Tuesday, December 21, 2010

മഞ്ഞളാംകുഴി അലി: ഇനിയും ബോംബുകളുണ്ട്‌


പ്രവാസവും സിനിമയും രാഷ്‌ട്രീയവും ഇഴചേര്‍ന്നതാണ്‌ മഞ്ഞളാംകുഴി അലിയുടെ ജീവിതം രാഷ്‌ട്രീയ രംഗത്തെത്തിയത്‌ ആകസ്‌മികമാണെങ്കിലും, ജീവിതത്തിലെ ഏറ്റവും വലിയ കാന്‍വാസ്‌ രാഷ്‌ട്രീയമാണെന്ന്‌ അനുഭവം കൊണ്ട്‌ അലി പഠിച്ചു. ആ കാന്‍വാസിലെ അരൂപികളെക്കുറിച്ചും ദയാരഹിതമായ ഏകാധിപത്യത്തെക്കുറിച്ചും അദ്ദേഹം മനസ്സു തുറക്കുന്നു.


54 കൊല്ലം പാര്‍ട്ടിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച രാജേന്ദ്രന്‍ മാഷോട്‌ ഒരിറ്റു ദയ കാണിക്കാത്ത പാര്‍ട്ടിയാണ്‌ സി.പി.എം. മലപുറം ജില്ലയില്‍ പാര്‍ട്ടികെട്ടിപ്പടുത്തത്‌ മാഷുടെ ജീവിതം കൊണ്ടായിരുന്നു. അദ്ദേഹം മരണക്കിടക്കയിലായപ്പോഴും ഒരു നേതാവും കാണാനെത്തിയില്ല. അഴിമതിയോട്‌ രാജിയാവാത്തതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റപത്രം ഒടുവില്‍ മരണത്തിനു കീഴടങ്ങും മുമ്പ്‌ രാജേന്ദ്രന്‍ മാഷ്‌ എന്നോട്‌ നടത്തിയ ഒരഭ്യര്‍ത്ഥന; ഇനിയൊരിക്കലും സി.പി.എമ്മിനു വേണ്ടി മത്സരിക്കരുതെന്നായിരുന്നു. മലപ്പുറത്ത്‌ വി.എസ്‌. വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു ഭക്ഷണം. മലപ്പുറം സമ്മേളനത്തിന്റെ മൂന്ന്‌ ദിവസവും അദ്ദേഹം താമസിച്ചത്‌ എന്റെ കൂടെയാണ്‌. അതുകൊണ്ടാവാം ഔദ്യോഗിക പക്ഷത്തിന്‌ ഞാന്‍ അനഭിമതനായത്‌. വി.എസിന്റെ കടുംപിടുത്തത്തിനുള്ളിലും ഒരു നൈര്‍മല്ല്യമുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. അബ്‌ദുല്ലക്കുട്ടിയും, കെ.എസ്‌. മനോജുമെല്ലാം വി.എസ്‌. പക്ഷക്കാരായി നിലകൊണ്ട പാര്‍ട്ടിക്കാരാണ്‌. ഞാന്‍ മുസ്‌ലിംലീഗില്‍ ചേരുകയാണെന്ന്‌ അറിയിച്ചപ്പോഴും അബ്‌ദുല്ലക്കുട്ടിയും മനോജും പാര്‍ട്ടിവിടുകയാണെന്ന്‌ അറിഞ്ഞപ്പോഴും വി.എസ്‌. അരുതെന്ന്‌ പറഞ്ഞിട്ടില്ല. ഞങ്ങളെ വിലക്കിയിട്ടുമില്ല.

രാഷ്‌ട്രീയ പ്രവര്‍ത്തകനാവുകയെന്നത്‌ ഒരിക്കലും ഞാന്‍ തെരഞ്ഞെടുത്ത വഴിയല്ല. ആകസ്‌മിതയോടെ വന്നുചേര്‍ന്നതാണ്‌. സിനിമയും നാടകവും സ്വപ്‌നം കണ്ടു നടന്ന ഇടതു സഹയാത്രികനായിരുന്നു ഞാന്‍. ചെറുപ്പകാലത്ത്‌ വായനയും സാംസ്‌കാരിക പ്രവര്‍ത്തനവുമൊക്കെ ഇടതു പക്ഷക്കാര്‍ക്കു മാത്രമാണെന്ന ഒരു ചിന്ത വേരുന്നിയിരുന്നു. അക്കാലത്ത്‌ അതൊരു ഫാഷനായി കണ്ടിരുന്നുവെന്ന്‌ വേണെമെങ്കില്‍ പറയാം. കലാകാരന്മാരും കലാബോധമുള്ളവരുമെല്ലാം ഇടതുപക്ഷത്തു തന്നെ നില്‍ക്കണമെന്നതായിരുന്നു അക്കാലത്തെ ഒരു രീതി. എന്റെ കുടുംബം ഭൂപരിഷ്‌കരണത്തിന്റെ ഗുണം ലഭിച്ച കുടുംബങ്ങളിലൊന്നാണ്‌. അതിന്റെ ഒരു തുടര്‍ച്ചയാവണം എന്റെ പിതാവും ഇടതുപക്ഷ സഹയാത്രികനായിരുന്നു. ഒരിക്കലും അദ്ദേഹം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്നില്ല.

