Monday, January 16, 2012

ഒരു സംസ്‌കാരം ഞങ്ങള്‍ വീണ്ടെടുക്കുന്നു



ഹരിതഗ്രാമം ഒരു കൂട്ടായ്മയുടെ വിജയഗാഥയാണ്. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ വിശ്രമരഹിതമായ പ്രവര്‍ത്തനത്തിന്റെ സാഫല്യം. എല്ലാ വിഭാഗം ജനങ്ങളും കൈമെയ് മറന്ന് ഒന്നിച്ചണി ചേര്‍ന്ന് ഒരു ഗ്രാമത്തെ മാറ്റിപ്പണിയാന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലം. സ്വന്തം സംസ്‌കാരത്തെ തിരിച്ചറിഞ്ഞ് ഒരു ജനത നടത്തിയ മടക്കയാത്രയുടെ പേരാണ് ഹരിതഗ്രാമം. ഒരു പുല്‍ക്കൊടി പോലും സ്വന്തം നട്ടുനനക്കാന്‍ മനസ്സില്ലാത്ത ഒരു തലമുറ സൃഷ്ടിപരമായ കാര്‍ഷിക സംസ്‌കൃതിയിലേക്ക് നടത്തിയ ഒരു തിരിച്ചു നടത്തം. മാധ്യമങ്ങളും പുറംലോകവും ഇതിന് നല്‍കിയ പിന്‍ബലം ഞങ്ങളെ ജാഗരൂകരാക്കി. തേഞ്ഞുപോയ വിമര്‍ശനശരങ്ങളില്‍ കമ്പുപടര്‍ത്തിയാണ് നഷ്ടപ്രതാപത്തെ ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നത്. ഇപ്പോള്‍ ആത്മവിശ്വാസത്തോടെ ഞങ്ങള്‍ക്കു പറയാനാവും; ഏത് നാട്ടിലും ഇത് സാധ്യമാണ്. സ്ത്രീകളുള്‍പ്പെടെയുള്ള ഒരു ജനതക്ക് ദൃഢനിശ്ചയമുണ്ടായാല്‍ മാത്രം മതി.

സംസ്‌കാരങ്ങള്‍ മലിനമാക്കപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സമകാലിക വര്‍ത്തമാനത്തിനിടയിലാണ് ചോയിമഠം ഗ്രാമം ഹരിതഭംഗി വീണ്ടെടുക്കുന്നത്. എന്‍ഡോസള്‍ഫാനടക്കമുള്ള ഭീകരകീടനാശിനികള്‍ മനുഷ്യന്റെ ആവാസവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുമ്പോള്‍, തമിഴന്റെ ലോറി വരാതിരുന്നാലും ഞങ്ങള്‍ ജീവിക്കുമെന്ന് ഈ നാട്ടുകാര്‍ അനുഭവപാഠത്തിലൂടെ തെളിയിച്ചു. ഉണ്ണികുളം പഞ്ചായത്ത് ഈ ദൃഢനിശ്ചയത്തിന് നല്‍കിയ സമ്മാനമാണ് ഹരിതഗ്രാമം പദ്ധതി. ഓരോ വീട്ടുകാരും ഈ പദ്ധതിയില്‍ പങ്കാളികളാണ്. ഓരോ വിദ്യാലയങ്ങളും ഈ സംരംഭത്തിലെ കണ്ണികളാണ്. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന വികസനസമിതിയാണ് ഈ പദ്ധതിയുടെ അഭിമാനസ്തംഭം. ഒരു ജനറേറ്റര്‍ കണക്കെ അവരാണ് ഈ പച്ചപ്പിന് ഊര്‍ജം നല്‍കുന്നത്.

ലോകത്തിന് മുമ്പില്‍ ഒരു മാതൃകയൊരുക്കുകയാണ് ഹരിതഗ്രാമം. സ്വന്തം വിയര്‍പ്പില്‍ പൊടിഞ്ഞ് പൂക്കള്‍ കൊണ്ടാണ് പച്ചക്കറി വിപ്ലവം ഇവിടെ സാധ്യമായത്. മണ്ണിനോട് പിണങ്ങിനിന്നവര്‍ മണ്ണിന്റെ പുതുഗന്ധത്തിലേക്ക് ആര്‍ത്തലച്ചു വരികയായിരുന്നു. എന്തും വിളയിക്കാവുന്ന ഈ ഭൂപ്രകൃതിയെ ഇപ്പോള്‍ ഒരു ഗ്രാമം നന്നായി ഉപയോഗിക്കുന്നു. സൃഷ്ടിയുടെ മുദ്രാവാക്യമാണ് ഇവിടെ ഉയരുന്നത്. നശീകരണത്തിന്റേതല്ല. വികസനമെന്നാല്‍ റോഡും തെരുവുവിളക്കുകളും മാത്രമല്ലെന്ന് ഒരു ജനത തിരിച്ചറിഞ്ഞിരിക്കുന്നു. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ശരിപ്പകര്‍പ്പാണ് ചോയിമഠം ഗ്രാമത്തില്‍ നടക്കുന്നത്. സജീവമായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍. ഓരോ വകുപ്പിനും പ്രത്യേകം ചുമതലക്കാര്‍. അവരെ സഹായിക്കാന്‍ സ്ത്രീകളും ചെറുപ്പക്കാരും. ആബാലവൃദ്ധം ജനങ്ങളും അണിനിരന്ന ഒരു വികസന മുന്നേറ്റം.

ആ വികസനത്തെ ലോകത്തിന്റെ നെറുകയിലേക്ക് നമ്മള്‍ ഉയര്‍ത്തുകയാണ്, ചോയിമഠം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഒപ്പിയെടുക്കുന്ന ഒരു വെബ്‌സൈറ്റിലൂടെ. കേരളത്തില്‍ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു വാര്‍ഡിന്റെ മുഴുവന്‍ ഡാറ്റാബാങ്കോട് കൂടിയ വെബ്‌സൈറ്റ് എന്ന് ഞങ്ങള്‍ വിചാരിക്കുന്നു. ഗ്രാമത്തിലെ ഓരോ എന്‍എസ്എസ് ശാഖകളിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ ശേഖരം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചോയിമഠത്തിന്റെ ഉള്ളും പുറവും ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്ന ഈ ശ്രദ്ധേയമായ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിന്റെ ഉള്‍ക്കാഴ്ചയുള്ള ഭരണാധികാരി, ഐടി-വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി സാഹിബ് എത്തുകയാണ്. ഒപ്പം സര്‍ഗധനനായ എംഎല്‍എ പുരുഷന്‍ കടലുണ്ടിയും നമ്മുടെ ജനനേതാക്കളും. ഇത് ചോയിമഠം ദേശത്തിന്റെ ചരിത്രസന്ധിയാണ്. ഒരു ജനതയെ പിന്‍ബെഞ്ചില്‍ നിന്ന് വിളിച്ചുണര്‍ത്തി മുന്‍ബെഞ്ചിലിരുത്തുന്ന വിസ്മയം. ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദ്യമായി കാന്തപുരത്തേക്ക് ക്ഷണിക്കുന്നു.