Thursday, October 13, 2011

നിര്‍മ്മല്‍ മാധവും വിനീത കോട്ടായിയും

പലര്‍ക്കും കേട്ടുമറന്ന ഒരു പേരാണ്‌ വിനീത കോട്ടായി. സി.പി.എം. ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ വീര്‍പ്പുമുട്ടി, ജീവഛവമായി മാറിയ ഒരു വനിത. ശിക്ഷ വിധിച്ചതും നീതി നടപ്പാക്കിയതും കമ്മ്യൂണിസ്റ്റ്‌ നേതാക്കളായിരുന്നു. കാറ്റടിച്ചാല്‍ പാറിപ്പോകുന്ന ദുര്‍ബലയായ ഒരു സ്‌ത്രീയോട്‌ ഒരിറ്റു ദയകാണിക്കാന്‍ കൂട്ടാക്കാത്ത സി.പി.എമ്മില്‍നിന്ന്‌ നിര്‍മ്മല്‍ മാധവിന്‌ എന്ത്‌ നീതിയാണ്‌ പ്രതീക്ഷിക്കാനാവുക?

നിര്‍മ്മല്‍ മാധവ്‌ തീര്‍ച്ചയായും വിനീത കോട്ടായി എന്ന കുറ്റിയാടിക്കാരിയുടെ ജീവചരിത്രം വായിക്കണം. രണ്ടുപേരും നടന്നുതീര്‍ത്ത ദുരന്തപര്‍വ്വത്തിന്‌ സമാനതകളേറെയുണ്ട്‌. രണ്ടുപേരും പാര്‍ട്ടി അനുഭാവികളായിരുന്നിട്ടും അലിവിന്റെ തരിമ്പുപോലും സി.പി.എം. ഇരുവരോടും കാണിച്ചിട്ടില്ല. വിനീത കോട്ടായി ഇപ്പോള്‍ എവിടെ ജീവിക്കുന്നുവെന്ന്‌ ഇതെഴുതുമ്പോള്‍ അന്വേഷിച്ചിട്ടില്ല. ഇരുപത്തിനാലു മണിക്കൂര്‍ വാര്‍ത്ത നിറക്കാന്‍ ചൂടുള്ള വിഷയങ്ങള്‍ തേടിപ്പോവുന്ന മാധ്യമ സുഹൃത്തുക്കള്‍ക്കുപോലും വിനീത ഒരു പഴകിപ്പുളിച്ച കഥയാണിപ്പോള്‍. സി.പി.എം. അങ്ങനെയാണ്‌. ഒരു ശത്രുവിനെ പ്രഖ്യാപിക്കുക, ശത്രുവിനെതിരെ നിരന്തരം യുദ്ധംചെയ്യുക. ഒടുവില്‍ എല്ലാം അവസാനിക്കുമ്പോള്‍ അക്കഥതന്നെ മറന്നേക്കുക. ഹിറ്റ്‌ലറും ഇങ്ങനെയായിരുന്നു. ചരിത്രത്തില്‍ ചില ദുരന്തങ്ങള്‍ പലപ്പോഴും സമാനതകളോടെ ആവര്‍ത്തിക്കപ്പെടാറുണ്ട്‌. ജൂതന്‍മാര്‍ക്കെതിരെ യുദ്ധംചെയ്യാന്‍ ജര്‍മ്മന്‍കാരെ എങ്ങനെയാണ്‌ താന്‍ പാകപ്പെടുത്തിയതെന്ന്‌ `മെയിന്‍ കാംഫ്‌' എന്ന ആത്മകഥയില്‍ ഹിറ്റ്‌ലര്‍ വിവരിക്കുന്നുണ്ട്‌. `ജൂതന്‍മാര്‍ ആടിനെ പട്ടിയാക്കും. പട്ടിയെ പേപ്പട്ടിയാക്കും. പിന്നെ അതിനെ അടിച്ചുകൊല്ലുംവരെ അടങ്ങിയിരിക്കില്ല' ജൂതന്‍മാര്‍ക്കെതിരെ ആരോപിച്ച ഇതേ ശൈലിയാണ്‌ ഹിറ്റ്‌ലര്‍ തന്റെ ജീവിതത്തിലുടനീളം അരങ്ങേറിയ കശാപ്പിന്റെ രാഷ്‌ട്രീയത്തില്‍ പ്രയോഗിച്ചത്‌. ഏറ്റവും ശക്തമായി മാനവികതക്കുവേണ്ടി സംസാരിച്ചുകൊണ്ടാണ്‌ സി.പി.എം. മനുഷ്യത്വത്തിന്റെ കണികപോലും കാണിക്കാതെ നരവേട്ട നടത്തുന്നത്‌. ഏഴുവര്‍ഷം മുമ്പ്‌ വിനീത കോട്ടായി എന്ന സ്‌ത്രീയായിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍മ്മല്‍ മാധവ്‌ എന്ന വിദ്യാര്‍ത്ഥിയാണെന്നുമാത്രം.

