യമില്ല.
ചേറിലും ചെളിയിലും പണിയെടുത്ത്‌ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി അന്തിയുറങ്ങിയ ഒരു സമുദായത്തിന്‌, രാഷ്‌ട്രീയ പ്രബുദ്ധതയുടെ പുതപ്പുനല്‍കി മുഖ്യധാരയുടെ രാജപാതകളിലേക്ക്‌ നയിച്ച മുസ്‌ലിംലീഗിന്‌ പകരമാകാന്‍, മെഴുകുതിരി വെട്ടത്തില്‍ പതുങ്ങിയിരുന്ന്‌ അഭ്യാസം കളിക്കുന്നവര്‍ക്കാവില്ലെന്ന സന്ദേശംകൂടിയാണ്‌ കണ്ണൂര്‍ നല്‍കുന്നത്‌. ഇന്നലെ പെയ്‌ത മഴയില്‍ മുളച്ച തവരകള്‍ നാളത്തെ വെയിലിനെ അതിജീവിക്കാനുള്ളതല്ല. ഇങ്ങനെ ബദലൊരുക്കിയ പലരും ഇന്ന്‌ രാഷ്‌ട്രീയ ശ്‌മശാനങ്ങളില്‍ ഒരു മീസാന്‍കല്ലുമാത്രം ബാക്കിവെച്ച്‌ വിസ്‌മൃതിയിലാണ്ടുപോയിക്കഴിഞ്ഞു.
ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ മേച്ചില്‍പുറങ്ങളിലേക്ക്‌ കഴുത്തുനീട്ടിവന്ന ഭിക്ഷാംദേഹികള്‍ അവരുടെ സ്വാര്‍ത്ഥവും കുടിലവുമായ ലക്ഷ്യങ്ങളുടെ പാറക്കെട്ടുകളില്‍ മൂക്കുകുത്തി കാലയവനികക്കു പിന്നില്‍ മറഞ്ഞു. എം.ഡി.പി.യും പ്രോഗ്രസ്സീവ്‌ ലീഗും മരക്കാര്‍ലീഗും സമസ്‌ത ലീഗുമെല്ലാം ഇന്ന്‌ കാഴ്‌ചബംഗ്‌ളാവുകളില്‍പോലും തെരഞ്ഞാല്‍ കാണാത്ത വിദൂരതയിലാണ്‌. ഇതുപോലെ ഒരു മീസാന്‍ കല്ലാവുക മാത്രമാണ്‌ ഇപ്പോള്‍ കാടിളക്കി വന്ന കരിമ്പൂച്ചകളുടെയും നിയോഗം എന്ന്‌ കാലം സാക്ഷ്യപ്പെടുത്തുകതന്നെ ചെയ്യും.