Tuesday, April 19, 2011

അച്യുതാനന്ദനെ എങ്ങോട്ടാണയക്കേണ്ടത്‌?

ഈ തെരഞ്ഞെടുപ്പ്‌ ആര്‍ക്കെതിരായ വിധിയെഴുത്താവും? ജയപരാജയങ്ങളുടെ കണക്കെടുപ്പിലാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തകരും നേതാക്കളും. വോട്ടിംഗ്‌ ശതമാനത്തിന്റെ വര്‍ദ്ധനവും പുതിയ വോട്ടര്‍മാരുടെ നിലപാടുകളുമുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്‌. കേരളം ഒരു മാറ്റത്തിന്‌ ആഗ്രഹിച്ച തെരഞ്ഞെടുപ്പാണിത്‌. ജനങ്ങളുടെ മുഖത്ത്‌ പ്രതിഫലിച്ച പ്രതിഷേധം ഇത്തവണ ഇടതു മുന്നണിക്ക്‌ കനത്ത ആഘാതമേല്‍പ്പിക്കുമെന്നുറപ്പാണ്‌. സി.പി.ഐ.(എം) നയിക്കുന്ന ഒരു മുന്നണിയില്‍ ഘടക കക്ഷികള്‍ എന്ന തരത്തില്‍ എണ്ണിപ്പറയാന്‍ ആരുമുണ്ടായിരുന്നില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്നവരേറെയും ഇത്തവണ ജനാധിപത്യ ചേരിയിലായിരുന്നു. ആളൊഴിഞ്ഞ കൂടാരം പോലെയാണ്‌ ഇടതു മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അതിനേക്കാളേറെ, ഒരു പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ.(എം) ജനവിധിക്കു മുമ്പെ പരാജയപ്പെട്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്‌. ഒരു ഒറ്റയാന്‍ തനിക്ക്‌ തോന്നിയപോലെ ചിന്നം വിളിച്ചു പായുമ്പോള്‍ പാര്‍ട്ടിയും പാര്‍ട്ടി സംവിധാനങ്ങളുമെല്ലാം പുരപ്പുറത്തു കയറി നില്‍ക്കുകയായിരുന്നു കേരളത്തില്‍. അച്യുതാനന്ദന്‌ സീറ്റ്‌ നല്‍കിയത്‌ പി.ബി.യാണെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രിയും പോളിറ്റ്‌ ബ്യൂറോ അംഗവുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ പരസ്യമായി മാധ്യമങ്ങളോട്‌ പറയുമ്പോള്‍ അതു തിരുത്താന്‍ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ പോലും കഴിഞ്ഞില്ലെന്നത്‌ സി.പി.എം. ചെന്നുപെട്ട നിസ്സഹായതയാണ്‌ വെളിപ്പെടുത്തുന്നത്‌. അങ്ങാടിയില്‍ ജാഥ നടത്താന്‍ അഞ്ഞൂറു പേരുണ്ടെങ്കില്‍ ആര്‍ക്കും സീറ്റ്‌ കൊടുക്കേണ്ട തരത്തിലേക്ക്‌ തരം താഴ്‌ന്നുപോയ ഒരു പാര്‍ട്ടിയില്‍ നിന്ന്‌ ജനങ്ങള്‍ക്ക്‌ ഇനിയെന്താണ്‌ പ്രതീക്ഷിക്കാനുള്ളത്‌?

വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വ ലോബിയുടെ നിര്‍മ്മിതിയാണ്‌ വി.എസ്‌. അച്യുതാനന്ദനെന്ന്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച നടന്നിട്ടും ആ വര്‍ഗ വഞ്ചകനെ മാറ്റി നിര്‍ത്താന്‍ കഴിയാതെ പോയത്‌ സി.പി.ഐ.എമ്മിന്റെ ദൗര്‍ബല്യം തന്നെയാണ്‌ വ്യക്തമാക്കുന്നത്‌. കാലാകാലങ്ങളിലായി സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചിരുന്നതെങ്കില്‍, ഇത്തവണ പാര്‍ട്ടിയുടെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ആള്‍ദൈവത്തിനെതിരെ പിണറായി വിജയന്‌ പത്രസമ്മേളനം നടത്തി പറയേണ്ടിവന്നു. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററില്‍ ആരുടെ പടം വെക്കണമെന്നും ആരുടേത്‌ ഒഴിവാക്കണമെന്നും നിര്‍ണ്ണയിക്കാന്‍ പോലും അവകാശമില്ലാതെ പോയ ഒരു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനല്ലാതെ മറ്റാരുമുണ്ടാവില്ല.

