Monday, February 22, 2010

വാലിന്‌ തീ പിടിച്ചവരുടെ വെപ്രാളം

പണ്ട്‌ കൊടിയത്തൂര്‍കാരനായ ഒരു റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ ജമാഅത്തെ ഇസ്‌ലാമി രാജ്യമാകെ നട്ടുപിടിപ്പിക്കാന്‍ ഡല്‍ഹിക്ക്‌ വണ്ടി കയറിയിരുന്നു. ഭാര്യയും കുട്ടികളും പൂച്ചയും തത്തയുമുള്‍പ്പെടെ സ്ഥാവര ജംഗമ വസ്‌തുക്കളുമായി പുറപ്പെടുന്ന ഇയാള്‍ക്ക്‌ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ വികാര നിര്‍ഭരമായ യാത്രയയപ്പാണ്‌ നല്‍കിയിരുന്നത്‌. തണുപ്പുകാലത്ത്‌ അണിയാനുള്ള മങ്കി ക്യാപ്പ്‌ വരെ ബാഗില്‍ ജമാഅത്തുവക അടക്കി വെച്ചിരുന്നു. ഡല്‍ഹിയിലെ സ്‌കൂളില്‍ മക്കളെ ചേര്‍ക്കാന്‍ നാട്ടില്‍ നിന്ന്‌ പേരുവെട്ടിച്ച്‌ ടി.സി.യും കരുതിയിരുന്നു. എന്നാല്‍ തണുപ്പുകാലത്തിനു കാത്തുനില്‍ക്കാതെ റിട്ടയേര്‍ഡ്‌ മാഷ്‌ ദിവസങ്ങള്‍ക്കകം കൊടിയത്തൂരില്‍ തിരിച്ചെത്തി. സഹ അധ്യാപകനോട്‌ അന്ന്‌ ഇയാള്‍ പറഞ്ഞ ഒരു ഡയലോഗുണ്ട്‌. `എന്റെ മാഷെ മുറ്റത്ത്‌ മുളക്കാത്തത്‌ ഡല്‍ഹിയില്‍ മുളക്കുമോ??

മുസ്‌ലിം യൂത്ത്‌ലീഗ്‌ സംഘടിപ്പിച്ച നാഷണല്‍ യൂത്ത്‌മീറ്റിന്റെ വിജയം ജമാഅത്തുകാരെ പ്രകോപിപ്പിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌. കൊടിയത്തൂര്‍കാരന്‍ മാഷ്‌ വണ്ടി കയറിയ ഡല്‍ഹിയില്‍ നിന്നാണ്‌ ഗവേഷണ വിദ്യാര്‍ത്ഥിയായ മുഈനുദ്ദീന്‍ കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹ്യ പുരോഗതി കാണാന്‍ ഇങ്ങോട്ടു വന്നത്‌. നട്ടാല്‍ മുളക്കാത്ത നുണകളുടെ ചേരുവയിലല്ല യൂത്ത്‌ലീഗുകാര്‍ മുഈനുദ്ദീനോട്‌ സംസാരിച്ചത്‌. ആലുവ മുതല്‍ കോഴിക്കോട്‌ വരെ നീണ്ട യാത്രയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അടയാളങ്ങള്‍ നേരിട്ടു കണ്ടാണ്‌ മുഈനുദ്ദീന്‍ മുസ്‌ലിംലീഗിനെ തിരിച്ചറിഞ്ഞത്‌. ജമാഅത്തുകാര്‍ക്ക്‌ നടക്കാത്തത്‌ യൂത്ത്‌ലീഗുകാര്‍ നടത്തരുതെന്ന്‌ വാശിപിടിക്കുന്നത്‌ അസഹിഷ്‌ണുത മാത്രമാണ്‌. എന്നാല്‍ ഈ വെപ്രാളത്തിനിടയില്‍ പറഞ്ഞുവെച്ച വാദമുഖങ്ങള്‍ നാലാള്‍ കൂടുന്നിടത്ത്‌ പറയാന്‍ പറ്റാത്തതായെന്നു മാത്രം. ഞാന്‍ ഞ്ഞീം മാന്തുമെന്നു പറഞ്ഞ ബാല്യകാല സഖിയിലെ സുഹറയെപ്പോലെ ദേഷ്യം സഹിക്കാനാവാതെ പല്ലിറുമ്മുന്നത്‌ കാണുമ്പോള്‍ സുഹൃത്തെ, തമാശ മാത്രമാണ്‌ തോന്നുന്നത്‌. ഇങ്ങനെ വാലിനു തീപിടിച്ച കുരങ്ങിനെപ്പോലെ വെപ്രാളപ്പെട്ടാല്‍ എങ്ങനെയാണ്‌ ഈ താഗുത്ത്‌ സംവിധാനത്തെ നിലംപരിശാക്കി ഇഖാമത്തുദ്ദീന്‍ യാഥാര്‍ത്ഥ്യമാക്കാനാവുക.

മുസ്‌ലിം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക്‌ ഇത്‌ അഭിമാന മുഹൂര്‍ത്തമാണ്‌. അഞ്ചു നാള്‍ നീണ്ടുനിന്ന നേഷണല്‍ മുസ്‌ലിം യൂത്ത്‌മീറ്റ്‌ പാഴായിപ്പോയില്ലെന്ന്‌ അവര്‍ക്കാശ്വസിക്കാം. കേരളത്തിനു പുറത്ത്‌ മുളപൊട്ടിത്തുടങ്ങിയ മുസ്‌ലിം രാഷ്‌ട്രീയ വിചാരത്തിന്‌ വളക്കൂറുള്ള മണ്ണൊരുങ്ങുന്നുവെന്നും വിശ്വസിക്കാം. മൗദൂദിയന്‍ നേതാക്കള്‍ക്കും അവരുടെ പത്രത്തിനും വക്രദൃഷ്‌ടി ജന്മസിദ്ധമാണ്‌. നേരെചൊവ്വെ കാര്യങ്ങളെ കാണാനുള്ള കണ്ണില്ലാത്തതുകൊണ്ടാണ്‌ പലരും ജമാഅത്തെ ഇസ്‌ലാമിയില്‍ ചെന്നുപെടുന്നത്‌. മുസ്‌ലിംലീഗിനും യൂത്ത്‌ലീഗിനുമെതിരെ ഹിമാലയന്‍ നുണകള്‍ എഴുന്നെള്ളിക്കുന്ന മൗദൂദിയന്‍ പത്രത്തിന്റെ വാദമുഖങ്ങള്‍ എത്ര തരംതാഴ്‌ന്നതാണെന്ന്‌ ആ പത്രത്തിന്റെ വായനക്കാര്‍ വിലയിരുത്തുന്നുണ്ടാവും. ലീഗിനെ നാലു തെറി പറഞ്ഞാല്‍ അടങ്ങുന്ന അരിശമാണെങ്കില്‍ അവരത്‌ പല്ലു ഞെരിച്ചു തീര്‍ക്കട്ടെ, എന്നാല്‍ മുസ്‌ലിംലീഗ്‌ പ്രവര്‍ത്തകര്‍ തീര്‍ച്ചപ്പെടുത്തേണ്ടത്‌ നാം കരുതുന്നതിനേക്കാള്‍ വലിയ പ്രകമ്പനങ്ങളാണ്‌ മുസ്‌ലിം യൂത്ത്‌മീറ്റ്‌ സൃഷ്‌ടിച്ചിരിക്കുന്നതെന്നാണ്‌.
മുസ്‌ലിംലീഗ്‌ കേരളത്തിലെ പൊതുസമൂഹത്തിനു മുമ്പില്‍ വിശ്വാസ്യതയാര്‍ജ്ജിച്ച പാര്‍ട്ടിയാണ്‌. മതവിശ്വാസമുള്ള ഒരു മുസ്‌ലിമിന്റെ ഏറ്റവും വലിയ ബാധ്യത സഹജീവികളോടുള്ള മാന്യമായ ഇടപെടലാണ്‌. മതസൗഹാര്‍ദ്ദം ഒരു വിശ്വാസിയുടെ സ്വഭാവമായിരിക്കണമെന്ന്‌ ജീവിതത്തിലൂടെ നിഷ്‌കര്‍ഷിച്ചത്‌ പ്രവാചകന്‍ മുഹമ്മദ്‌ നബിയാണ്‌. മൗദൂദിയുടെ തലച്ചോറില്‍ പ്രവാചകന്റെ കരുണയുടെ മുഖം തെളിയാതെ പോയിട്ടുണ്ടെങ്കില്‍ അതിന്‌ ഇസ്‌ലാമിന്റെ മേല്‍ കുതിരകയറേണ്ട കാര്യമില്ല. മുസ്‌ലിംലീഗ്‌ ഏതു പ്രകോപനത്തിന്റെ സാമൂഹ്യ ഘട്ടത്തിലും ഉറപ്പിച്ചു പറഞ്ഞത്‌ അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും വഴിയിലേക്ക്‌ സമൂഹത്തെ തിരിച്ചുവിടരുതെന്നാണ്‌. അത്‌ കുഞ്ഞാലിക്കുട്ടിയോ എം.കെ. മുനീറോ കെ.എം. ഷാജിയോ എന്‍.ഡി.എഫിനെ കണ്ടു പറഞ്ഞതല്ല. 1948 മാര്‍ച്ച്‌ 10ന്‌ രാജാജി ഹാളില്‍ മുസ്‌ലിംലീഗിന്റെ രൂപീകരണ സമ്മേളനത്തില്‍ അവതരിപ്പിച്ച അഞ്ചാമത്തെ പ്രമേയത്തില്‍ കര്‍ശനമായി പറഞ്ഞ നിര്‍ദ്ദേശമാണ്‌. വിഭജനാനന്തരം ഇന്ത്യന്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയും ഭീകരമായി അക്രമിക്കപ്പെടുകയും ചെയ്‌ത കരാളമായ സാമൂഹ്യ സാഹചര്യത്തിലാണ്‌ ഈ സമ്മേളനം നടന്നത്‌. കലാപകലുഷിതമായ വിഭജനാനന്തര ഇന്ത്യയില്‍ എത്ര പ്രതികൂലമായ സാഹചര്യമുണ്ടായാലും സമാധാനത്തിന്റെയും ക്ഷമയുടെയും വഴിയില്‍ ഉറച്ചുനില്‍ക്കണമെന്നായിരുന്നു ആ പ്രമേയത്തിന്റെ കാതല്‍. 1992 ഡിസംബര്‍ 6ന്‌ ബാബരി മസ്‌ജിദ്‌ തകര്‍ന്നു വീണപ്പോള്‍ ഇന്ത്യയാകെ കത്തിപ്പടരുന്ന കലാപത്തിന്റെ തീനാളങ്ങള്‍ക്കിടയില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഏറ്റുപറഞ്ഞത്‌ ഈ അഞ്ചാം പ്രമേയത്തിന്റെ അന്ത:സത്ത തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എത്ര മൗദൂദിയന്‍ പ്രകോപനങ്ങളുണ്ടായാലും എത്ര വിലകുറഞ്ഞ പരിഹാസങ്ങള്‍ നടത്തിയാലും ഈ വഴിയില്‍ നിന്ന്‌ മുസ്‌ലിംലീഗിനു മാറാനാവില്ല. അങ്ങനെ മുസ്‌ലിംലീഗ്‌ മാറിയാല്‍ പിന്നെ ആ പാര്‍ട്ടിക്ക്‌ വേറെ പേരു നല്‍കേണ്ടിവരും. മുസ്‌ലിംലീഗ്‌ തീവ്രവാദ വിരുദ്ധ സമീപനം കൈക്കൊണ്ടത്‌ ആരുടെയും കയ്യടി വാങ്ങാനല്ല. കയ്യടി വാങ്ങാന്‍ മാത്രം പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കവല പ്രസംഗങ്ങളും തെരുവു നാടകങ്ങളും തയ്യാറാക്കുന്നവര്‍ക്ക്‌ പണ്ട്‌ നമ്പൂതിരി പറഞ്ഞപോലെ അവനവന്‍ തിന്നുന്നത്‌ അവനവന്‍ പറയുന്നു എന്നേ പറയാനുള്ളൂ.

കയ്യടി വാങ്ങാവുന്ന ഒട്ടനവധി അവസരങ്ങള്‍ കയ്യൊഴിഞ്ഞാണ്‌ മുസ്‌ലിംലീഗ്‌ ഒരു ജനതയെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്‌തമാക്കിയത്‌. താഗൂത്തി സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അഗ്‌നിക്കിരയാക്കിയ വിപ്ലവ വീര്യം കേരള മുസ്‌ലിംകള്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ജമാഅത്തുകാരുടെ പല അടുക്കളയിലും ഇന്ന്‌ പുക ഉയരുമായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമി എന്നും പറഞ്ഞത്‌ ഇത്‌ ഞങ്ങളുടെ രാജ്യമല്ല, ഞങ്ങളുടെ രാജ്യം ഞങ്ങള്‍ പണിയാനിരിക്കുന്നതേയുള്ളൂ എന്നാണ്‌. എന്നാല്‍ മുസ്‌ലിംലീഗ്‌ പറഞ്ഞതാവട്ടെ ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്‌. ഈ രാജ്യത്തിന്റെ മണ്ണില്‍ ഞങ്ങളുടെ വിയര്‍പ്പും കണ്ണീരുമുണ്ട്‌. ഈ രാജ്യം വേദനിച്ചാല്‍ പിടയുന്നത്‌ ഞങ്ങളുടെ നെഞ്ചകമാണെന്നായിരുന്നു.

1962ല്‍ ചൈന ഇന്ത്യയെ ആക്രമിക്കുമ്പോള്‍ ഈ രാജ്യത്തിന്‌ സമര്‍പ്പിക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല, 37 വയസുള്ള എന്റെ മിയാഖാന്‍ അല്ലാതെ. ഞാനവനെ രാജ്യത്തിന്റെ പടയാളികള്‍ക്കൊപ്പം യുദ്ധ ഭൂമിയിലേക്കയക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ കത്തെഴുതിയ ഖാഇദെമില്ലത്തിന്റെ പാര്‍ട്ടിയാണ്‌ മുസ്‌ലിംലീഗ്‌. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ ഇനിയും പഠിച്ചിട്ടില്ലാത്ത ജമാഅത്തുകാര്‍ക്ക്‌ ഈ വികാരം ഒട്ടും തിരിച്ചറിയാനാവില്ലെന്നുറപ്പാണ്‌.
പോസ്റ്റര്‍ യുദ്ധങ്ങളും വലിയ വായിലുള്ള വീമ്പു പറച്ചിലുമല്ല മുസ്‌ലിംലീഗിന്റെ വളര്‍ച്ചക്ക്‌ വഴിയൊരുക്കിയത്‌. നാഷണല്‍ യൂത്ത്‌മീറ്റ്‌ സംഘടിപ്പിച്ചതിലൂടെ ഉത്തരേന്ത്യയില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ നല്‍കിയ ഏറ്റവും പ്രധാന സന്ദേശം നിങ്ങള്‍ നശീകരണത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ ചിതറിപ്പോകരുതെന്നും നിര്‍മ്മാണത്തിന്റെ വഴിയില്‍ ഉറച്ച്‌ നില്‍ക്കണമെന്നുമായിരുന്നു. കേരളത്തില്‍ മുസ്‌ലിംലീഗ്‌ നിര്‍മ്മിച്ചതോരോന്നും അവരെ നേരിട്ട്‌ കാണിക്കുകയായിരുന്നു രാഷ്ട്രീയ അവബോധ യാത്രയുടെ ലക്ഷ്യം.

ഒരു ജനാധിപത്യ സംവിധാനത്തില്‍ സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന്‌ അനിവാര്യമായി വേണ്ടത്‌ രാഷ്ട്രീയവല്‍ക്കരണമാണെന്ന്‌ ഈ യാത്ര ഉത്തരേന്ത്യന്‍ പ്രതിനിധികളെ ബോധ്യപ്പെടുത്തി. സാമൂഹ്യ ശാക്തീകരണവും വിദ്യാഭ്യാസ ശാക്തീകരണവും സാമ്പത്തിക ശാക്തീകരണവും രാഷ്ട്രീയ ശാക്തീകരണത്തിന്റെ കൂടെ ആര്‍ജ്ജിക്കേണ്ട ഒന്നാണെന്നും ഓരോ തെളിവുകളുമുയര്‍ത്തിക്കാട്ടി ദേശീയ പ്രതിനിധികളെ ബോധ്യപ്പെടുത്തി.
രാഷ്ട്രീയശാക്തീകരണം സാധ്യമാകാന്‍ സാമൂഹ്യസഹവര്‍ത്തിത്വം കൂടിയേ തീരൂവെന്നും ഇതിന്‌ ആത്മാര്‍ത്ഥമായ സെക്യുലര്‍ മനസ്‌ സൂക്ഷിക്കണമെന്നും മുസ്‌ലിംലീഗ്‌ പറഞ്ഞു. ഇ. അഹമ്മദെന്ന മുസ്‌ലിം പ്രതിനിധിയെ ഇന്ത്യയിലെ നൂറ്‌ കോടി മനുഷ്യരുടെ പ്രതിനിധിയായി ലോക രാഷ്ട്രങ്ങളിലേക്കയക്കാന്‍ മന്‍മോഹന്‍സിംഗിനെ പ്രേരിപ്പിച്ചത്‌ ഇ. അഹമ്മദ്‌ എന്ന കറകളഞ്ഞ മുസ്‌ലിമിലുള്ള വിശ്വാസമാണ്‌. ഇ. അഹമ്മദിന്റെ മന്ത്രി സ്ഥാനത്തിലൂടെ മുസ്‌ലിംലീഗ്‌ ആര്‍ജ്ജിച്ചെടുത്തത്‌ നൂറ്‌ കോടി ജനങ്ങളുടെ വിശ്വാസ്യതയാണ്‌. ആയിരം കൊല്ലം പരിസ്ഥിതി സമരം നടത്തിയാലും സോളിഡാരിറ്റിക്കാരനെ വിശ്വസിക്കാന്‍ ഒരു ഹൈന്ദവ സഹോദരനും കഴിയില്ല. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌ക്കളെ ഈ നാടിന്‌ നന്നായി തിരിച്ചറിയാനാവും. ഇന്ത്യാ മഹാരാജ്യത്തിന്റെ നാലു മൂലയില്‍ നാല്‌ മുറുക്കാന്‍ കട തുടങ്ങിയാല്‍ എല്ലാമായെന്ന അഹങ്കാരം ജമാഅത്തുകാരിന്നും കിണറ്റിലെ തവളകള്‍ മാത്രമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌.

വിലകുറഞ്ഞ ആരോപണങ്ങളിലൂടെ മുസ്‌ലിംലീഗ്‌ നേതാക്കളെ അവമതിക്കാമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. കേരളത്തിലെ മുസ്‌ലിം ജനലക്ഷങ്ങള്‍ക്ക്‌ നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല്‌ നല്‍കിയ ഒരു പിതാവിന്റെ രക്തമാണ്‌ എം.കെ. മുനീറിന്റെ സിരകളിലുള്ളത്‌. ജമാഅത്തുകാര്‍ താഗൂത്തി സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചുകളയുമ്പോള്‍ പള്ളിക്കൂടങ്ങള്‍ തുടങ്ങി ഏറനാട്ടിലെ കാക്കാന്മാരുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുകയായിരുന്നു മുനീറിന്റെ വാപ്പ. ആ കുട്ടികളാണ്‌ മറ്റത്തൂരങ്ങാടിയിലേക്ക്‌ റാങ്കിന്റെ തിളക്കം കൊണ്ടുവന്നത്‌. കണ്ണുകെട്ടി മോട്ടോര്‍ സൈക്കിളോടിക്കുന്ന ഈ വിദ്യ ജമാഅത്തുകാര്‍ക്കും അവരുടെ കുട്ടിക്കുരങ്ങന്മാര്‍ക്കും അത്ര നല്ലതിനല്ല.

ഇ. അഹമ്മദ്‌ ഇതുവരെ ജമാഅത്തുകാര്‍ക്ക്‌ അമേരിക്കന്‍ ചാരനും സാമ്രാജ്യത്വ മൂടുതാങ്ങിയുമായിരുന്നു. എന്നാല്‍ അഹമ്മദ്‌ സാഹിബ്‌ ഖാദിയാനിയായ വിവരം ഇപ്പോഴാണ്‌ കേരളക്കരയറിഞ്ഞത്‌. മലപ്പുറത്ത്‌ മൂല്യത്തിന്‌ മൈനസ്‌ മാര്‍ക്ക്‌ കൊടുത്തപ്പോള്‍ പോലും ഈ ഖാദിയാനി ബന്ധം ആരും കേട്ടിരുന്നില്ല. ഏതായാലും ഭ്രാന്തന്‍ അന്ത്രുമാന്റെ വിറളിപോലെ സ്വന്തം ഉടുവസ്‌ത്രങ്ങളുരിഞ്ഞുള്ള ഈ മരണപ്പാച്ചില്‍ ജമാഅത്തുകാരുടെ ശവക്കുഴി തോണ്ടാനുള്ളതാണ്‌. ആര്‍ക്കും ആരെയും എന്തും പറയാമെന്ന്‌ ഒരു മാധ്യമം കയ്യില്‍വെച്ച്‌ അഹങ്കരിച്ചാല്‍ ജമാഅത്തുകാരും അവരുടെ സില്‍ബന്ധികളും വലിയ വില നല്‍കേണ്ടി വരുമെന്ന്‌ മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.