കര്‍ണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ രണ്ടര വര്‍ഷമായി അബ്ദുന്നാസര്‍ മഅ്ദനി തടവില്‍ കഴിയുകയാണ്. വിചാരണ നിഷേധിക്കപ്പെട്ട്, പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നീങ്ങുന്ന മഅ്ദനിക്ക് വേണ്ടി മുസ്‌ലിംലീഗ് ജനാധിപത്യ മാര്‍ഗത്തില്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു.
ഇത് കാണുമ്പോള്‍ മഅ്ദനിക്ക് വേണ്ടി കരയാന്‍ ഒരുപാടുപേര്‍ വന്നു ചേരുകയാണ്. മഅ്ദനിയെ കര്‍ണ്ണാടക പൊലീസിന് പിടിച്ചുകൊടുത്ത മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഇക്കൂട്ടത്തിലുണ്ട്.
മഅ്ദനിക്ക് നീതി ലഭിക്കണമെന്നത് സാമാന്യ ബോധമുള്ള മുഴുവന്‍ ആളുകളുടേയും പ്രാര്‍ത്ഥനയാണ്. വി.എസിനും കോടിയേരിക്കും മനുഷ്യത്വപരമായ നിലപാടുണ്ടായെങ്കില്‍ ആശ്വാസകരവുമാണ്. പക്ഷേ ഇക്കാര്യത്തില്‍ ഇത്രയും കാലം സി.പി.എം. കളിച്ച കണ്‍കെട്ട് രാഷ്ട്രീയം അവസാനിപ്പിച്ച് ആത്മാര്‍ത്ഥവും സത്യസന്ധവുമായ നടപടികള്‍ക്ക് മുതിരുകയാണ് വേണ്ടത്.
മനുഷ്യത്വം മരവിക്കാത്ത മനസ്സുകളില്‍ അബ്ദുന്നാസര്‍ മഅ്ദനി ഇപ്പോള്‍ ഇരകളുടെ പ്രതിരൂപമാണ്. നൂറുകണക്കിന് ജയിലുകളില്‍ പ്രതീക്ഷയറ്റ് കഴിയുന്ന പതിനായിരങ്ങളിലൊരാള്‍. നിയമം നിയമത്തിന്റെ വഴിയില്‍ നീങ്ങാത്തതിനാല്‍ ആകാശവും ഭൂമിയും കാണാതെ തടവറക്കകത്ത് തളക്കപ്പെട്ട മഅ്ദനി ദയ അര്‍ഹിക്കുന്നതിനേക്കാള്‍ ഉപരി നീതി അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടാണ് മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ണ്ഡയെ നേരിട്ട് കണ്ട് ഇക്കാര്യമറിയിച്ചത്.
കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ അബ്ദുന്നാസര്‍ മഅ്ദനി ഏറ്റവും സജീവമായി പങ്കെടുത്തത് പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗത്തായിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പ്രസംഗിക്കാനാണ് മഅ്ദനി തന്റെ ശക്തമായ വാക്കുകള്‍ അവിടെ ഉപയോഗിച്ചത്.
അതേ ഇ.ടി. മുഹമ്മദ് ബഷീറിന്റെ പാര്‍ട്ടി മഅ്ദനിക്ക് നീതി തേടി ജനാധിപത്യ പാതയില്‍ പോരാട്ടം തുടങ്ങിയിരിക്കുകയാണിപ്പോള്‍. മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം വ്യക്തിനിഷ്ഠമല്ലെന്നും ആശയപരമാണെന്നും ബോധ്യപ്പെടുത്തുന്ന ഒരു സവിശേഷത കൂടി ഈ നീക്കത്തിന് പിറകിലുണ്ട്.
മഅ്ദനിയടക്കമുള്ള നീതി നിഷേധിക്കപ്പെടുന്ന അബലരോടൊപ്പം നില്‍ക്കാന്‍ ജനാധിപത്യത്തിന്റെ വഴിയില്‍ തന്നെ സാധ്യതയുണ്ടെന്ന സത്യം കൂടി ഈ നടപടി വ്യക്തമാക്കുകയാണ്.
കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ വാക്കുകള്‍ ഇടയായെന്നത് പരമാര്‍ത്ഥമാണ്. മഅ്ദനിയുടെ പ്രസംഗത്തിലെ തീയും പുകയും കേരളത്തിന്റെ സാമൂഹ്യ മനസ്സിനകത്ത് നീറ്റലുണ്ടാക്കുന്ന ഒരു കനലായിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ഹൈന്ദവ തീവ്രവാദത്തെ പ്രതിരോധിക്കാന്‍ മനസ്സും ശരീരവും സമര്‍പ്പിക്കുന്ന ഇന്നാട്ടിലെ മതേതര വിശ്വാസികളായ ഹിന്ദു സഹോദരങ്ങളെപ്പോലും ഇത് അസ്വസ്ഥപ്പെടുത്തിയിരുന്നു.
മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സംഘടനകള്‍ വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ പരസ്പര വിശ്വാസത്തിന്റെ ഭദ്രമായ കോട്ടകള്‍ക്ക് വിള്ളലുണ്ടാക്കുകയായിരുന്നു മഅ്ദനിയുടെ ഏറ്റവും പ്രധാന ലക്ഷ്യം. ഒമ്പത് വര്‍ഷത്തെ തടവു ജീവിതം പോലും മഅ്ദനിയെന്ന വ്യക്തിയുടെ ഈ നിലപാടില്‍ മാറ്റമുണ്ടാക്കിയിരുന്നില്ല.
മഅ്ദനി ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളുടെ പ്രധാന ശത്രു എക്കാലത്തും മുസ്‌ലിംലീഗ് ആയിരുന്നു. കേരളത്തില്‍ മുസ്‌ലിംലീഗ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ മണ്ഡലത്തിലേക്ക് ഒരു ക്രാഷ്‌ലാന്റിംഗ് ആയിരുന്നു മഅ്ദനിയുടെ സ്വപ്‌നം. എന്നാല്‍ കേരളത്തിന്റെ സാംസ്‌കാരിക ബോധമുള്ള മനസ്സ് ഒരിക്കലും അത് അംഗീകരിച്ചില്ല. മാത്രമല്ല മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ നിലപാട് മാത്രമാണ് ശരിയെന്ന് ഓരോ തെരഞ്ഞെടുപ്പിലും മലയാളക്കര ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് വേരൂന്നാന്‍ സാധിക്കാത്തതിന് പിന്നില്‍ ഒരുപാട് സാംസ്‌കാരിക ഘടകങ്ങളുടെ പിന്‍ബലമുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ പ്രവാഹത്തിലൂടെയാണ് കേരളത്തിന്റെ മതേതര ധാര രൂപപ്പെട്ടത്.
പതിറ്റാണ്ടുകള്‍ നീണ്ട ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്ക് കേരളക്കര ഒരു തരത്തിലും ചെവി കൊടുക്കാതിരുന്നത് ഈ നാട്ടിലെ ഹിന്ദു സമൂഹത്തിന്റെ മനസ്സില്‍ രൂഢമായ മതേതര വിശ്വാസത്തിന്റെ കരുത്തുകൊണ്ടാണ്. ആര്‍.എസ്.എസും സംഘ്പരിവാറും ഉയര്‍ത്തിവിട്ട വിഷലിപ്തമായ ആശയങ്ങളെ പ്രതിരോധിക്കുന്നതില്‍ ഹൈന്ദവ സഹോദരങ്ങള്‍ പുലര്‍ത്തിയ ധീരമായ നിലപാടിന് കേരളം എക്കാലവും നന്ദിയുള്ളവരായിരിക്കുകയും വേണം.