സി.പി.ഐ.എമ്മിനകത്ത്‌ ഒരു ആള്‍ദൈവമായാണ്‌ അച്യുതാനന്ദന്‍ വളര്‍ന്നത്‌. പര്‍ണ്ണശാല കെട്ടി ആരാധകരെ ഉണ്ടാക്കുന്ന ജോലിയാണ്‌ അഞ്ചുവര്‍ഷവുമെടുത്തത്‌. എപ്പോഴും ശത്രുവിനെ നിര്‍മ്മിച്ച്‌ ആ ശത്രുവിന്റെ സര്‍വ്വനാശം വരെ പൊരുതുന്ന ഫാസിസ്റ്റ്‌ രീതി അച്യുതാനന്ദന്‍ കടം കൊണ്ടത്‌ എ.കെ.ജി.യില്‍ നിന്നോ ഇ.എം.എസില്‍ നിന്നോ അല്ല. പകരം സവര്‍ക്കറും ഹെഡ്‌ഗേവാറും നിര്‍മ്മിച്ച നശീകരണത്തിന്റെ പ്രത്യയശാസ്‌ത്രമാണ്‌ വി.എസിനെ പ്രചോദിപ്പിച്ചത്‌. മുമ്പെ, ഭരണ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും അക്കാര്യത്തിന്റെ പുകിലുകളോര്‍ത്ത്‌ വി.എസ്‌. അലോസരപ്പെട്ടിട്ടില്ല. അദ്ദേഹം എപ്പോഴും നിര്‍മ്മിച്ചത്‌ ഒരു ശത്രുവിനെയാണ്‌. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള നിര്‍ണ്ണയിക്കപ്പെട്ട നേതാക്കള്‍ തന്നെയായിരുന്നു വി.എസിന്റെ ഹിറ്റ്‌ ലിസ്റ്റില്‍. ആ നേതാക്കള്‍ക്ക്‌ ഓരോരുത്തര്‍ക്കുമെതിരെ വ്യക്തിപരമായി യുദ്ധം ചെയ്യുക മാത്രമായിരുന്നു അഞ്ചു വര്‍ഷത്തെ വി.എസിന്റെ ജോലി. അതിനിടയില്‍ ഭരണനേട്ടം എന്നൊന്ന്‌ എടുത്തുപറയാന്‍ വി.എസിനുണ്ടായില്ല. അതിന്റെ യഥാര്‍ത്ഥ ദുരന്തമായിരുന്നു തെരഞ്ഞെടുപ്പുകളിലോരോന്നിലും പ്രതിഫലിച്ചത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന മൂന്ന്‌ സുപ്രധാന തെരഞ്ഞെടുപ്പുകളും നയിച്ചത്‌ വി.എസ്‌. അച്യുതാനന്ദന്‍ തന്നെയാണ്‌. ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പും പിന്നീട്‌ മൂന്ന്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും വന്നു. പിന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടന്നു. ഓരോ തെരഞ്ഞെടുപ്പിലും പരാജയത്തിന്റെ ആഴം കൂടുകയല്ലാതെ കുറഞ്ഞില്ല. അച്യുതാനന്ദന്‍ തന്നെയാണ്‌ ഈ മൂന്ന്‌ തെരഞ്ഞെടുപ്പുകളും നയിച്ചത്‌. അതുകൊണ്ട്‌ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ്‌ നയിച്ചു എന്നതിന്‌ ഒട്ടും പ്രസക്തിയില്ല. മാത്രമല്ല, കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകളിലും നയിക്കാന്‍ അച്യുതാനന്ദനെ ഏല്‍പ്പിക്കുന്നതിന്‌ പാര്‍ട്ടിക്കകത്ത്‌ തര്‍ക്കങ്ങളൊന്നുമുണ്ടായിരുന്നുമില്ല. എന്നാല്‍ ഒടുവിലെ തെരഞ്ഞെടുപ്പ്‌ നയിക്കാന്‍ അച്യുതാനന്ദനെ വിടുന്നതില്‍ പാര്‍ട്ടിക്കകത്ത്‌ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഏതായാലും കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടും പരാജയമേറ്റുവാങ്ങേണ്ടിവന്ന അച്യുതാനന്ദന്‌ ശിഥിലമായ ഒരു മുന്നണിയെ കരക്കെത്തിക്കാനാവുമെന്നത്‌ ദിവാസ്വപ്‌നം മാത്രമാണ്‌.

