Wednesday, February 9, 2011

ഇപ്പോള്‍ പരിധിക്ക്‌ പുറത്താണ്‌

ഉപയോഗിച്ചു വലിച്ചെറിയുക എന്ന ശീലം ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന അതിവേഗതയുടെ കാലമാണിത്‌. ഉപയോഗിച്ച്‌ വലിച്ചെറിയുക എന്ന ആശയത്തിനുതന്നെ രണ്ട്‌ തലങ്ങളുണ്ട്‌. ഒന്ന്‌: ഞങ്ങള്‍ ഉപയോഗിക്കാന്‍ ജീവിക്കുന്നവരാണെന്നും, രണ്ടാമത്തേത്‌ സൂക്ഷിച്ചുവെക്കണമെന്നില്ലാത്തതിനാല്‍ ഞങ്ങള്‍ വലിച്ചെറിയുന്നുവെന്നുമാണത്‌. നവ കാപ്പിറ്റലിസത്തിന്റെ ഇറക്കുമതിയായ ഈ പ്രത്യയശാസ്‌ത്രം അതിദാരുണമായി നമ്മുടെയെല്ലാം ഹൃദയത്തെ വരിഞ്ഞുമുറുക്കിക്കഴിഞ്ഞിരിക്കുന്നു. കരിമ്പ്‌ ജ്യൂസ്‌ അടിക്കുന്ന യന്ത്രം പുതിയ കാലത്തിന്റെ ഒരു പ്രതീകമായി നിരീക്ഷിക്കാവുന്നതാണ്‌. കരിമ്പിന്റെ അവസാന സത്തയും പിഴിഞ്ഞെടുക്കാന്‍ മിടുക്കനായ ഈ മെഷീന്‍ ഒരു ഉപയോഗവുമില്ലാത്ത ചണ്ടി വേര്‍തിരിച്ചു മാറ്റിത്തരികയും അവസാന തുള്ളി കരിമ്പിന്‍ ജ്യൂസ്‌വരെ ശേഖരിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്‌. ജീവിതമിപ്പോള്‍ കരിമ്പ്‌ ജ്യൂസ്‌ യന്ത്രംപോലെയാണ്‌. നമുക്കാവശ്യമുള്ളതിനെ ഞെക്കി പിഴിഞ്ഞ്‌ മുമ്പിലെത്തിക്കുകയും ആവശ്യമില്ലാത്തതിനെ വലിച്ചെറിയാന്‍ ശീലിപ്പിക്കുകയുമാണ്‌. എല്ലാം കണ്ടും കേട്ടും വളര്‍ന്നുവരുന്ന പുതിയ തലമുറക്കാവട്ടെ, കൃത്യമായ നിരീക്ഷണ പാടവവും അനിതരസാധാരണമായ അനുകരണശേഷിയുമുണ്ട്‌. അതുകൊണ്ടുതന്നെ തൊട്ടുമുമ്പ്‌ കഴിഞ്ഞതിനെ പകര്‍ത്തി വെച്ചുകൊണ്ടാണ്‌ ഇവര്‍ ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്നത്‌. ആലുവയിലെ കൊട്ടാര സദൃശമായ വീട്ടില്‍, എല്ലാ സൗകര്യങ്ങളോടെയും ജീവിച്ച അമ്മ, സമൃദ്ധിയുടെ നടുവില്‍ തടങ്കലില്‍ കഴിഞ്ഞതിന്റെ വേദനിപ്പിക്കുന്ന ചിത്രം നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്‌. അര്‍ബുദത്തിന്റെ നീരാളിപിടുത്തത്തില്‍ ശരീരം തകര്‍ന്നുപോയപ്പോള്‍, പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ പഴുത്ത്‌ നാറിയപ്പോള്‍, ഇനി പിഴിഞ്ഞെടുക്കാന്‍ ഒന്നുമില്ലാത്ത ഒരമ്മയെ മുറിയില്‍ അടച്ചുപൂട്ടിയ മകള്‍, ഈ കരിമ്പ്‌ജ്യൂസ്‌ യന്ത്രത്തിന്റെ സമകാലികതയെ തന്നെയാണ്‌ ഓര്‍മ്മിപ്പിച്ചത്‌. ആവശ്യം കഴിഞ്ഞതെന്തും നമുക്കിപ്പോള്‍ മാലിന്യങ്ങളാണ്‌. മാലിന്യങ്ങളോടുള്ള മലയാളിയുടെ പ്രാകൃതമായ ഒരു പെരുമാറ്റമുണ്ട്‌. എന്റെ മുറ്റത്തുനിന്ന്‌ അത്‌ മാറ്റുക മാത്രമാണ്‌ എനിക്ക്‌ പ്രധാനം. അടുത്ത വീട്ടുകാരന്റെ ഉമ്മറത്തേക്കെറിഞ്ഞാലും വിരോധമില്ല. ഇത്തരത്തില്‍ പാഴ്‌വസ്‌തുക്കളെപ്പോലെ എറിഞ്ഞുകളയുന്ന ജീവിതങ്ങള്‍ ഈ കാലത്തിന്റെ മാലിന്യങ്ങളായി വൃദ്ധസദനങ്ങളെന്ന കുപ്പത്തൊട്ടിയില്‍ എച്ചിലുകള്‍തിന്ന്‌ ജീവിക്കുകയാണ്‌.
മനുഷ്യന്റെ സംസ്‌കാരത്തിനു സംഭവിച്ച ഈ ഗതിമാറ്റത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്‌. ജീവിതത്തോടുള്ള മാറിയ കാഴ്‌ചപ്പാടുതന്നെയാണ്‌ പ്രധാനം. ജീവിതമിപ്പോള്‍ തിരക്കുപിടിച്ച നഗരത്തിലെ വേഗമേറിയ ഗതാഗതംപോലെയാണ്‌. ആര്‍ക്കും ഒന്നിനും നേരമില്ലാതെ, വേഗത്തിലെത്തുന്നവര്‍ മാത്രം ജേതാവാകുകയാണിപ്പോള്‍. സ്വാഭാവികമായ ഈ ഗതിവേഗത്തില്‍ തീവണ്ടികളിലെഴുതിയ വാചകംപോലെ `ലെസ്‌ ലഗേജ്‌, മോര്‍ കംഫര്‍ട്ട്‌' എന്നാണ്‌ മനുഷ്യന്‍ ചിന്തിക്കുന്നത്‌. ഈ യാത്രയില്‍ ഭാരിച്ചതൊന്നും കെട്ടിവലിക്കാന്‍ മനസ്സില്ലാത്തവര്‍ ചുമക്കേണ്ടിവരുന്ന പലതിനെയും വഴിയിലുപേക്ഷിക്കുകയാണ്‌. ഇങ്ങനെ ചുമക്കപ്പെടുന്ന ഭാരങ്ങളാണ്‌ പുതിയ കാലത്തെ വാര്‍ദ്ധക്യങ്ങള്‍. ഫ്‌ളാറ്റിലെ സൗകര്യക്കുറവ്‌, ആര്‍ഭാടമുള്ള വീടുകളിലെ ഐശ്വര്യക്കുറവ്‌ തുടങ്ങി കുട്ടികളുടെ പഠനത്തിനും അതിഥികളുടെ സ്വീകരണങ്ങള്‍ക്കും തടസ്സം എന്നുവരെ എത്തിനില്‍ക്കുകയാണ്‌ ഡിസ്‌പോസ്‌ ചെയ്യാനുള്ള ന്യായവാദങ്ങള്‍. നമ്മള്‍ വളരെ പ്രായോഗികരായിത്തീരുമ്പോള്‍, അലിവ്‌, ദയ, കാരുണ്യം എന്നീ വികാരങ്ങളെല്ലാം അര്‍ത്ഥമില്ലാതായിത്തീരുന്നു. അത്തരമൊരു കാലത്തിന്റെ അജണ്ടകള്‍ എന്തൊക്കെയാവുമെന്ന ആലോചനക്കുമുണ്ട്‌ ചില പുതുമകള്‍.
അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങളുടെ ഉത്തുംഗതയിലാണ്‌ പുതിയ തലമുറ ജീവിക്കുന്നത്‌. ക്ലാസ്സ്‌ മുറികളിലെ ഇവരുടെ പ്രകടനങ്ങള്‍ അധ്യാപകരെയും, വീട്ടകങ്ങളിലെ പെരുമാറ്റങ്ങള്‍ രക്ഷിതാക്കളെയും ഒരുപോലെ സ്‌തബ്‌ധരാക്കുകയാണ്‌. നിയന്ത്രണങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേലിക്കെട്ടുകളെ ഇവര്‍ സ്വയം തകര്‍ത്തിരിക്കുന്നു. ജീവിതത്തെ ആസ്വാദനങ്ങളോട്‌ കൂട്ടിക്കെട്ടിയാണ്‌ ഈ കുട്ടികള്‍ വായിക്കുന്നത്‌. പഴയ സദാചാര വിചാരങ്ങള്‍ ഇവര്‍ക്ക്‌ ഒരു കൗതുകമോ തമാശയോ മാത്രമാണ്‌. അവര്‍ കണ്ടും കെട്ടും വളര്‍ന്നു വലുതാകുന്ന സാമൂഹ്യ ചുറ്റുപാടില്‍ ലൈംഗികത ഒരു തുറന്ന പുസ്‌തകമാണ്‌. ഇടപഴകാനുള്ള അവസരങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍, പ്രോത്സാഹനങ്ങള്‍ എന്നിവ ചേര്‍ന്നുണ്ടായ പുതിയ രൂപമാറ്റത്തിനു മുന്നില്‍ അദ്ധ്യാപകരും രക്ഷിതാക്കളും നിശബ്‌ദരായി നിന്നുപോവുകയാണ്‌. ഇങ്ങനെയൊക്കെ അനുവദിച്ചില്ലെങ്കില്‍ സ്വയം ഒരു അപരിഷ്‌കൃതനായി മാറുന്നതിന്റെ അപകര്‍ഷ ബോധവും ചില രക്ഷിതാക്കളുടെയെങ്കിലും മനസ്സിലുമുണ്ട്‌. അത്തരത്തിലുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ തലം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. `നില്‍ക്കാന്‍ ഒരിടം തന്നാല്‍ ഭൂമിയെ ഞാന്‍ ഉയര്‍ത്തിക്കാണിക്കാം' എന്ന്‌ ആര്‍ക്കിമെഡീസ്‌ എന്ന മഹാനായ ശാസ്‌ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ട്‌. പുതിയ യൗവ്വനത്തിന്റെ അതിരുകടന്ന ആത്മവിശ്വാസം ആര്‍ക്കിമെഡീസിനെ മറ്റൊരു തലത്തില്‍ വായിപ്പിക്കുകയാണ്‌. അസാധ്യമായത്‌ ഒന്നുമില്ലെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍തന്നെ, എന്തിനെയും ചവിട്ടിമെതിച്ചു മുന്നോട്ട്‌ പോവുക എന്ന ധിക്കാരവും ഈ തലമുറക്കുണ്ട്‌. പ്രണയത്തില്‍പോലും ഈ മാറ്റമുണ്ടെന്ന്‌ കാമ്പസ്‌ ജീവിതത്തിന്റെ ദൈനംദിനചര്യകള്‍ കാണുന്ന അദ്ധ്യാപകര്‍ക്ക്‌ തിരിച്ചറിയാനാവുന്നതാണ്‌. കോളജ്‌ അദ്ധ്യാപകനായ വീരാന്‍കുട്ടിയുടെ `സ്റ്റഡിലീവ്‌' എന്ന കവിതയില്‍ ഇങ്ങനെ വായിക്കാം.
പകല്‍ മിസ്സ്‌ / എന്നെ വിളിച്ചു. എടുത്തില്ല, മിസ്‌ കോളായി. രാത്രി / ഞാന്‍ മിസ്സിനെ / വിളിച്ചു; എടുത്തു / `കോളായി'. അത്തരത്തിലായിരിക്കുന്നു പുതിയ കാമ്പസ്‌ ജീവിതം.
പാശ്ചാത്യ ജനതയെയും അവരുടെ സംസ്‌കാരത്തെയും മതിമറന്ന്‌ അനുകരിച്ചാണ്‌ ആഗോളവല്‍ക്കരണത്തിന്റെ പുതിയ കാലത്ത്‌ നമ്മള്‍ ആസ്വാദനത്തിന്റെ ജീവിതം പഠിച്ചത്‌. എന്നാല്‍ പാശ്ചാത്യര്‍ ആ കാലത്തെ മറികടന്ന്‌ പ്യൂപ്പയില്‍ നിന്നിറങ്ങിവന്ന ശലഭങ്ങളെപ്പോലെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്ക്‌ പറന്നെത്തിയിരിക്കുന്നു. അതുകൊണ്ടാണ്‌ ആത്മീയത അവര്‍ക്കൊരു കവചമാവുന്നത്‌. വളരെ ക്ഷണികമായ ഒരു അവസ്ഥ മാത്രമാണീ ആസ്വാദനത്തിന്റെ കാലം. ലോകം അതി തീവ്രം അതിനെ കയ്യൊഴിയുകതന്നെ ചെയ്യും. കാരണം അതിനൊരിക്കലും സ്ഥായിയായി നിലനില്‍ക്കാനാവില്ല. എല്ലാ ആസ്വാദനങ്ങളും സൃഷ്‌ടിക്കുന്ന ഒരു മഹാ ശൂന്യതയുണ്ട്‌. അത്‌ നിരാശയുടെ പടുകുഴിയിലേക്കും ഉന്‍മാദത്തിലേക്കുമാണ്‌ മനുഷ്യനെ നയിക്കുക. അവിടന്നങ്ങോട്ട്‌ മനുഷ്യന്‍ തിരിച്ചുനടന്നുവെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. എല്ലാ സംസ്‌കാരങ്ങളും തകര്‍ന്നടിഞ്ഞത്‌ അത്തരമൊരു ജീര്‍ണ്ണതയുടെ തുടര്‍ച്ചയായിട്ടാണ്‌. പുതിയവ മുളച്ചുവന്നതും ഈ ജീര്‍ണ്ണതയുടെ അഴുക്കുചാലുകള്‍ക്കിടയിലൂടെയാണ്‌. അതുകൊണ്ട്‌ പ്രതീക്ഷയുടെ വെളിച്ചം അണഞ്ഞുപോവുന്നില്ല. എന്നാല്‍ പരിധിക്ക്‌ പുറത്തുനില്‍ക്കുന്ന ഈ കാലത്തെ, ക്രമീകരിക്കാനുള്ള തീവ്രയത്‌നങ്ങളാണ്‌ ഓരോ സമൂഹവും നിര്‍വ്വഹിക്കേണ്ട ദൗത്യം. വെളിച്ചം വരുന്നതുവരെ കാത്തിരിക്കാന്‍ നമുക്ക്‌ സമയമില്ലെന്നതാണ്‌ നേര്‌.

2 comments:

Unknown said...

gooood, varthmana kalam anavaranam chaithirikkunnu, koode pratheekshayude oru puthiya lokavum....(pratheeskhyulla manassilalle jeevithavum undavukayulloo)
Keep it up

shammu said...

nice najeebka,
very happy to read u
urs
shammas
doha,qatar