കേരളത്തില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആഗമനത്തിന് വഴിയൊരുക്കിയ മാലിക്ബിനു ദീനാറിന്റെയും സഹപ്രവര്‍ത്തകരുടെയും യാത്രക്ക് ലഭിച്ച സ്വീകാര്യത ചരിത്രത്തെ ത്രസിപ്പിക്കുന്ന ഒരേടാണ്. അന്യനാട്ടുകാരായി, അന്യ ഭാഷ സംസാരിക്കുന്ന ഈ യാത്രാസംഘത്തെ കേരളം വരവേറ്റത് അതിരറ്റ സ്‌നേഹവായ്പുകളോടെയായിരുന്നു.
കൊടുങ്ങല്ലൂരിലെത്തിയ മാലിക്ബിനു ദീനാറിനും സംഘത്തിനും ഇവിടുത്തെ ഹിന്ദു സഹോദരങ്ങള്‍ നല്‍കിയ സ്വീകരണം ഹൃദ്യവും സമാനതകളില്ലാത്തതുമാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും വീടും നല്‍കിയതു മാത്രമല്ല, സ്വന്തം സഹോദരിമാരെ വിവാഹം ചെയ്തു കൊടുത്ത് സത്യസന്ധരായ ഈ യാത്രാ സംഘത്തെ മടങ്ങിപ്പോവാന്‍ പോലും അവരനുവദിച്ചില്ല.
അറബ് സംഘത്തിന്റെ ഉയര്‍ന്ന ധാര്‍മ്മിക മൂല്യവും വിശ്വസ്തതയുമാണ് അക്കാലത്തെ ഹൈന്ദവ സഹോദരങ്ങളെ ഹഠാദാകര്‍ഷിച്ചതെന്നതിന് ചരിത്രം തന്നെ സാക്ഷിയാണ്. ആ സാംസ്‌കാരിക സമന്വയമാണ് കേരള മുസ്‌ലിമിന്റെ ആദിമ ചരിത്രം. ആ പൊക്കിള്‍ കൊടി ബന്ധത്തിന്റെ ഊഷ്മളതയാണ് തലമുറകള്‍ പിന്നിട്ടും ഇന്നും നമ്മുടെ നാടിന്റെ മതേതര തനിമയുടെ കാതല്‍. ഇത്തരത്തില്‍ രൂപം കൊണ്ട സാംസ്‌കാരിക വിനിമയം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളി സൂക്ഷിക്കുന്നതിനാലാണ് ആര്‍.എസ്.എസിന്റെ ഹൈന്ദവ തീവ്രവാദവും അബ്ദുന്നാസര്‍ മഅ്ദനിയുടെ മുസ്‌ലിം തീവ്രവാദവും തിരസ്‌കരിക്കപ്പെടാന്‍ ഇടയായത്.
മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിച്ച ഈ സാംസ്‌കാരിക ധാരയാണ് കഴിഞ്ഞ ആറു പതിറ്റാണ്ടു നീണ്ട പ്രയാണത്തിനൊടുവിലും പാര്‍ട്ടിയെ കേരളത്തില്‍ അഭിമാനകരമായി നിലനിര്‍ത്തുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും മുസ്‌ലിംലീഗിന് ഈ വിശ്വാസ്യത കേരളത്തിലെ ഹൈന്ദവ സഹോദരങ്ങള്‍ തിരിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.
അത്യുത്തര കേരളത്തിലെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ മുസ്‌ലിംലീഗ് മത്സരിക്കുമ്പോള്‍ എതിര്‍പക്ഷത്തുണ്ടായിരുന്നത് ഹൈന്ദവ തീവ്രവാദ രാഷ്ട്രീയ സംഘടനയായ ബി.ജെ.പിയായിരുന്നു. കാസര്‍ക്കോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങള്‍ സ്വന്തമാക്കാന്‍ കര്‍ണ്ണാടകയിലെ ഖനി ലോബിയുടെ നോട്ടുകെട്ടുകള്‍ ഈ മണ്ഡലത്തിലൊഴുക്കിയിട്ടും ജനങ്ങളെ വിലക്കു വാങ്ങാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല.