വിനീത കോട്ടായിക്കെതിരെ മനുഷ്യത്വരഹിതമായി പെരുമാറാന്‍ സി.പി.എം. നേതാക്കളെ പ്രേരിപ്പിച്ച കാര്യം തമാശയാണ്‌. വീട്ടില്‍ ജോലിക്കുനിന്ന ഒരു സ്‌ത്രീയോട്‌ തല്‍ക്കാലം ജോലിക്ക്‌ വരേണ്ടെന്നുപറഞ്ഞ ഒരു തെറ്റ്‌ മാത്രമാണ്‌ വിനീത ചെയ്‌തത്‌. `തൊഴില്‍ നിഷേധിക്കപ്പെട്ട' വനിത സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഇ.സി. ബാലന്റെ ഭാര്യ നാരായണിയായിപ്പോയെന്നത്‌ വിനീതാ കോട്ടായിയുടെ കുറ്റമല്ല. അംഗനവാടി ജോലിക്കാരിയായിരുന്ന നാരായണി വിനീതാ കോട്ടായിയുടെ `സ്ഥിരം ജോലിക്കാരി`യാണെന്നും ഇവരെ പിരിച്ചുവിടാന്‍ കോട്ടായിക്ക്‌ അവകാശമില്ലെന്നുമായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍. നാരായണിക്ക്‌ ജോലിയില്ലെങ്കില്‍ വിനീത കോട്ടായിയുടെ പറമ്പില്‍ തേങ്ങയിടാനും ആളുവേണ്ടെന്ന്‌ പാര്‍ട്ടി തീരുമാനിച്ചു. ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും പാര്‍ട്ടിതന്നെയായതിനാല്‍ വിനീതക്ക്‌ അനുസരിക്കുക മാത്രമായിരുന്നു വഴി. കാരണം അവര്‍ താമസിക്കുന്നത്‌ കുറ്റിയാടിക്കടുത്ത കുന്നുമ്മല്‍ പഞ്ചായത്തിലെ വട്ടോളിയിലായിരുന്നു. തിരുവായിക്ക്‌ മറുവായില്ലാത്ത പാര്‍ട്ടിഗ്രാമം. ഇക്കാര്യം മാധ്യമങ്ങളെ വിളിച്ച്‌ അറിയിക്കുകയോ പത്രസമ്മേളനം നടത്തുകയോ ചെയ്‌തിരുന്നില്ല ഈ പാവം സ്‌ത്രീ. നാട്ടുകാരനായ കേളപ്പനാണ്‌ മനംനൊന്ത്‌ ഒരു അത്യാഹിതത്തിന്‌ മുതിര്‍ന്നത്‌. ടെലിവിഷന്‍ ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ കേളപ്പനും കോളായി. പട്ടിണിക്കിട്ടും ഊരുവിലക്കേര്‍പ്പെടുത്തിയും ഒരു പരുവത്തിലാക്കിയശേഷം മണ്ണെണ്ണയൊഴിച്ച്‌ കോട്ടായിയെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ്‌ പാര്‍ട്ടി നിശ്ചയിച്ചത്‌. 2004 ജനുവരി 31- നായിരുന്നു സംഭവം.

