Saturday, April 23, 2011

ആകാശത്തു നിന്നും രക്ഷകര്‍ വരും

രണ്ടര വര്‍ഷ്‌ മുമ്പ്‌ മൈന ഉമൈബാന്‌ ഒരു കത്തുവന്നു. `ചന്ദനഗ്രാമം' എന്ന അവരുടെ നോവല്‍ വായിച്ച ഒരു വായനക്കാരന്റേതായിരുന്നു കത്ത്‌. വേറെ പുസ്‌തകങ്ങളുണ്ടെങ്കില്‍ അയച്ചുതരണമെന്നും ജീവിതത്തോട്‌ പൊരുതാന്‍ പുസ്‌തകങ്ങള്‍ മാത്രമാണ്‌ എന്റെ കരുത്തെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കത്തുകള്‍ വരാത്ത കാലത്ത്‌ പോസ്‌റ്റ്‌മാന്‍ കൊണ്ടുവന്ന ഒരു കത്തിന്റെ കൗതുകത്തില്‍ മൈന ആ കുറിപ്പടിയില്‍ കണ്ട വായനക്കാരന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു. ആ വിളിയാണ്‌ മുസ്‌തഫ എന്ന 37-കാരന്റെ ജീവിതം മാറ്റിമറിച്ചത്‌.

മുസ്‌തഫ തന്റെ കഥ പറഞ്ഞുതുടങ്ങി
ടിപ്പര്‍ ലോറിയിലെ ഡ്രൈവറായിരുന്നു ഞാന്‍. മലപ്പുറം ജില്ലയിലെ ഐക്കരപ്പടി പൂച്ചാല്‍ മൊയ്‌തീന്‍-നഫീസ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തവന്‍. ചങ്ങാതിയുടെ വീട്ടിലിരിക്കുമ്പോള്‍ അവന്റെ ഉമ്മക്ക്‌ വെറ്റിലമുറുക്കാന്‍ അടക്ക വേണമെന്ന്‌ പറഞ്ഞു. കവുങ്ങില്‍ കയറി പറിച്ചുതരാമെന്നേറ്റു. ആ കവുങ്ങുകയറ്റം അവസാനിച്ചത്‌ ജീവിതത്തിന്റെ ഇരുട്ടിലാണ്‌. കവുങ്ങു പൊട്ടി വീണ്‌ നട്ടെല്ല്‌ തകര്‍ന്നു. അഞ്ചരവര്‍ഷം മുമ്പാണ്‌ സംഭവം. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ 17-ന്‌. പിന്നെ ചികില്‍സയും ആസ്‌പത്രി ജീവിതവുമായി തള്ളി നീക്കിയ ദിവസങ്ങള്‍. ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത ദുരിതങ്ങളിലേക്കാണ്‌ വീണുതകര്‍ന്നതെന്ന്‌. ശരീരം മാത്രമല്ല, മനസ്സും തളര്‍ന്നുപോയ ആ കാലം ഇപ്പോള്‍ ഇരുട്ട്‌ നിറഞ്ഞ ഓര്‍മ്മയാണ്‌. മക്കളെ പോറ്റാന്‍ അദ്ധ്വാനിച്ചിരുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക്‌ ഒരു ഭാരമായി തീര്‍ന്നുവല്ലോ എന്ന ആധിയില്‍ വെന്തുനീറുകയായിരുന്നു. സൗഹൃദങ്ങളുടെ കണ്ണികള്‍ അകന്നുപോവുന്നത്‌ വേദനയോടെ അറിഞ്ഞു. ആരോടും പരിഭവം തോന്നിയില്ല. എങ്കിലും മനസ്സിന്റെ നീറ്റല്‍ ഉള്ളില്‍ എരിവു പകര്‍ന്നു. ജീവിതത്തെ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ വ്യഥ ഇങ്ങനെയാണ്‌. പങ്കുവെക്കാന്‍ പോലും നേരമില്ലാത്ത കാലത്തിന്റെ ക്രൗര്യം ഞാനും നന്നായറിഞ്ഞു. ഒരുപാട്‌ പേര്‍ സഹായങ്ങള്‍ ചെയ്‌തു. സഹായങ്ങള്‍ കൊണ്ടു മാത്രം തീരുമായിരുന്നില്ല ജീവിതത്തിന്റെ ദുരിതങ്ങള്‍. മെഡിക്കല്‍ കോളജ്‌ ആസ്‌പത്രിയിലെ മൂന്ന്‌ മാസം നീണ്ട ചികില്‍സക്കൊടുവില്‍ എത്തിയത്‌ സ്വന്തം വീട്ടിലേക്കായിരുന്നു. അവിടെ അധിക കാലം നില്‍ക്കാന്‍ മനസ്സു വന്നില്ല. ഭാര്യ സുലൈഖയോടും മകന്‍ സഹദ്‌ സല്‍മിയോടുമൊപ്പം ഭാര്യ വീട്ടിലേക്ക്‌ താമസം മാറി. ഒളവട്ടൂരിലെ കാപ്പാടന്‍ മൊയ്‌തീന്‍കുട്ടിയുടെ മകളാണ്‌ സുലൈഖ. ഭാര്യ വീട്ടില്‍ എത്രകാലം കിടക്കുമെന്ന ആധി ഉള്ളില്‍ പിടഞ്ഞു. പിന്നെ വാടക വീടുകളായി ശരണം. ഒളവട്ടൂരില്‍ തന്നെ ഒരു വര്‍ഷം താമസിച്ചു. പിന്നെ ചാമപ്പറമ്പിലേക്ക്‌. അവിടെ ഒരു വീട്‌ ലഭിച്ചു. രണ്ടു വര്‍ഷത്തോളം ആ വീട്ടില്‍ താമസിച്ചു. അപ്പോഴേക്കും വാടക വീട്‌ പൊളിക്കാന്‍ വേണ്ടി ഉടമ തീരുമാനിച്ചു. ദുരിതങ്ങളുടെ പെരുമഴയിലേക്ക്‌ ഒരു നിസ്സഹായമായ കുടുംബം എടുത്തെറിയപ്പെടുമ്പോഴാണ്‌ ഒരു കച്ചിത്തുരുമ്പുപോലെ മൈനയുടെ ഫോണ്‍ വിളി എത്തുന്നത്‌.

മുസ്‌തഫയുടെ ജീവിതത്തെ മൈന ഇങ്ങനെ വിവരിക്കുന്നു:
ഒരു പുസ്‌തകം ചോദിച്ച എഴുത്തില്‍ നിന്നാണ്‌ മുസ്‌തഫയുടെ ഇരുട്ടു നിറഞ്ഞ ജീവിതത്തെ അറിയുന്നത്‌. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത കാലത്ത്‌ ഒരാള്‍ക്കു വേണ്ടി എന്തുചെയ്യാനാവുമെന്നായിരുന്നു എന്റെ ചിന്ത. എങ്കിലും മുസ്‌തഫക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്‌ മനസ്സ്‌ പറഞ്ഞുകൊണ്ടേയിരുന്നു. ആ ഉള്‍വിളിയാണ്‌ സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗില്‍ മുസ്‌തഫയുടെ കത്തിന്റെ ഒരു ഭാഗം പ്രസിദ്ധപ്പെടുത്താന്‍ ഇടയാക്കിയത്‌. ഏകദേശം രണ്ടരവര്‍ഷം മുമ്പാണിത്‌. അപ്പോള്‍ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകര്‍ മുസ്‌തഫയെ നന്നായി നോക്കിവരികയായിരുന്നു. എന്റെ ബ്ലോഗിലെ കത്തു വായിച്ച്‌ ചിലര്‍ മുസ്‌തഫയെ വന്നു കണ്ടു. അവര്‍ ബ്ലോഗിലിട്ട പോസ്റ്റുകള്‍ മുസ്‌തഫയുടെ ദുരിത കഥയായിരുന്നു. ഒടുവിലൊരു ദിവസം ഞാന്‍ മുസ്‌തഫയെ കാണാന്‍ ചെന്നു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ ചെറുപ്പക്കാരന്‍. മുസ്‌തഫയുടെ ശരീരം മാത്രമല്ല മനസ്സും തളര്‍ന്നുപോയിരുന്നു. എന്റെ പരിമിതികളില്‍ നിന്നുതന്നെ ഒന്നുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ തോന്നി. മുസ്‌തഫയുടെ കഥയറിഞ്ഞ ഒരു സുഹൃത്ത്‌ ആറ്‌ മാസത്തെ വീട്ടുവാടക നല്‍കാമെന്നേറ്റു. മറ്റൊരാള്‍ 3 മാസത്തെ വാടക തരാമെന്നു പറഞ്ഞു. വായന കൂടെ കരുതിയ മുസ്‌തഫക്കു വേണ്ടി ഒരുപാട്‌ പേര്‍ പുസ്‌തകങ്ങള്‍ നല്‍കാമെന്നേറ്റു. രണ്ട്‌ മൂന്ന്‌ ദിവസത്തിനകമായിരുന്നു അല്‍ഭുതകരമായ ഈ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സഹായവാഗ്‌ദാനങ്ങള്‍ വന്നു. അപ്പോള്‍ എനിക്ക്‌ മനസ്സിലായി, വാടക വീടല്ല, സ്വന്തമായി ഒരു വീടാണ്‌ മുസ്‌തഫക്ക്‌ വേണ്ടത്‌. ഭൂലോക കാരുണ്യം എന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്‌മയിലും മുസ്‌തഫയുടെ കഥ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്‌ മുസ്‌തഫയുടെ ഭാര്യയുടെ കൂടി പേരില്‍ ഞാന്‍ ജോലി ചെയ്യുന്ന കാലിക്കറ്റ്‌ കോ-ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ഒരു എക്കൗണ്ട്‌ തുടങ്ങി. പെയിന്‍ ക്ലിനിക്ക്‌ ഭാരവാഹികള്‍ എല്ലാം ചെയ്യാമെന്നേറ്റു. പലതുള്ളി പെരുവെള്ളമായി പലരും തുക നല്‍കി. 100 രൂപ മുതല്‍ 49900 രൂപ വരെ പലരായി അയച്ചുതന്നു. മുസ്‌തഫക്ക്‌ ചിലരെല്ലാം നേരിട്ടും പണം നല്‍കുന്നുണ്ടായിരുന്നു. പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുളിക്കലിനടുത്ത പറവൂരില്‍ ആറ്‌ സെന്റ്‌ സ്ഥലം കണ്ടെത്തി. അപ്പോഴേക്കും അക്കൗണ്ടില്‍ മൂന്ന്‌ ലക്ഷം രൂപ എത്തിയിരുന്നു. സ്ഥലം വാങ്ങാന്‍ മാത്രം നാലേകാല്‍ ലക്ഷം വേണം. വീണ്ടും സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ആദ്യം നല്‍കിയ പലരും വീണ്ടും പണമയച്ചു. അങ്ങിനെയാണ്‌ സ്ഥലം വാങ്ങല്‍ നടന്നത്‌.