ഈ നിയോജക മണ്ഡലങ്ങളിലെ മതേതര ബോധമുള്ള ഹൈന്ദവ സഹോദരങ്ങളുടെ ഇഛാശക്തിയുടെ ബലത്തിലാണ് എന്‍.എ. നെല്ലിക്കുന്നും പി.ബി. അബ്ദുല്‍ റസാഖും കേരള നിയമസഭയിലിരിക്കുന്നത്. അതുകൊണ്ട് തന്നെ മുസ്‌ലിംലീഗ് കേരളത്തിലെ ഇതര മതസ്ഥരുടെ ആത്മാഭിമാനത്തിന് മുറിവേല്‍ക്കുന്ന ഒരു കാര്യവും എത്രവലിയ രാഷ്ട്രീയലാഭത്തിന് വേണ്ടിയും ഉപയോഗിച്ചിട്ടില്ല.
ഇന്ത്യന്‍ മുസ്‌ലിംകളുടെ മനസ്സില്‍ അരക്ഷിതാവസ്ഥയുടെ വിത്തുപാകാന്‍ 1992ലെ ബാബരി മസ്ജിദ് തകര്‍ച്ച ഇടയാക്കിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിം വികാരത്തെ ഉദ്ദീപിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷമടക്കം നടത്തിയ ശ്രമങ്ങള്‍ ഒരു കാലത്തും വിസ്മരിക്കാനാവില്ല.
അതിസങ്കീര്‍ണ്ണമായ ഈ രാഷ്ട്രീയ കാലാവസ്ഥയിലും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന അതുല്ല്യനായ രാഷ്ട്രീയ നേതാവ് പുലര്‍ത്തിയ ആത്മ സംയമനത്തിന്റെ പാത എത്രമേല്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ആയിരം മസ്ജിദ് തകര്‍ക്കപ്പെട്ടാലും ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ ഒരു ഓടു പോലും തകര്‍ക്കപ്പെടരുതെന്നായിരുന്നു ശിഹാബ് തങ്ങള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തിയ ആഹ്വാനം.
ഇത് ശിരസ്സാവഹിച്ച മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള തീവ്രവാദ ശക്തിയോടും രാജിയായതുമില്ല. ഈ തീരുമാനം താല്‍ക്കാലികമായി മുസ്‌ലിംലീഗിന് ചില രാഷ്ട്രീയ തിരിച്ചടികളുണ്ടാക്കിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുണ്ടാക്കിയ നേട്ടം വലുതാണ്. തെരഞ്ഞെടുപ്പ് വിജയങ്ങളേക്കാള്‍ പത്തിരട്ടി പ്രധാനം ജനങ്ങളുടെ വിശ്വാസ്യതയാണെന്ന് മുസ്‌ലിംലീഗ് ഇന്നും അടിയുറച്ച് വിശ്വസിക്കുന്നു.
അബ്ദുന്നാസര്‍ മഅ്ദനി ഒരു വേള ഏറ്റവും കൂടുതല്‍ ആക്രമിച്ചതും മുസ്‌ലിംലീഗിനെയും അതിന്റെ നേതാക്കളെയുമായിരുന്നു. മഅ്ദനി എക്കാലത്തും അഭയം തേടിയതാവട്ടെ ഇടതുപക്ഷ ക്യാമ്പുകളിലുമായിരുന്നു. മുസ്‌ലിംലീഗിനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ഒരു വ്യക്തിയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ഒരുപാട് കാലം നോക്കിനില്‍ക്കാനാവില്ല. അതുകൊണ്ട് തന്നെ അബ്ദുന്നാസര്‍ മഅ്ദനി എന്ന വ്യക്തിക്ക് മനുഷ്യാവകാശം അനുവദിച്ചു കിട്ടണം എന്ന ഉറച്ച നിലപാട് മുസ്‌ലിംലീഗ് ശക്തമായി ഉയര്‍ത്തുകയാണ്.