നിര്‍മ്മല്‍ മാധവിന്‌ ഇത്രയൊന്നും സംഭവിച്ചില്ലെന്ന്‌ ആശ്വസിക്കാം. പഠനത്തില്‍ പണ്ടേ പിന്‍ബെഞ്ചുകാരായ എസ്‌.എഫ്‌.ഐ.ക്കാര്‍ക്ക്‌ മറ്റുള്ളവര്‍ പഠിക്കുന്നതിനോടും അത്രയൊന്നും താല്‍പര്യമുണ്ടാവാറില്ല. വിനീത കോട്ടായിയെപ്പോലെ നിര്‍മ്മല്‍ മാധവും മുമ്പ്‌ പാര്‍ട്ടിക്കാരനായിരുന്നുവെന്നത്‌ വിധിവൈപരീത്യം മാത്രം. സി.പി.എമ്മുകാര്‍ക്ക്‌ ശത്രുവാകാന്‍ ഒരു രാത്രിമതി. രാത്രിക്കുരാത്രി നിര്‍മ്മല്‍ മാധവ്‌ വര്‍ഗശത്രുവായി. എന്താണ്‌ ഈ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി ചെയ്‌ത മഹാപാതകം?

ഇനിയും പഠിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന്‌ ഒരു വിദ്യാര്‍ത്ഥിയെക്കൊണ്ട്‌ ആത്മഹത്യാകുറിപ്പെഴുതിക്കുന്നേടത്തോളം എസ്‌.എഫ്‌.ഐ.ക്കാര്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാലക്ക്‌ കീഴിലെ എഞ്ചിനീയറിംഗ്‌ കോളജില്‍ 2009-ലെ എന്‍ട്രന്‍സ്‌ പരീക്ഷയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയാണ്‌ നിര്‍മ്മല്‍ മാധവ്‌. എന്നാല്‍ കോളജിലെത്തിയതുമുതല്‍ സീനിയര്‍ സഖാക്കള്‍ ക്രൂരമായ റാഗിംഗ്‌ തുടങ്ങി. പാര്‍ട്ടി അനുഭാവിയാണെന്ന്‌ പറഞ്ഞിട്ടോ കരഞ്ഞിട്ടോ കാര്യമുണ്ടായില്ല. ക്രൂരമായ റാഗിംഗ്‌ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിര്‍മ്മലിന്റെ പിതാവ്‌ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്‌ കോളജ്‌ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന്‌ തെളിഞ്ഞു. ഒടുവില്‍ പരപ്പനങ്ങാടി കോടതി ചാര്‍ജ്‌ചെയ്‌ത കേസില്‍ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി ശിവപ്രസാദ്‌ ഉള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തി. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ടിന്റെ വിധി വന്നതുമുതല്‍ എസ്‌.എഫ്‌.ഐ. പുതിയ ശത്രുവിനെ പ്രഖ്യാപിച്ചു. ഇടത്‌ സര്‍ക്കാര്‍ ഭരണം നടത്തുമ്പോഴാണ്‌ ഇതെന്നകാര്യം ശ്രദ്ധേയമാണ്‌. ഒടുവില്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍നിന്ന്‌ നിര്‍മ്മല്‍ മാധവിനെ പുറത്തുചാടിക്കുംവരെ ഉപരോധം തുടര്‍ന്നു. ഗതികെട്ട ഈ വിദ്യാര്‍ത്ഥി പുന്നപ്രയിലെ കേപ്പ്‌ കോളജിലേക്ക്‌ മാറി. യൂണിവേഴ്‌സിറ്റി അധികൃതര്‍ എസ്‌.എഫ്‌.ഐ.ക്കാരുടെ ഭീഷണിക്ക്‌ വഴങ്ങി രേഖകള്‍ നല്‍കാത്തതിനാല്‍ ആദ്യവര്‍ഷം മുതല്‍തന്നെ പഠനം തുടങ്ങേണ്ടിവന്നു. ഒരുവര്‍ഷം നഷ്‌ടപ്പെടുത്തിയിട്ടും കലിയടങ്ങാതെ എസ്‌.എഫ്‌.