Wednesday, April 21, 2010

പ്രവാസികള്‍ പരിധിക്കു പുറത്തോ?

ഭരണകൂടങ്ങളുടെ ആത്മാര്‍ത്ഥമായ പല നടപടികളും സാങ്കേതികത്വത്തിന്റെ ചുവപ്പുനാടകളില്‍ കുടുങ്ങി മൃതിയടയുന്നത്‌ ഇന്ത്യയില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ദുര്യോഗമാണ്‌. ഭരണ നിര്‍വ്വഹണ സംവിധാനവും ബ്യൂറോക്രസിയും നടത്തിവരുന്ന ഇത്തരം പൊടിക്കൈകള്‍ മറികടക്കാനുള്ള ഇച്ഛാശക്തി രാഷ്‌ട്രീയ നേതൃത്വം കാണിക്കുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന്റെ ശരിയായ നിര്‍വ്വഹണം സാധ്യമാവുകയുള്ളൂ. നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉയിര്‍പ്പിനുവേണ്ടി ആത്മാര്‍ത്ഥമായ ചുവടുവെപ്പുകള്‍ കൈക്കൊള്ളാന്‍ തന്റേടം കാണിച്ച നേതൃത്വമാണ്‌ ഇപ്പോള്‍ ഇന്ത്യാരാജ്യത്തിനുള്ളത്‌. ഭരണഘടന വിഭാവനംചെയ്യുന്ന ന്യായമായ അവകാശങ്ങള്‍ അനുഭവിക്കാന്‍ ഇന്നും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത പ്രവാസ സമൂഹത്തിനോട്‌ നീതി കാണിക്കാനുള്ള ഡോ. മന്‍മോഹന്‍സിംഗിന്റെ അഭിവാഞ്‌ഛ ഒരുതരത്തിലും അട്ടിമറിക്കപ്പെട്ടുകൂടാ. കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ നവീന്‍ചൗള തിരുവനന്തപുരത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍, യു.പി.എ. സര്‍ക്കാറിന്റെ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയെയാണ്‌ മറ്റൊരു തരത്തില്‍ ചോദ്യം ചെയ്‌തിരിക്കുന്നത്‌. അടുത്ത തെരഞ്ഞെടുപ്പോടെ പ്രവാസി സമൂഹത്തിന്‌ വോട്ടവകാശം നല്‍കാന്‍ സന്നദ്ധമാണെന്ന്‌ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വാഗ്‌ദാനത്തെ സാങ്കേതിക തടസ്സങ്ങള്‍ ഉയര്‍ത്തി അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്‌ പിന്നിലുണ്ടെന്ന്‌ സംശയമുയര്‍ത്തുന്നവരെ നമുക്ക്‌ കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ ഭരണഘടനയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ആശങ്കകളകറ്റി, പതിറ്റാണ്ടുകളായി പ്രവാസി സമൂഹം ഉയര്‍ത്തുന്ന മാന്യമായ അംഗീകാരത്തിനുള്ള വഴി തുറക്കാന്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുകതന്നെ വേണം. ഇത്‌ അട്ടിമറിക്കപ്പെട്ടാല്‍ നിരാശയിലാണ്ടുപോകുന്ന ഒരു ജനസഞ്ചയത്തിന്റെ മനോവീര്യം വീണ്ടെടുക്കാന്‍ ഇനിയും ഒരുപാട്‌ കടമ്പകള്‍ കടക്കേണ്ടിവരും.

ജനാധിപത്യത്തിന്റെ അമ്മയെന്ന ഖ്യാതിനേടിയ ഇന്ത്യ എക്കാലവും ലോകരാഷ്‌ട്രങ്ങള്‍ക്ക്‌ മാതൃകയാണ്‌. നൂറുകോടി ജനങ്ങള്‍ക്ക്‌ അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കലര്‍പ്പില്ലാത്ത ജനാധിപത്യമൊരുക്കി ലോകത്തിന്റെ നെറുകയില്‍ നടുനിവര്‍ത്തി നില്‍ക്കുന്ന നാടാണ്‌ ഇന്ത്യ. ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം എന്ന നിലയില്‍ മാത്രമല്ല, ഒരിക്കല്‍പോലും ജനാധിപത്യം പടിയിറങ്ങിയിട്ടില്ലാത്ത രാജ്യംകൂടിയാണ്‌ നമ്മുടേത്‌. ഇന്ത്യയോടൊപ്പം ജനാധിപത്യത്തെ പുണര്‍ന്ന പല രാഷ്‌ട്രങ്ങളും ജനഹിതത്തെ വഴിയിലുപേക്ഷിച്ച്‌ ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കറുത്ത മൂടുപടമണിഞ്ഞപ്പോഴും ഇന്ത്യ അഭിമാനത്തോടെ ജനാധിപത്യത്തിന്റെ ചെരാതുകള്‍ അണയാതെ കാത്തിട്ടുണ്ട്‌. പല വികസിത രാഷ്‌ട്രങ്ങള്‍ക്കുമുള്ള ഉയര്‍ന്ന സാക്ഷരതാ നിലവാരവും വിദ്യാസമ്പന്നതയും ആര്‍ജ്ജിച്ചെടുക്കും മുമ്പുതന്നെ ഒരു ജനതയെ പരിഷ്‌കൃത സമൂഹത്തിന്റെ അടയാളമായ ജനാധിപത്യത്തിന്റെ വഴിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സാധിച്ചത്‌ ഇന്ത്യയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയായി ലോകചരിത്രം എന്നും വിസ്‌മയത്തോടെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. നമ്മുടെ ജനാധിപത്യത്തിന്റെ വഴിയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയത്‌. ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണതക്ക്‌ പ്രവാസികളുടെ പങ്കാളിത്തംകൂടി അനിവാര്യമാണെന്നും അപ്പോള്‍ മാത്രമേ കൃത്യമായ നീതി പുലരുകയുള്ളൂ എന്നും തിരിച്ചറിഞ്ഞ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌, മാധ്യമപ്പടയെ സാക്ഷിനിര്‍ത്തി പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കിന്‌ വരുന്ന പ്രവാസികളുടെ മനം കുളിര്‍ത്തിരുന്നു. എന്നാല്‍ ഇത്‌ നടപ്പാക്കാന്‍ സംവിധാനമില്ലെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ നവീന്‍ചൗള വിളംബരം ചെയ്യുമ്പോള്‍ അതിനെ മറികടക്കാനുള്ള ഭരണഘടനാപരമായ യത്‌നങ്ങള്‍ നടത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാറിനാണുള്ളത്‌. അത്‌ നിര്‍വ്വഹിക്കപ്പെടാതെ പോകുന്നത്‌ ഭരണഘടനാ വിരുദ്ധവും വാഗ്‌ദാനലംഘനവുമായിത്തീരും.

ബ്രിട്ടന്‍, ഫ്രാന്‍സ്‌, അമേരിക്ക തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളെല്ലാം അവരുടെ പൗരന്‍മാര്‍ക്ക്‌ ലോകത്തിന്റെ ഏത്‌ കോണില്‍നിന്നും വോട്ടുചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്‌. ഇന്ത്യന്‍ പ്രവാസികളെപ്പോലെ ലോകമെമ്പാടും ചിതറിക്കിടക്കുന്ന പ്രവാസി സമൂഹം ഈ രാഷ്‌ട്രങ്ങള്‍ക്കുമുണ്ട്‌. എന്നാല്‍ വര്‍ഷങ്ങളായി ഈ രാഷ്‌ട്രങ്ങള്‍ നടപ്പാക്കുന്ന സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുമ്പോള്‍ അത്‌ നടപ്പാക്കാന്‍ ആത്മാര്‍ത്ഥത കാണിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍, ഞൊടിന്യായങ്ങള്‍ പറഞ്ഞ്‌ ഉദാത്തമായ ഈ നീക്കത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ ന്യായീകരണമില്ല. ഇന്ത്യ, സാംസ്‌കാരിക വൈവിധ്യത്തിലും സാമൂഹ്യ വര്‍ഗ്ഗീകരണത്തിലും വൈജാത്യങ്ങള്‍ സൂക്ഷിക്കുന്ന നാടാണ്‌. ഈ വൈജാത്യങ്ങള്‍ക്കിടയിലും ഇന്ത്യയെന്ന പൊതുവികാരത്തെ പൊലിപ്പിച്ചു നിര്‍ത്തുന്നത്‌ അതിന്റെ ജനാധിപത്യ സ്രോതസ്സാണ്‌. ഈ സംവിധാനം പൂര്‍വ്വോപരി ശക്തി സംഭരിക്കണമെങ്കില്‍ പ്രവാസി വോട്ടവകാശം എന്ന കടമ്പ നാം കടന്നേ തീരൂ.

ആഗോളവല്‍ക്കരണം ലോകത്തിന്റെതന്നെ സവിശേഷമായ ചരിത്ര ഘട്ടമാണ്‌. ആഗോളവല്‍ക്കരണത്തിന്‌ മുമ്പും പിമ്പും എന്നുതന്നെ വിഭജിച്ചു നിര്‍ത്താവുന്ന സാമൂഹ്യ മാറ്റങ്ങളാണ്‌ ലോകത്ത്‌ സംഭവിച്ചത്‌. രാജ്യാതിര്‍ത്തികള്‍ കടന്ന്‌ മനുഷ്യന്റെ സഞ്ചാരം വിസ്‌മയകരമായി വികസിച്ചു എന്നതുതന്നെയാണ്‌ ആഗോളീകരണത്തിന്റെ ആരോഗ്യകരമായ സംഭാവനകളിലൊന്ന്‌. തൊണ്ണൂറുകള്‍ക്ക്‌ മുമ്പ്‌ സംഭവിച്ച കുടിയേറ്റങ്ങളേക്കാള്‍ ത്വരിത ഗതിയിലുള്ള കുടിയേറ്റവും രാജ്യാന്തര സഞ്ചാരവുമാണ്‌ തൊണ്ണൂറുകള്‍ക്ക്‌ ശേഷമുണ്ടായത്‌. ഒരു രാഷ്‌ട്രത്തിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ ഏറ്റവും വലുത്‌ മനുഷ്യ വിഭവ ശേഷിയാണെന്ന തിരിച്ചറിവാണ്‌ ആഗോളവല്‍ക്കരണം സമ്മാനിച്ചത്‌. ജനസംഖ്യയെ ഭയപ്പാടോടെ കണ്ട രാഷ്‌ട്രങ്ങള്‍ ജനങ്ങളാണ്‌ ഏറ്റവും വലിയ ശക്തിയെന്ന്‌ തിരിച്ചറിയുകയും സാമ്പത്തിക ലോകക്രമത്തെ കൈവെള്ളയിലൊതുക്കുകയും ചെയ്‌തപ്പോള്‍ തകര്‍ന്നുവീണത്‌ കാലഹരണപ്പെട്ട പാരമ്പര്യവാദങ്ങളാണ്‌. ചൈനയോടൊപ്പം ഇന്ത്യ വളര്‍ന്നത്‌ മനുഷ്യ വിഭവ ശേഷിയുടെ കരുത്തിലായിരുന്നു. ഇതില്‍ നല്ലൊരു പങ്കും സാധ്യമായത്‌ ഇന്ത്യന്‍ ജനതയുടെ രാജ്യാന്തരീയ കുടിയേറ്റത്തിലൂടെയാണ്‌. ഇതില്‍ മലയാളി സമൂഹം നിര്‍വ്വഹിച്ച അത്യത്ഭുതകരമായ ദൗത്യം ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലിന്‌ നല്‍കിവരുന്ന ബലം ചില്ലറയല്ല. ഏറ്റവും കൂടുതല്‍ പ്രവാസികളുളള മലയാളക്കരയില്‍ വന്നുതന്നെ വോട്ടവകാശത്തിന്റെ സ്വപ്‌നച്ചിറകരിയാന്‍ നവീന്‍ചൗള നടത്തിയ മിടുക്ക്‌ ദുരൂഹത ഉണ്ടാക്കുന്നതാണ്‌.

പ്രവാസി വോട്ടവകാശത്തെ നിരാകരിക്കാന്‍ നവീന്‍ചൗള ഉയര്‍ത്തുന്ന വാദങ്ങള്‍ ബാലിശവും അപക്വവുമാണ്‌. പ്രായോഗികമായി അദ്ദേഹമുയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ അത്യാധുനിക സംവിധാനത്തില്‍ മറികടക്കുക ദുഷ്‌കരമല്ല. ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള വിനിമയ സംവിധാനങ്ങള്‍ അതിന്റെ ഏറ്റവും പുഷ്‌കലമായ ഉയര്‍ച്ചയിലെത്തിനില്‍ക്കുമ്പോള്‍ ലോകത്തിന്റെ ഏത്‌ കോണില്‍നിന്നും ഒരു വോട്ടര്‍ക്ക്‌ അവന്റെ വോട്ടവകാശം വിനിയോഗിക്കാന്‍ ചെലവേറെയില്ലാതെ സാധ്യമാകും. പുതിയ കാനേഷുമാരിയുടെ പട്ടികയില്‍പോലും പ്രവാസികള്‍ പുറംതള്ളപ്പെടുകയാണ്‌. ദിനേനെ പെരുകുന്ന പ്രവാസ ജനസംഖ്യയുടെ ആധിക്യം ഭരണകൂടം ഗൗരവത്തോടെ കാണണം. സ്വന്തം മണ്ണും പരിസരങ്ങളും കയ്യൊഴിഞ്ഞ്‌ ഏകാന്തതയുടെ ദ്വീപുകളില്‍ ഒറ്റക്ക്‌ കഴിയുന്ന പ്രവാസിയെ അംഗീകരിക്കാനുള്ള മനസ്സ്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ കൈമോശം വന്നുകൂടാ. ചോരയും നീരുമുള്ള ഒരു ജനസഞ്ചയത്തെ പണംപെയ്യുന്ന യന്ത്രങ്ങളായി മാത്രം മറ്റുള്ളവര്‍ കാണുന്നുവെന്നതാണ്‌ ഒരു പ്രവാസി നേരിടുന്ന ഏറ്റവും വലിയ മാനസിക ദു:ഖം. കാനേഷുമാരിയില്‍നിന്നും വോട്ടര്‍ പട്ടികയില്‍നിന്നും വെട്ടിമാറ്റി ദൂരത്ത്‌ കളയുമ്പോള്‍ ഈ അന്യതാബോധം അനിയന്ത്രിതമാവുകയേയുള്ളൂ. അസംഘടിതരാണെന്നതിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി ഇവര്‍ മാറിക്കൂടാ. ശബ്‌ദമില്ലാത്ത ഇത്തരം ജനങ്ങള്‍ക്കുവേണ്ടിയുള്ള സംസാരമാണ്‌ സാമൂഹ്യനീതി ആഗ്രഹിക്കുന്ന രാഷ്‌ട്രീയ നേതൃത്വം അനിവാര്യമായി നിര്‍വ്വഹിക്കേണ്ടത്‌. ഒരു യൂസര്‍നൈമും പാസ്‌വേഡും നല്‍കി രഹസ്യ സ്വഭാവത്തോടെ പ്രവാസികളെ ജനാധിപത്യ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയാല്‍ ആകാശമിടിഞ്ഞു വീഴുകയൊന്നുമില്ല. ഒന്നും രണ്ടും വോട്ടര്‍മാര്‍ മാത്രമുള്ള മലമടക്കുകളില്‍ യുദ്ധസമാനമായ സന്നാഹങ്ങളൊരുക്കുന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിചാരിച്ചാല്‍ പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ മണിക്കൂറുകളുടെ പരിശ്രമം മാത്രമേ ആവശ്യമുള്ളൂ.

വോട്ടിംഗ്‌ ദിനത്തില്‍തന്നെ വോട്ടവകാശം വിനിയോഗിക്കാതെ പോസ്റ്റല്‍വോട്ട്‌ സംവിധാനവും നമ്മുടെ നാട്ടിലുണ്ട്‌. സൈനികരും തെരഞ്ഞെടുപ്പ്‌ ജോലിയിലുള്ള ഉദ്യോഗസ്ഥരും കാലങ്ങളായി ഉപയോഗിക്കുന്ന പോസ്റ്റല്‍വോട്ട്‌ സംവിധാനം അല്‍പംകൂടി വിപുലപ്പെടുത്തിയാല്‍ പ്രവാസികള്‍ക്കും ഇന്ത്യയെ തെരഞ്ഞെടുക്കാനുള്ള അവസരം കൈവരും. രാജ്യത്തിന്‌ വിദേശനാണ്യം നേടിക്കൊടുക്കാന്‍ കഷ്‌ടപ്പെടുന്ന ഒരു ജനതക്കുവേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടിയാണ്‌ നമ്മള്‍ രാഷ്‌ട്രീയ ഇച്ഛാശക്തി പ്രയോഗിക്കുക. മുറവിളികള്‍ മാറ്റൊലികള്‍ തീര്‍ത്ത്‌ കെട്ടടങ്ങുംമുമ്പ്‌ ഇതിനുള്ള കൃത്യവും വ്യക്തവുമായ നടപടികളാണ്‌ ആവശ്യം. രാഷ്‌ട്രീയ വിഭാഗീയതകള്‍ക്കപ്പുറം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്‌മയാണ്‌ ഇതിനുണ്ടാവേണ്ടത്‌. നീതി എല്ലാവര്‍ക്കും തുല്യമായി ലഭിച്ചില്ലെങ്കില്‍ അത്‌ സൃഷ്‌ടിക്കുന്ന മുറിവുകള്‍ ഭീകരമായിരിക്കും. ഈ തിരിച്ചറിവ്‌ നമ്മെ സ്വയം കണ്ണുതുറപ്പിച്ചേ തീരൂ.

1 comment:

HANINAZIN said...

very readable blogg for all