അബ്ദുന്നാസര്‍ മഅ്ദനി കുറ്റക്കാരനാണെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുന്നതില്‍ ഒരാള്‍ക്കും വിയോജിപ്പില്ല. എന്നാല്‍ അദ്ദേഹം ചെയ്ത കുറ്റമെന്തെന്നറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ മൃതപ്രായനായി കഴിയുന്ന ഒരു മനുഷ്യന് നീതി ലഭ്യമാവുന്നതിന് ശക്തമായ ജനാധിപത്യ പോരാട്ടം നടത്താന്‍ മുസ്‌ലിംലീഗ് തീരുമാനിച്ചത് ഇതുകൊണ്ടാണ്.
മഅ്ദനിയുടെ രാഷ്ട്രീയ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തന്നെ കേരളത്തിലെ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ മഅ്ദനിക്കെതിരെ നടക്കുന്ന കടുത്ത നീതി നിഷേധത്തിനെതിരെ മൗനമവലംബിക്കാന്‍ മുസ്‌ലിംലീഗിനാവില്ല. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോവുന്നത്.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളായി തടങ്കലില്‍ കഴിയുന്ന ആയിരക്കണക്കിന് ഹതഭാഗ്യരുടെ കൂട്ടത്തിലൊരാളാണ് അബ്ദുന്നാസര്‍ മഅ്ദനി. വലത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും ഇല്ലാതായി. ഇടതുകണ്ണിന്റെ കാഴ്ച മുപ്പത് ശതമാനം മാത്രം. കിഡ്‌നികള്‍ക്കും തകരാര്‍ സംഭവിച്ചിരിക്കുന്നു. അതിനുള്ള ഗുളികകള്‍ ദിവസവും കഴിക്കണം. മുറിച്ചു മാറ്റപ്പെട്ട വലതു കാലിന്റെ മുകള്‍ ഭാഗം മുഴുവന്‍ മരവിപ്പ് ബാധിച്ചിട്ടുണ്ട്. കൃത്രിമ കാല്‍ വെക്കുമ്പോള്‍ അതിന്റെ പുറംഭാഗം മുറിവേല്‍ക്കുന്നു. കടുത്ത പ്രമേഹ രോഗിയായതിനാല്‍ മുറിവേല്‍ക്കുന്ന ഭാഗം പഴുക്കാനും സാധ്യത. ഇടതു കാലിലും ഈയിടെയായി മരവിപ്പ് തുടങ്ങി. കൂടെ നീരിറക്കവും. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം നിമിത്തം ഉണ്ടാകുന്ന ക്ഷീണം വേറെയും. അള്‍സര്‍ അധികരിച്ചതിന്റെ വേദന ഈയിടെയായി വളരെ കൂടുതല്‍. ഡിസ്‌കിന് തകരാര്‍ സംഭവിച്ചിട്ട് വര്‍ഷങ്ങളായി. ഇതിനെല്ലാം പുറമെ സ്‌പോണ്ടിലോസിസ് ബാധയും. ഒരു മനുഷ്യന് ഇനി ഇതില്‍ കൂടുതല്‍ എന്താണുവേണ്ടത്? (ചന്ദ്രിക ആഴ്ചപ്പതിപ്പ് 2012 നവംബര്‍ 24-30).
അഗ്രഹാര ജയിലില്‍ മഅ്ദനിയുമായി അഭിമുഖം നടത്തിയ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ലേഖകന്‍ വി.കെ. സുരേഷുമായി പങ്കുവെച്ച കാര്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. മൃതപ്രായനായ ഈ മനുഷ്യന്‍ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന തെളിവുകളിലൊന്നാണെന്നറിയാന്‍ ഇനിയുമേറെ ഗവേഷണങ്ങള്‍ ആവശ്യമില്ല.
മഅ്ദനി ഉയര്‍ത്തിയ രാഷ്ട്രീയ തീവ്രതയുടെ ഗുണഫലങ്ങള്‍ ആവോളം ആസ്വദിച്ച ഇടതുപക്ഷമാണ് രണ്ട് തവണയും അദ്ദേഹത്തെ അയല്‍ സംസ്ഥാനങ്ങള്‍ക്ക് പിടിച്ചു കൊടുത്തതെന്ന കാര്യം മറ്റൊരു രാഷ്ട്രീയ വൈരുധ്യം മാത്രം. എന്നിട്ടും മഅ്ദനി എന്ന സാമൂഹ്യദുരന്തത്തിന് നേരെ ഇടതുപക്ഷം അനുവര്‍ത്തിക്കുന്ന മൗനം അവരുടെ തികഞ്ഞ കാപട്യത്തെയാണ് തുറന്ന് കാണിക്കുന്നത്. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ എടുത്ത മുന്‍കൈയുടെ തൂക്കമൊപ്പിക്കാന്‍ സി.പി.എം. നേതാക്കള്‍ നടത്തുന്ന വാചക കസര്‍ത്തുകള്‍ അപമാനകരം മാത്രമാണ്.
മഅ്ദനിക്ക് നീതി ലഭിക്കുക എന്നത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ഭാഗമായി കാണാന്‍ നമുക്ക് കഴിയണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ ഭരണഘടനയുടെ ആപ്തവാക്യം ജലരേഖയായി ഒടുങ്ങുകയാണ്.
ഭരണകൂട ഭീകരത അതിന്റെ എല്ലാ ദംഷ്ട്രകളും പുറത്തെടുത്ത് പല്ലിളിച്ച് നില്‍ക്കുമ്പോള്‍ നിലയില്ലാകയത്തില്‍ ആശയറ്റ് കഴിയുന്ന ഒരാള്‍ക്ക് ഒരു കച്ചിത്തുരുമ്പെങ്കിലും നല്‍കാന്‍ മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.
അബ്ദുന്നാസര്‍ മഅ്ദനി ഇപ്പോഴും പലര്‍ക്കും വയറ്റില്‍ പിഴപ്പാണ്. മറ്റ് ചിലര്‍ക്കാവട്ടെ ആ രൂപം ഒരു രാഷ്ട്രീയ ഭീക്ഷാടനത്തിനുള്ള പ്രതീകവും. അതിനപ്പുറം ഒരു ദയയും കൂടെയുള്ളവര്‍പോലും മഅ്ദനിയോട് കാണിച്ചിട്ടില്ല. ഉയര്‍ന്ന സാമൂഹ്യ ബോധമുള്ള ഒരു ജനതയെന്ന നിലയില്‍ കേരളത്തില്‍ നിന്ന് ഇത്തരമൊരു മൗനം ഉണ്ടായിക്കൂടാ.
അഗ്രഹാര ജയിലില്‍ മഅ്ദനിയെ മരിക്കാന്‍ വിട്ട് നാം പുതപ്പിനുള്ളില്‍ മൂടിപ്പുതച്ചുറങ്ങുന്നത് കാപട്യമാണ്. സംസ്ഥാന ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ചില ഉത്തരവാദിത്തങ്ങളുണ്ട്. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലി പ്രസ്താവിച്ചതുപോലെ സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍ മലയാളിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ നമുക്കുണ്ടാവുന്ന ആത്മരോഷം പോലും ഇക്കാര്യത്തില്‍ ഉണ്ടാവുന്നില്ല. ഈ ദു:ഖം എല്ലാവരുടെയും ഉള്ളിലുണ്ട്. ഇതൊരു ദു:ഖമായി പര്യവസാനിക്കാന്‍ പാടില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കി സര്‍വകക്ഷി പിന്തുണയോടെ ജനാധിപത്യപരവും നിയമപരവുമായ നീക്കങ്ങള്‍ നടത്തണം.
കേരള നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്‌ഠ്യേനെ എടുത്ത പ്രമേയമുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണ തിടുക്കത്തില്‍ നടത്താനുള്ള നിയമസഹായമുണ്ടാവണം. അതിന് കര്‍ണ്ണാടകയിലെ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടക്കണം. ഇക്കാര്യത്തില്‍ കേരളത്തിലെ പൊതുമനസ്സിന്റെ പിന്തുണ തീര്‍ച്ചയായും സര്‍ക്കാറിനുണ്ടാവും.