കലങ്ങിമറിഞ്ഞ ജീവിതത്തില്‍ നിന്ന്‌ തനിക്ക്‌ പിടിവള്ളി തന്നത്‌ മൈനയെന്ന എഴുത്തുകാരിയും പേരറിയാത്ത നിരവധി ബ്ലോഗര്‍മാരുമാണെന്ന്‌ മുസ്‌തഫ പറയുന്നു.
ഏഴാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമാണ്‌ എനിക്കുണ്ടായിരുന്നത്‌. ഇ-മെയിലിനെക്കുറിച്ചോ ബ്ലോഗിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. ഇങ്ങനെയൊരു ലോകമുണ്ടെന്ന അറിവ്‌ വലിയൊരു വാതിലാണ്‌ തുറന്നത്‌. തനിക്കും ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന ഉറപ്പ്‌ മനസ്സിനെ പ്രചോദിപ്പിച്ചു. ആ പ്രചോദനമാണ്‌ കമ്പ്യൂട്ടര്‍ പഠനത്തിനും ഇപ്പോള്‍ ഒരു ബ്ലോഗറാവാനും വഴിയൊരുക്കിയത്‌. മൊബൈല്‍ വഴി ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിച്ച്‌ ഇപ്പോള്‍ ഞാനും ബ്ലോഗെഴുതുന്നു. ജീവിതത്തിന്റെ വസന്തം തിരിച്ചുതന്ന മൈനക്ക്‌ നന്ദി പറയാന്‍ എനിക്കാവില്ല. മലയാളം ടൈപ്പ്‌ ചെയ്യാന്‍ പഠിച്ചശേഷം ബ്ലോഗില്‍ അക്ഷരങ്ങള്‍ കുറിക്കുകയാണിപ്പോള്‍. പുതിയ വീട്ടില്‍ കറന്റ്‌ കിട്ടാത്തതിനാല്‍ കുറച്ചു ദിവസമായി കമ്പ്യൂട്ടര്‍ നോക്കാനാവുന്നില്ലെന്ന്‌ മുസ്‌തഫ പറയുന്നു.
എന്നാല്‍ മൈന ക്രെഡിറ്റ്‌ തന്റേതല്ലെന്നാണ്‌ പറയുന്നത്‌. മുസ്‌തഫയുടെ ജീവിതം വഴി തിരിച്ചുവിട്ടത്‌ പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ
പരിശ്രമവും ഭൂഗോളത്തിന്റെ വിവിധ വശങ്ങളിലുള്ള ബൂലോഗവാസികളുടെ കാരുണ്യവുമാണ്‌. ഞാനൊരു നിമിത്തമായെന്നേയുള്ളൂ. മനുഷ്യന്റെ ജീവിതത്തിന്റെ ശക്തിദൗര്‍ബല്യങ്ങളെ ഇങ്ങനെയൊക്കെയാണ്‌ നമ്മള്‍ തിരിച്ചറിയുന്നത്‌.
മുസ്‌തഫയുടെ വീടിനുള്ള സ്ഥലമായപ്പോള്‍ പിന്നെ വീടുവെക്കാന്‍ തന്നെയായി പ്രധാന ആലോചന. അങ്ങിനെയാണ്‌ സ്ഥലമുണ്ടെങ്കില്‍ വീട്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ഫോമ അറിയിച്ചത്‌. സ്ഥലത്തിന്റെ ആധാരത്തിന്റെയും നികുതി റസീറ്റിന്റെയും കോപ്പി അവര്‍ക്ക്‌ സ്‌കാന്‍ ചെയ്‌ത്‌ അയച്ചുകൊടുത്തു. ഒരു ലക്ഷം രൂപ മൂന്ന്‌ ഗഡുക്കളായി അവര്‍ നല്‍കി. മറ്റു സഹായങ്ങള്‍ കൂടി ചേര്‍ത്താണ്‌ ഇപ്പോള്‍ കാണുന്ന തരത്തില്‍ മുസ്‌തഫയുടെ വീടായത്‌.
***
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു മുസ്‌തഫയുടെ വീടുകൂടല്‍. അധികമാരും വന്നിരുന്നില്ല. ബ്ലോഗര്‍മാരായ മൈന ഉമൈബാന്‍, നിരക്ഷരന്‍, സുനില്‍ കെ. ഫൈസല്‍, രാജീവ്‌ രാഘവന്‍, മണിലാല്‍, മലമ്പുഴയിലെ യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥി ലതിക സുഭാഷ്‌ പിന്നെ അടുത്ത ബന്ധുക്കളും. ലളിതമായ ചടങ്ങ്‌ ആള്‍ക്കൂട്ടമില്ലെങ്കിലും വികാര നിര്‍ഭരമായിരുന്നു. ഭൂലോകകൂട്ടായ്‌മ ഒരുക്കിയ കാരുണ്യ തീരത്താണ്‌ മുസ്‌തഫ ഇപ്പോള്‍ ജീവിക്കുന്നത്‌. വസന്തം വരുമെന്നുറപ്പുള്ള മനസ്സോടെ മുസ്‌തഫ തന്നെ പറയുന്നു: `മനസ്സു മാത്രം മതി, വഴി പിന്നാലെ വരും.'

4 comments:

‍ശരീഫ് സാഗര്‍ said...

ഒരു പുസ്‌തകം ചോദിച്ചപ്പോള്‍ ജീവിതം കൊടുത്തവര്‍ക്ക്‌ നന്ദി

നിരക്ഷരൻ said...

ആ ലേഖനത്തിന് നന്ദി :)

ഏറനാടന്‍ said...

നന്ദി. അഭിനന്ദനങ്ങള്‍

Myna said...

ഈ കുറിപ്പിനെപ്പറ്റി ഞാനെന്തു പറയാനാണ്‌. നന്ദി.
എനിക്കൊപ്പം ഏറ്റവുമേറെ കൂടെനിന്ന നിരക്ഷരനെ, സാദിക്കിനെ ഒക്കെ കുറിപ്പില്‍ വിട്ടുപോയതില്‍ ചെറുതല്ലാത്ത വിഷമമുണ്ട്‌. അവരുടെ പിന്തുണയും സഹായവും കുറച്ചൊന്നുമല്ല...എന്നാലും സന്തോഷം.