

വി.എസ്. ഫാക്ടര്‍ എന്ന മിഥ്യാസങ്കല്പത്തെ ഇപ്പോഴും പെരുപ്പിച്ചു കാണിക്കാനാണ് മാധ്യമങ്ങള്‍ക്കിഷ്ടം. അച്യുതാനന്ദന് മത്സരിച്ച പാലക്കാട് ജില്ലയില്‍പോലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എല്‍.ഡി.എഫിന് തുണയായിട്ടില്ല. പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പാലക്കാട് ജില്ലയിലുണ്ടാക്കിയ മേല്‍ക്കൈ നിലനിര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിയാത്ത അച്യുതാനന്ദനെ മാധ്യമങ്ങള്‍ ഇനിയും പൂവിട്ടു പൂജിക്കേണ്ടതുണ്ടോ? വടക്കന്‍ കേരളം എല്‍.ഡി.എഫിനെ തുണച്ചുവെന്ന കള്ളം ഈ വ്യക്തിപൂജയുടെ തുടര്‍ക്കഥ മാത്രമല്ലേ? ബോധപൂര്‍വ്വം ഉപയോഗിച്ച ചില പദപ്രയോഗങ്ങളിലൂടെ അച്യുതാനന്ദനുണ്ടാക്കിയ വര്‍ഗീയ ധ്രുവീകരണമാണോ `വി.എസ്. ഫാക്ടര്‍' എന്ന വാഴ്ത്തപ്പെട്ട സംജ്ഞ?
ആരവങ്ങള്‍ കഴിഞ്ഞു. കൂടാരംവിട്ട് മന്ത്രിമാര്‍ ഇറങ്ങിത്തുടങ്ങി. അഞ്ചുവര്‍ഷത്തെ ശബ്ദഘോഷങ്ങള്‍ക്കൊടുവില്‍ ചുണ്ടിനും കപ്പിനുമിടയില്‍ അധികാരം നഷ്ടമായ ജാള്യതയോടെ വി.എസ്. അച്യുതാനന്ദന് കിടക്ക മടക്കിക്കഴിഞ്ഞു. വ്യക്തി വിദ്വേഷത്തിന്റെ മൂശയില്‍ അടിച്ചുപരത്തിയ കഠാര ഇനി ഉറയില്‍ തിരികെ വെക്കാം. മലകയറിയും ഇടിച്ചുനിരത്തിയും സൃഷ്ടിച്ച കപട പ്രതിഛായകൊണ്ട് എക്കാലവും എല്ലാവരെയും വഞ്ചിക്കാനാവില്ലെന്നുതന്നെയാണ് ഇടതുമുന്നണിയുടെ പരാജയം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇതുവരെ പ്രതിപക്ഷത്തിനെതിരെ വീശിയ ഉറുമി ഇനി സ്വന്തം പാര്‍ട്ടിക്കെതിരെ വീശാന്‍ വി.എസിന് ഏറെ സമയം ലഭിക്കും. ഭരണത്തിന്റെ നൂലാമാലകളില്‍നിന്നിറങ്ങി നേരവും കാലവും നോക്കി ഇനി പിണറായിക്കെതിരെ പടനയിക്കാം. നേരും നെറിയുമില്ലാതെ വി.എസ്. നയിച്ച യുദ്ധത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും. ഏറ്റവും വലിയ ക്രിമിനലുകളെ അത്താഴത്തിനുവിളിച്ചാണ് വി.എസ്. അഞ്ചുവര്‍ഷം ചതിക്കുഴികളൊരുക്കിയത്. നിയമത്തെയും ഭരണഘടനയെയും മറികടന്ന് അദ്ദേഹം നടത്തിയ ചാട്ടുളി പ്രയോഗങ്ങള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മാത്രമായിരുന്നു. ധാര്‍മ്മികതയുടെ മുഖപടംകൊണ്ട് മറച്ചു നടത്തിയ ആക്രമണങ്ങളുടെ കഥ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കള്ളസര്‍ട്ടിഫിക്കറ്റുകാരും മാഫിയ തലവന്മാരും നയിച്ച യുദ്ധത്തിന്, ആയുസ്സുണ്ടെങ്കില്‍ വി.എസ്. മറുപടി പറയേണ്ടിവരും. അതിനുമുമ്പ് കേരളം വിലയിരുത്തേണ്ട ഗൗരവമായ തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ ഏറെയുണ്ട്. കണ്ടിട്ടും കണ്ണടക്കുന്ന ചില നേരുകളുണ്ട്. അതിലൊന്നാണ് വടക്കന്‍ കേരളത്തിലെ യു.ഡി.എഫിന്റെ ചരിത്ര വിജയം.