എ.കെ. ആന്റണി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ പറഞ്ഞപോലെ, അച്യുതാനന്ദന്‍ ഇപ്പോഴും ജീവിക്കുന്നത്‌ കാളവണ്ടി യുഗത്തിലാണ്‌. അതിവേഗതയില്‍ മാറുന്ന ലോകത്തിന്റെ വിസ്‌മയകരമായ മുന്നേറ്റങ്ങള്‍ക്കിടയില്‍ ഒരു വഴിമുടക്കിയായ വൃദ്ധനായിരുന്നു എന്നും അച്യുതാനന്ദന്‍. കാറ്റും വെളിച്ചവും കടക്കാതെ അടച്ചുപൂട്ടിയ ഒരു മനസ്സും വാര്‍ദ്ധക്യത്തിന്റെ കാര്‍ക്കശ്യവും വാശിയുമല്ലാതെ ഈ 87-കാരന്‌ എന്താണ്‌ കൈമുതലായുണ്ടായിരുന്നത്‌. ആദര്‍ശ ജുബ്ബക്കകത്ത്‌ അച്യുതാനന്ദന്‍ സൂക്ഷിക്കുന്ന അധികാര ദുരയുടെയും പ്രതികാര ദാഹത്തിന്റെയും മലിനമായ ഒരു മനസ്സ്‌ കാണാന്‍ മലയാളിക്ക്‌ കഴിയില്ലെന്നാണോ അദ്ദേഹം കരുതിവെച്ചത്‌. 93-കാരനായ ഒരു വയസ്സനെയാണോ നിങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയായി വേണ്ടതെന്ന്‌ രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ നൊന്തത്‌ അച്യുതാനന്ദന്‌ മാത്രമല്ല; ബി.ജെ.പി. നേതാക്കള്‍ക്കുകൂടിയാണ്‌ എന്നതാണ്‌ വിചിത്രം. ബി.ജെ.പി.ക്കെന്താ അച്യുതാനന്ദനോടിത്ര സ്‌നേഹമെന്ന്‌ ഈ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചോദ്യമുയര്‍ന്നതാണ്‌. അതിനുള്ള ഉത്തരം നാം കണ്ടത്‌ മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാതിരുന്നപ്പോഴാണ്‌. ഏതായാലും രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ മഹത്വത്തിന്റെ നൂറിലൊന്ന്‌ അവകാശപ്പെടാന്‍ അച്യുതാനന്ദനാവില്ല എന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്‌ നന്ന്‌. ഇന്ത്യയുടെ പ്രധാനമന്ത്രി പദം കൈവെള്ളയില്‍ നല്‍കിയപ്പോള്‍ അതു തിരസ്‌കരിച്ച ഒരമ്മയുടെ മകനാണ്‌ രാഹുല്‍. 87-ാം വയസ്സിലും ഒരു എം.എല്‍.എ. സ്ഥാനമുറപ്പിക്കാന്‍ ഓടക്കുറ്റി പ്രകടനം നടത്തിക്കേണ്ട ഗതികേട്‌ രാഹുല്‍ഗാന്ധിക്കു വന്നിട്ടില്ല. ഏതു മന്ത്രി സ്ഥാനവും രാഹുലിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കയ്യില്‍വെച്ച്‌ കൊടുക്കുമായിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കാതെ പാര്‍ട്ടിയെ സേവിക്കാന്‍ രാജ്യമെമ്പാടും ഓടി നടന്ന നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകനെ അമൂല്‍ ബേബിയെന്ന്‌ അധിക്ഷേപിച്ച അച്യുതാനന്ദനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്‌. അധികാര ദുര മൂത്ത ഒരു വൃദ്ധനെന്നതിലപ്പുറം വി.എസിന്റെ ആദര്‍ശക്കുപ്പായത്തിനുള്ളില്‍ എന്തു നന്മയാണുള്ളത്‌? വ്യക്തി വിരോധത്തിലപ്പുറം ഏത്‌ ധര്‍മ്മത്തിനു വേണ്ടിയാണ്‌ ഇക്കാലത്തിനിടയില്‍ അദ്ദേഹം പോരാടിയത്‌? സ്വന്തം താല്‍പര്യങ്ങളും അധികാരവും മാത്രമാണ്‌ വി.എസ്‌. അച്യുതാനന്ദനെ എന്നും നയിച്ചതെന്ന്‌ പതിറ്റാണ്ടുകള്‍ കൂടെക്കഴിഞ്ഞ കെ.എം. ഷാജഹാനു പോലും പറയേണ്ടി വന്നത്‌ കേരളത്തിലെ പ്രബുദ്ധ ജനത നിരീക്ഷിച്ചതാണ്‌.

ഒരുപാട്‌ വന്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ഈ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ നമ്മളിനിയും ഒരു മാസത്തോളം കാത്തിരിക്കണം. സി.പി.ഐ.(എം) പാര്‍ട്ടി ദേശീയ ഭൂപടത്തില്‍ നിന്ന്‌ അപ്രത്യക്ഷമാവുന്നതിനൊപ്പം, വി.എസ്‌. അച്യുതാനന്ദന്‍ ഒരു പൊങ്ങുതടി മാത്രമാണെന്നും ഈ തെരഞ്ഞെടുപ്പ്‌ വിധിയെഴുതും. മെയ്‌ 13 ആ പ്രഖ്യാപനത്തിന്റെ ദിനമായിരിക്കും. യു.ഡി.എഫ്‌. അധികാരമേല്‍ക്കുമ്പോള്‍ അച്യുതാനന്ദനെ ഇനി എങ്ങോട്ടാണയക്കേണ്ടതെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെ.

No comments: