നെഞ്ച് പിളര്‍ക്കുന്ന ആ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഉപ്പയുടെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ ആറുവയസ്സുകാരന്റെ നിര്‍ത്താതെയുള്ള നിലവിളി. ആശ്വാസ വാക്കുകളുടെ തടയണയില്‍ കെട്ടിനിര്‍ത്താനാവാതെ കവിഞ്ഞൊഴുകുന്ന കണ്ണീര്‍പുഴ; നിസ്സഹായരാവുന്ന ബന്ധുക്കള്‍. ഏങ്ങലുകള്‍ തൊണ്ടയില്‍ തടഞ്ഞ് വീര്‍പ്പുമുട്ടിയ ജനക്കൂട്ടം. നിര്‍ത്താതെ കരയുന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന് നൂറുകണക്കിനാളുകള്‍ അവസാന നോട്ടത്തിനായി വരിയായി നില്‍ക്കുന്നു.
ആ മരണത്തിന്റെ ദു:ഖം മായാത്ത മനസ്സോടെയാണ്, ഇന്റര്‍നെറ്റിന് മുമ്പിലിരുന്നത്. ഫേസ്‌ബുക്കിലെ സൗഹൃദക്കൂട്ടങ്ങളെ ആഴ്‌ചകളായി സന്ദര്‍ശിച്ചിരുന്നില്ല. ഇരുപതോളം പുതിയ സുഹൃത്തുക്കള്‍ അയച്ച ഫ്രന്റ് റിക്വസ്റ്റുകള്‍ തുറക്കാതെ കാത്തിരിക്കുന്നു. ഫ്രന്റ് റിക്വസ്റ്റുകള്‍ ഓരോന്നായി പരിശോധിച്ച്, പുതിയ സുഹൃത്തുക്കളെ ഓരോരുത്തരെയായി എന്റെ സൗഹൃദക്കണ്ണിയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കെ, പതിനെട്ടാമത്തെ ആളില്‍ ഞാന്‍ സ്‌തബ്‌ധനായി നിന്നു. തടായില്‍ മുഹമ്മദിന്റെ പുഞ്ചിരിതൂകുന്ന മുഖം. പുതിയ സുഹൃത്തായി ഫേസ്‌ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയോടെ... മരിക്കുന്നതിന് തൊട്ട് മുന്‍പ് മുഹമ്മദ് എനിക്കയച്ചതായിരുന്നു ആ റിക്വസ്റ്റ്. ദൈവമേ... ഞാനെന്തുചെയ്യും? മുഹമ്മദിനെ എന്റെ സുഹൃത്തായി സ്വീകരിക്കാനോ? അതോ ചേര്‍ക്കാതെ വെക്കാനോ. എന്റെ നെഞ്ചിനുള്ളിലേക്ക് ആ നിലവിളി വീണ്ടും തുളച്ചുകയറുന്നു... മുഹമ്മദിന്റെ മയ്യിത്തിനു മുമ്പില്‍ വിങ്ങിപ്പൊട്ടുന്ന ആറുവയസ്സുകാരന്റെ വിലാപം... ഉപ്പാ... ഉപ്പാ....
പെരുന്നാള്‍ ആഹ്ലാദം കെട്ടടങ്ങുംമുമ്പാണ് ജിദ്ദയില്‍നിന്ന് ആ വാര്‍ത്ത വന്നത്. തടായില്‍ മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് കിടന്നതാണ്. പിന്നെ, എഴുന്നേറ്റതേയില്ല. എത്ര സ്വപ്‌നങ്ങളാണ് ആ മനസ്സില്‍ നിറച്ചുവച്ചിട്ടുണ്ടാവുക. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം നാട്ടിലേക്കുള്ള യാത്ര. പണിതീര്‍ന്ന വീട്ടില്‍ ആഘോഷത്തോടെയുള്ള താമസം. ഭാര്യ, കുട്ടികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍.... പ്രവാസിയുടെ മനസ്സില്‍ വിങ്ങലായി നില്‍ക്കുന്ന ബന്ധങ്ങള്‍.
സ്വപ്‌നങ്ങള്‍ പാറക്കെട്ടില്‍ തകര്‍ന്നുവീഴാന്‍ ഇത്തിരിനേരം മതിയല്ലോ എന്ന ആവര്‍ത്തനമായിരുന്നു ആ മരണവും. പറക്കമുറ്റാത്ത മൂന്ന് മക്കള്‍ അനാഥത്വത്തിന്റെ വേദനയിലേക്ക് പറിച്ചുമാറ്റപ്പെട്ടതെത്ര പെട്ടെന്നാണ്? ആഹ്ലാദത്തിന്റെ പൊട്ടിച്ചിരികള്‍ കണ്ണീര്‍കണങ്ങളായി പൊട്ടിച്ചിതറിയതെത്രവേഗമാണ്? ഒരാളുടെ പിന്‍വാങ്ങല്‍ എത്രപേരുടെ ജീവിതത്തെയാണ് കശക്കിയെറിയുന്നത്? പകരംവെക്കാനില്ലാത്ത എത്ര ഇടങ്ങളാണ് അത് സൃഷ്‌ടിക്കുന്നത്. മരണം ചെരുപ്പിന്റെ വാറുപോലെ അടുത്തുനില്‍ക്കുമ്പോഴും നമ്മള്‍ എത്രയെത്ര ദൂരങ്ങളെയാണ് വെട്ടിപ്പിടിക്കാന്‍ വെമ്പുന്നത്. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതുതന്നെ സ്വപ്‌നങ്ങളാണ്. കലണ്ടറുകളില്‍ അടക്കിവെച്ച തിയ്യതികള്‍ക്കുമേല്‍ നമ്മള്‍ നിര്‍മ്മിക്കുന്ന നിശ്ചയങ്ങള്‍. മരണം എല്ലാം തട്ടിത്തെറിപ്പിക്കുന്നുവല്ലോ...
ഒരു ദുരന്തവാര്‍ത്ത നല്‍കുന്ന വേദനക്ക് വേഗതയുടെ പുതിയ കാലത്ത് അല്‍പ്പായുസ്സ് മാത്രമാവാം. ഖബറടക്കുന്നതോടെ ഓര്‍മ്മകളെയും മണ്ണ് തിന്നു തുടങ്ങുന്നു. ലോകത്തെ വിരല്‍തുമ്പില്‍ നിര്‍ത്തിയ എത്രയെത്ര മഹാവ്യക്തിത്വങ്ങള്‍. അഹങ്കാരത്തിന്റെ ദന്തഗോപുരങ്ങളില്‍ കാലത്തെ വെല്ലുവിളിച്ച എത്രയെത്ര ഏകാധിപതികള്‍. ജീവിതത്തെയും മരണത്തെയും വിലക്കുവാങ്ങാന്‍മാത്രം പണക്കിഴികളുണ്ടെന്ന് വീമ്പുപറഞ്ഞ എത്ര കോടീശ്വരന്‍മാര്‍. ചരിത്രത്തെ വിറകൊള്ളിച്ച എത്ര വിപ്ലവകാരികള്‍. കാലത്തെ ചോരയില്‍ മുക്കിയ എത്രയെത്ര നരാധമന്‍മാര്‍. ലോകത്തിനു വെളിച്ചമേകാന്‍ വന്ന എത്ര പ്രവാചകന്‍മാര്‍. മനുഷ്യശരീരം മരണത്തിന്റെ രുചിയറിയാതിരിക്കില്ലെന്ന ദൈവനിശ്ചയത്തിനു വഴങ്ങി അവരെല്ലാം പോയ്‌ക്കഴിഞ്ഞിരിക്കുന്നു. ആ മരണങ്ങള്‍ക്കൊപ്പം കാലത്തിന്റെ യവനികക്ക് പിറകിലേക്ക് പിന്‍വാങ്ങിയ ശതകോടി മനുഷ്യരുടെ ഓര്‍മ്മകള്‍പോലും ഇപ്പോള്‍ ഭൂമുഖത്തില്ല. അങ്ങനെ ഒരു മറവിയിലേക്ക് എല്ലാ വിയോഗങ്ങളും അലിഞ്ഞൊടുങ്ങുമെന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലടക്കിവെക്കുമ്പോഴും ആ കുട്ടിയുടെ ഉപ്പാ എന്ന നിലവിളി കരളിലേക്ക് തുളച്ചുകയറുന്നു. അവന്റെ കണ്ണീര്‍ നനവില്‍ കൂടിനിന്ന ഓരോ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ആ വിലാപത്തിന്റെ അലകള്‍ ഓരോ ഹൃദയങ്ങളിലും പ്രകമ്പനം സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു.
ചില വിയോഗങ്ങള്‍ നമ്മെ വീണ്ടും വീണ്ടും അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. അതിന്റെ അലയൊലികള്‍ കുറേക്കാലം മനസ്സിന്റെ കണ്ണീരടരുകളില്‍ കട്ടപിടിച്ചുനില്‍ക്കും. എന്റെ മനസ്സിലപ്പോഴും മൂന്ന് കുട്ടികളുടെ മുഖമായിരുന്നു. കരഞ്ഞുവാടിയ ആ കുട്ടികള്‍ക്കറിയാം, ഇനിയൊരിക്കലും അവരുടെ ഉപ്പ തിരിച്ചുവരില്ലെന്ന്. അവരെ തേടി ഒരിക്കലും ഇനി കളിപ്പാട്ടങ്ങള്‍ വരില്ലെന്ന്. അവര്‍ക്ക് ഇഷ്‌ടപ്പെട്ട കുഞ്ഞുടുപ്പുകളെത്തില്ലെന്ന്. കുട്ടികളെ അതിശയിപ്പിക്കുന്ന ചക്രഷൂസുകള്‍ കൊണ്ടുവരില്ലെന്ന്. ആ അനാഥത്വം ജീവിതത്തിലൊരിക്കലും മായ്‌ച്ചുകളയാനാവാത്ത നൊമ്പരമാണ്. അകാലത്തില്‍ ഉപ്പയെ നഷ്‌ടപ്പെട്ടവര്‍ക്ക് മാത്രം അറിയാവുന്ന വേദന.
ആ മരണത്തിന്റെ ദു:ഖം മായാത്ത മനസ്സോടെയാണ്, ഇന്റര്‍നെറ്റിന് മുമ്പിലിരുന്നത്. ഫേസ്‌ബുക്കിലെ സൗഹൃദക്കൂട്ടങ്ങളെ ആഴ്‌ചകളായി സന്ദര്‍ശിച്ചിരുന്നില്ല. ഇരുപതോളം പുതിയ സുഹൃത്തുക്കള്‍ അയച്ച ഫ്രന്റ് റിക്വസ്റ്റുകള്‍ തുറക്കാതെ കാത്തിരിക്കുന്നു. ഫ്രന്റ് റിക്വസ്റ്റുകള്‍ ഓരോന്നായി പരിശോധിച്ച്, പുതിയ സുഹൃത്തുക്കളെ ഓരോരുത്തരെയായി എന്റെ സൗഹൃദക്കണ്ണിയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കെ, പതിനെട്ടാമത്തെ ആളില്‍ ഞാന്‍ സ്‌തബ്‌ധനായി നിന്നു. തടായില്‍ മുഹമ്മദിന്റെ പുഞ്ചിരിതൂകുന്ന മുഖം. പുതിയ സുഹൃത്തായി ഫേസ്‌ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയോടെ... മരിക്കുന്നതിന് തൊട്ട് മുന്‍പ് മുഹമ്മദ് എനിക്കയച്ചതായിരുന്നു ആ റിക്വസ്റ്റ്. ദൈവമേ... ഞാനെന്തുചെയ്യും? മുഹമ്മദിനെ എന്റെ സുഹൃത്തായി സ്വീകരിക്കാനോ? അതോ ചേര്‍ക്കാതെ വെക്കാനോ. എന്റെ നെഞ്ചിനുള്ളിലേക്ക് ആ നിലവിളി വീണ്ടും തുളച്ചുകയറുന്നു... മുഹമ്മദിന്റെ മയ്യിത്തിനു മുമ്പില്‍ വിങ്ങിപ്പൊട്ടുന്ന ആറുവയസ്സുകാരന്റെ വിലാപം... ഉപ്പാ... ഉപ്പാ....
1 comment:
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊന്‍.
അനശ്വരമായ ഗേഹത്തില്‍ സൌഹൃദം പുതുക്കാന്‍ നാഥന്‍ തുണക്കട്ടെ. വരികള്‍ വല്ലാതെ ഹൃദയത്തില്‍ തട്ടി.
"മരണം ചെരുപ്പിന്റെ വാറുപോലെ അടുത്തുനില്‍ക്കുമ്പോഴും നമ്മള്‍ എത്രയെത്ര ദൂരങ്ങളെയാണ് വെട്ടിപ്പിടിക്കാന്‍ വെമ്പുന്നത്"
Post a Comment