മലബാറില്‍ യു.ഡി.എഫിന് ശക്തിക്ഷയമുണ്ടായെന്ന മാധ്യമ വിശകലനം അതിശയകരവും തെറ്റിദ്ധാരണാജനകവുമാണ്. വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ്. സീറ്റ് തൂത്തുവാരുമെന്ന മാധ്യമ സര്‍വ്വേകളെ അതിശക്തമായി മറികടക്കാന്‍ യു.ഡി.എഫിന് സാധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നമ്മെ ബോധ്യപ്പെടുത്തുന്നത്. മലപ്പുറം ജില്ലയില്‍ യു.ഡി.എഫിനുണ്ടായ തകര്‍പ്പന്‍ ജയം മാത്രമല്ല, യു.ഡി.എഫിന് മലബാറിലുണ്ടായ മുന്നേറ്റത്തെ ശ്രദ്ധേയമാക്കുന്നത്. വയനാട് ജില്ലയില്‍ പ്രതിപക്ഷമില്ലാതെ തിരിച്ചുവന്നതും കണ്ണൂരില്‍ അഞ്ച് സീറ്റുകള്‍ പിടിച്ചടക്കാനായതും കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി.യുടെ നിയമസഭാ പ്രവേശനത്തെ തടഞ്ഞതും യു.ഡി.എഫ്. മലബാറില്‍ നടത്തിയ മുന്നേറ്റത്തിനുള്ള തെളിവുകളാണ്. കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിന്. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മറ്റ് അഞ്ച് ജില്ലകളിലും നല്ല പ്രകടനം കാഴ്ചവെക്കാന്‍ മുന്നണിക്ക് കഴിഞ്ഞു. ഈ നേട്ടത്തില്‍ മുസ്ലിംലീഗിന്റെ പങ്ക് ചരിത്രപരവും ശ്രദ്ധേയവുമാണ്.
മലബാറിലെ ആറ് ജില്ലകളില്‍നിന്നുള്ള 60 സീറ്റുകളില്‍ 16 സീറ്റിന് മുകളില്‍ യു.ഡി.എഫ്. നേടുകയില്ലെന്നായിരുന്നു പല അഭിപ്രായ വോട്ടെടുപ്പുകളും നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ആ നിരീക്ഷണങ്ങളുടെ ഇരട്ടി ജയം നല്‍കിയാണ് മലബാറിലെ ജനങ്ങള്‍ യു.ഡി.എഫിനെ തുണച്ചത്. 16 സീറ്റുകള്‍ പ്രവചിച്ച ജില്ലകളില്‍നിന്ന് യു.ഡി.എഫ്. നേടിയത് 32 സീറ്റുകളാണ്. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളെ കശക്കിയെറിഞ്ഞതും യു.ഡി.എഫിനെ ഭരണത്തിലേറ്റുന്നതും, പ്രവചനങ്ങളെ മറികടന്ന ഈ മുന്നേറ്റമാണ്. മുസ്ലിംലീഗിന് ശക്തമായ അടിത്തറയുള്ള ഈ ജില്ലകളിലുണ്ടായ തിളക്കമുള്ള വിജയം അച്യുതാനന്ദന്റെ വാഴ്ത്തപ്പെട്ട പ്രഭാവത്തിനേറ്റ തിരിച്ചടികൂടിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനൊപ്പംനിന്ന ജില്ലയാണ് പാലക്കാട്. വി.എസ്. അച്യുതാനന്ദന്റെ മത്സരംകൊണ്ട് ശ്രദ്ധേയമായ ഈ ജില്ലയില്‍ പക്ഷെ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. വി.എസ്. മത്സരിച്ച മലമ്പുഴ ഉള്‍പ്പെട്ട പാലക്കാട് ജില്ലയില്‍പോലും വി.എസ്. ഫാക്ടര്‍ പ്രവര്‍ത്തിച്ചില്ലെന്നതിന് വേറെ തെളിവ് നിരത്തേണ്ട ആവശ്യമില്ല.
60 സീറ്റുകളുള്ള മലബാറില്‍ 28 സീറ്റുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് നേടാനായത്. ഇതില്‍തന്നെ മലപ്പുറം ജില്ലയില്‍മാത്രം യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ മൂന്നുലക്ഷം വോട്ട് അധികം ലഭിച്ചിട്ടുണ്ട്. 1987- ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മലബാറില്‍നിന്ന് ഇത്ര വലിയ മുന്നേറ്റമുണ്ടാകുന്നത് ഇതാദ്യമാണ്. നൂറുസീറ്റുനേടി അധികാരത്തിലേറിയ 2001-ല്പോലും മലബാറില്‍നിന്ന് യു.ഡി.എഫിന് ലഭിച്ചത് 30 സീറ്റ് മാത്രമാണ്. ഇത് പരിഗണിക്കുമ്പോള്‍ യു.ഡി.എഫ്. നേട്ടത്തിന് മാധ്യമ വിശകലനത്തേക്കാള്‍ വലിയ പ്രധാന്യമുണ്ടെന്ന് വ്യക്തമാവുന്നു. ആറു ജില്ലകളില്‍നിന്നായി 1991-ല്‍ 29 സീറ്റും 1996-ല്‍ 20 സീറ്റും 2006-ല്‍ 13 സീറ്റുമാണ് ഇതിനുമുമ്പ് യു.ഡി.എഫിന് ലഭിച്ചത്.
പാലക്കാട് ജില്ലയില്‍ രണ്ട് സീറ്റില്‍ യു.ഡി.എഫ്. ഒതുങ്ങുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ അഞ്ചു സീറ്റുകള്‍ നേടി യു.ഡി.എഫ്. ഇടതുമുന്നണിയെ വിറപ്പിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ക്ക് ഇവിടെ പതിനായിരത്തോളം വോട്ടുകളുടെ ലീഡും നേടാനായി. ഇതേ തിരിച്ചടിതന്നെയാണ് കണ്ണൂരിലും സി.പി.ഐ. (എം.) ന് ഏറ്റുവാങ്ങേണ്ടിവന്നത്. അവരുടെ തട്ടകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ലയില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. എന്‍.ഡി.എഫ്., ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ചിട്ടും കെ.എം. ഷാജിയെയും എ.പി. അബ്ദുല്ലക്കുട്ടിയെയും തോല്പിക്കാന് ജനം സമ്മതിച്ചില്ല. 11 സീറ്റില്‍ 9- ഉം നേടുമെന്ന് വീരസ്യം പറഞ്ഞിരുന്ന എല്‍.ഡി.എഫിനെ മലര്‍ത്തിയടിക്കുന്ന വിജയമാണ് അഞ്ചുസീറ്റുകള്‍ നേടി കണ്ണൂരില്‍ യു.ഡി.എഫ്. സ്വന്തമാക്കിയത്. 1980 മുതല്‍ 2006 വരെ നീളുന്ന രണ്ടര പതിറ്റാണ്ടിനിടയില്‍ ഇത്ര വലിയ ആഘാതം കണ്ണൂരില്‍ സി.പി.എമ്മിനുണ്ടായിട്ടില്ല. യു.ഡി.എഫ്. അനുകൂല തരംഗം ആഞ്ഞുവീശിയ ഘട്ടങ്ങളില്‍പോലും കണ്ണൂരില്‍ യു.ഡി.എഫിന് ലഭിച്ചത് നാല് സീറ്റുകള്‍ മാത്രമാണ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ മൂന്ന് സിറ്റിംഗ് എം.എല്‍.എ.മാരെ തോല്പിച്ചാണ് ഈ ജയമെന്നതിന് തിളക്കമേറെയുണ്ട്.
ഇടത് മുന്നേറ്റത്തെ തടഞ്ഞുവെന്ന് മാത്രമല്ല, ഇടത്-ബി.ജെ.പി. അവിശുദ്ധ സഖ്യത്തെ കാസര്‍കോട് ജില്ലയില്‍ പ്രതിരോധിച്ചതും യു.ഡി.എഫ്. തന്നെയാണ്. കാസര്‍കോട്ടുനിന്ന് മത്സരിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി എന്‍.എ. നെല്ലിക്കുന്ന് 9738 വോട്ടും മഞ്ചേശ്വരത്തുനിന്ന് മത്സരിച്ച പി.ബി. അബ്ദുറസാഖ് 5828 വോട്ടും ഭൂരിപക്ഷം നേടി നിര്‍ണ്ണായക വിജയം നേടിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ടു. ബി.ജെ.പി.-സി.പി.എം. ധാരണ വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങള്‍ ഇവിടെ കണ്ടെത്താനാവും. ബി.ജെ.പി. ശക്തമായി മത്സരിച്ച കാസര്‍കോട്ടും മഞ്ചേശ്വരത്തും ഇടത് സ്ഥാനാര്‍ത്ഥികള്‍ വളരെ പിറകോട്ട് പോയപ്പോള്‍ ഉദുമയിലും തൃക്കരിപ്പൂരിലും ബി.ജെ.പി. വോട്ടില്‍ കനത്ത ചോര്‍ച്ചയുണ്ടായി. കാസര്‍കോട് ജില്ലയില്‍ നടന്ന കൊടുക്കല്‍ വാങ്ങലിന്റെ ചലനമാണ് ഇത് സൂചിപ്പിക്കുന്നത്. 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഏഴായിരത്തിലേറെ വോട്ടിന്റെ മേല്‍ക്കൈ നേടുകയും ചെയ്തു. കാസര്‍കോട്ട് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് 16,467 വോട്ടുകളാണ്. സംസ്ഥാനത്തുതന്നെ എല്‍.ഡി.എഫിന് കെട്ടിവെച്ചതുക നഷ്ടമായ മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട് എന്നത് വരുംനാളുകളില്‍ വലിയ രാഷ്ട്രീയ വിശകലനത്തിന് വിധേയമാകേണ്ടതുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഒമ്പതിനായിരം വോട്ടിന്റെ ചോര്‍ച്ചയാണ് ഇവിടെ എല്‍.ഡി.എഫിനുണ്ടായത്. മാത്രമല്ല കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സി.പി.എമ്മിന് കനത്ത സ്വാധീനമുള്ള പല ബൂത്തുകളിലും ബി.ജെ.പിക്കാണ് കൂടുതല്‍ വോട്ട് നേടാനായെതെന്ന കാര്യവും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നുകാണികക്കുകയാണ്.
കോഴിക്കോട് ജില്ലയിലും ബി.ജെ.പി.ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന് മത്സരിച്ച കുന്ദമംഗലത്തുപോലും ഉദ്ദേശിച്ച പ്രകടനം കാഴ്ചവെക്കാന്‍ ബി.ജെ.പി.ക്കായില്ല. ബാലുശ്ശേരിയില്‍ 2952 വോട്ടിന്റെയും കോഴിക്കോട് സൗത്തില്‍ 2474 വോട്ടിന്റെയും എലത്തൂരില്‍ 2218 വോട്ടിന്റെയും ബേപ്പൂരില്‍ 1836 വോട്ടിന്റെയും കൊടുവള്ളിയില്‍ 1333 വോട്ടിന്റെയും കൊയിലാണ്ടിയില്‍ 478 വോട്ടിന്റെയും കുറവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ബി.ജെ.പി.ക്കുണ്ടായത്.
ചുരുക്കത്തില്‍ മാധ്യമങ്ങളും സി.പി.ഐ. (എമ്മും) പ്രതീക്ഷിച്ച വിജയം മലബാറില്‍നിന്നുണ്ടാക്കിയെടുക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്നുതന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അച്യുതാനന്ദന്റെ വ്യക്തിവിരോധത്തിലധിഷ്ഠിതമായ രാഷ്ട്രീയ നീക്കങ്ങളെ മലബാര്‍ ഒരുതരത്തിലും ഉള്‍ക്കൊണ്ടില്ലെന്നു മാത്രമല്ല അത്തരം വിലകുറഞ്ഞ ആരോപണങ്ങളെ ജനം പുച്ഛിച്ചുതള്ളുകയാണുണ്ടായത്. വി.എസ്. പ്രഭാവമെന്നത് അദ്ദേഹം മത്സരിച്ച പാലക്കാട് ജില്ലയില്‍പോലും നീര്‍ക്കുമിളയായിരുന്നുവെന്നത് മണ്ണാര്‍ക്കാട്ടുനിന്ന് വിജയിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി അഡ്വ. എന്‍. ഷംസുദ്ദീന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം തെളിയിക്കുന്നു. വി.എസ്. പ്രഭാവം മറ്റെവിടെയാണ് സി.പി.എമ്മിനെ തുണച്ചതെന്ന് വരുംനാളുകളില്‍ നടക്കാനിരിക്കുന്ന ഇഴകീറിയുള്ള പോസ്റ്റ്മോര്‍ട്ടം വ്യക്തമാക്കും. ഒരുകാര്യമുറപ്പാണ്. വി.എസ്. ആഗ്രഹിച്ചതും പരിശ്രമിച്ചതും വര്‍ഗീയ ധ്രുവീകരണത്തിനുള്ള പാഴ്വേലകളായിരുന്നു. മലബാറിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത് നിരാകരിച്ചപ്പോള്‍, ഇതിന്റെ കെണിയില്‍ വീണുപോയത് കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കാര്‍ മാത്രമാണ്. പച്ചക്ക് വര്‍ഗീയത പറഞ്ഞ് വോട്ടുപിടിച്ച സി.പി.എം. നേതാക്കള്‍ കടത്തനാടിന്റെ പാരമ്പര്യത്തെയാണ് ഇവിടെ അപമാനിച്ചത്. കുതന്ത്രങ്ങളിലൂടെയും കുറുക്കുവഴികളിലൂടെയും അധികാരം നിലനിര്‍ത്താമെന്ന വി.എസിന്റെ വ്യാമോഹത്തെ ചുണ്ടിനും കപ്പിനുമിടയില്‍ തകര്‍ത്തുകളഞ്ഞത് അദ്ദേഹത്തിന്റെ മലിനമായ മന:സ്ഥിതിയാണ്. മലബാര്‍ ഇത്തവണ വരിച്ചത് യു.ഡി.എഫിനെ തന്നെയാണെന്നെഴുതാന്‍ മാധ്യമങ്ങള്‍ക്ക് ഇനിയും കാത്തിരിക്കണോ?