ഇടതുപക്ഷം ഒരു ഫാഷനായി മാറിയ അറുപതുകളിലാണ്‌ ഞാന്‍ ഇടത്തോട്ട്‌ ചായുന്നത്‌. അന്നത്തെ നേതാക്കളുടെ ലാളിത്യവും സ്വഭാവ ശുദ്ധിയും പ്രതിബദ്ധതയുമെല്ലാം ഞാനുള്‍പ്പെടെയുള്ള അന്നത്തെ തലമുറയെ കമ്മ്യൂണിസ്റ്റ്‌ പക്ഷത്തേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ സ്വഭാവ ശുദ്ധിയും പ്രതിബദ്ധതയുമുള്ള നേതാക്കള്‍ സി.പി.എമ്മിനകത്തില്ല. സി.പി.എം നേതാക്കളിപ്പോള്‍ ജന്മിമാരും പ്രവര്‍ത്തകന്മാര്‍ കൂടിയാന്മാരുമാണ്‌. അത്രധിക്കാരവും അഹങ്കാരവുമാണ്‌ ഓരോ നേതാവിനുമുള്ളത്‌. നൂറുതെരഞ്ഞെടുപ്പില്‍ തോറ്റാലും സി.പി.എം പഠിക്കാന്‍ പോവുന്നില്ല. അവര്‍ ജീവിക്കുന്നത്‌ മറ്റൊരു ലോകത്തിലാണ്‌.

പ്രവാസവും സിനിമയും
1971ല്‍ തുടങ്ങിയതാണ്‌ പ്രവാസ ജീവിതം 85 വരെ അതു തുടര്‍ന്നു. പിന്നെ ഇടക്ക്‌ പോക്കും വരവുമായി. പ്രവാസിയായിരുന്ന ഞാന്‍, പ്രവാസിമലയാളികളെക്കുറിച്ച്‌ എന്നും അഭിമാനം കൊള്ളാറുണ്ട്‌. നല്ല രാഷ്‌ട്രീയ ബോധമുള്ളവരാണ്‌ പ്രവാസികള്‍. അവര്‍ കാണുന്ന ലോകത്തിന്റെ വേഗത നമ്മുടെ നാടിനു കൈവരുന്നില്ലല്ലോ എന്ന്‌ ദുഃഖിക്കുന്നവരാണവര്‍. നാട്ടിലെ സിസ്റ്റങ്ങളോട്‌ അവര്‍ക്കുള്ള മതിപ്പുകുറവ്‌ വിമര്‍ശനാതുകമാവുമ്പോള്‍ അവര്‍ അരാഷ്‌ട്രീയ വാദികളാണെന്ന്‌ നാം തെറ്റിദ്ധരിക്കാറുണ്ടെന്നു മാത്രം. യൂറോപ്പും മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളും ഇവിടെത്തേക്കാള്‍ പത്തിരിട്ടി വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇവിടെ കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതാണ്‌ പ്രവാസികളെ ദുഃഖിപ്പിക്കുന്നത്‌. ഗള്‍ഫ്‌ നാടുകളില്‍ കഴിയുന്നവര്‍ പ്രത്യേകിച്ച്‌ രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയ നേതൃത്വത്തെയും വളരെ ആദരവോടെ കാണുന്നവരാണ്‌.
86ല്‍ എ.ടി. അബുവിനു വേണ്ടി ധ്വനി എന്ന സിനിമ നിര്‍മ്മിച്ചാണ്‌ ഞാന്‍ സിനിമാ വ്യവസായത്തിലേക്കിറങ്ങിയത്‌. ദ കിംഗ്‌ ആയിരുന്നു ഏറ്റവും ഹിറ്റായ സിനിമ.

മുനീറും ഞാനും
96ല്‍ മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന്‌ മത്സരിക്കാന്‍ ആളെക്കിട്ടാത്ത കാലത്താണ്‌ മക്കയില്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന നടക്കുന്നത്‌. പരാജയപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത സീറ്റ്‌ മുസ്‌ലിംലീഗിന്റെ കോട്ടയായ മണ്‌ഡലം. നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. പിന്നെ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളായി. ജില്ലാ നേതാക്കള്‍ ബന്ധപ്പെട്ടപ്പോള്‍ മത്സരം പേടിച്ച്‌ ഞാന്‍ മദ്രാസിലേക്ക്‌ മുങ്ങി. ഒടുവില്‍ എന്റെ അദ്ധ്യാപകനും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന രാജേന്ദ്രന്‍ മാസ്റ്ററുടെ നിര്‍ബന്ധത്തിനു മുന്നില്‍ ഞാന്‍ വഴങ്ങുകയായിരുന്നു. ആ വാക്കുകള്‍ തട്ടാന്‍ എനിക്കു വകയായിരുന്നു. തോല്‍വി ഉറപ്പുള്ളതിനാല്‍ 96ല്‍ മത്സരിക്കുമ്പോള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ജനങ്ങളോട്‌ ഇടപഴകാനറിയാത്ത ഞാന്‍ എങ്ങിനെയാണ്‌ ജയിക്കാന്‍ മത്സരിക്കുക?

ഞാന്‍ മങ്കട മണ്‌ഡലം ആദ്യമായി കാണുകയാണ്‌. അവിടത്തെ ജനങ്ങളെക്കുറിച്ചോ ആളുകളുടെ പ്രാരാബ്‌ദ്ധങ്ങളെക്കുറിച്ചോ ഒരു ധാരണയുമുണ്ടായിരുന്നില്ല. സിനിമാ ഷൂട്ടിംഗ്‌ പോലെയാണ്‌ ഞാന്‍ തെരഞ്ഞെടുപ്പിനെ സങ്കല്‍പ്പിച്ചത്‌. എന്നാല്‍ രംഗത്തിറങ്ങിയപ്പോഴാണ്‌ അതി കഠിനമായ മനുഷ്യന്റെ വേദനകളും പ്രാരാബ്‌ധങ്ങളും ദുഃഖങ്ങളും നേരിട്ടു മനസ്സിലാക്കാനായത്‌. രാഷ്‌ട്രീയമായി ഒരു ധാരണയിമില്ലാത്ത എനിക്ക്‌ ജനങ്ങള്‍ക്കു നല്‍കാന്‍ ഒരു വിഭാഗം മാത്രമാണുണ്ടായിരുന്നത്‌. തോറ്റാലും ജനങ്ങളോട്‌ പാലിക്കുന്നു.

മൂര്‍ക്കനാട്‌ പഞ്ചായത്തിലെ ഒരു കുന്നിന്‍ മുകളില്‍ വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞ ഒരു കാന്‍സര്‍ രോഗിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ വോട്ട്‌ ചോദിച്ച്‌ എത്തിയപ്പോള്‍ ആ സ്‌ത്രീ ജീവിത ദുരിതങ്ങളുടെ കെട്ടഴിച്ചു. മരിക്കും മുമ്പ്‌ എനിക്ക്‌ കറണ്ട്‌ തര്വോ എന്നായിരുന്നു അവരുടെ ചോദ്യും. നെഞ്ചു പിളര്‍ക്കുന്ന ആ ചോദ്യത്തിനാണ്‌ ജയിച്ച ഉടനെ ഞാന്‍ ഉത്തരം നല്‍കിയത്‌. നൂറ്‌ വൈദ്യുതി പോസ്റ്റ്‌ വേണ്ടിയിരുന്നു ആ കുന്നിന്‍ മുകളിലേക്ക്‌ കറന്റ്‌ നല്‍കാന്‍. എന്നിട്ടും ഞാനാദ്യം ആ സ്‌ത്രീയോട്‌ വാക്ക്‌ പാലിച്ചു. മരിക്കും മുമ്പ്‌ അവരുടെ വീട്ടില്‍ ബള്‍ബ്‌ തെളിഞ്ഞു.

മൂന്നാം തവണ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചതായിരുന്നില്ല. ജനങ്ങള്‍ തീരുമാനിച്ചതായിരുന്നു. ഞാന്‍ അഭിപ്രായം പറയും മുമ്പ്‌ തന്നെ മങ്കടയിലുടനീളം ബോര്‍ഡെഴുത്ത്‌ തുടങ്ങിയിരുന്നു. നിയമസഭയില്‍ വെച്ച്‌ തന്നെ മുനീറിനെകാണാറുണ്ട്‌. സി.എമ്മിന്റെ മകന്‍ എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും പ്രത്യേക ആദരവുണ്ടായിരുന്നു. മങ്കടയില്‍ മുനീര്‍ വരുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം അദ്ദേഹം വിളിച്ചുപറഞ്ഞു. പാര്‍ട്ടി എന്നെയാണ്‌ മങ്കടയിലേക്ക്‌ നിയോഗിക്കുന്നത്‌. അപ്പോഴേക്കും ഞാന്‍ പ്രവര്‍ത്തനത്തില്‍ ഒരു പാട്‌ മുന്നോട്ട്‌ പോയിരുന്നു. മുനീര്‍ ഒരിക്കലും വരരുതേ എന്നായിരുന്നു പിന്നെ എന്റെ പ്രാര്‍ത്ഥന. കാരണം മുനീറിനേപ്പോലുള്ളവര്‍ നിയമസഭയിലുണ്ടാവണം എന്ന്‌ ആഗ്രഹിച്ചതിനാലാണത്‌.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ അവിടെ ഒരു പോസ്റ്റര്‍ ഇറക്കിയിരുന്നു. സി.എച്ചിന്റെ പിറകില്‍ എത്തിനോക്കുന്ന കുഞ്ഞു മുനീറിന്റെ ഫോട്ടോ ആയിരുന്നു അതില്‍. എന്റെ ഭാര്യ ആ ഫോട്ടോ കണ്ടുപറഞ്ഞു. മുനീര്‍ തോല്‍ക്കരുതായിരുന്നു. നീങ്ങള്‍ ജയിക്കുകയും വേണം. എന്റെ ഭാര്യ മാത്രമല്ല മങ്കടയില്‍ എനിക്ക്‌ വോട്ട്‌ ചെയ്‌ത ഒട്ടുമിക്ക സ്‌ത്രീകളും അങ്ങിനെ തന്നെ ചിന്തിച്ചിരുന്നു. വോട്ട്‌ ചെയ്‌ത ശേഷം പലരും എന്നോട്‌ പറഞ്ഞു. മുനീറിനെതിരെ വോട്ട്‌ ചെയ്‌തതില്‍ വലിയ ദുഃഖമുണ്ടെന്ന്‌. പുഴക്കാട്ടിരി പഞ്ചായത്തിലെ പ്രായമുള്ള സ്‌ത്രീ എന്നോട്‌ പറഞ്ഞു. മുനീറിനെതിരെ വോട്ട്‌ ചെയ്‌തതിന്റെ സങ്കടം മനസ്സില്‍ നിന്ന്‌ മാറുന്നില്ലെന്ന്‌. മുനീറിനെ തോല്‍പിച്ചതില്‍ ഞാന്‍ ഒരിക്കലും സന്തോഷിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു ശേഷം തിരുവനന്തപുരത്ത്‌ മുനീറുള്ളപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. ഹോട്ടലിലെ ലിഫ്‌റ്റില്‍ കയറി 6ാം നിലയിലേക്കെന്ന്‌ പറഞ്ഞപ്പോള്‍ ലിഫ്‌റ്റ്‌ ഓപ്പറേറ്ററായ കുട്ടി എന്റെ മുഖത്തേക്ക്‌ കുറേ നേരം നോക്കിയിട്ട്‌ പറഞ്ഞു. സര്‍, ആ ഫ്‌ളോറില്‍ എം.കെ. മുനീറുണ്ട്‌. അവന്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ മുനീറിനെ കാണാനാണ്‌ പോവുന്നതെന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു.

മുനീറിന്റെ മുറിയില്‍ ഞങ്ങള്‍ കുറേനേരം ഇരുന്നു. അദ്ദേഹം ഈ മത്സരത്തെ വളരെ സ്‌പോര്‍ട്‌സമാന്‍ സ്‌പിരിറ്റിലാണെടുത്തതെന്ന്‌ എനിക്ക്‌ ബോധ്യമായി. പഴയ സ്‌നേഹം അപ്പോഴും മുനീറിന്റെ മനസ്സിലുണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ അറിവ്‌; രാഷ്‌ട്രീയം മാത്രമാണ്‌ ഏറ്റവും വലിയ കാന്‍വാസ്‌ എന്നതായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും ബുദ്ധി ജീവികളുമെല്ലാം അവര്‍ ബന്ധപ്പെടുന്ന ഒരു ചുറ്റുവട്ടത്തിനും ചട്ടക്കൂട്ടിനും പുറത്തേക്കു വളരുന്നില്ല. എന്നാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ മാത്രമാണ്‌ അതി വിസ്‌തൃതമായ മേഖലയുള്ളത്‌. ജനങ്ങള്‍ക്ക്‌ വേണ്ടി സേവനം ചെയ്യാന്‍ രാഷ്‌ട്രീയം പോലെ മറ്റൊരു വഴിയില്ലെന്നതാമ്‌ ജീവിതം എനിക്കു തന്ന വലിയപാഠം. രാഷ്‌ട്രീയമൊഴികെ മറ്റെല്ലാം ചെറിയ കാന്‍വാസുകള്‍ മാത്രമാണെന്നതാണു നേര്‌.

തങ്ങളില്ലല്ലോ എന്ന ദുഃഖം
മലപ്പുറത്ത്‌ ശിഹാബ്‌ തങ്ങളോടൊപ്പം ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെ മുനീര്‍ പറഞ്ഞു. `തങ്ങളെ അലിയോട്‌ ഇങ്ങോട്ട്‌ വരാന്‍ പറ, നിങ്ങള്‍ വിളിച്ചാല്‍ അലി ഇങ്ങോട്ട്‌ പോരും.' കുഞ്ഞാലിക്കുട്ടിയും വേദിയിലുണ്ട്‌. തങ്ങള്‍ ഒരു ചിരിമാത്രം, മറുപടിയായി തന്നു. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. തങ്ങളുമായി നല്ല അടുപ്പം എന്നും സൂക്ഷിച്ചിരുന്നു. ഇടക്ക്‌ തങ്ങളെ കാണാന്‍ പാണക്കാട്ട്‌ പോവുമ്പോഴും ആ നിര്‍മ്മല്‍ സാന്നിദ്ധ്യം മനസ്സിന്‌ പകര്‍ന്നത്‌ അതിരുകളില്ലാത്ത ആശ്വാസമായിരുന്നു. ഇപ്പോള്‍ ഒരു മുസ്‌ലിംലീഗുകാരനായി മാറിയ എനിക്ക്‌ ഒരു ദുഃഖമേയുള്ളൂ. ശിഹാബ്‌ തങ്ങളുടെ ജീവിതകാലത്ത്‌ പാര്‍ട്ടിയിലേക്ക്‌ വരാന്‍ കഴിഞ്ഞില്ലല്ലോ..

എന്റെ കുടുംബം പഴയ കൃഷിക്കാരാണ്‌. പിതാവ്‌ വലിയ കൃഷിക്കാരനായിരുന്നു. മമ്പുറം തങ്ങള്‍ വാളും പരിചയുംതന്ന്‌ ആദരിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്‌. പൂക്കോയതങ്ങളുമായി എന്റെ പിതാവിന്‌ അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികരായി നില്‍ക്കുമ്പോഴും ആ ബന്ധത്തിന്‌ ഒരു കുറവുമുണ്ടായിരുന്നില്ല. ശിഹാബ്‌ തങ്ങളുടെ കാലത്തും ആ ബന്ധം തുടര്‍ന്നു.

ഡൈനാമിക്‌ ലീഡര്‍
മുസ്‌ലിംലീഗിനെ ഇത്ര ഡൈനാമിക്‌ ആക്കിയതില്‍ കുഞ്ഞാലിക്കുട്ടിക്ക്‌ വലിയ പങ്കുണ്ട്‌. വളരെ പെട്ടെന്ന്‌ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്‌. കേരളത്തിലെ ഏറ്റവും ഇന്റലിജന്റ്‌ ആയ നേതാക്കളിലൊരാളാണ്‌ അദ്ദേഹം. ഇ.എം.എസിനെയും കെ. കരുണാകരനെയും പോലെ നിരവധി സിദ്ധികള്‍ കുഞ്ഞാലിക്കുട്ടിക്കുണ്ട്‌. പ്രശ്‌നങ്ങള്‍ ലഘുകരിക്കാനും വിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കാനുമുള്ള അദ്ദേഹത്തിന്റെ പാടവം പ്രശംസനീയമാണ്‌. ഇതുവരെ ഞാന്‍ പുറത്തു നിന്ന്‌ നിരീക്ഷിക്കുക മാത്രമായിരുന്നു. ഇപ്പോള്‍ അദ്ദേഹം എന്റെ നേതാവാണ്‌.

വി.എസ്‌. ആരെയും വിലക്കിയില്ല
നിയമസഭയിലെത്തുമ്പോള്‍ എനിക്കൊട്ടും താല്‍പര്യമില്ലാത്ത നേതാവായിരുന്നു. വി.എസ്‌. അച്യുതാനന്ദന്‍. എന്നാല്‍ പിന്നീട്‌ അച്യുതാനന്ദനെ കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കടുംപിടുത്തത്തിനപ്പുറം ഒരു നൈര്‍മല്ല്യമുള്ള മനസ്സുണ്ടെന്ന്‌ എനിക്ക്‌ ബോധ്യമായി. സി.പി.എം നേതാക്കളില്‍ കാണാത്ത പലഗുണങ്ങളും അദ്ദേഹത്തില്‍ എനിക്കു കാണാന്‌ കഴിഞ്ഞിട്ടുണ്ട്‌. ആ അടുപ്പമാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ അരിശത്തിനു കാരണമായത്‌. മലപ്പുറത്ത്‌ വരുമ്പോഴൊക്കെ വി.എസ്‌. എന്റെ വീട്ടില്‍ വരും. ഭക്ഷണത്തിന്‌ ചില ചിട്ടകളുണ്ട്‌. അതൊക്കെ അറിയാവുന്ന ആളെന്ന നിലക്ക്‌ എന്റെ വീട്ടില്‍ തന്നെ ഭക്ഷണത്തിനെത്തും. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച്‌ മൂന്ന്‌ ദിവസവും വി.എസ്‌. എന്റെ വീട്ടിലാണ്‌ താമസിച്ചത്‌. അങ്ങിനെയാണ്‌ ഞാന്‍ വി.എസ്‌. ഗ്രൂപ്പുകാരനായി ടാര്‍ഗറ്റ്‌ ചെയ്യപ്പെട്ടത്‌. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. പാര്‍ട്ടിയില്‍ അദ്ദേഹത്തോടൊപ്പം നിന്നവരായിരുന്നു അബ്‌ദുല്ലക്കുട്ടിയും കെ.എസ്‌. മനോജുമൊക്കെ, അവര്‍ പാര്‍ട്ടിയില്‍ നിന്ന്‌ പടിയിറങ്ങിയപ്പോഴും വി.എസ്‌. വിലക്കിയില്ല. ഞാന്‍ മുസ്‌ലിംലീഗില്‍ ചേരുകയാണെന്ന്‌ വി.എസിനോട്‌ പറഞ്ഞു. അപ്പോഴും അരുതെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞിട്ടില്ല.

ദയയില്ലാത്തവരുടെ പാര്‍ട്ടി
രാജേന്ദ്രന്‍ മാഷെന്ന വലിയ കമ്മ്യൂണിസ്റ്റ്‌ നേതാവാണ്‌ എന്നെ സി.പി.എം അനുഭാവിയാക്കിയത്‌. സി.പി.എമ്മില്‍ നിന്ന്‌ പുറത്തുകടക്കാന്‍ എന്നെ ഉപദേശിച്ചതും ഇതേ രാജേന്ദ്രന്‍ മാഷാണ്‌. നായനാര്‍ സെക്രട്ടറിയായിരുന്ന പഴയ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയില്‍ അംഗമായിരുന്നു മാഷ്‌. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തലമായിരുന്നു. ലാളിത്യവും ത്യാഗവും നിറഞ്ഞതായിരുന്നു മാഷുടെ ജീവിതം ജന്മിമാരുടെ കുടുംബത്തിലാണ്‌ ജനിച്ചത്‌. എന്നിട്ടും എല്ലാം പാര്‍ട്ടിക്കു നല്‍കി ഒന്നും സ്വന്തമാക്കാതെ ജീവിച്ച മനുഷ്യന്‍. ഇ.എം.എസ്‌. ആസ്‌പത്രിയുമായി ബന്ധപ്പെട്ട്‌ നടന്ന വന്‍ അഴിമതിയെ മാഷ്‌ ചോദ്യം ചെയ്‌തതോടെയാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണിലെ കരടായത്‌. പാര്‍ട്ടി നേതൃത്വം രാജേന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ തിരിഞ്ഞു. ഒടുവില്‍ 2008ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി. ഈ ദുഃഖം മാഷിന്‌ താങ്ങാവുന്നതിലപ്പുറമായിരുന്നു. പാര്‍ട്ടി മുന്‍കാലങ്ങളില്‍ നിലകൊണ്ട ഓരോ നിലപാടും പുത്തന്‍ കുറ്റുകാര്‍ കശക്കിയെറിയുന്നത്‌ കണ്ടുനില്‍ക്കാനാവാതെ അദ്ദേഹം രോഗബാധിതനായി. പിന്നീട്‌ ഒരു വര്‍ഷം മാത്രമെ അദ്ദേഹം ജീവിച്ചുള്ളു. രോഗ ശയ്യയില്‍ മരണത്തോട്‌ മുഖാമുഖം നില്‍ക്കുമ്പോഴും ഒരു സി.പി.എം നേതാവും അദ്ദേഹത്തെ സന്ദര്‍ശിക്കുക പോലുമുണ്ടായില്ല. ഇത്‌ മാഷെ മാത്രമല്ല എന്നെയും ഏറെ ദുഃഖപ്പിച്ചിരുന്നു. ഇനിയൊരിക്കലും സി.പി.എമ്മിനു വേണ്ടി മത്സരിക്കരുതെന്ന്‌ മാഷ്‌ അന്ന്‌ എന്നോട്‌ പറഞ്ഞു. തനിക്ക്‌ ഒരു പാട്‌ പ്രതീക്ഷയുണ്ടായിരുന്ന പാര്‍ട്ടി ഇന്ന്‌ ഒരു പറ്റം fuedel പ്രഭുക്കളാണ്‌ ഭരിക്കുന്നതെന്ന്‌ അദ്ദേഹം വ്യസനത്തോടെ പറഞ്ഞു. പാര്‍ട്ടിയുടെ ഈ വീഴ്‌ച നന്നായി തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം.

രാജേന്ദ്രന്‍ മാഷ്‌ മരിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ ഞാന്‍ മനസ്സുകൊണ്ട്‌ ഉറപ്പിച്ചിരുന്നു. 54 കൊല്ലം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച മാഷിന്‌ ദയകൊടുക്കാത്ത ഒരു പ്രസ്ഥാനത്തോട്‌ ജനങ്ങളോട്‌ എങ്ങനെ ദയ കാണിക്കാനാവും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്‌. സത്യസന്ധനായ രാജേന്ദ്രന്‍ മാഷെ പാര്‍ട്ടിക്കു വേണ്ട. എന്നാല്‍ ഏറ്റവും വലിയ മാഫിയകളെ പാര്‍ട്ടി പാലൂട്ടുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ പലനേതാക്കളും ഒളിവില്‍ കഴിഞ്ഞത്‌ രാജേന്ദ്രന്‍ മാസ്റ്ററുടെ വീട്ടിലായിരുന്നു. അത്തരമൊരു സിമ്പതിയും പാര്‍ട്ടി അദ്ദേഹത്തോട്‌ കാണിച്ചില്ല. അതെന്നെ വല്ലാതെ ഉലച്ചു. എന്റെ നിലപാടു മാറ്റത്തിന്‌ ഏറ്റവും വലിയ കാരണം ഈ സംഭവം തന്നെയാണ്‌.


ജന്മിമാരും കൂടിയാന്മാരും
സി.പി.എമ്മില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ നേതാക്കളല്ല.
fuedel പ്രഭുക്കളാണ്‌. അവരുടെ ആജ്ഞാനുവര്‍ത്തികളായ ദാസന്മാരായി പ്രവര്‍ത്തകര്‍ നിന്നുകൊള്ളണമെന്ന നിര്‍ബന്ധമാണ്‌ നേതാക്കള്‍ക്കുള്ളത്‌. നേതാക്കള്‍ ജീവിക്കുന്നത്‌ ആകാശത്താണ്‌. ഭൂമിയില്‍ വേരുള്ള ഒരു നേതാവും ഇപ്പോള്‍ ആ പാര്‍ട്ടിക്കുള്ളിലില്ല. ഒരു തോല്‍വികൊണ്ടും സി.പി.എം പഠിക്കാന്‍ പോവുന്നില്ല. എന്നിട്ടും അടിത്തറ ഭദ്രമാണെന്ന്‌ പറയുന്ന പിണറായി കേരളം കണ്ട ഏറ്റവും വലിയ അഹങ്കാരിയാണ്‌. തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയാല്‍ പാര്‍ട്ടിയില്‍ ഒരാളും അവശേഷിക്കില്ലെന്നുറപ്പാണ്‌. മാനവികതക്കു വേണ്ടിയായിരുന്നു ഒരു കാലത്ത്‌ കമ്മ്യൂണിസ്റ്റുകാര്‍ നിലകൊണ്ടിരുന്നത്‌. ഇപ്പോള്‍ ഒരിറ്റു ദയപോലും അവരുടെ ഉള്ളില്‍ ബാക്കിയില്ല. സി.പി.എം നേതാക്കളിപ്പോള്‍ മോഡേണ്‍ ഇടനിലക്കാരാണ്‌. എല്ലാവര്‍ക്കും സ്വന്തമായ അജണ്ട മാത്രമാണുള്ളത്‌. പഴയ നേതാക്കള്‍ തെറ്റു പറ്റിയാല്‍ അതു തിരുത്താന്‍ തയ്യാറായിരുന്നു. ഇപ്പോള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ സി.പി.എം നേതാക്കള്‍. എടോ ഗോപാലകൃഷ്‌ണനും, നികൃഷ്‌ട ജീവിയും കീടവുമെല്ലാം പിണറായിയുടെ സംസ്‌കാരം വെളിപെടുത്തുകയാണ്‌. പഴയ നേതാക്കളുടെ ശരീരഭാഷക്കും ലാളിത്യവും ഒതുക്കവും വിനയവുമുണ്ടായിരുന്നു. ഇപ്പോഴത്തെ സി.പി.എം നേതാക്കളുടെ ശരീര ഭാഷപോലും ഏകാധിപതികളുടേതാണ്‌.

ചൊവ്വയില്‍ ജീവിക്കുന്ന നേതാക്കള്‍
ലോകം കാണുകയോ ലോകത്തിന്റെ വളര്‍ച്ച അറിയുകയോ ചെയ്യാത്ത കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ജീവിതത്തെക്കുറിച്ച്‌ ഒരു വിഷനും ഇല്ല. അവര്‍ക്ക്‌ ലോകത്തിന്‌ കൊടുക്കാനും ഒന്നിമില്ല. ബിനോയ്‌ വിശ്വത്തെ പോലുള്ള മന്ത്രിമാര്‍ ചൊവ്വയില്‍ ജീവിക്കേണ്ടവരാമ്‌. അവര്‍ക്ക്‌ ഈ ഭൂമിയില്‍ നടക്കുന്നതെന്താണെന്ന്‌ പോലും ഒരു നിശ്ചയവുമില്ല. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒരടി മുന്നോട്ട്‌ പോവാനാവില്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന വാദം സത്യമാകുന്നത്‌ അവര്‍ക്ക്‌ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതിനാലാണ്‌. ലോകത്തിന്റെ മാറ്റം അവര്‍ മാത്രമാണ്‌ അറിയാത്തത്‌. ഇനിയൊരിക്കലും ഇന്ത്യയിലൊരു വിപ്ലവത്തിന്‌ സ്‌കോപ്‌ ഇല്ലെന്ന്‌ അവര്‍ മനസ്സിലാക്കുന്നില്ല. മുന്നോട്ട്‌ പോവാനോ തിരിച്ചു നടക്കാനോ കഴിയാത്ത ആശയ പ്രതിസന്ധിയിലാണ്‌ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അകപ്പെട്ടിരിക്കുന്നത്‌.

സി.പി.എമ്മിനകത്ത്‌ കടുത്ത വര്‍ഗ്ഗീയതയുണ്ട്‌. സാമുദായികതയുണ്ട്‌. ന്യൂനപക്ഷ ജനവിഭാഗങ്ങളെ സി.പി.എം ഇപ്പോഴും പുഛത്തോടെയാമ്‌ കാണുന്നത്‌. പല മുസ്‌ലിം ഗ്രൂപ്പുകളും സി.പി.എമ്മിനോട്‌ വിടപറയുന്നത്‌ ഈ അവജ്ഞ അനുഭവിക്കുന്നതിലാണ്‌. ഐഷാപോറ്റിയും മോനായിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിനെക്കുറിച്ച്‌ പാര്‍ട്ടി നടത്തിയ പ്രസ്‌താവന മതങ്ങളോടുള്ള വെറുപ്പ്‌ ബോധ്യപ്പെടുത്തുന്നതാണ്‌. മതത്തെക്കുറിച്ച്‌ നിയമസഭയില്‍ തോമസ്‌ ഐസക്‌ നടത്തിയ പരാമര്‍ശം സി.പി.എമ്മിന്‌ മതവിശ്വാസികളോടുള്ള നിലപാട്‌ വ്യക്തമാക്കുന്നതാണ്‌. മത വിശ്വാസികള്‍ക്ക്‌ ഒരിക്കലും കമ്മ്യൂണിസ്റ്റാവാന്‍ കഴിയില്ലെന്ന്‌ എന്നെ ബോധ്യപ്പെടുത്തിയത്‌ തോമസ്‌ ഐസക്കാണ്‌.


അതുകൊണ്ട്‌ ഞാന്‍ മുസ്‌ലിംലീഗായി
മുസ്‌ലിംമായത്‌ കൊണ്ട്‌ കേരളത്തില്‍ ഒരു അവഗണനയും ഞാന്‍ നേരിട്ടിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌. എന്നാല്‍ മറ്റൊരിടത്തും കാണാത്ത ഒരഭിമാന ബോധം മലയാളി മുസ്‌ലിംമിനുണ്ട്‌. അത്‌ മുസ്‌ലിംലീഗ്‌ നല്‍കിയ സംഭാവനയാണെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഞാന്‍ ലീഗില്‍ ചേരാന്‍ തീരുമാനിച്ചത്‌.

എം.എല്‍.എ ആകാനോ മന്ത്രിയാകാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി ഒരു പാര്‍ട്ടി മാറ്റത്തിന്റെ ആവശ്യവുമില്ല. വലിയ നേതാവാകണമെന്നും ആഗ്രഹമില്ല. നേതാക്കള്‍ക്കിടയില്‍ മാന്യമായൊരു അംഗീകാരം, ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ അതു മാത്രമെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളു.

3 comments:

FASALU RAHMAN KOODATHAI said...

VERY INFORMATIVE DISCUSSION...WISHING YOU ALL THE BEST FOR LIKE THIS DISCUSSIONS..THANKING YOU..FOR YOU FASALU RAHMAN KOODATHAI....OLD MSF OMASSERY PANCHAYATH TREASSURER....

Nazar palappetty said...

നാളെ എന്ടെ ഉമ്മാടെ മയ്യത്ത് നിസ്കരികണ്ടയെന്നു പറഞ്ഞപ്പോഴാണ് ഞാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ടി വിട്റെതെന്നു പറഞ്ഞു വിലപികഞ്ഞാല്‍ മതി . അലിക് മട്ര്ക അബ്ദുള്ള കുട്ടി ഉണ്ടല്ലോ ........

althaf... said...

nicee