ഐ. പീഡനം തുടര്‍ന്നു. കേസ്‌ പിന്‍വലിച്ചില്ലെങ്കില്‍ ജീവിക്കാന്‍ വിടില്ലെന്നുതന്നെയായിരുന്നു ഭീഷണി. ഒടുവില്‍ നിര്‍മ്മല്‍ ആത്മഹത്യക്ക്‌ തുനിഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന്‌ ഉത്തരവാദി എസ്‌.എഫ്‌.ഐ. ആണെന്ന്‌ ഒരു വിദ്യാര്‍ത്ഥിക്ക്‌ എഴുതിവെക്കേണ്ടിവന്നു. ഭാഗ്യംകൊണ്ടുമാത്രം ജീവിതം തിരിച്ചുകിട്ടിയ നിര്‍മ്മലിന്‌ പഠനം ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലെന്നായി. ഇതിനിടയിലാണ്‌ കേരളത്തില്‍ ഭരണമാറ്റമുണ്ടാവുന്നതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നിര്‍മ്മല്‍ തന്റെ ജീവിതകഥയടങ്ങിയ പരാതി നല്‍കിയതും. സി.പി.എം. നേതാക്കളെപ്പോലെ കരളുറപ്പില്ലാത്തതിനാല്‍ മനസ്സലിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട്‌ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളജില്‍ നിര്‍മ്മലിന്‌ പഠനത്തിന്‌ സൗകര്യം ചെയ്‌തു.
എന്നാല്‍ ഇതിനും എസ്‌.എഫ്‌.ഐ. അനുവദിച്ചില്ല. നിര്‍മ്മലിന്‌ പ്രവേശനം നല്‍കിയത്‌ ചട്ടം ലംഘിച്ചാണെന്നായിരുന്നു ഇത്തവണത്തെ പരാതി. എല്ലാ പീഡനങ്ങള്‍ക്കിടയിലും നല്ല മാര്‍ക്ക്‌ വാങ്ങിയ നിര്‍മ്മലിന്‌ ചട്ടം ലംഘിച്ചല്ല പ്രവേശനം നല്‍കിയതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടും എസ്‌.എഫ്‌.ഐ.ക്കാര്‍ ഗൗനിച്ചില്ല. ഒടുവില്‍ നിയമപ്രശ്‌നം പഠിക്കാന്‍ ഒമ്പതംഗ സാങ്കേതിക സമിതിയെ നിയോഗിക്കുകയും ഈ കമ്മിറ്റി 21-ന്‌ യോഗം ചേരാന്‍ തീരുമാനിക്കുകയും ചെയ്‌തതിനിടയിലാണ്‌ കോഴിക്കോട്‌ നഗരത്തെ ചോരക്കളമാക്കുന്ന പ്രതിഷേധവുമായി എസ്‌.എഫ്‌.ഐ. രംഗത്തിറങ്ങിയത്‌.

ഏറ്റവും രഹസരമായ കാര്യം, നിര്‍മ്മല്‍ മാധവിന്‌ കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളജില്‍ പ്രവേശനം നല്‍കിയപോലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇടതുസര്‍ക്കാര്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നതാണ്‌. പ്രവേശനം ലഭിച്ച പലരും കാമ്പസുകളിലെ ക്രിമിനലുകളായിരുന്നുവെന്നതാണ്‌ ഇടത്‌ ഭരണകാലത്തെ യോഗ്യത. 2007- ല്‍ കുറ്റിപ്പുറം എം.ഇ.എസ്‌. കോളജില്‍ കത്തിക്കുത്ത്‌ കേസില്‍ പുറത്തായ എസ്‌.എസ്‌.ഐ. നേതാവ്‌ വംശീകൃഷ്‌ണക്ക്‌ ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജില്‍ പ്രവേശനം നല്‍കുമ്പോള്‍ യാതൊരു ചട്ടലംഘനവും എസ്‌.എഫ്‌.ഐ.ക്കാര്‍ ആരോപിച്ചിട്ടില്ല. അന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദനും ഇന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണെന്നത്‌ മാത്രമാണ്‌ മാറ്റം.

ഉത്തരേന്ത്യക്കാരനായ ഒരു വിദ്യാര്‍ത്ഥിക്ക്‌ കേരളത്തില്‍ എം.ബി.ബി.എസിന്‌ പ്രവേശനം നല്‍കിയ സാഹചര്യംപോലും മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. 2006-ല്‍ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സി.പി.എമ്മിന്റെ വാടക പ്രാസംഗികന്‍ റഷീദ്‌ നല്ലളത്തിന്റെ മകള്‍ റാഷിദക്ക്‌ കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ഹോമിയോ മെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കിയത്‌ ഏത്‌ ചട്ടമനുസരിച്ചായിരുന്നുവെന്ന്‌ സി.പി.എം. നേതാക്കള്‍ ഇതുവരെ ചോദിച്ചിട്ടില്ല. കോട്ടയം ആതുരാശ്രമം എന്‍.എസ്‌.എസ്‌. കോളജില്‍ പഠിക്കുകയായിരുന്നു റാഷിദ. ഇത്തരത്തില്‍ നിരവധി പ്രവേശനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്‌. അന്നൊന്നും ഇല്ലാത്ത പ്രതിഷേധം ഇന്നുയര്‍ത്തുമ്പോള്‍ കേരളത്തിലെ പൊതുജനങ്ങള്‍ അത്ര വിഡ്ഡികളാണെന്ന്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കരുതരുത്‌.

ഏത്‌ സമരത്തിനും ചോരചിന്തണമെന്നും പൊതുമുതല്‍ തകര്‍ക്കണമെന്നും നിശ്ചയിച്ചത്‌ സി.പി.എം. പോഷക സംഘടനകളുടെ ഭരണഘടനയാണോ? ഇത്തരത്തില്‍ നടത്തുന്ന അക്രമ സമരങ്ങളുടെ ഭാഗമായി അടി ചോദിച്ചു വാങ്ങുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നതുപോലും അപരാധമാണോ? പൊതുമുതല്‍ നശിപ്പിക്കുന്ന സമര രീതിയെക്കുറിച്ച്‌ ഹൈക്കോടതി ജസ്റ്റിസ്‌ കെ.ടി. ശങ്കരന്‍ നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്‌. സമരത്തിന്റെ വിജയം അവകാശപ്പെടാന്‍ പൊതുമുതല്‍ തകര്‍ക്കുന്നത്‌ ശീലമാക്കുന്നവരെ അംഗീകരിക്കാനാവില്ലെന്നും പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന്‌ അതിന്‌ മതിയായതുക ഈടാക്കണമെന്നുമുള്ള ഹൈക്കോടതിവിധി ആശ്വാസകരമാണ്‌.

ഇക്കാര്യത്തില്‍ മാധ്യമങ്ങളും യഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം. പത്താള്‍ നയിക്കുന്ന സമരം അക്രമാസക്തമായാല്‍ അതിന്‌ ലൈവ്‌ കവറേജും പതിനായിരംപേര്‍ സമാധാനപരമായി പ്രതിഷേധിച്ചാല്‍ അത്‌ ചവറ്റുകൊട്ടയിലുമാവുന്ന സംസ്‌കാരം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങള്‍ ക്യാമറക്ക്‌ മുമ്പില്‍ കോപ്രായം കാണിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്‌. രാഷ്‌ട്രീയത്തെ പരിഹാസത്തോടെ കാണുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനിടയില്‍ ഇത്തരം ആഭാസ സമരങ്ങള്‍ ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ ഡി.വൈ.എഫ്‌.ഐ.യും എസ്‌.എഫ്‌.ഐ.യും തയ്യാറാകണം. ഇല്ലെങ്കില്‍ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയാന്‍ ഒരു പൊതുസമൂഹം പുറത്തുള്ളകാര്യം ഈ വിപ്ലവ വായാടികള്‍ അനുഭവിച്ചറിയേണ്ടിവരും.

No comments: